Thursday, April 05, 2007

ഒരു മട്ടാഞ്ചേരി ശപഥം

കുളത്തിന്‍റെ മുകള്‍ ഭാഗത്ത് നിന്ന് ഓടി വന്ന് ഒരോരുത്തന്മാരും വെള്ളത്തിലേക്ക് ‘മതില്‍കൊമ്പ്’ അടിച്ച് ചാടുമ്പോള്‍ വെള്ളമിറക്കിയിരുന്നിട്ടുണ്ട് കുറേ കാലം. അങ്ങിനെ ചാടാന്‍ വേണ്ടി പരിശ്രമിച്ച് ഓടി വന്ന്, മനസ്സ് കൊണ്ട് വായുവില്‍ മറിഞ്ഞ്, പക്ഷെ ശരീരം കൊണ്ട് നെഞ്ചടിച്ച് ‘പ് ധിം...’ എന്ന ശബ്ദത്തോടെ വെള്ളത്തില്‍ ലാന്‍ഡ് ചെയ്ത് നെഞ്ചും കുളവും ഒരുമിച്ച് കലക്കിയിട്ടുമുണ്ട് - ഒരിക്കലല്ല, പലവട്ടം. ‘സ്വാസം കിട്ടണില്ല’ എന്ന് പറയാനുള്ള ശ്വാസം പോലും കിട്ടാത്ത പരുവത്തിലും ഇടയ്ക്ക്‍ വീണിട്ടുണ്ട്.

എങ്കിലും, പിന്മാറാന്‍ തയ്യാറല്ലായിരുന്നു. കുളത്തിന്‍റെ വക്കത്ത് തലകുത്തി നിന്ന് പിന്നില്‍ നിന്നും ആരെയെങ്കിലും കൊണ്ട് തള്ളി ഉരുട്ടിച്ച് വെള്ളത്തില്‍ വീണ്... പതുക്കെ പതുക്കെ ഞാനത് പഠിച്ചെടുത്തു... ഓടി വന്ന് വായുവില്‍ മലക്കം മറിഞ്ഞ് വെള്ളത്തിലോട്ട് ‘മതില്‍കൊമ്പ്’ അടിക്കാന്‍.

അതുപോലെ തന്നെ, ‘പുഷ് അപ്’ അടിക്കലും അത്യാവശ്യം മെനക്കെട്ട് തന്നെ പഠിച്ചതാണ്. കുങ്ഫൂ ക്ലാസ്സില്‍, മങ്കീ, ഫിംഗര്‍, ഹാമര്‍, ഈഗിള്‍ പിന്നെ സാദാ... ഇത്യാദി പുഷ് അപുകളെല്ലാം തന്നെ എല്ലാവരും പുഷ്പം പോലെ ചെയ്യുമ്പോള്‍ ഞാന്‍ മാത്രം പത്തുവിരലുകളും വിടര്‍ത്തി, കൈകള്‍ പരത്തി വെച്ച്, കാലുകള്‍ സ്പ്രെഡ് ചെയ്ത് വെച്ച് എന്‍റെ ലഘുവായ ശരീരം ഒന്ന് പൊക്കാനുള്ള അക്ഷീണ പ്രയത്നത്തില്‍ മുഴുകി, അവസാനം ഭൂമീദേവിയെ കെട്ടിപ്പിടിച്ച് കിടക്കുകയാവും.

കുറേ കാലം കാല്‍മുട്ടുകള്‍ നിലത്ത് പ്രസ്സ് ചെയ്തും പിന്നീട് മാസ്റ്റര്‍ വയറില്‍ കാല്പാദം വെച്ച് പൊക്കി തന്നിരുന്ന സപ്പോര്‍ട്ടിന്‍റെ സഹായത്താലും എന്‍റെ ശരീരം എനിക്ക് തന്നെ പൊക്കാം എന്നായി... അങ്ങിനെ ഞാനും ‘പുഷ് അപ്’ അടിക്കാരനായി.

ഇതുപോലെ തന്നെ വളരെ കഷ്ടപ്പെട്ട്, മറ്റൊരാളുടേയും സഹായമില്ലാതെ പഠിച്ച മറ്റൊരു ‘അടി’ ഐറ്റമാണ് ‘കണ്ണടി‍‘ അഥവാ ‘സൈറ്റടി‍‘...!

കൂട്ടുകാരെല്ലാം പലരേയും കണ്ണടിച്ച് ലൈനാക്കിയ കഥ പറയുമ്പോള്‍, അവരുടെ വായില്‍ നിന്ന് തെറിക്കുന്ന തുപ്പലിനെ പോലും അവഗണിച്ച് ഇമവെട്ടാതെ അവരുടെ എക്സ്പ്രെഷന്‍‍ നോക്കി, കണ്ണടിക്കാനറിയാത്ത എന്‍റെ തലവിധിയെ പഴിച്ചിട്ടുണ്ട്.

പലപ്പോഴും കണ്ണാടിയില്‍ നോക്കി ശ്രമിച്ചിട്ടും വായ ഒരുഭാഗത്തോട്ട് കോടുന്നതോടൊപ്പം കണ്ണടയുകയല്ലാതെ കണ്ണടിയുടെ ഒരു നിലവാരത്തിലോട്ട് അത് വന്നിരുന്നില്ല. നിത്യാഭ്യാസി ആനയെ എടുത്തില്ലെങ്കിലും ആനപ്പിണ്ഢമെങ്കിലും എടുക്കുമെന്നല്ലേ. അശ്രാന്തപരിശ്രമത്തിന്‍റെ ഫലമായി ഒരു വിധം കണ്ണടിക്കാം എന്ന ആത്മവിശ്വാസം കൈവന്നപ്പോള്‍ പിന്നെയുള്ള പ്രശ്നം അതൊന്ന് പരീക്ഷിക്കലായിരുന്നു.

ഈയൊരു പരീക്ഷണം പാളിപ്പോയാല്‍ നാറും പിന്നെ നീറും (കരണക്കുറ്റി) എന്നതിനാല്‍ അങ്ങിനെയൊരു പരീക്ഷണത്തിന് സ്വന്തം നാട് തിരെഞ്ഞെടുക്കാതിരിക്കലാവും പുത്തി എന്ന് തോന്നിയതിനാല്‍, അടുത്ത എറണാകുളം യാത്രയില്‍ തന്നേയാവാം ‘അരങ്ങേറ്റം’ എന്ന് തീരുമാനിച്ചുറപ്പിച്ചു.

എറണാകുളത്തെത്തിയാല്‍ ജോലികളെല്ലാം തീര്‍ത്ത്, പടങ്ങള്‍ കാണാലും കഴിഞ്ഞ് ബാക്കി സമയമുണ്ടെങ്കില്‍ സിറ്റിബസ്സുകള്‍ പോകുന്ന സ്ഥലങ്ങളിലേക്കെല്ലാം ചുമ്മാ കറങ്ങുന്നത് അന്ന് ഒരു ഹോബി മാത്രമായിരുന്നു. കടവന്ത്ര, കാക്കനാട്, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈറ്റില... തുടങ്ങിയ ഇടങ്ങളെല്ലാം തന്നെ അങ്ങിനെ സന്ദര്‍ശിച്ചവയാണ്.

അന്നത്തെ പര്യടനം മട്ടാഞ്ചേരിയിലേക്കായിരുന്നു. ‍

ചൊമന്ന കളറുള്ള ബസ്സില്‍, വിറയാര്‍ന്ന കണ്ണുകളോടെ, അനോണി കമന്‍റിടാന്‍ പോകുന്നവന്‍റെ ഹൃദയമിടിപ്പോടെ ഞാന്‍ നടുഭാഗത്ത് നിന്നും കുറച്ച് കൂടെ മുന്നിലായുള്ള സീറ്റിലിരുന്നു. ഇറങ്ങിപ്പോകുന്ന ഏതെങ്കിലും ഒരെണ്ണത്തിനെ പരീക്ഷണ വിധേയയാക്കാനായിരുന്നു എന്‍റെ തീരുമാനം. ഒരു കണ്ണടി കിട്ടിയെന്നു കരുതി ആരുമിപ്പോ ഇറങ്ങിയ ബസ്സില്‍ തിരിച്ചു കയറി കലിപ്പ് തീര്‍ക്കില്ല എന്ന അകൈതവമായ വിശ്വാസമാണ് ഇറങ്ങിപ്പോകുന്നവരെ ടാര്‍ഗറ്റ് ആക്കാനുള്ള കാരണം.

ദേ... ഒരു ആവറേജ് ചരക്ക് (ആ. ച.) ബാഗൊക്കെ ഒതുക്കുന്നു, അതെ അവള്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പാണ്. ഞാനും എന്‍റെ കണ്ണുകളെ ഷട്ടര്‍ തുറന്ന് ക്ലിക്കാന്‍ പാകത്തില്‍ സജ്ജീകരിച്ചു.

ആ ആ. ച. ഇറങ്ങാനായ് തിരിയുന്നു...
ഇറങ്ങുന്നേരം പിറകിലോട്ടൊന്ന് നോക്കുന്നു...
അതെ, നോട്ടം എന്‍റെ നേര്‍ക്കു തന്നെ...
ആക്ഷന്‍...
ഞാന്‍ ഇടത്തേ കണ്ണ് തുറന്ന് പിടിച്ചു കൊണ്ട് വലത്തേ കണ്ണ് അടയ്ക്കുന്നു...
ആ. ച. തന്‍റെ ശ്രദ്ധ, തട്ടി വീഴാതിരിക്കാനായി ഫുട്ബോര്‍ഡിലേക്ക് കേന്ദ്രീകരിക്കുന്നു...
എന്‍റെ തൊടുക്കല്‍ ലക്ഷ്യത്തില്‍ കൊള്ളാതെ പോയോ... അതോ കൊണ്ടോ...!

എല്ലാവരുടേയും ശ്രദ്ധ തേര്‍ഡ് അംപയറിലേക്ക് സാദരം ക്ഷണിക്കുന്നു...

റീ പ്ലേ പ്ലീസ്...

ആ ആ. ച. ഇറങ്ങാനായ് തിരിയുന്നു...
ഇറങ്ങുന്നേരം പിറകിലോട്ടൊന്ന് നോക്കുന്നു...
അതെ, നോട്ടം എന്‍റെ നേര്‍ക്കു തന്നെ...
ആക്ഷന്‍...
ഞാന്‍ ഇടത്തേ കണ്ണ് തുറന്ന് പിടിച്ചു കൊണ്ട് വലത്തേ കണ്ണ് അടയ്ക്കുന്നു...
ആ. ച. തന്‍റെ ശ്രദ്ധ, തട്ടി വീഴാതിരിക്കാനായി ഫുട്ബോര്‍ഡിലേക്ക് കേന്ദ്രീകരിക്കുന്നു...
എന്‍റെ തൊടുക്കല്‍ ലക്ഷ്യത്തില്‍ കൊള്ളാതെ പോവുന്നു...
ഞാന്‍ തൊടുത്തു വിട്ട കണ്ണടി പിറകില്‍ സീറ്റുണ്ടോ എന്ന് തിരിഞ്ഞു നോക്കുന്ന ഒരു ബിലോ ആവറേജ് ചരക്കില്‍ (ബി. ആ. ച.) പതിക്കുന്നു...
ബിലോ ആ. ച. ചിരിക്കുന്നു...

മിഷന്‍ സക്സ്സ്സ്!!!

ബിലോയെങ്കില്‍ ബിലോ... എന്തായാലും അദ്ധ്വാനം വേസ്റ്റായില്ലല്ലോ... ഞാന്‍ സമാധാനിച്ചു.

ബീയാച പിന്നെ ഇടയ്ക്കിടെ തിരിഞ്ഞ് എന്നേ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു. ലക്ഷ്യം തെറ്റിയെങ്കിലും ആദ്യ വിക്ഷേപണം തന്നെ ഇത്രേം വിജയകരമായി തീര്‍ന്നതില്‍ എനിക്ക് എന്നെകുറിച്ചഭിമാനം തോന്നി.

ബി. ആ. ച. ചിരിക്കുന്നതിലിടയ്ക്ക് ഞാനൊരു കാര്യം ശ്രദ്ധിച്ചു... ആ ബീയാച ഇടയ്ക്കിടെ കിളിയേയും കണ്ടക്ടറേയും നോക്കിയും ചിരിക്കുന്നുണ്ട്. കിളി & കണ്ട ചേട്ടന്‍സ് ബീയാചയെ നോക്കിയും പിന്നെ എന്നെ നോക്കിയും ചിരിക്കുന്നുണ്ട്...!

അവരുടെ ചിരിയില്‍ എന്തോ ഒരിതില്ലേ...

ഞാന്‍ ആ ബീയാചയെ ഒന്നു കൂടെ സൂക്ഷിച്ചു നോക്കി...

“അയ്യ്യേ... ഡാ... മോനേ... ഇത് മറ്റേ കേസ്സാന്ന് തോന്നണു...” എന്‍റെ അന്തരംഗം എന്നോട് മന്ത്രിച്ചു...

‘ഹെന്‍റീശ്വരാആആ...’ എന്‍റെ ചുണ്ടുകള്‍ വിതുമ്പി...

അടുത്ത സ്റ്റോപ്പില്‍, മുന്‍വാതില്‍ അടുത്തായിരുന്നിട്ടും പിന്‍വാതിലിലൂടെ ഏതാണ് സ്റ്റോപ്പെന്നു പോലും നോക്കാതെ ഞാനിറങ്ങി.

ഇനി രണ്ട് കണ്ണടയുവോളം ഒരു കണ്ണായിട്ടടയ്ക്കില്ലെന്ന ശപഥം എടുത്തത്, അന്ന് അവിടെ വെച്ചായിരുന്നു.

0 5 0 4 2 0 0 7

51 comments:

മുസ്തഫ|musthapha said...

ഈയൊരു പരീക്ഷണം പാളിപ്പോയാല്‍ നാറും പിന്നെ നീറും (കരണക്കുറ്റി) എന്നതിനാല്‍ അങ്ങിനെയൊരു പരീക്ഷണത്തിന് സ്വന്തം നാട് തിരെഞ്ഞെടുക്കാതിരിക്കലാവും പുത്തി എന്ന് തോന്നിയതിനാല്‍, അടുത്ത എറണാകുളം യാത്രയില്‍ തന്നേയാവാം ‘അരങ്ങേറ്റം’ എന്ന് തീരുമാനിച്ചുറപ്പിച്ചു.

"ഒരു മട്ടാഞ്ചേരി ശപഥം"

പുതിയ പോസ്റ്റ് :)

തറവാടി said...

ബൂലോകരെ ,

എനിക്കു വയ്യേ ,
ചിരിച്ചു ഞാന്‍ മണ്ണു കപ്പി ,
സത്യം ഇത്ര നന്നായി ആസ്വദിച്ച ഹാസ്യം ഈയിടെയൊന്നും
ഞാന്‍ വായിച്ചിട്ടില്ല എനെറ്റെ ഭഗവതീ ,

വീസദമായ കമന്റ് പിന്നെ , ഞാനൊന്നു ചിരിക്കട്ടെ ,
തലയും കുത്തിനിന്നു ചിരികട്ടെ,

അഗ്രജാ , ഇതാണു ഹാസ്യം!

സുല്‍ |Sul said...

അഗ്രു

ഒരു പെണ്ണിന്റെ ശപഥം കലക്കി.

എന്നാലും ബാചികള്‍ക്കെല്ലാം ഒരടിയായല്ലോ നിന്റെ അവസാനത്തെം ആദ്യത്തെം കണ്ണടി. അത്രെം വലിയ ശപഥമൊന്നും എടുത്ത് പൊക്കാന്‍ നീ വളര്‍നിട്ടില്ലായിരുന്നിട്ടു കൂടി :)

ഓടോ : അമി പറയുന്നു അവള്‍ക്ക് ബാപ്പ ചെയ്യുന്ന പോലെ ഒരു കണ്ണടക്കാനറിയുമെന്ന്. (പണ്ട് അഗ്രു ചെയ്ത പോലെ വായ ഒരിടത്തേക്ക് കോടിയിട്ട്) ഇനി അതു ശരിയായെങ്കില്‍ പിന്നെ പരീക്ഷിക്കാനൊന്നും പോകേണ്ട, നീ കണ്ണടിയില്‍ പാസായി എന്നു രക്ഷിതാക്കള്‍ തന്നെ സമ്മതിച്ചാല്‍ നിനക്കു പറ്റിയ ഗുലുമാലുകള്‍ ഒഴിവാക്കാമല്ലൊ?

സുല്‍

Rasheed Chalil said...

അഗ്രുവേ കണ്ണടി അന്ന് നിര്‍ത്തിയത് നന്നായി... അല്ലെങ്കില്‍ ഇന്നും മുഖത്ത് നിന്ന് പല ബ്രാന്ഡുകളുടേയും ലോഗോ പകര്‍ത്തിയെടുക്കാമായിരുന്നു. നിത്യോത്സാഹി ആനയും പിണ്ഡവും ഒന്നിച്ച് എടുക്കേണ്ടി വരുമായിരുന്നു.

നീയെത്ര ഭാഗ്യവാന്‍... എനിക്ക് ഇപ്പോഴും ഒരു കണ്ണ് മാത്രമടക്കുമ്പോള്‍ വായ കണ്ട്രോള്‍ ചെയ്യാനാവില്ല.

പോസ്റ്റ് കലക്കി.

Siju | സിജു said...

:-)

നിര്‍ത്തിയത് ഭാഗ്യം. അല്ലെങ്കില്‍ മട്ടാഞ്ചേരിയിലെ കാക്കാപിള്ളേരുടെ കയ്യിന്റെ ചൂടറിഞ്ഞാനേ..

കുറുമാന്‍ said...

നുണപറയരുത് അഗ്രജാ, അന്നവിടെ എടുത്ത ശപഥത്തിനു ശേഷം അഗ്രജിയേ നോക്കി എത്ര തവണ ഒരു കണ്ണടച്ചു....

അപ്പു ആദ്യാക്ഷരി said...

അഗ്രജാ....
ആ ബി.ആ.ച ഇയ്യാളെ നോക്കിയാ ചിരിച്ചേന്നെന്താ ഇത്ര ഒറപ്പ്? അഗ്രൂന്റെ പുറകിലെ സീറ്റിലിരുന്ന ഒരുത്തനെ നോക്കിയാ അവള് ചിരിച്ചത്. അഗ്രൂന്‍് തോന്നിയാതാ അഗ്രൂനെ നോക്കിയിട്ടാണെന്ന്.

സുല്‍ |Sul said...

ആ ഒരുത്തന്‍ അപ്പുവായിരുന്നൊ അപ്പു. അപ്പൊ അപ്പു സെറ്റപ് അപ്പുവാല്ലേ... ഉം ഉം നടക്കട്ട്.

-സുല്‍

Mubarak Merchant said...

ഹഹഹഹഹ
ആജാനാ ബഹുവായ മുസ്തഫിക്ക കടവന്ത്ര ഡയാനേനെ സൈറ്റടിച്ച് കാണിച്ച കത അസ്സലായി..
ചിരിച്ച് മനുഷേന്റെ ഊപ്പാടെളകി ഹഹഹ

വല്യമ്മായി said...

ഉപമകളുടെ അതിപ്രസരമില്ലാത്ത സ്വാഭാവികമായ വിവരണം.നന്നായിരിക്കുന്നു.

ശ്രീ said...

അതു നല്ലൊരു പരീക്ഷണം തന്നെ.... കൂറ്റുതല്‍‌ അപകടങ്ങളിലേക്കു പോകാതിരുന്നത് ഭാഗ്യം...

asdfasdf asfdasdf said...

ഇനി രണ്ട് കണ്ണടയുവോളം ഒരു കണ്ണായിട്ടടയ്ക്കില്ലെന്ന ശപഥം എടുത്തത്, അന്ന് അവിടെ വെച്ചായിരുന്നു..
ഇതു വായിച്ചിട്ട് എനിക്ക് ചിരി പൊട്ടി.:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ ബസ്സിന് രണ്ട് വാതിലുള്ളതെത്ര നന്നായി...

തമനു said...

കൊള്ളാം അഗ്രജാ ...

സൂപ്പറായിട്ടുണ്ട്‌... ശരിക്കും കൊറേ ചിരിച്ചു...

നല്ല എഴുത്ത്‌..

Unknown said...

ഇക്കാസ് കടവന്ത്ര ഡയാനയുടെ സ്വന്തം ആളാ. അല്ലേ? :-)

നന്നായിട്ടുണ്ട് അഗ്രജന്‍ ഭായ്. ഇതൊക്കെ സൈറ്റടിയുടെ ഭാഗമല്ലേ. സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കണ്ടേ എല്ലാം. :-)
(ഞാന്‍ പാഞ്ഞു)

Anonymous said...

മനപ്പാഠമാക്കാന്‍...

ആ. ച.
ബി. ആ. ച.

:: niKk | നിക്ക് :: said...

ആ ബി. ആ. ച. പുറകേ വന്നകാര്യവും പിന്നെയുണ്ടായ പുകിലുമൊക്കെ സെന്‍സര്‍ ചെയ്താ???

മോശായീ മോശായീ... ;)

:: niKk | നിക്ക് :: said...

O.T: Lol SuL ... LoL @ Setup Appu :))

Visala Manaskan said...

ഒരണിയെപ്പിടികിട്ടി!!

"അനോണി കമന്‍റിടാന്‍ പോകുന്നവന്‍റെ ഹൃദയമിടിപ്പോടെ .."

എടാ ഭയങ്കരാ..... ഉം ഉം ഉം.


അപ്പോ സൈറ്റടി, ഉത്ഘാടനം തന്നെ ആര്‍ഭാടമായി ല്ലേ??.

പിന്നീട് നടന്ന കാര്യങ്ങള്‍ പറഞ്ഞത് ഞാന്‍ വിശ്വസിച്ചിട്ടില്ല. :)

അരവിന്ദ് :: aravind said...

"അടുത്ത സ്റ്റോപ്പില്‍, മുന്‍വാതില്‍ അടുത്തായിരുന്നിട്ടും പിന്‍വാതിലിലൂടെ ഏതാണ് സ്റ്റോപ്പെന്നു പോലും നോക്കാതെ ഞാനിറങ്ങി."

എന്തൊരാക്രാന്തം!

(അതവള് “നമുക്ക് ഇവടെയറങ്ങാം“ എന്ന് ആംഗ്യം കാണിച്ചു എന്ന് തെറ്റിദ്ധരിച്ചത് കൊണ്ടല്ലേ?)


ഞാന്‍ ജനല് വഴി ചാടിയോടി.

ദിവാസ്വപ്നം said...

ഹ ഹ അഗ്,

അത് കലക്കി :))

അല്ല, അരവിന്ദന്റെ കമന്റിലന്തെങ്കിലും നേരുണ്ടോ ആ... ആ... നടക്കട്ടെ നടക്കട്ടെ... :^)

സു | Su said...

:)

Sathees Makkoth | Asha Revamma said...

അഗ്രജാ,
അഗ്രജന്റെ മാനസികവ്യഥ നന്നായി മനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നുണ്ട്.ഇതുപോലൊരു കണ്ണടയ്ക്കാനുള്ള ശ്രമം ഞാനും നടത്തിയിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ അതെഴുതുവാന്‍ സാഹചര്യം അനുവദിക്കുന്നില്ല( വാമഭാഗം അടുത്തിരിപ്പുണ്ട്)
എഴുത്ത് അലക്കി എന്ന് പറയേണ്ടതില്ലല്ലോ.
ദാ അവളും ഏറ്റ് പറഞ്ഞിരിക്കുന്നു(ആഷാഢം)
ബഹൂത്ത് ബഡിയാ .
അപ്പോള്‍ ശുക്രിയ.

Sathees Makkoth | Asha Revamma said...

അലക്കി എന്നുള്ളത് കലക്കി എന്ന് വായിക്കണേ...

ആവനാഴി said...

അഗ്രൂ,

സൈറ്റടിയുടെ സാങ്കേതികവശം ഒന്നു മനസ്സിലാക്കണം എന്നു വളരെക്കാലമുണ്ട് വിചാരിക്കുന്നു. ഇടക്കൊന്നു പ്രയോഗിക്കാമല്ലോ.

ഗുരുവിനെ അന്വേഷിച്ച് പല നാടുകളും നഗരങ്ങളും തെണ്ടി.നിരാശമാത്രമായിരുന്നു ഫലം.

ഇതാ ഇപ്പോള്‍ കണ്ടു കിട്ടീ.

പ്ലീസ് ഈ വെറ്റിലയും അടക്കയും ഒറ്റരൂപയും ഒന്നു വാങ്ങൂ.

ഞാനൊന്നു ശിഷ്യപ്പെട്ടോട്ടെ.

സസ്നേഹം
ആവനാഴി

myexperimentsandme said...

അഗ്രജനഗ്രഗണ്യാ, സൈറ്റടിചീറ്റിവീരാ, സൈറ്റടി ചീറ്റിയാലെന്താ, പോസ്റ്റടിപൊളി.

P Das said...

:)

G.MANU said...

:)

Ziya said...

അഗ്രൂസ്....
ബലേ ഭേഷ്!!!!
അഡിപൊളിയായീണ്ട്...സത്യം.
നന്നായി ചിരിച്ചു. അഗ്രു ഈ വഴീലങ്ങ്‌ട് മുന്നേറ്‌കാ...
നമ്മുടേ ആശീര്‍വാദമുണ്ട്.(അത് ക്കിട്ടിയവരുടെ ലിസ്റ്റ് ദേ ഇവിടെയുണ്ട്)

"മനസ്സ് കൊണ്ട് വായുവില്‍ മറിഞ്ഞ്, പക്ഷെ ശരീരം കൊണ്ട് നെഞ്ചടിച്ച് ‘പ് ധിം...’ എന്ന ശബ്ദത്തോടെ വെള്ളത്തില്‍ ലാന്‍ഡ് ചെയ്ത് നെഞ്ചും കുളവും ഒരുമിച്ച് കലക്കിയിട്ടുമുണ്ട് -" അനുഫവസ്ഥനായതു കൊണ്ട് നല്ലോണം ആസ്വ്വദിച്ചു.
പിന്നെ ഈ സൂപ്പര്‍ കുറിപ്പിന്റെ ട്രീറ്റ്‌മെന്ന്റ്റ് ഒത്തിരി രസമുണ്ട്.

മുസ്തഫ|musthapha said...

“ഈസ്റ്റര്‍ ആശംസകള്‍“

‘ഒരു മട്ടാഞ്ചേരി ശപഥം’ വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

തറവാടി - തറവാട്യേയ്!!! ഒരു ഹത്ത ട്രിപ്പിനിത്രയ്ക്കിഫക്ടോ :)

Sul | സുല്‍‍ - നീ ജബ്ബാറല്ലേ... കണ്ണടി പഠിച്ചിട്ടും വല്യ കാര്യമൊന്നുമില്ല :)

ഇത്തിരിവെട്ടം|Ithiri - ഇത്തിരി, ഒരു കണ്ണടച്ചില്ലെങ്കിലും വായ ഏതു നേരോം തുറന്നോണ്ടെന്നല്ലേ (ഒരു യു.എ.ക്യു യാത്രയിലെ കത്തി വീണ്ടും എന്നെ ഓര്‍മ്മിപ്പിക്കല്ലേ) :)

Siju | സിജു - ഹഹഹ... അപ്പോ സിജൂനും പറ്റിയിട്ടുണ്ടോ ഇമ്മാതിരി അക്കിടി :)

കുറുമാന്‍ - കുറുജീഈഈഈ... :)

അപ്പു - ഹഹഹ അപ്പു, ഇതിനൊരു അനുഭവത്തിന്‍റെ മണം :)

ഇക്കാസ്ജി ആനന്ദ്ജി - ഇതിനുള്ള മറുപടി എനിക്ക് വേണ്ടി ദില്‍ബന്‍ തന്നു കഴിഞ്ഞു :)

വല്യമ്മായി - നന്നായിരിക്കുന്നെന്നോ... ഒരാള്‍ അബദ്ധത്തില്‍ പെട്ട കാര്യം പറയുമ്പോള്‍ ഇങ്ങനെ തന്നെ പറേണം കേട്ടോ :)

ശ്രീ - എനിക്കതൊരു വല്ലാത്ത പരീക്ഷണമായിരുന്നു ശ്രീ :)

കുട്ടന്‍ മേനൊന്‍ | KM - ഓ... പുളു.. .പുളു... എന്ന അര്‍ത്ഥത്തിലല്ലേ ചിരി പൊട്ടിയത് :)

കുട്ടിച്ചാത്തന്‍ - ഹഹ... ചാത്താ... ഇല്ലായിരുന്നെങ്കില്‍!!!

തമനു - പെസഹ ആയതോണ്ടല്ലേ എന്നെ കൊല്ലതെ വിട്ടത് :)

ദില്‍ബാസുരന്‍ - ഹഹ എന്തോ മണക്കുന്നല്ലോ ദില്‍ബാ ;)... പോരട്ടെ പോസ്റ്റായിട്ട് :)

വിചാരം - ഇത് വിചാരത്തിന്‍റെ ഡ്യൂപ്പാ ല്ലേ :)

കാളിയന്‍ - മനപ്പാഠമാക്കാന്‍ പറ്റിയ വാക്കുകള്‍ :)

:: niKk | നിക്ക് :: - ഞാന്‍ ഇന്നത്തേപ്പോലെ അന്നും ഡീസന്‍റായിരുന്നു :)

വിശാല മനസ്കന്‍ - മര്‍മ്മം തന്നെ കയ്യില്‍ കിട്ടിയല്ലേ :)

അരവിന്ദ് :: aravind - ഹഹ അരവിന്ദാ... കഷ്ടണ്ട്ട്ടോ :)

എന്തൊരാക്രാന്തം! - സുല്ലേ, നീയാണിതിനുത്തരവാദി :)

ദിവ (diva) - ദിവയ്ക്ക് കൂടെ എന്നെ വിശ്വാസല്ലാണ്ടായില്ലേ :)

സു | Su - നന്ദി :)

സതീശ് മാക്കോത്ത് | sathees makkoth - സതീഷെങ്കിലും എന്‍റെ കൂടെ നിന്നല്ലോ :)

രണ്ടുപേര്‍ക്കും നന്ദി :)

ആവനാഴി - എന്നെയങ്ങട്ട് കൊല്ല് :)

വക്കാരിമഷ്‌ടാ - അന്നത് ചീറ്റിയില്ലായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ വഴിതെറ്റിപ്പോയേനേ :))

ചക്കര - നന്ദി :)

G.manu - നന്ദി :)

::സിയ↔Ziya - അനുഗ്രഹം സ്വീകരിച്ചിരിക്കുന്നു -പിന്നെ അതുമിതും പറയരുത് [അടുത്ത പോസ്റ്റ് ഉടനെയാവാം] :)

ആ ലിസ്റ്റിന്‍റെ ലിങ്ക് ശരിയായിട്ടല്ല കൊടുത്തിരിക്കുന്നത്.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

Sona said...

ഹെന്‍റീശ്വരാആആ...’ എന്‍റെ ചുണ്ടുകള്‍ വിതുമ്പി.....ആ ചമ്മല്‍ കാണാനുള്ള പാഗ്യം എനിക്കില്ലാതെ പോയല്ലോ...ഈശ്വരാ‍ാ‍ാ....

thoufi | തൗഫി said...

അഗ്രൂ..
വായിച്ചു ചിരിച്ചു,ചിരിച്ചു രസിച്ചു
അഗ്രൂന്റെ ഭാഷയില്‍
പറഞ്ഞാല്‍“സ്വാസം”അടക്കിപ്പിടിച്ചാ വായിച്ചത്.
അരങ്ങേറ്റം തന്നെ കലക്കി,അല്ലെ..?
ഏതായാലും ഇനി ആ ശപഥം മുടക്കെണ്ടാ.

ഓ.ടോ)അഗ്രജി ഈ പോസ്റ്റുകളൊന്നും കാണാറില്ലെ..?
അല്ലാ,നുണ പറയുന്നതിനും വേണ്ടെ ഒരതിര്..?
ഞാന്‍ ഓടി..ഇമാ‍റാത്തില്‍ നിന്ന്

ദേവന്‍ said...

ഹ ഹ കൂനന്‍ കുരിശ് ശപഥം പോലെ എന്തോ ആണെന്നല്ലേ വിചാരിച്ചത്. സൈറ്റടി നിര്‍ത്തിയത് കാര്യമായി ഇല്ലെങ്കില്‍ സൈറ്റ് അടിച്ചു പോയേനെ ( സൈറ്റാതെ വേരെന്തെല്ലാം വഴി കിടക്കുന്നു)

കെവിൻ & സിജി said...

ഇഷ്ടാ, കലക്കീണ്ട് ട്ടാ

Mr. K# said...

:-)

neermathalam said...

siteadi...katha gambheeram ayyi....

തൃശ്ശൂര്‍ ഡാവ് said...

വീസദമായ കമന്റ് പിന്നെ , ഞാനൊന്നു ചിരിക്കട്ടെ ,
തലയും കുത്തിനിന്നു ചിരികട്ടെ,

Rajesh Krishnakumar said...

ഗഡി
ഇത് പഴയ വീഞ്ഞ് പുതിയ ഡേറ്റ് ലേബല്‍ ഒട്ടിച്ചതല്ലെ?

മുസ്തഫ|musthapha said...

അതെ മരുതേ :)
വരുന്നോരൊക്കെ കരിവാരം കണ്ട് തെറ്റിദ്ധരിക്കേണ്ടാന്ന് വെച്ച് ചെയ്തതാ... പിന്നെ പുതുതായി ആരെങ്കിലും വായിക്കാന്നെച്ചാ ആയ്ക്കോട്ടെ ല്ലേ... :)

എറ്റം അടീൽ അത് പണ്ട് പബ്ലീഷ് ചെയ്ത ഡേറ്റ് കുഞ്ഞ്യേതാക്കി കൊടുത്തിട്ടുണ്ട്...

ബഷീർ said...

എനിക്കീ വക ഐറ്റംസില്‍ അത്ര പിടിപാടില്ല. സ്കൈലാര്‍ക്ക്‌ വഴിയാണോ എറണാകുളം യാത്ര ? എന്നാലും അന്ന് നിര്‍ത്തിയത്‌ നന്നായി അല്ലെങ്കില്‍ സുനേന നഗറിന്റെ പേരു തന്ന മാറിയേനേ..

എന്നാലും അവസാനം എന്റുമ്മാ എന്നല്ലേ മനസ്സില്‍ വിളിച്ചത്‌ എന്ന് ഒരു ഡൗട്ട്‌..

കുഞ്ഞയമു said...

അഗ്രജാ,
ഞ്ഞി ജ്ജ് ബിസ്മി ചെല്ലീട്ട് എയ്താന്‍ തൊടങ്ങിയാ മതീട്ടാ.

മുസാഫിര്‍ said...

അപ്പോ‍ള്‍, അന്ന് കണ്ണടി നിര്‍ത്തിയെങ്കില്‍ പിന്നെ കണ്ണിനടി കിട്ടിയതും കണ്ണട വെച്ച് തുടങ്ങിയതും എന്നായിരുന്നു ?
ഞാ‍ന്‍ അവിടെയില്ലാട്ടോ, ഇവിടെയാ..

തറവാടി said...

ഹഹ അപ്പോ ങ്ങക്കും അതറിയാല്ലെ മുസാഫിര്‍ , ഞാന്‍ കരുത് എനിക്ക് മാത്രമെ ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

assalaayi ttaa

Sapna Anu B.George said...

ഒത്തിരി നാളായി ഇതുവഴി വന്നിട്ടു.....നന്നായിരിക്കുന്നു

മുസ്തഫ|musthapha said...

ഹഹഹ ഞാനും ഒത്തിരി നാളായി ഇതുവഴി വന്നിട്ട്... സപ്നയുടെ കമന്റ് ഇന്‍ബോക്സില്‍ കണ്ടതിനാല്‍ വന്നതാ :)

വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി... എന്തുണ്ട് വിശേഷങ്ങള്‍... സുഖല്ലേ... ഞാന്‍ ഡിഡില്‍ നിന്നും വിരമിച്ചതിനാല്‍ അത് വഴിയുള്ള മെയിലുകളും ഇപ്പോള്‍ കാണാറില്ല.

Unknown said...

mustafka...
this is shemi[Sameer Mathramkot] with you...
hop u got me?
i was realy shocked and amazed with ur style of writing and presentation.
No more artificiality, very clear and humorous...
Keep going on..
I was not used to read all these blogs, but now i feel to spend som tym on these kinds.

ജിപ്പൂസ് said...

കണ്ട 'ബീ ആ ചേ'ളെ എല്ലാം!!
അയ്യേ ഇങ്ങളിത്തരക്കാരനാണെന്ന് കരുതീല്ല അഗ്രജനിക്കാ... :)

K@nn(())raan*خلي ولي said...

ഇന്ന് ഇപ്പോള്‍ വായിച്ചു വായും പൊളിച്ച്ചിരിക്കുവാ മാഷേ. കിടിലന്‍. സൂപ്പര്‍

ഭായി said...

ഹ ഹ ഹ ഹ :)))
കലക്കി അഗ്രജാ, കുറഞ വരികളിൽ പൊട്ടിച്ചിരി!

ഏതായാലും കണ്ണടി കരണത്തടിയിൽ അവസാനിച്ചില്ലല്ലോന്ന് സമാധാനിക്കാം..:)

സമയം പോലെ ഒന്നൊന്നായി വായിച്ച് വരുന്നു.

തുടർന്നും എഴുതാത്തതിൽ ഖേദമുണ്ട്..:(

ബഷീർ said...

ഇടയ്ക്ക് ബ്ലോഗിലും വരിക മുഖപുസ്തകത്തിൽ നിന്നിറങ്ങി :)