Tuesday, October 14, 2008

ഒരു മട്ടാഞ്ചേരി ശപഥം

കുളത്തിന്‍റെ മുകള്‍ ഭാഗത്ത് നിന്ന് ഓടി വന്ന് ഒരോരുത്തന്മാരും വെള്ളത്തിലേക്ക് ‘മതില്‍കൊമ്പ്’ അടിച്ച് ചാടുമ്പോള്‍ വെള്ളമിറക്കിയിരുന്നിട്ടുണ്ട് കുറേ കാലം. അങ്ങിനെ ചാടാന്‍ വേണ്ടി പരിശ്രമിച്ച് ഓടി വന്ന്, മനസ്സ് കൊണ്ട് വായുവില്‍ മറിഞ്ഞ്, പക്ഷെ ശരീരം കൊണ്ട് നെഞ്ചടിച്ച് ‘പ് ധിം...’ എന്ന ശബ്ദത്തോടെ വെള്ളത്തില്‍ ലാന്‍ഡ് ചെയ്ത് നെഞ്ചും കുളവും ഒരുമിച്ച് കലക്കിയിട്ടുമുണ്ട് - ഒരിക്കലല്ല, പലവട്ടം. ‘സ്വാസം കിട്ടണില്ല’ എന്ന് പറയാനുള്ള ശ്വാസം പോലും കിട്ടാത്ത പരുവത്തിലും ഇടയ്ക്ക്‍ വീണിട്ടുണ്ട്.

എങ്കിലും, പിന്മാറാന്‍ തയ്യാറല്ലായിരുന്നു. കുളത്തിന്‍റെ വക്കത്ത് തലകുത്തി നിന്ന് പിന്നില്‍ നിന്നും ആരെയെങ്കിലും കൊണ്ട് തള്ളി ഉരുട്ടിച്ച് വെള്ളത്തില്‍ വീണ്... പതുക്കെ പതുക്കെ ഞാനത് പഠിച്ചെടുത്തു... ഓടി വന്ന് വായുവില്‍ മലക്കം മറിഞ്ഞ് വെള്ളത്തിലോട്ട് ‘മതില്‍കൊമ്പ്’ അടിക്കാന്‍.

അതുപോലെ തന്നെ, ‘പുഷ് അപ്’ അടിക്കലും അത്യാവശ്യം മെനക്കെട്ട് തന്നെ പഠിച്ചതാണ്. കുങ്ഫൂ ക്ലാസ്സില്‍, മങ്കീ, ഫിംഗര്‍, ഹാമര്‍, ഈഗിള്‍ പിന്നെ സാദാ... ഇത്യാദി പുഷ് അപുകളെല്ലാം തന്നെ എല്ലാവരും പുഷ്പം പോലെ ചെയ്യുമ്പോള്‍ ഞാന്‍ മാത്രം പത്തുവിരലുകളും വിടര്‍ത്തി, കൈകള്‍ പരത്തി വെച്ച്, കാലുകള്‍ സ്പ്രെഡ് ചെയ്ത് വെച്ച് എന്‍റെ ലഘുവായ ശരീരം ഒന്ന് പൊക്കാനുള്ള അക്ഷീണ പ്രയത്നത്തില്‍ മുഴുകി, അവസാനം ഭൂമീദേവിയെ കെട്ടിപ്പിടിച്ച് കിടക്കുകയാവും.

കുറേ കാലം കാല്‍മുട്ടുകള്‍ നിലത്ത് പ്രസ്സ് ചെയ്തും പിന്നീട് മാസ്റ്റര്‍ വയറില്‍ കാല്പാദം വെച്ച് പൊക്കി തന്നിരുന്ന സപ്പോര്‍ട്ടിന്‍റെ സഹായത്താലും എന്‍റെ ശരീരം എനിക്ക് തന്നെ പൊക്കാം എന്നായി... അങ്ങിനെ ഞാനും ‘പുഷ് അപ്’ അടിക്കാരനായി.

ഇതുപോലെ തന്നെ വളരെ കഷ്ടപ്പെട്ട്, മറ്റൊരാളുടേയും സഹായമില്ലാതെ പഠിച്ച മറ്റൊരു ‘അടി’ ഐറ്റമാണ് ‘കണ്ണടി‍‘ അഥവാ ‘സൈറ്റടി‍‘...!

കൂട്ടുകാരെല്ലാം പലരേയും കണ്ണടിച്ച് ലൈനാക്കിയ കഥ പറയുമ്പോള്‍, അവരുടെ വായില്‍ നിന്ന് തെറിക്കുന്ന തുപ്പലിനെ പോലും അവഗണിച്ച് ഇമവെട്ടാതെ അവരുടെ എക്സ്പ്രെഷന്‍‍ നോക്കി, കണ്ണടിക്കാനറിയാത്ത എന്‍റെ തലവിധിയെ പഴിച്ചിട്ടുണ്ട്.

പലപ്പോഴും കണ്ണാടിയില്‍ നോക്കി ശ്രമിച്ചിട്ടും വായ ഒരുഭാഗത്തോട്ട് കോടുന്നതോടൊപ്പം കണ്ണടയുകയല്ലാതെ കണ്ണടിയുടെ ഒരു നിലവാരത്തിലോട്ട് അത് വന്നിരുന്നില്ല. നിത്യാഭ്യാസി ആനയെ എടുത്തില്ലെങ്കിലും ആനപ്പിണ്ഢമെങ്കിലും എടുക്കുമെന്നല്ലേ. അശ്രാന്തപരിശ്രമത്തിന്‍റെ ഫലമായി ഒരു വിധം കണ്ണടിക്കാം എന്ന ആത്മവിശ്വാസം കൈവന്നപ്പോള്‍ പിന്നെയുള്ള പ്രശ്നം അതൊന്ന് പരീക്ഷിക്കലായിരുന്നു.

ഈയൊരു പരീക്ഷണം പാളിപ്പോയാല്‍ നാറും പിന്നെ നീറും (കരണക്കുറ്റി) എന്നതിനാല്‍ അങ്ങിനെയൊരു പരീക്ഷണത്തിന് സ്വന്തം നാട് തിരെഞ്ഞെടുക്കാതിരിക്കലാവും പുത്തി എന്ന് തോന്നിയതിനാല്‍, അടുത്ത എറണാകുളം യാത്രയില്‍ തന്നേയാവാം ‘അരങ്ങേറ്റം’ എന്ന് തീരുമാനിച്ചുറപ്പിച്ചു.

എറണാകുളത്തെത്തിയാല്‍ ജോലികളെല്ലാം തീര്‍ത്ത്, പടങ്ങള്‍ കാണാലും കഴിഞ്ഞ് ബാക്കി സമയമുണ്ടെങ്കില്‍ സിറ്റിബസ്സുകള്‍ പോകുന്ന സ്ഥലങ്ങളിലേക്കെല്ലാം ചുമ്മാ കറങ്ങുന്നത് അന്ന് ഒരു ഹോബി മാത്രമായിരുന്നു. കടവന്ത്ര, കാക്കനാട്, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈറ്റില... തുടങ്ങിയ ഇടങ്ങളെല്ലാം തന്നെ അങ്ങിനെ സന്ദര്‍ശിച്ചവയാണ്.

അന്നത്തെ പര്യടനം മട്ടാഞ്ചേരിയിലേക്കായിരുന്നു. ‍

ചൊമന്ന കളറുള്ള ബസ്സില്‍, വിറയാര്‍ന്ന കണ്ണുകളോടെ, അനോണി കമന്‍റിടാന്‍ പോകുന്നവന്‍റെ ഹൃദയമിടിപ്പോടെ ഞാന്‍ നടുഭാഗത്ത് നിന്നും കുറച്ച് കൂടെ മുന്നിലായുള്ള സീറ്റിലിരുന്നു. ഇറങ്ങിപ്പോകുന്ന ഏതെങ്കിലും ഒരെണ്ണത്തിനെ പരീക്ഷണ വിധേയയാക്കാനായിരുന്നു എന്‍റെ തീരുമാനം. ഒരു കണ്ണടി കിട്ടിയെന്നു കരുതി ആരുമിപ്പോ ഇറങ്ങിയ ബസ്സില്‍ തിരിച്ചു കയറി കലിപ്പ് തീര്‍ക്കില്ല എന്ന അകൈതവമായ വിശ്വാസമാണ് ഇറങ്ങിപ്പോകുന്നവരെ ടാര്‍ഗറ്റ് ആക്കാനുള്ള കാരണം.

ദേ... ഒരു ആവറേജ് ചരക്ക് (ആ. ച.) ബാഗൊക്കെ ഒതുക്കുന്നു, അതെ അവള്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പാണ്. ഞാനും എന്‍റെ കണ്ണുകളെ ഷട്ടര്‍ തുറന്ന് ക്ലിക്കാന്‍ പാകത്തില്‍ സജ്ജീകരിച്ചു.

ആ ആ. ച. ഇറങ്ങാനായ് തിരിയുന്നു...
ഇറങ്ങുന്നേരം പിറകിലോട്ടൊന്ന് നോക്കുന്നു...
അതെ, നോട്ടം എന്‍റെ നേര്‍ക്കു തന്നെ...
ആക്ഷന്‍...
ഞാന്‍ ഇടത്തേ കണ്ണ് തുറന്ന് പിടിച്ചു കൊണ്ട് വലത്തേ കണ്ണ് അടയ്ക്കുന്നു...
ആ. ച. തന്‍റെ ശ്രദ്ധ, തട്ടി വീഴാതിരിക്കാനായി ഫുട്ബോര്‍ഡിലേക്ക് കേന്ദ്രീകരിക്കുന്നു...
എന്‍റെ തൊടുക്കല്‍ ലക്ഷ്യത്തില്‍ കൊള്ളാതെ പോയോ... അതോ കൊണ്ടോ...!

എല്ലാവരുടേയും ശ്രദ്ധ തേര്‍ഡ് അംപയറിലേക്ക് സാദരം ക്ഷണിക്കുന്നു...

റീ പ്ലേ പ്ലീസ്...

ആ ആ. ച. ഇറങ്ങാനായ് തിരിയുന്നു...
ഇറങ്ങുന്നേരം പിറകിലോട്ടൊന്ന് നോക്കുന്നു...
അതെ, നോട്ടം എന്‍റെ നേര്‍ക്കു തന്നെ...
ആക്ഷന്‍...
ഞാന്‍ ഇടത്തേ കണ്ണ് തുറന്ന് പിടിച്ചു കൊണ്ട് വലത്തേ കണ്ണ് അടയ്ക്കുന്നു...
ആ. ച. തന്‍റെ ശ്രദ്ധ, തട്ടി വീഴാതിരിക്കാനായി ഫുട്ബോര്‍ഡിലേക്ക് കേന്ദ്രീകരിക്കുന്നു...
എന്‍റെ തൊടുക്കല്‍ ലക്ഷ്യത്തില്‍ കൊള്ളാതെ പോവുന്നു...
ഞാന്‍ തൊടുത്തു വിട്ട കണ്ണടി പിറകില്‍ സീറ്റുണ്ടോ എന്ന് തിരിഞ്ഞു നോക്കുന്ന ഒരു ബിലോ ആവറേജ് ചരക്കില്‍ (ബി. ആ. ച.) പതിക്കുന്നു...
ബിലോ ആ. ച. ചിരിക്കുന്നു...

മിഷന്‍ സക്സ്സ്സ്!!!

ബിലോയെങ്കില്‍ ബിലോ... എന്തായാലും അദ്ധ്വാനം വേസ്റ്റായില്ലല്ലോ... ഞാന്‍ സമാധാനിച്ചു.

ബീയാച പിന്നെ ഇടയ്ക്കിടെ തിരിഞ്ഞ് എന്നേ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു. ലക്ഷ്യം തെറ്റിയെങ്കിലും ആദ്യ വിക്ഷേപണം തന്നെ ഇത്രേം വിജയകരമായി തീര്‍ന്നതില്‍ എനിക്ക് എന്നെകുറിച്ചഭിമാനം തോന്നി.

ബി. ആ. ച. ചിരിക്കുന്നതിലിടയ്ക്ക് ഞാനൊരു കാര്യം ശ്രദ്ധിച്ചു... ആ ബീയാച ഇടയ്ക്കിടെ കിളിയേയും കണ്ടക്ടറേയും നോക്കിയും ചിരിക്കുന്നുണ്ട്. കിളി & കണ്ട ചേട്ടന്‍സ് ബീയാചയെ നോക്കിയും പിന്നെ എന്നെ നോക്കിയും ചിരിക്കുന്നുണ്ട്...!

അവരുടെ ചിരിയില്‍ എന്തോ ഒരിതില്ലേ...

ഞാന്‍ ആ ബീയാചയെ ഒന്നു കൂടെ സൂക്ഷിച്ചു നോക്കി...

“അയ്യ്യേ... ഡാ... മോനേ... ഇത് മറ്റേ കേസ്സാന്ന് തോന്നണു...” എന്‍റെ അന്തരംഗം എന്നോട് മന്ത്രിച്ചു...

‘ഹെന്‍റീശ്വരാആആ...’ എന്‍റെ ചുണ്ടുകള്‍ വിതുമ്പി...

അടുത്ത സ്റ്റോപ്പില്‍, മുന്‍വാതില്‍ അടുത്തായിരുന്നിട്ടും പിന്‍വാതിലിലൂടെ ഏതാണ് സ്റ്റോപ്പെന്നു പോലും നോക്കാതെ ഞാനിറങ്ങി.

ഇനി രണ്ട് കണ്ണടയുവോളം ഒരു കണ്ണായിട്ടടയ്ക്കില്ലെന്ന ശപഥം എടുത്തത്, അന്ന് അവിടെ വെച്ചായിരുന്നു.

0 5 0 4 2 0 0 7