Thursday, May 25, 2017

ഒരപകടത്തിന്‍റെ മധുരസ്മരണ...

ഞാന്‍ വണ്ടി ഒരു ഭാഗത്ത് പാര്‍ക്ക് ചെയ്ത് വറതപ്പനെ കാത്ത് നിന്നു. എന്നും വൈകീട്ടൊരു കറക്കം പതിവുള്ളതാണ്. വറതപ്പനാണ് സ്ഥിരമായിട്ട് കൂട്ടിനുണ്ടാവുക. കൂടണയുന്നവര്‍ക്കിടയിലൂടെ ഉള്ള യാത്ര, സായാഹ്ന സവാരിയുടെ രസമൊന്ന് വേറെ തന്നെയാണ്.

വറതപ്പനെത്തുമ്പോള്‍ അഞ്ചരയായിരുന്നു.

‘എന്തെടാ വൈക്യേ..’

‘അപ്പന്‍ അങ്ങാടീന്നിപ്പം വന്നേള്ളു...’

വറതപ്പന്‍റപ്പന് ഒരു ചെറിയ കടയുണ്ട്. അപ്പനങ്ങാടീപോവുമ്പോ കടയുടെ ഉത്തരവാദിത്വം വറതപ്പനാണ്. കടയെന്ന് പറയാന്‍ മാത്രമൊന്നുമില്ല. വീടിനോട് ചേര്‍ന്ന് ഇറക്കിക്കെട്ടിയ ചായ്പ്പില്‍ ബീഡി, തിപ്പെട്ടി, മുറുക്കാന്‍ തുടങ്ങി... ലൊട്ടുലൊടുക്കു സാധനങ്ങള്‍ വെച്ചൊരു തട്ടിക്കൂട്ട്. പിന്നെ, ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള വീടുകളുടെ അടുക്കളഭാഗത്ത് നിന്നും ശേഖരിക്കുന്ന പരമാവധി പിഴിയലെല്ലാം കഴിഞ്ഞ് വലിച്ചെറിയപ്പെടുന്ന പുളിങ്ങയുടെ ചണ്ടി കുടഞ്ഞെടുത്ത്, അതിലെ കുരു വറുത്തെടുത്ത് ഞങ്ങള്‍ക്കു തന്നെ വില്‍ക്കുന്നൊരു റീസൈക്കിളിംഗ് സിസ്റ്റം കൂടെയുണ്ടിവിടെ.


അവന്‍റപ്പന് ഇതിന്‍റെ വല്ല കാര്യോം ഉണ്ടോന്ന് ചോദിച്ചാ... ഇല്ല! വറാതപ്പന്‍റപ്പനപ്പാപ്പാന്‍റെ കാലം മുതലുള്ള കുടുംബ ബിസിനസ്സായ തേങ്ങാവെട്ട് തകൃതിയായി ഇപ്പോഴും നടക്കുന്നുണ്ട്. പിന്നെ ഇതൊരു സൈഡ്ബിസിനസ്സ്... സ്വന്തമായി കാശുണ്ടാക്കി രണ്ട് കാലില്‍ നിന്നൊന്ന് മിനുങ്ങി നാല് കാലില്‍ വരാനുള്ള ഒരു അഡ്ജസ്റ്റ്മെന്‍റ്... അത്രേയുള്ളൂ.

‘...ഇന്ന് നീയോടിച്ചോ’ ഞാന്‍ പറഞ്ഞു. ചിലപ്പോഴങ്ങിനെയാണ്... വണ്ടി വറതപ്പനെകൊണ്ടോടിപ്പിക്കും. അവന്‍റെ ഡ്രൈവിംഗ് കാണാന്‍ ഒരു പ്രത്യേക രസമാണ്. വളവുകളൊക്കെ വീശിയൊടിക്കുന്നത് തന്നെ ഒരു സൂപ്പര്‍ സ്റ്റൈലിലാണ്.

ലോറി കയറിയിറങ്ങിയ കുണ്ടും ചെളിയും ഓലയിട്ട് നികത്തിയ വഴിയിലൂടെ, ഇത് പൊതുവഴിയല്ല എന്ന ബോര്‍ഡും കടന്ന് പഞ്ചായത്ത് റോഡിലേക്കിറങ്ങിയപ്പോള്‍ വറതപ്പന്‍ വണ്ടിയുടെ സ്പീഡ് കൂട്ടി. വൈക്കോലും സൈക്കിളില്‍ വെച്ച് വന്നിരുന്ന കമ്മുട്ടിക്കാടെ മുന്നിലേക്കൊന്ന് വണ്ടി വെട്ടിച്ച് പേടിപ്പിക്കാന്‍ വറതപ്പന്‍ മറന്നില്ല. കമ്മുട്ടിക്കാടെ വെപ്രാളം കണ്ട ഞങ്ങള്‍ ചിരിച്ചു.

മാത്തപ്പേട്ടന്‍റെ പറമ്പീന്ന് വെള്ളം പൊട്ടിയൊലിച്ച് ആകെ കൊളമായിക്കിടക്കുന്ന ഭാഗത്തെത്തിയപ്പോള്‍ വറതപ്പന്‍ വണ്ടിയുടെ സ്പീഡൊന്ന് കുറച്ചു. ലോറിയോടിക്കുന്ന കുമാരേട്ടന്‍ വരെ സ്പീഡ് കുറയ്ക്കുന്ന സ്ഥലമാണത്.

‘ഡാ... വറതപ്പാ, നേരം വൈകി... വേഗം വിട്ടോ...’ ഞാന്‍ പ്രോത്സാഹിപ്പിച്ചു.

നല്ല സ്പീഡിലായിരുന്ന ഞങ്ങള്‍ പള്ളിസ്കൂളിന്‍റെ അവിടേക്കുള്ള ഇടവഴി തിരിയുന്ന ഭാഗത്തെത്തിയതും, അത് സംഭവിച്ചു. ലാസറേട്ടന്‍റെ, എട്ടൊന്‍പത് തവണ ചവിട്ടിച്ചിട്ടും ചെനപ്പിടിക്കാത്ത മച്ചിപ്പയ്യ് ഇടവഴീന്ന് റോഡിലേക്ക് ചാടിയതും വറതപ്പന്‍ ‘സഡന്‍ ബ്രേക്കി’ട്ടതും ഒരുമിച്ചായിരുന്നു!

എന്‍റെ തല വറതപ്പന്‍റെ തലയില്‍ ചെന്നിടിച്ചു...

ഞങ്ങള്‍ രണ്ട് സൈഡിലേക്കായ് തെറിച്ചു വീണു...

ഭാഗ്യം എനിക്ക് കാര്യമായൊന്നും സംഭവിച്ചില്ല. പക്ഷേ, റോഡ് നന്നാക്കാന്‍ വേണ്ടി നാല് കൊല്ലം മുന്‍പ് അടിച്ചിട്ടിരിക്കുന്ന കരിങ്കല്‍ കക്ഷണങ്ങളില്‍ തട്ടി വറതപ്പന്‍റെ നെറ്റി പൊട്ടി. ചോര കുടുകുടാന്നൊഴുകുന്നു, ആളുകള്‍ ചുറ്റും കൂടി. വറതപ്പനെ ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി.

അപ്പോഴേക്കും, എവിടേയോ പോയി മടങ്ങുകയായിരുന്ന എന്‍റുപ്പയും അവിടെയെത്തി... പിന്നത്തെ പൂരം പറയാനുണ്ടോ...!

** ** ** ** ** ** ** ** ** ** **

നിസ്ക്കാരപ്പായയിലിരിക്കുന്ന ഉമ്മാടെ മടിയില്‍ തലവെച്ച് കിടന്ന് ഞാന്‍ വിതുമ്പി. സങ്കടം അടക്കാന്‍ പറ്റുന്നില്ല. തുടയില്‍ വിരല്‍വണ്ണത്തില്‍ കിടക്കുന്ന ചുവന്ന പാടില്‍ തൊടുമ്പോ, സങ്കടം പിന്നേം കൂടുന്നു.

ഞാന്‍ ഏങ്ങിയേങ്ങി... ഉമ്മാട് പറഞ്ഞു

‘ഉപ്പ, സ്റ്റിയറിങ്ങൂരീട്ടാ അടിച്ചതുമ്മാ...‘

ഉമ്മ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു...

‘സാരെല്ല... ഇനിങ്ങനെ വള്ളി കൂട്ടി കെട്ട്യെ വണ്ട്യോടിച്ച് കളിയൊന്നും വേണ്ട...’
Published: 30-08-2006 | 11:20 am

47 comments:

മുസ്തഫ|musthapha said...

കഴിഞ്ഞ പോസ്റ്റിന് നിങ്ങളൊക്കെ തന്ന പ്രോത്സാഹനത്തില്‍ നിന്നും കിട്ടിയ പ്രചോദനം..
മറ്റൊരു പോസ്റ്റ് കൂടെ.. :)

സു | Su said...

അതേതായാലും നന്നായി. ഒറിജിനല്‍ വണ്ടി ആയിരുന്നെങ്കില്‍, പാവം ഉപ്പ, എന്തുകൊണ്ടടിക്കും എന്നുള്ള ആശയക്കുഴപ്പത്തില്‍ നിന്നേനെ.

ഉമ്മ പറഞ്ഞപോലെ ഇനി ഇത്തരം ഓടിക്കല്‍ വേണ്ട. സ്പീഡും.

Visala Manaskan said...

സ്പീഡ് ഓവറായാല്‍ വണ്ടിയേതായാലും സേയ്ഫല്ല എന്ന് മനസ്സിലായി.

കലക്കിയിട്ടുണ്ട് മാഷേ!

കരീം മാഷ്‌ said...

പഹയാ.. ടെന്‍ഷനാക്കി കൊന്നെനെ നീ എന്നെ?
അവസാനതെ പാര (പെര അല്ല മനപ്പൂര്‍വ്വം) വായുച്ചില്ലങ്കില്‍ ഒരു മയ്യത്തു കട്ടിലു കൊണ്ടു വരേന്‍റിവന്നേനെ... നന്നായി. പരിണാമ ഗുസ്‌തി (ഉമെശിനോടു shopപാട്)

Unknown said...

ഒരു അപകടത്തിന്റെ മധുരസ്മരണ എന്നൊക്കെ വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു നിങ്ങള്‍ വല്ല ജിലേബിക്കടയിലും ഇടിച്ച് കേറിക്കാണുമെന്ന്. എന്തായാലും പി.ഗുപ്തന്‍ നായര്‍ സാര്‍ പുലിയായി വന്ന് ഭവിച്ചത് ഇഷ്ടപ്പെട്ടു. :-)

sreeni sreedharan said...

അങ്ങനെ തന്നെ വേണം ;)

Rasheed Chalil said...

അഗ്രൂ ഇതുകൊള്ളാമല്ലോ.. പണ്ട് (എന്നു പറഞ്ഞാല്‍ അത്ര പണ്ടൊന്നുമല്ല ഒരു ഇരുപത്താറ് വര്‍ഷം മുമ്പ് എനിക്കും ഇങ്ങിനെ ഒരു വണ്ടിയുണ്ടായിരുന്നു. തൊട്ടടുത്തുള്ള നാലഞ്ച സമപ്രായക്കാരെയും പിന്നില്‍ നിര്‍ത്തി പ്പോ പ്പോ എന്ന് ഹോണ്‍ നീട്ടിയടിച്ച്, ഇടക്കിടെ ഗിയര്‍ചെയ്ഞ്ച് ചെയ്ത്, വളവുകളിലും അല്ലാത്തിടത്തും നീട്ടിയൊടിച്ച് ഞാന്‍ ഡ്രൈവറാ‍യി ഓടിച്ചിരുന്ന ഒരു വണ്ടി (ഓര്‍ക്കുമ്പോള്‍ തന്നെ ഒരു ഇത്) . ഒറ്റ സങ്കടമേയുള്ളൂ. അത് ഒരു ദിവസം ഓടിക്കാനേ സാധിച്ചോള്ളൂ. ആദ്യദിവസം ഡ്രൈവര്‍ സീറ്റ് മറ്റാര്‍ക്കും ഒഴിഞ്ഞുകൊടുക്കാത്തതിനാല്‍ പിറ്റേന്ന് മറ്റുള്ളവര്‍ പുതിയൊരു വണ്ടിയുണ്ടാക്കി. പിന്നെ ബെല്ലടിച്ചും പ്ലാവിലെയുടെ നോട്ടുകള്‍ എണ്ണിവാങ്ങിച്ചും കണ്ടക്ടറായി സമാധാനിച്ചു. അന്നുമുതല്‍ ഇന്നുവരെ ഡ്രൈവറാ‍ന്‍ പറ്റിയിട്ടില്ല.

അഗ്രൂ കലക്കി മോനെ.. അടിപൊളി..

തറവാടി said...

വണ്ടി എനിക്കും ഒരു ഹരമായിരുന്നു.അടിയ്ക്കും ഒരു കുറവുണ്ടായിരുന്നില്ല.

മുസ്തഫ|musthapha said...

സൂ: ഉമ്മയും, സൂവും പറഞ്ഞത് പ്രമാണിച്ച്... വണ്ടിയോടിക്കലും, സ്പീഡും നിര്‍ത്തി [സൂ പറഞ്ഞതിന് വ്യംഗ്യാര്‍ത്ഥമൊന്നുമില്ല എന്ന് വിശ്വസിക്കട്ടെ - ഇത്തരം ഓടിക്കല്‍ വേണ്ടാ = ഇമ്മാതിരി ബ്ലോഗിങ്ങ് വേണ്ടാ എന്നാണോ.:)]

വിശാല മനസ്കന്‍: ടാറിട്ട റോഡായിരുന്നേല്‍ സ്പീടിനീം കൂട്യേര്‍ന്നു... :)

കരീം മാഷ്: ഇങ്ങനെ ഒരാമാശയം വന്നപ്പോള്‍ തന്നെ ആദ്യം തീര്‍ത്ത് വെച്ചത് ആ പരിണാമ ഗുസ്തി (ഉമേശിനോടും, കരീ മാഷിനോടും കടപ്പാട്) ആയിരുന്നു.

ദില്‍ബു: എല്ലാ മധുരസ്മരണയുടെ പിന്നിലും ഒരു ഗ്ലാസ്സ് അടി കഷായമുള്ളതോണ്ട് ‘പഞ്ചാര’യൊന്നും കാര്യായിട്ടങ്ങ് പിടിപെട്ടില്ല :)
[ഗുപ്തന്‍ നായര്‍ സാറിനെ ഇതിനിടയില്‍ പിടിച്ചിട്ടത് വലിയ കഷ്ടമായിപ്പോയി].

പച്ചാളം: :)) എനിക്കിഷ്ടായി... കുശുമ്പന്‍ :)

ഇത്തിരിവെട്ടം: പ്ലാവിലനോട്ടൊക്കെ ഇതെഴുതുമ്പോ ഇങ്ങനെ തികട്ടി വന്നോണ്ടിരുന്നു... പക്ഷേ, നിയന്ത്രിച്ചു... അല്ലെങ്കില്‍ എന്‍റെ ഉദ്ദേശം ചീറ്റില്ലേ..:)
“..അന്നുമുതല്‍ ഇന്നുവരെ ഡ്രൈവറാ‍ന്‍ പറ്റിയിട്ടില്ല...” ഇത് വായിച്ചിട്ട് ചെറിയൊരു സങ്കടോം വന്നു... മുട്ടുവിന്‍ തുറക്കപ്പെടും..
ഒരു ദിവസം ലൈസന്‍സ് കിട്ടും.

തറവാടി: വണ്ടി ഹരവും, അടി പ്രഹരവും :)

asdfasdf asfdasdf said...

ഇതേതാ സ്ഥലം അഗ്രജാ.. അഞ്ഞൂരാ അതൊ തൊഴിയൂരാ ?

മുസ്തഫ|musthapha said...

ഹ ഹ.. കുട്ടന്‍ മേനോന്‍
തൊഴിയൂര്ന്ന് അഞ്ഞൂര്‍ക്ക് പോണ വഴി :)

myexperimentsandme said...

വണ്ടിയേതാണെന്നും പറഞ്ഞ് കഥ തുടങ്ങാ‍ത്തതിനാല്‍ ഇതെന്താണിങ്ങനെ എന്നോര്‍ത്താണ് വായിച്ച് തുടങ്ങിയത്. പലരും പറഞ്ഞതുപോലെ ഗുട്ടന്‍സ് അവസാനമാക്കിയത് വളരെ നന്നായി.

നന്നായി എഴുതിയിരിക്കുന്നു. വണ്ടിയോടീര്‍ എനിക്കും വലിയ ഹരമായിരുന്നു. സെറ്റി കൂട്ടിയിട്ടും പേരക്കമ്പിലും വാഴവള്ളി കെട്ടി നിക്കറുറപ്പിച്ച് വീടിനു ചുറ്റും...അങ്ങിനെ ഓടിച്ചോടിച്ച് പല്ലെല്ലാം പൊങ്ങി ഗ്ലാമര്‍ ഒന്നുകൂടി കൂടി.

ലിഡിയ said...

ഒത്തിരി നന്നായി..ശരിക്കും..പണ്ട് കാപ്പിച്ചോട്ടിലും കച്ചിത്തുറുവിന്റെ ചോട്ടിലും ഇത് പോലെ ബസ്സും,പലചരക്ക് കടയും Birthday party ഒക്കെ നടത്തുമായിരുന്നു..

അതൊക്കെ ഓര്‍മ്മ വന്നും...

നല്ല ഒഴുക്കുള്ള എഴുത്ത്..

-പാര്‍വതി

myexperimentsandme said...

ഹായ് പലചരക്ക് കട. വലിയ അവധി തുടങ്ങിയാല്‍ ആദ്യത്തെ ദിവസത്തെ പരിപാടിയാണ് കടകെട്ടല്‍. നാല് കമ്പൊക്കെ വെച്ച് അമ്മയുടെ സാരികൊണ്ട് പകുതി മറച്ച്, തടികൊണ്ട് ഷെല്‍ഫൊക്കെയുണ്ടാക്കിയുള്ള പലചരക്ക് കട.

ഇഷ്ടികപ്പൊടി മുളകുപൊടി, മണലരി, ചെറിയ കല്ല് പരിപ്പ്...

ബോര്‍ഡില്‍ വിലവിവരപ്പട്ടിക.

ഓര്‍മ്മകള്‍...നന്ദിയഗ്രജപ്പാര്‍വതികളേ

വല്യമ്മായി said...

ഒഴിഞ്ഞ തീപ്പെട്ടിയില്‍ ഈര്‍ക്കിലി മുറിച്ചിട്ട തീപ്പെട്ടിയും ചകിരിച്ചോര് നിറച്ച് തെറുത്ത ബീഡിയൂം കൂടെയുണ്ടായിരൂന്നു എന്‍റെ കടയില്‍

വളയം said...

കമ്മ്യൂണിസ്റ്റപ്പ പറിച്ച് അതിന്റെ വടി നീളത്തില്‍ വളച്ച് ഒരു തൊണ്ടില്‍ (ഇളനീരിനേക്കാള്‍ അല്പം പ്രായം കുറഞ്ഞതും തെങ്ങില്‍ നിന്നും പ്രായമെത്തും മുമ്പെ വീഴുന്ന സാധനം - കരിക്ക് )തുളച്ച് കയറ്റി ഒരു വണ്ടിയുണ്ടാക്കുമായിരുന്നു പണ്ട്. ‘മെയഡിന്‍ വളയം‘. നല്ല കഴിവുള്ളൊര്‍‌ക്കെ ഓട്ടാന്‍ പറ്റൂ. ഞാ‍നതില്‍ എക്സ്പെര്‍ട്ടായിരുന്നു.

അലിഫ് /alif said...

അടിപൊളി..എന്റെ വണ്ടി പാരഗണ്‍ ചെരുപ്പ് വട്ടത്തില്‍ മുറിച്ചുണ്ടാക്കിയ ടയറുകളും, അതില്‍നിന്നും കണക്ഷന്‍ കൊടുത്തൊരു പമ്പരവുമൊക്കെയുള്ളതായിരുന്നു..തീരെ തേയാത്ത പിതാജിയുടെ ഒരു പുതിയ ചെരുപ്പുമുറിച്ചതിനു കിട്ടിയ തല്ല് ഇപ്പോഴും ഓര്‍മ്മയില്‍..വണ്ടീടെ ടയര്‍ പഞ്ചറായാല്‍ പിന്നെ എന്താ ചെയ്ക..? ഓര്‍മ്മയിലുള്ളൊരു രസകരമായ മറ്റൊരു വണ്ടിയോട്ടല്‍ ടി.കെ.എം എന്‍‌ജിനീയറിംഗ് കോളേജില്‍ റാഗിംഗിന്റെ ഭാഗമായി ബസ്സ് ഓടിച്ചതാണു..അതും കോളേജ് ഗ്രൌണ്ടിലൂടെ..പക്ഷേ ഞാന്‍ അന്നു കണ്ട്രക്ടര്‍ ആയിരുന്നു.

തറവാടി said...

ചെണ്ടക്കാരാ,http://tharavadi.blogspot.com/2006/07/blog-post.html ഇതു കണ്ടിരുന്നോ

മുസ്തഫ|musthapha said...

വക്കാരി, പാര്‍വ്വതി:) കുറ്റിമടല്‍ കെട്ടിയുണ്ടാക്കിയ ഷട്ടര്‍ വീണതിന്‍റെ പാട് പുറത്തിപ്പോഴുമുണ്ട്.

വല്യമ്മായി:)
തലയും താഴ്ത്തി നില്‍ക്കുന്ന എന്നെ നോക്കി അമ്മാവന്‍ കലികൊണ്ടു “ഈ പോത്തിന്‍റെ തലേല് വെറും ചകിരിച്ചോറാ..” ഇത് കേട്ട് അപ്പുറത്ത് നിന്നിരുന്ന പോത്ത് അമ്മാവനെ നോക്കി ഒന്ന് മുരണ്ടു.

വളയം:) അതൊരൊന്നൊന്നര വണ്ടി തന്നേണ്. ഞങ്ങളതിന് ബോഡി കെട്ടിയിരുന്നത് ശീമക്കൊന്ന കൊണ്ടായിരുന്നു. അതോടിക്കാനിത്തിരി മിടുക്ക് തന്നെ വേണം. വേറെ വണ്ടിയൊന്നും അവൈലബിള്‍ അല്ലെങ്കില്‍ മാത്രേ അതെടുത്തിരുന്നുള്ളു.

ചെണ്ടക്കാരന്‍:)
കൊടക്കമ്പിയുടെ രണ്ടറ്റത്തും പെയിന്‍റിന്‍റെ ചെറിയ ‘ഡപ്പ’ പിടിപ്പിച്ച് അതില്‍ ചുണ്ണാമ്പും കളിമണ്ണും നിറച്ച് ഒരു പുതിയ ടയര്‍ വിപ്ലവത്തിന് തുടക്കം കുറിച്ചിരുന്നു ഈയുള്ളവന്‍.

തറവാടി:) ഞാനത് കണ്ടിരുന്നു... പുലികളേ.. നിങ്ങള്‍ക്ക് നന്ദി.

ശാലിനി said...

വണ്ടിയിലെ യാത്രക്കാരായിരുന്നു ഞങ്ങള്‍ പെണ്ണുങ്ങള്‍. സര്‍ഫിന്റെ ഒഴിഞ്ഞ പാക്കറ്റില്‍ വാഴനാരുകൊണ്ടു വള്ളിയുണ്ടാക്കി ബാഗ് ആക്കി, പഴയ ബുക്കിന്റെ താളുകള്‍ കീറിയുണ്ടാക്കിയ രൂപയും നിറച്ചു ചേച്ചിമാരുടെ ചെരിപ്പും ഇട്ടു എന്തു ഗമയിലായിരുന്നു ഞങ്ങള്‍ ബസില്‍ കയറാന്‍ നിന്നിരുന്നത്. പക്ഷേ സഡന്‍ ബ്രേയ്ക്ക് ഇടുമ്പോഴുള്ള വീഴ്ച എല്ലായിടത്തും ഒരുപോലെയാണല്ലേ?

അലിഫ് /alif said...

തറവാടി): യ്യോടാ..അതും ഇവിടെ അലക്കിയതാണല്ലേ..ഞാനിപ്പഴാ കണ്ടത്. പിന്നെ കുട്ടിത്തത്തിനും വണ്ടിക്കും ചെരുപ്പിനും അടിക്കും തെക്കന്നോ വടക്കെന്നോ ഇല്ലന്നും മനസിലായി.

മുസ്തഫ|musthapha said...

ശാലിനി:)നന്ദി
അല്ലെങ്കിലും നിങ്ങള്‍ പെണ്‍കുട്ടികളങ്ങിനെതന്നെയാണ്.
അനങ്ങത്തില്ല. കാടും മേടും കേറി വള്ളി മുറിക്കാനും വണ്ടി ബോഡികെട്ടാനും ഒക്കെ ഞങ്ങള്‍ ആണ്‍കുട്ട്യേള് തന്നെ വേണം... സഡന്‍ ബ്രേക്കിട്ടൊന്ന് ‘വീഴ്ത്തിയാല്‍‘ തല്ല് കൊള്ളുന്നതും ഞങ്ങള്‍ക്കെന്നെ..:)
എന്‍റെ ഈ വണ്ടീലും ഞാന്‍ അങ്ങേലെ ആമിനൂനെ കയറ്റാന്‍ തീരുമാനിച്ചിരുന്നു - പൊട്ടിക്കാന്‍ വിചരിച്ചത് അവളുടെ നെറ്റിയുമായിരുന്നു... പിന്നെ സസ്പെന്‍സ് നിലനിര്‍ത്താന്‍ വേണ്ടി ഓളേ ഞമ്മള് എറക്കിബിട്ടു...:)

മുസ്തഫ|musthapha said...

എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍

Santhosh said...

അഗ്രജാഅ ന്നന്നായി!

ലിഡിയ said...

ശാലിനി, എനിക്ക് പേപ്പര്‍ കൊണ്ട് പേഴ്സ് ഉണ്ടാക്കാനറിയാം,വലിയ പേപ്പറില്‍ ഉണ്ടാക്കി ചാക്ക് നൂലിന്റെ വള്ളീയിട്ടാല്‍ തൊളത്തിടുന്ന ബാഗും,പിന്നെ ചെറിയ പേപ്പറില്‍ ഉണ്ടാക്കി കാപ്പിയില പൈസ വയ്ക്കാന്‍ മണിപേഴ്സും..

-പാര്‍വതി.


പിന്നെ എല്ലാവര്‍ക്കും ഒരു നല്ല ഓണത്തിനായി എല്ലാ ആശംസകളും.

-പാര്‍വതി.

മുസ്തഫ|musthapha said...

ഇന്ന് ബ്ലോഗ് മുടക്കം: തിരുവോണം പ്രമാണിച്ച് ഇന്ന് എന്‍റെ ബ്ലോഗ് തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല. പോസ്റ്റുകള്‍ക്കുള്ള കമന്‍റ്സ് മാത്രമേ ഉണ്ടായിരിക്കുകയുള്ളു. എല്ലാവര്‍ക്കും അഗ്രജന്‍റെ സ്നേഹം നിറഞ്ഞ തിരുവോണാശംസകള്‍.

ഏറനാടന്‍ said...

അഗ്രജനുഗ്രനായിരിക്കുന്നു. താങ്കളുടെ ബൂലോഗതൊടിയില്‍ ഇന്നാണ്‌ മേയാനായത്‌. ക്ലൈമാക്സ്‌ കൈകാര്യം ചെയ്യുന്നത്‌ രസമായിരിക്കുന്നു..

താര said...

ഹഹഹ...അഗ്രജാ ഇതുഗ്രനായിരിക്കുന്നു. ശരിക്കുമുള്ള ലോറിയാന്നല്ലേ ഞാന്‍ വിചാരിച്ചേ! എന്നാലും സഡന്‍ബ്രേക്കിട്ടപ്പോള്‍ രണ്ടുപേരും സൈഡിലേക്ക് വീണു എന്നൊക്കെ കണ്ടപ്പോള്‍....ആകെപ്പാടെ ഒരു സംശയം. :)
പിന്നെ ഈ വണ്ടി ഓടിച്ചുകളിയൊക്കെ ചെക്കന്മാര്‍ക്കുള്ളതാന്നാ തോന്നണത്. ഞങ്ങളൊക്കെ തോര്‍ത്തു കൊണ്ടു സാരി ഒക്കെ ഉടുത്ത് ചിരട്ടയില്‍ മണ്ണിട്ട് ചോറു വച്ചും ഇഷ്ടിക അരച്ച് വെള്ളമൊഴിച്ച് ഇല അരിഞ്ഞിട്ട് കറിയാക്കിയും ഒക്കെയാ പണ്ട് കളിച്ചിരുന്നത്. ചെറുപ്പകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി.:)

മുസ്തഫ|musthapha said...

ഏറനാടന്‍:) പ്രോത്സാഹനത്തിന് നന്ദി.

താര:) നിങ്ങളങ്ങിനെ കളിക്കുന്നതിനിടയില്‍ കൂടെ എല്ലാം തട്ടി മറിച്ച് ഞങ്ങളുടെ ഒരു വണ്ടിയോട്ടമുണ്ട്.

വന്നതിനും ഓര്‍മ്മകള്‍ പങ്ക് വെച്ചതിനും നന്ദി.

kusruthikkutukka said...

ഒരു സാദാരണ കഥ വായിച്ചു ഒരു സാദാരണ കമന്റ് ഇടാമെന്നു വിചാരിചു മുന്നേറുമ്പോള്‍ ദേ വരുന്നു വള്ളി കൂട്ടി കെട്ടീട്ടുള്ള വണ്ടി.... :) :)
തകര്ത്തു... എന്നാലും ... ഇനിമുതല്‍ ഇവിടെവന്നാല്‍ ലാസ്റ്റ് പാര വായിചിട്ടേ പിന്നെയുള്ള വായന ഉള്ളൂ :) :)

kusruthikkutukka said...

യ്യൊ, പറയാന്‍ വന്ന കാര്യം മറന്നുപോയി...കുട്ടിക്കലതെ കുറിച്ചു ആരു എന്തു പറഞ്ഞാലും അതെനിക്ക്യ് കേല്ക്കാന്‍ എനിക്ക്യ് വല്യ ഇഷ്ടമാണു ...കൂടെ ഒരു സസ്പെന്സും ക്ലൈമാക്സും ആയപ്പോള്‍ ഭലേ ഭേഷ് ....ഇനിയും പോരട്ടേ 100- 120 എണ്ണം ....അതു കഴിഞ്ഞു പിന്നെയും ചോദിക്കും :)
qw_er_ty

മുസ്തഫ|musthapha said...

കുസൃതിക്കുടുക്കേ:) വന്നതിനും അഭിപ്രായം അറിയച്ചതിനും നന്ദി. അതങ്ങിനെയൊക്കെയങ്ങട്ട് ആയിപ്പോയതാണ്. 100 - 120 പോസ്റ്റിനായ് ആശംസിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം എനിക്കൊരു 80 - 85 വയസ്സ് ആശംസിക്കുന്നതിന് തുല്യമാണ്..:)

Sreejith K. said...

അഗ്രജാ, ചിതറന്‍ പോസ്റ്റ്. വണ്ടി ഇതായിരിക്കുമെന്ന് സ്വപ്നേപി കരുതിയില്ല. വണ്ടി എന്താണെന്നറിഞ്ഞതിനു ശേഷം ഒന്നൂടെ വായിച്ചു പോസ്റ്റ്. മനസ്സില്‍ കാണുന്ന പോലെ ഊഹിക്കാന്‍ നൊക്കി. ഹ ഹ. ചിരി നിര്‍ത്താന്‍ പറ്റുന്നില്ല. രസകരമായ എഴുത്ത്.

ഇടിവാള്‍ said...

ഹ ഹ ഹ .. ഉഗ്രന്‍ ഉഗ്രന്‍ !
ഇതാണു വടിയാക്കല്‍ എന്നു പറയുന്നത് !

അലക്കിപ്പൊളിച്ചു !

മുസ്തഫ|musthapha said...

ശ്രീജിത്ത്, ഇടിവാള്‍... നന്ദി

നിങ്ങളുടെ ഹ ഹ ഹ യാണ് എന്‍റെ സംതൃപ്തി...:)

:: niKk | നിക്ക് :: said...

ഇക്കാ നന്നായിട്ടുണ്ട്... ഇനിയും പോരട്ടേ കൂടുതല്‍ കഥകള്‍...

Anonymous said...

Bahurasam aayittundu ee post...Avasaana vari vaayikkum vare athoru car aanenna njaanum karuthiye..Avatharippicha reethium bhaashayum athyugran.....

സുല്‍ |Sul said...

അഗ്രു ഇതൊരു കിടുമ്പന്‍ പോസ്റ്റലാണല്ലോ. ഈ പരിമാണ പരിണാമ ഗുപ്തനെന്നു പറയുന്നതിതാണൊ?

വറതപ്പന്റെ വണ്ടിയോട്ടം കണ്ട് മനസ്സെങ്ങോ ഒലിച്ചുപോയി. എന്താ ഒരു സ്പീഡ്. എന്താ ഒരു മെയ്‌വഴക്കം. ബാപ്പ സ്റ്റിയറിങ്ങ് ഊരിയടിച്ചെന്നു കേട്ടപ്പോള്‍, ആ സ്റ്റിയറിങ്ങ്, പറക്കും തളികയിലെ ഗീര്‍ ലിവര്‍ പോലെ തോന്നിയൊ?

“ചുറ്റുവട്ടത്തുള്ള വീടുകളുടെ അടുക്കളഭാഗത്ത് നിന്നും ശേഖരിക്കുന്ന പരമാവധി പിഴിയലെല്ലാം കഴിഞ്ഞ് വലിച്ചെറിയപ്പെടുന്ന പുളിങ്ങയുടെ ചണ്ടി കുടഞ്ഞെടുത്ത്, അതിലെ കുരു വറുത്തെടുത്ത് ഞങ്ങള്‍ക്കു തന്നെ വില്‍ക്കുന്നൊരു റീസൈക്കിളിംഗ് സിസ്റ്റം കൂടെയുണ്ടിവിടെ.“

അഗ്രു നല്ല എഴുത്ത്. ഇതെല്ലാം റീസൈക്കിളിങ്ങ് ചെയ്യാനായി ബിന്നെല്‍ ഇട്ടിരിക്കുവാണോ. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

-സുല്‍

Sathees Makkoth | Asha Revamma said...

അഗ്രജാ,
അവസാനം ശരിക്കും രസിച്ചു.
കൂട്ടിക്കാലത്തേയ്ക്ക് ഒരു മടക്കയാത്ര.

മുസ്തഫ|musthapha said...

നിക്ക്
ശ്രീ
സുല്‍
സതീഷ്

വായിച്ചതിലും അഭിപ്രായങ്ങള്‍ പങ്ക് വെച്ചതിലും സന്തോഷം... നന്ദി :)

മുല്ലപ്പൂ said...

:)

Sharu (Ansha Muneer) said...

ഇപ്പോഴാണ് വായിച്ചത്.... എന്തായാലും നന്നായി.... :)

ഉപാസന || Upasana said...

ഭായ്യ്

ഇപ്പഴാണ് ഷാരൂനെപ്പോലെ ഞാനും കണ്ടത്..!
;)
നന്നായി ട്ടോ
:)
ഉപാസന

ശ്രീ said...

ഹ ഹ... വായിച്ചിട്ടില്ലായിരുന്നു.
ലിങ്ക് തന്നതു നന്നായി.
അടിപൊളി സംഭവം.
:)

ഗീത said...

ഇതിനു മുന്‍പ് പലതവണ അഗ്രജന്റെ ബ്ലോഗിലേക്ക് വരാന്‍ ശ്രമിച്ചിട്ടുണ്ട്. അന്നൊക്കെ പ്രൊഫൈല്‍ നോട്ട് അവൈലബിള്‍ എന്നു വരും. ഇപ്പോള്‍ എങ്ങിനെയോ കിട്ടി.

എഴുത്തിലെ സസ്പെന്‍സ് നിലനിറുത്തിയത് നന്നായി.

മുസ്തഫ|musthapha said...

മന്‍സുര്‍ said...
അഗ്രജന്‍...

വായിക്കാതെ പോയ പോസ്റ്റ്‌
കൊള്ളാം നല്ലൊരു ഓര്‍മ്മകുറിപ്പ്‌
അപ്പോ കൈനോട്ടത്തില്‍ ആ കൊച്ചു മിടുകന്‍ അഗ്രജനെ കുറിച്ച്‌ ഞാന്‍ പറഞ്ഞത്‌ ശരിയായി......സമാധാനമായി


നന്‍മകള്‍ നേരുന്നു

6:21 PM


പ്രയാസി said...
പുടി കിട്ടീ... പുടി കിട്ടീ...

ബല്യ ഡ്രൈവറാരുന്നല്ലെ..!

ബെറുതെ അല്ല ആ ശിഷ്യന്‍ ഇങ്ങനെയായത്..!(അഭിലാഷ് ഗോപി)

കലക്കന്‍ കാക്കിച്ചാ.. ചിരിച്ച് അടപ്പിളവി..:)

6:45 PM


വാല്‍മീകി said...
ഹഹഹ.. ഇതിപ്പോഴാ കണ്ടത്. എന്നിട്ടു വണ്ടിക്ക് വല്ലതും പറ്റിയോ?

7:10 PM


ജിഹേഷ്/ഏടാകൂടം said...
അവസാനം വരെ വല്ല ബൈക്കുമാണെന്നാ വിചാരിച്ചേ...പിന്നെയല്ലേ മനസിലായത്... :)

പണ്ട് എന്തിനാടാ ഇവനെ തള്ളിയിട്ടതെന്ന് എന്നോടു ടീച്ചര്‍ ചോദിച്ചപ്പോ...ഞാന്‍ ഹോണടിച്ചിട്ടും ഇവന്‍ മുന്നീന്നു മാറീല്ലാന്നാ പറഞ്ഞേ...
അന്നു എന്റെ കൈയ്യിലും ഇതേ വണ്ടീയായിരുന്നു

7:50 PM


പ്രിയ ഉണ്ണികൃഷ്ണന്‍ said...
ഹ ഹ ഹ നന്നായിരിക്കുന്നു

8:41 PM


പോങ്ങുമ്മൂടന്‍ said...
വായിച്ചു. രസിച്ചു.

8:15 AMqw_er_ty

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.അടിപൊളിയായിട്ടുണ്ട്‌.