Monday, August 28, 2006

പരോപകാരം

“..ചാന്‍സുള്ളപ്പോള്‍ വിളിക്കാം...”
എല്ലായിടത്തും കേട്ട അതേ മറുപടി.
ലിഫ്റ്റില്‍ ചൈനക്കാരുടെ കലപില... ഞാന്‍ ബില്‍ഡിംഗില്‍ നിന്നും പുറത്തിറങ്ങി.
ഇന്നിനിയെവിടേം പോവാന്‍ വയ്യ... റൂമിലൊന്നെത്തിക്കിട്ടിയാല്‍ മതിയായിരുന്നു.
പോക്കറ്റ് തപ്പിയപ്പോള്‍ കിട്ടിയത് ഒരു ദിര്‍ഹം!
ടാക്സിക്ക് പോയിട്ട് ബസ്സിനുപോലും തികയില്ല.. നടക്കുക തന്നെ.
നല്ല വിശപ്പും ദാഹവുമുണ്ട്... രാവിലെ ഒരു ചെറിയ കക്ഷണം കുബ്ബൂസ് ചായയില്‍ മുക്കി കഴിച്ചതാണ്.
അന്‍പത് ഫില്‍സ് കൊടുത്ത് ഒരു അരീജ് ജ്യൂസും വാങ്ങിക്കുടിച്ച് കെട്ടിടങ്ങളുടെ തണല്‍ പറ്റി നടന്നു.

അടുത്തുകൂടെ പോയ സുഡാനിയുടെ കൈ തട്ടി മൊബൈല്‍ തെറിച്ചുപോയി. ബാറ്ററി ഒരു ഭാഗത്തേക്കും ബോഡി വേറെ രണ്ടു ഭാഗത്തുമായി ചിതറിക്കിടക്കുന്നു. ഒരുപാട് വീഴ്ചകളെ അതിജീവിച്ചതിന്‍റെ പാട് അതിന്‍റെ ബോഡിയിലുണ്ടായിരുന്നു. ബാറ്ററി എടുക്കുമ്പോഴാണ് കണ്ടത്, അതിനടുത്തൊരു പേഴ്സ് കിടക്കുന്നു. പോലീസിലേല്‍പ്പിക്കാം എന്ന് കരുതിയാണെടുത്തത്. പക്ഷേ, തുറന്നപ്പോള്‍ ഉടമസ്ഥന്‍റെ ടെലഫോണ്‍ നമ്പര്‍ കിട്ടി. മൊബൈലില്‍, മൂന്നുനാലു ദിവസമായി ‘മിസ്കോള’ടിച്ച് അഡ്ജസ്റ്റ് ചെയ്തോണ്ട് നടക്കുന്ന മുപ്പത്തിനാല് ഫില്‍സേ ഉണ്ടായിരുന്നുള്ളൂ. മിസ്കോളടിച്ചിട്ടും തിരിച്ചു വിളിക്കാതിരുന്നപ്പോള്‍ മിസ്റ്റര്‍ കോളുതന്നെ അടിച്ചു. അങ്ങേ തലക്കല്‍ മറുപടിയുണ്ടായി... മറ്റൊരു മലബാരി, പേഴ്സ് പുള്ളിയുടേത് തന്നെ. മൊബൈലില്‍ ബാലന്‍സില്ലാത്തോണ്ടാ തിരിച്ചു വിളിക്കാതിരുന്നതെന്ന്... അതെ മറ്റൊരു മലബാരി..!! ലൊക്കേഷന്‍ വാങ്ങി, ഇരുപത് മിനിറ്റിലെത്താമെന്ന് പറഞ്ഞയാള്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്തു.

ചൂടുകാറ്റില്‍ നിന്ന് രക്ഷ നേടാനായി അടുത്ത് കണ്ട കഫേറ്റീരിയായില്‍ കയറി നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ കടക്കാരന്‍ പറഞ്ഞു...
“ഒന്നും കഴിക്കുന്നില്ലെങ്കില്‍ ഒന്നങ്ങട്ട്.....”
തികച്ചു ന്യായമായ ആവശ്യം. അവിടുത്തെ ഗ്ലാസ്സുകളേക്കാള്‍ കൂടുതല്‍ ‘ബാര്‍വാല’മാരുള്ള അവിടെ ഒന്നും കഴിക്കാത്തവന്‍ അധികപ്പറ്റുതന്നെ, വീണ്ടും പുറത്തേക്ക്. ഭാഗ്യം, അയാളാണെന്ന് തോന്നുന്നു.. ഒരാള്‍ ഓടിക്കിതച്ചെത്തി... പേഴ്സിലെ ഫോട്ടോയില്‍ ഉള്ള ആളുതന്നെ. പേഴ്സും കൊടുത്ത് അയാളുടെ നന്ദി പ്രകടനം എറ്റുവാങ്ങി തിരിഞ്ഞു നടന്നു.. രണ്ടടി വെച്ചതേയുള്ളൂ.. പിറകില്‍ നിന്നും അയാള്‍ വിളിച്ചു..
“മാഷേ, ഒന്ന് നിന്നേ..” ആ ‘മാഷേ’ വിളിയില്‍ തന്നെ ഒരപകടം മണത്തിരുന്നു.

“ഇതിലെ കാശെവിടെ മാഷെ..” ...
ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചല്ലോ ദൈവമേ..!!!
കാശൊന്നും എടുത്തിട്ടില്ലെന്നെത്ര തവണ പറഞ്ഞിട്ടും അയാള്‍ വിടാനുള്ള ഭാവമില്ല. ചുറ്റും ആളുകള്‍ കൂടാന്‍ തുടങ്ങി. പലരും എത്തി വലിഞ്ഞു നോക്കുന്നു. ഇന്ത്യാ - പാകിസ്ഥാന്‍ ക്രിക്കറ്റ് മാച്ച് നടക്കുന്ന പ്രതീതി. ആരോ പോലീസിനെ വിളിച്ചു... പോലീസ് കാറിന്‍റെ പിന്‍സീറ്റിലിരിക്കുമ്പോള്‍, വിസിറ്റ് വിസയുടെ കാലാവധി കഴിയാനിനി ദിവസങ്ങളേയുള്ളൂവെന്ന തിരിച്ചറിവ് എന്നെ വീണ്ടും ഞെട്ടിച്ചു.


കുബ്ബൂസ് = റൊട്ടി
ബാര്‍വാല (ബഹര്‍വാല) = ഡെലിവറി ബോയ്

27 comments:

മുസ്തഫ|musthapha said...

ഒരു ചെറിയ പോസ്റ്റുണ്ടിവിടെ

വല്യമ്മായി said...

അനുഭവത്തിന്‍റെ തീക്ഷ്ണതയുള്ള വരികള്‍.http://rehnaliyu.blogspot.com/2006/08/blog-post_14.html വായിച്ചിരുന്നോ

Rasheed Chalil said...

അഗ്രൂ നന്നായിട്ടുണ്ട്. ഇതാണ് വഴിയേ പോയ വയ്യാവേലി എന്നു പറയുന്നതല്ലേ ?
പ്രാവാസത്തിന്റെ ചൂടും ചൂരും അടങ്ങിയ പോസ്റ്റ്.

നന്നായിരിക്കുന്നു. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

മുസ്തഫ|musthapha said...

അത് വായിച്ചിരുന്നു വല്യമ്മായി... കമന്‍റിടാന്‍ തൊടങ്ങിയപ്പൊഴാ.. “ഡാ.. ഹിമാറേ, ഇബടെ വാടാ..” എന്ന ബോസ്സിന്‍റെ വിളി വന്നത്.

ലിഡിയ said...

സത്യം, നഗ്നമായ സത്യം മാത്രം...
ഒരിക്കല്‍ കൂടി വീണ് കിടക്കുന്ന പേഴ്സെടുക്കാന്‍,ചോര വാര്‍ന്ന് മരിക്കുന്ന് മനുഷ്യ ശരീരത്തിനടുത്തെത്താന്‍ നമ്മേ വിലക്കുന്ന സത്യം.

-പാര്‍വതി.

Visala Manaskan said...

അഗ്രജാ നല്ല പോസ്റ്റ്.

Anonymous said...

where you hide the money ;)

gud work

മുസ്തഫ|musthapha said...

വല്യമ്മായി: ചിലതൊക്കെ കൊണ്ടറിഞ്ഞതും, ചിലത് കണ്ടറിഞ്ഞതും.

ഇത്തിരിവെട്ടം: അതെ, നമ്മളൊക്കെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എപ്പോഴെങ്കിലും വേലിയിലിരിക്കുന്ന പാമ്പിനെ തോളിലെടുത്ത് വെച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നു.

പാര്‍വ്വതി: അതെ, പലപ്പോഴും മുഖം തിരിച്ച് നടക്കേണ്ടി വരാറുണ്ട്.

വിശാലമനസ്കന്‍: നന്‍ട്രി.. അപ്പറം പാക്കലാം :)

outsider: യിതാരപ്പാ..!!

വന്ന എല്ലാവര്‍ക്കും നന്ദി..

Unknown said...

നന്നായിരിക്കുന്നു അഗ്രജാ.
നൊമ്പരപ്പെടുത്തി!

asdfasdf asfdasdf said...

കഴിഞ്ഞ ആഴ്ച ദുബയ് എയര്‍പോര്‍ട്ടില്‍ വെച്ച് വിസിറ്റ് വിസയുടെ ഫോം ഫില്ല് ചെയ്ത് കൊടുക്കേണ്ട റൂം ഏതാണെന്ന് അവിടെയുണ്ടായിരുന്ന ഒരു ഇന്ത്യക്കാരനോട് ചോദിച്ചു; എനിക്കറിയാവുന്ന ഇംഗ്ലീഷില്‍. സിനിമാ നടി നയന്‍ താരയുടെ പോലെ മൈന്‍ഡ് ചെയ്യാതെ ഒരു പോക്ക്. കൂടെ ഒരു ഡയലോഗും..’ഇംഗ്ലീഷ് പറഞ്ഞ് ആളെ പേടിപ്പിക്ക്യാ..’. ദുബായില് ഇങ്ങനെയും മലബാറികളുണ്ട് അല്ലേ അഗ്രജാ ?.. നല്ല പോസ്റ്റ്. കണ്ണുള്ളവന്‍ കാണട്ടെ.

Kuttyedathi said...

നൊമ്പരപ്പെടുത്തിയല്ലോ അഗ്രജാ. ചൂടത്തു കാത്തുനിന്നതും ഇല്ലാത്ത കാശുമുടക്കി ഫോണ്‍ വിളിച്ചതും വെറ്തെ ആയെന്നു മാത്രമല്ല, കള്ളനെന്നു തെറ്റിദ്ധരിക്കപ്പെടുവേം ചെയ്തു.

ഈ ഫില്‍ എന്താ ? അവിടുത്തെ പൈസ ആണോ ? നൂറു ഫില്‍ ആണോ ഒരു ദിറ്ഹം ?

Adithyan said...

അഗ്രജാ, നല്ല എഴുത്ത്...
നല്ല ഒതുക്കത്തില്‍ പറഞ്ഞിരിക്കുന്നു.

ആളുടെ സാഹചര്യം വിവരിച്ചിരിക്കുന്നത് മനോഹരം.

മുസ്തഫ|musthapha said...

ദില്‍ബു: നന്ദി

കുട്ടന്‍ മേനോന്‍: ഇമ്മാതിരി പീസുകളും അത്യാവശ്യത്തിന് കിട്ടും..:)

കുട്ട്യേടത്തി: ഇതാണ് പരോപകാരപുണ്യം.
അതെ, നൂറു ഫില്‍സ് ചേര്‍ന്നാല്‍ ഒരു ദിര്‍ഹമായി

ആദിത്യന്‍: പ്രോത്സാഹനത്തിന് നന്ദി.

:: niKk | നിക്ക് :: said...

അഗ്രീവാ, ഈ വഴീക്കിടക്കുന്ന പാമ്പിനെയൊക്കെ ഇനിയെങ്കിലും നല്ല ഉദ്ദേശത്തോടെയാണെങ്കിലുമെടുത്ത് തലയിലിടാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ അല്ലേ?

ദുബായ് പോലീസ് പിടിച്ചതിന് ശേഷം എന്തു സംഭവിച്ചു? അതൂടെ പറയൂ സഹോദരാ.. :P

മുസ്തഫ|musthapha said...

"...അഗ്രീവാ, ഈ വഴീക്കിടക്കുന്ന .."
അത് ശരി, ഇനിയിപ്പോ ‘അ’ മാറ്റി ഒരു ‘സു’വിട്ട് എനിക്കൊരു വാലും പിടിപ്പിക്കാനുള്ള പരിപാടിയാണല്ലേ...

നിക്കേ, മാനത്തെ കൊട്ടരത്തില്‍ ഇന്ദ്രന്‍സിനോട് തട്ടുകടക്കാരന്‍ (തട്ടുകടക്കാരന്‍ തന്നെയല്ലേ) പറഞ്ഞ ഡയലോഗ് എന്നെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ അല്ലേ..:)

ഗുരുവേ നമഃ

സു | Su said...

കര്‍മം ചെയ്യുക. ഇനി ആ പേഴ്സില്‍ ബോംബ് ഒന്നും അല്ലായിരുന്നല്ലോന്ന് ആശ്വസിക്കുക. അല്ലെങ്കില്‍ പൊട്ടിത്തെറിച്ച് ജീവനും പോയേനെ. ഇതിപ്പോ പോലീസിന്റെ രണ്ട് ഇടി കൊണ്ടിട്ടുണ്ടാവും.

Sreejith K. said...

ഇതു ഒന്നാം ഭാഗം ആണോ അഗ്രജാ? ഇതു കഴിഞ്ഞ് എന്തുണ്ടായി എന്നറിയാന്‍ ഒരു മോഹം

മുസ്തഫ|musthapha said...

‘സു’ വിട്ടെന്ന് പറഞ്ഞതേയുള്ളൂ.. ദേ വന്നു ‘സു’..

ഇവിടെ അങ്ങിനെ ഇടിയൊന്നും കിട്ടില്ലെന്നാണ് കേട്ടറിവ്.

കേട്ടറിവ്: നോട്ട് ദ പോയിന്‍റ് വിത്ത് ഡബിള്‍ അണ്ടര്‍ലൈന്‍

സു | Su said...

തിങ്ക് ഓഫ് ദ ഡെവിള്‍ എന്നപോലെ എന്നുംകൂടെ പറയാമായിരുന്നു.

:(

qw_er_ty

അഭയാര്‍ത്ഥി said...

അപ്പോള്‍ ആ കാശെന്തുചെയ്തു?.

കാശില്ലാത്തൊരു പേഴ്സ്‌ യൗവനം കൈവിട്ട അഭിസാരികയേപ്പോലെ.

തുകലിനുള്ളില്‍ ഒരു കാലത്ത്‌ എത്രയോ സൗഭാഗ്യങ്ങള്‍ കയറിയിറങ്ങി.

എന്നാല്‍ തന്റെ ആകര്‍ഷണം യൗവ്വനത്തിന്റെ സമ്പന്നതയായിരുന്നു എന്ന തിരിച്ചറിവ്‌.

കാശില്ലാത്ത പേഴ്സ്‌ മേലില്‍ തൊട്ടുപോകരുത്‌ അഗ്രജന്‍ അനിയാ. അഥവാ കാശുണ്ടായിരുന്നെങ്കില്‍ അത്‌ നിങ്ങള്‍ക്കായിട്ട്‌ തന്നതായിരുന്നു.

ഡെബിറ്റ്‌ ദ രിസീവര്‍ ക്രെഡിറ്റ്‌ ദ ഗിവര്‍- രെഫര്‍ അക്കൗണ്ടന്‍സി ദേവ ഗുരു.

ഇത്‌ ഗന്ധര്‍വന്‍ ചേട്ടന്റെ ഉപദേശമാണ്‌.

കാര്യ്ങ്ങളെന്തൊക്കെ ആയാലും
നാലുപേര്‍ക്ക്‌ വായിക്കാന്‍ കൊള്ളാവുന്ന രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.

മുല്ലപ്പൂ said...

പരോപകാരം പാര ആയി മാറുമ്പോള്‍..
വീണ്ടും ഒരിക്കല്‍ ഉപകാരം ചെയ്യാന്‍, മനുഷ്യന്‍ മടിക്കുന്നു.

കരീം മാഷ്‌ said...

നന്നായിരിക്കുന്നു അഗ്രജാ.

അറബു ബാങ്കില്‍ ഓഫീസരുടെ പോസ്‌റ്റുണ്ടെന്നു പറഞ്ഞാണ്‌ അക്ഷരയിലെ അദ്ധ്യാപകന്റെ പണി കളഞ്ഞ്‌ വിസയെടുത്ത്‌ ഷാര്‍ജയില്‍ വന്നത്‌.
വന്നപ്പോള്‍ സദ്ദാമും തന്ത ബുഷും കൂടി കുവൈറ്റില്‍ ബോംബിട്ടു കളിക്കുന്നു.
ബാങ്കു മാത്രമല്ല എല്ലാ സ്‌ഥാപനങ്ങളും നിയമനം നിര്‍ത്തി.
അവസാനത്തെ ഇന്ത്യക്കാരനെ വരെ കടത്തും എന്നു വീമ്പിളക്കിയ എയര്‍ ഇന്ത്യ ഏറ്റവും ആദ്യം സര്‍വ്വീസ്‌ നിര്‍ത്തി.
ഞാന്‍ ഷാര്‍ജയില്‍ സ്‌റ്റക്‌ഡ്‌.
അഞ്ചു ദിര്‍ഹമും പോക്കറ്റിലിട്ട്‌ അല്‍ വഹദാ സ്‌ടീറ്റിലൂടെ പണി തേടി നടന്നപ്പോള്‍ ചൂട്‌ 34 ഡിഗ്രി.
കയ്യിലുള്ള അഞ്ചു ദിര്‍ഹത്തില്‍ നിന്നു ഒരു കോയിനെടുത്ത്‌ ചുംബിച്ചു പേപ്‌സി തല്ലാജില്‍ (സ്‌ട്രീറ്റ്‌ സെയില്‍ ഫ്രിഡ്‌ജ്‌) ഇട്ടപ്പോള്‍ അതവിടെ സ്‌റ്റക്ക്‌ഡ്‌.
ഇന്ത്യന്‍ സമ്പത്‌ഘടനയെയും പെപ്‌സി കമ്പനിയെയും പിരാകി കാശിട്ടിടത്ത്‌ നാലിടി കൊടുത്തപ്പോള്‍ താഴെ കാശിന്റെ പെരുമഴ.
അനുഗ്രഹം രണ്ടുകയ്യാല്‍ സ്വീകരിച്ച്‌, അന്നത്തെ അലച്ചില്‍ നിര്‍ത്തി. ഒരു കാര്‍ഡു വാങ്ങി ഉമ്മാക്കെഴുതി. ' ഉമ്മാ ഞാന്‍ അമ്മാനു വഴി തിരിച്ചു വരുവാ.."

വേണു venu said...

നന്നായി അനുഭവവേദ്യമാക്കിയ എഴുത്തു‍്.എവിടെയോ ഒരു വിങ്ങല്‍.
വേണു.

ബിന്ദു said...

നന്നായിരിക്കുന്നു അഗ്രജാ. സത്യസന്ധതക്കെന്നെങ്കിലും പ്രതിഫലം കിട്ടും എന്നു മാത്രം വിചാരിക്കാം. :)

ടി.പി.വിനോദ് said...

നന്നായിരിക്കുന്നു അഗ്രജാ...
ഇനിയുമുണ്ടാവുമല്ലോ ഇതു പോലെ ഓര്‍മ്മയില്‍ ഒട്ടിനില്‍ക്കുന്ന അനുഭവങ്ങള്‍? എഴുതുക അവയേയും, ഇതുപോലെ പ്രസരിപ്പുള്ള ഭാഷയില്‍..
ഭാവുകങ്ങള്‍...

മുസ്തഫ|musthapha said...

കഴിഞ്ഞ ദിവസം പുറത്ത് പോയി വരുമ്പോള്‍ വഴിയിലൊരു പേഴ്സ് കിടക്കുന്നു.

“..ഇക്കാ, ഇതെടുത്ത് പോലീസില്‍ കൊടുക്കാം.. എതെങ്കിലും പാവത്തിന്‍റെയാകും...” ഭാര്യ പറഞ്ഞു.

ആദ്യം അതിനെ അനുകൂലിച്ചെങ്കിലും, പെട്ടെന്നൊരു ബോധോദയം.. ‘ഇതിനി വേറെ ആര്‍ക്കെങ്കിലും കിട്ടിയിട്ട്, അതിലെ കാശൊക്കെ എടുത്തിട്ട് ഉപേക്ഷിച്ചതാണെങ്കിലോ..’

ഞാന്‍ പറഞ്ഞു: “അത് തൊടാനേ പോണ്ട, ചിലപ്പോ പുലിവാലാകാനും മതി..“ പിന്നെ പതിവിന്‍ പടി കുറച്ച് സാരോപദേശവും.

എങ്കിലു ചെറിയൊരു കുറ്റബോധം ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരുന്നു. ...പോലീസില്‍ കൊടുക്കായിരുന്നു, ഇനിയത് ഏതെങ്കിലും ദുഷ്ടന്‍റെ കയ്യില്‍ പെട്ട് ഉടമസ്ഥന് കിട്ടാതെ പോയാലോ...

സ്വയം ന്യായീകരിക്കലും, ചില കഴിഞ്ഞകാലാനുഭവങ്ങളും ചേര്‍ത്തങ്ങട്ട് കുഴച്ചെടുത്തപ്പോള്‍... ഈ പോസ്റ്റ് രൂപം കൊണ്ടു.
വായിച്ച എല്ലാവര്‍ക്കും നന്ദി.
********************

ശ്രീജിത്ത്: രണ്ടാം ഭാഗം റിലീസ് കിട്ടി പുറത്ത് വന്നിട്ടെഴുതുന്നതാണ്..:)

സു: പിണങ്ങിയോ, ഞാന്‍ ചുമ്മാ...

ഗന്ധര്‍വ്വന്‍: ആ കാശെടുത്ത് ഏമ്പക്കമിട്ടു... അന്യന്‍റെ പണം + പുട്ട് = ഏമ്പക്കം.

..ഡെബിറ്റ്‌ ദ രിസീവര്‍ ക്രെഡിറ്റ്‌ ദ ഗിവര്‍- രെഫര്‍
അക്കൗണ്ടന്‍സി..
സന്‍ട്രി അക്കൗണ്ടെന്നത് ‘സുന്ദരി’ അക്കൗണ്ടെന്ന് വായിച്ച് സാറിനെ കോരിത്തരിപ്പിച്ചിട്ടുണ്ട് ഈയുള്ളവന്‍..

മുല്ലപ്പൂ: ശരിയാണ്... പാര + ഉപകാരം = പരോപകാരം.

കരീം മാഷ്: പലരും ഈ അനുഭവം പറഞ്ഞത് കേട്ടിട്ട്... വഴിയില്‍ കാണുന്ന പെപ്സി ബൂത്തിലൊക്കെ ആരും കാണാതെ ഇടിച്ചുനോക്കിയിട്ടുണ്ട്.. പലപ്പോഴും, പലവട്ടം.

വേണു: നന്ദി സുഹൃത്തേ...

ബിന്ദു: കിട്ടുമായിരിക്കും.. അല്ലേ..!!!

ലാപുഡ: പ്രേത്സാഹനത്തിന് നന്ദി ലാപുഡ.

ഭായി said...

ലളിതമായ ഭാഷ!
താങ്കളുടെ എല്ലാ പോസ്റ്റുകളും വായിക്കണമെന്ന് ആഗ്രഹമുണ്ട്.തീർച്ചയായും സമ്യം പോല എല്ലാ പോസ്റ്റുകളും വായിക്കുന്നതാണ്. അത്രക്കും ഇത് ഇഷ്ടപ്പെട്ടു.!