Thursday, September 14, 2006

നിരാലംബ

വെയില്‍ ചായാന്‍ തുടങ്ങിയിരിക്കുന്നു. വെറുതെ തൊടിയിലേക്കിറങ്ങി. വീട്ടുകാരെല്ലാം ടീവീടെ മുന്നിലാണെന്ന് തോന്നുന്നു. അങ്ങോട്ടൊന്നും പ്രവേശനം തനിക്ക് പറഞ്ഞിട്ടുള്ളതല്ല, ഒരിക്കലൊന്നങ്ങോട്ടെത്തി നോക്കിയതേയുള്ളു... ഓടിച്ച് വിട്ടു.

നോക്കെത്താ ദൂരത്തോളം നീണ്ട് കിടക്കുന്ന തെങ്ങുകളും കവുങ്ങുകളും ഇടതിങ്ങി നില്‍ക്കുന്ന വിശാലമായ തൊടി, തെക്കേക്കണ്ടത്തിലെ വയലേലകളെ തഴുകി വരുന്ന ഇളം കാറ്റേറ്റ് കുറച്ച് നടന്നു. പക്ഷേ, മനസ്സിനൊരു സ്വസ്ഥതയും കിട്ടുന്നില്ല. ഓരോരോ ചിന്തകള്‍ കടന്ന് വരുന്നു. പറക്കമുറ്റാറാകുമ്പോഴേക്കും തനിച്ചാക്കി പോയ അമ്മ...! പിന്നീടാണറിഞ്ഞത്... അമ്മയെ ആരോ കൊലപ്പെടുത്തിയതായിരുന്നു. അതെന്തിനായിരുന്നു, ആരായിരുന്നു... ഇതൊക്കെ ഇന്നും ഉത്തരമില്ലാത്ത ചോദ്യങ്ങളായി തന്നെ കിടക്കുന്നു. പ്രതികരണശേഷിയില്ലാത്തവര്‍ ആരോട് പരാതി പറയാന്‍... എന്തേ, തന്‍റെ വിധി മാത്രമിങ്ങനെ...!

എന്തോ ശബ്ദം കേട്ട് തല വെട്ടിച്ച് നോക്കിയപ്പോഴാണത് കണ്ടത്, കുറച്ച് ദൂരെ തന്നെ തന്നെ നോക്കി കൊണ്ട് നില്‍ക്കുന്ന അടുത്ത വീട്ടിലെ ഞൊണ്ടിക്കാലന്‍. ഞൊണ്ടിക്കാലാനാണേലും ദുഷ്ടനാണവന്‍. എവിടെ വെച്ച് കണ്ടാലും ഒരു വല്ലാത്ത നോട്ടവും ഒരു മാതിരി ശബ്ദമുണ്ടാക്കലും. ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നറിയാവുന്നത് കൊണ്ടതിന് മിനക്കെട്ടിട്ടില്ല. പീഢനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കമ്മീഷന്‍ ഒക്കെ ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് എന്നല്ലാതെ അതേപ്പറ്റി കൂടുതലൊന്നും അറിയില്ല. ഇനി അഥവാ അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല.

തന്‍റെയടുത്തോട്ട് തന്നെയാണല്ലോ അവന്‍റെ വരവ്... വേഗം അവിടെ നിന്നും നടന്നകന്നു. ഒരു വിധത്തിലാണ് അവന്‍റെ കണ്ണ് വെട്ടിച്ച് വിറക്പുരയില്‍ കയറി ഒളിച്ചത്. പക്ഷേ, തന്‍റെ പ്രതീക്ഷകളെ തെറ്റിച്ച് തൊട്ട് പിറകില്‍ തന്നെ അവനും വിറക്പുരയിലെത്തി. . എന്താണിവന്‍റെ ഉദ്ദേശം...!! ഓര്‍ത്തപ്പോള്‍ ഭയം കൂടി വന്നു. അങ്ങിനെയെന്തെങ്കിലും സംഭവിച്ചാല്‍... ഇല്ല എങ്ങിനെയെങ്കിലും രക്ഷപ്പെട്ടേ മതിയാകൂ... കിട്ടിയ പഴുതിലൂടെ പുറത്തേക്കോടാന്‍ തുടങ്ങിയതാണ്. പക്ഷേ, അപ്പോഴേക്കും ഞൊണ്ടിക്കാലന്‍റെ പിടിയിലമര്‍ന്നിരുന്നു. ദൈവമേ ആരെങ്കിലുമൊന്നിങ്ങോട്ട് വന്നെങ്കില്‍... ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

ദൈവം തന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു, ആമിനുത്ത അടുപ്പില് വെക്കാന്‍ വിറകെടുക്കാന്‍ വന്നതായിരുന്നു... അപ്പോഴാണീ കാഴ്ച കാണുന്നത്.

‘പോ... കോയി... പോ, ഈ നശൂലം പിടിച്ച കോയിക്കളെക്കൊണ്ട് തോറ്റെന്‍റെ റബ്ബേ... അയിന്‍റുള്ളിലൊക്കെ തൂറി വെക്കാനായിട്ട്...’ ആമിനുമ്മ ഓലക്കുടിയെടുത്ത് വീശി.

അഴിഞ്ഞുലഞ്ഞ തൂവലുകള്‍ കുടഞ്ഞൊതുക്കി ആമിനുത്തായെ നന്ദിപൂര്‍വ്വം നോക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.

42 comments:

അഗ്രജന്‍ said...

ഒരു ചെറിയ പോസ്റ്റുണ്ടിവിടെ.

‘...പ്രതികരണശേഷിയില്ലാത്തവര്‍ ആരോട് പരാതി പറയാന്‍... എന്തേ, തന്‍റെ വിധി മാത്രമിങ്ങനെ...!!!’

നമുക്ക് ചുറ്റും നാമറിയാതെ പോകുന്ന വിലാപങ്ങള്‍...

ഇത്തിരിവെട്ടം|Ithiri said...

അഗ്രൂ മോനേ ക്ലൈമാക്സ് കലക്കി... അടിപൊളി.

വിശാല മനസ്കന്‍ said...

മെടഞ്ഞെടാ കണ്ണാ നീ മെടഞ്ഞെടാ... തീയറ്റര്‍ മേയാന്‍ പറ്റിയ ക്ലാസിലൊരു ഓല!

അഗ്രജാ, നന്നായിട്ടുണ്ട്.

(ഓല മെടയുമ്പോള്‍ നല്ല പെര്‍ഫെക്ഷന്‍ ഉള്ള ഓലകള്‍ മാത്രമേ വീട്, സിനിമാ തിയറ്റര്‍ എന്നിവ മേയാന്‍ വേണ്ടി ഉപയോഗിക്കൂ)

ദില്‍ബാസുരന്‍ said...

ഛെ...ഒരു ബലാല്‍ക്കാരം ഇപ്പൊ നടക്കും, അത് വര്‍ണ്ണിച്ചതിന് അഗ്രജേട്ടനെ പിന്മൊഴി ഗ്രൂപ്പില്‍ നിന്ന് തട്ടും... എന്തൊക്കെ പ്രതീക്ഷകളായിരുന്നു. ഒക്കെ തകര്‍ത്തില്ലേ? :)

അഗ്രജേട്ടാ... കൊട് കൈ!

(ഓടോ: ഇന്ന് ഉച്ചുക്ക് കെ.എഫ്.സി!)

ശ്രീജിത്ത്‌ കെ said...

അഗ്രജാ, വായിച്ച് തുടങ്ങിയപ്പോള്‍ ഒരു ദുഖഃകരമായ കഥ എന്നാണ് പ്രതീക്ഷിച്ചത്. അവസാനം പറ്റിച്ചു കളഞ്ഞു. കൊള്ളാം.

സു | Su said...

ഹിഹിഹി

ഇങ്ങനൊരു കഥ (ആടിന്റെ) ഞാനും എഴുതി.

മുരളി വാളൂര്‍ said...

ജ്ജ്‌ ബെറ്‌തനെ പറ്റിക്കര്‌ത്‌ കെട്ടാ... അന്റെയൊരു തൂവലൊതുക്കല്‌... ബെര്‍തെ ഓരോന്ന്‌ കിനാവ്‌കണ്ട്‌.... ന്തായാലും ജ്ജ്‌ നീം എഴ്ത്‌, ബായിക്കാന്‍ ഞങ്ങള്‌ ഉണ്ടാവൂന്നൊറപ്പ്‌.....

അഗ്രജന്‍ said...

ഇത്തിരിവെട്ടം: ഒത്തിരി വട്ടം നന്ദി... നന്ദി :)

വിയെമ്മെ: ഗുരുക്കന്മാരുടെ അഭിനന്ദനം, അതിന്‍റെ സുഖമൊന്ന് വേറെ തന്നെ :)

ദില്‍ബു: ഹി ഹി എനിക്കും തോന്നി തട്ട് കിട്ടുമെന്ന്.
ബ്രായ്ക്കറ്റില്‍ എഴുതിയത് വായിക്കാന്‍ കണ്ണങ്ങട്ട് പിടിക്കുന്നില്ല :)

ശ്രീജിത്ത്: കുട്ടിക്കാലത്ത് ഇത് കണ്ടിട്ടെനിക്ക് പലപ്പോഴും ദുഃഖം തോന്നിയിട്ടുണ്ട് :)

സൂ: ആ കഥയുടെ ഒരു ലിങ്കിടാമോ :)

മുരളി: നിങ്ങടെ പേര് കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് വരവേല്പില്‍ മാമുക്കോയ ‘മുറ്ളീ’ എന്ന് വിളിച്ചോണ്ടോടി വരുന്നതാണ്. ങ്ങള് ബായിക്കാണ്ടെങ്കി ഞമ്മള് എപ്പോ എയ്തീന്ന് ചോയിച്ചാ മതി :)

വായിച്ചവര്‍ക്കും കമന്‍റിയവര്‍ക്കും നന്ദി

പെരിങ്ങോടന്‍ said...

ഹാഹാ ആളെ പറ്റിച്ചുകളഞ്ഞല്ലോ ;)

ഈ സീരീസില്‍ മുമ്പും ബൂലോഗത്തു കഥകള്‍ കണ്ടതായോര്‍ക്കുന്നു, കാര്യങ്ങളൊക്കെ വിശദീകരിച്ച ശേഷം മാത്രമേ കോഴിയും താറാവുമെല്ലാം രംഗത്തെത്തുള്ളുവെന്നു മാത്രം. ഒട്ടും മുഷിഞ്ഞില്ല.

ഇടിവാള്‍ said...

അഗ്രൂ... അലക്കന്‍ !

പക്ഷേ... “അമ്മയെ ആരോ കഴുത്തു മുറിച്ചു കൊന്നു” എന്നു വായിച്ചപ്പോഴേ എന്നിലെ സി.ഐ.ഡി മൂസ ഉണര്‍ന്നു പറഞ്ഞു.. ഇതൊരു ആടിന്റെ കേസു തന്നെ !!

“ഞൊണ്ടിക്കാലന്‍“കുഞ്ഞാലിയെപ്പറ്റി പറഞ്ഞപ്പോള്‍ ഉറപ്പിച്ച്.. ഇതാടു തന്നെ !

പക്ഷേ ക്ലൈമാക്സില്‍ ഞാന്‍ ചമ്മി !

കോഴിയെപ്പറ്റി ആദ്യമായിട്ടാണു ഒരു കഥ എന്നു തോന്നുന്നൂ !

ആടിനെപറ്റി നമ്മുടെ സങ്കുചിത മനസ്കന്‍ “ശബരിമല മുട്ടന്‍” എന്നൊരു ആത്മ കഥ ( ;))എഴുതിയിട്ടുണ്ട് !

Adithyan said...

നേരറിയാന്‍ സീബീഐ-യെ ഒക്കെ കൂട്ടിനു വിളിച്ചോണ്ട് വായിക്കേണ്ടി വരുവല്ലോ... നേരറിയാന്‍ എന്തൊക്കെ പാടുപെടണം... ക്ലിയോപ്പാട്രാ അല്ല ക്ലൈമാക്സ് കലക്കി ;)

“അഴിഞ്ഞുലഞ്ഞ തൂവലുകള്‍ കുടഞ്ഞൊതുക്കി ...” ആഹ, എന്തു ബംഗി നിന്നെക്കാണാന്‍...

അഗ്രജന്‍ said...

പെരിങ്ങോടന്‍: മുഷിഞ്ഞില്ല എന്നറിഞ്ഞതില്‍ സന്തോഷം:)

ഇടിവാള്‍: ഞാന്‍ സത്യം മാത്രേ പറഞ്ഞിട്ടുള്ളു...
അമ്മയെ കഴുത്ത് മുറിച്ച് കൊല്ലുന്നത് ഉള്‍പ്പെടെ... അതെ, അത് ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ് :)

ആദീ: ‘അഴിഞ്ഞുലഞ്ഞ തൂവലുകള്‍ കുടഞ്ഞൊതുക്കി...’ ഈ വരികള്‍ വായിച്ച് എനിക്ക് എന്നോട് തന്നെ ഒരിതൊക്കെ തോന്നി :))

കുട്ടന്മേനൊന്‍::KM said...

അഗ്രജാ.. അടിപൊളിയായിട്ടുണ്ട്.

കരീം മാഷ്‌ said...

അമ്മയെ കഴുത്തു "മുറിച്ചു" കൊന്നു എന്നു വായിച്ചപ്പോള്‍ എനിക്കും സംഗതി കഴിഞ്ഞ "വള്ളിവണ്ടിയുടെ" ഗണമാനെന്നു തോന്നി.ആ വാക്ക്‌ ആരും ഇതുവരെ അമ്മയെ കൊല്ലാന്‍ ഉപയോഗിച്ചു കണ്ടിട്ടില്ല.
ആ ഞൊണ്ടിക്കാലന്‍ മുന്‍മന്ത്രിയോ മറ്റോ ആണോ?
നന്നായിട്ടുണ്ട്‌

വല്യമ്മായി said...

രസകരമായി അവതരിപ്പിച്ചിരിക്കുന്നു.ഇനിയും വരട്ടെ കഥകള്‍

അഗ്രജന്‍ said...

കുട്ടന്‍ മേനോനേ: നന്ദി :)

കരീം മാഷെ: വള്ളി വണ്ടി, കോഴി... ഈ ഗണത്തില്‍ പെട്ടതൊന്നുമായിട്ട് ഇനി ഈ വഴിക്ക് വരേണ്ട അല്ലേ :)

വല്യമ്മായി: സാധാരണ ഇവിടെ ആദ്യം വോട്ട് ചെയ്യാറുള്ളതാണല്ലോ :)

വായിച്ചവര്‍ക്കും കമന്‍റിയവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

മുസാഫിര്‍ said...

അഗ്രജന്‍,
നന്നായി,പക്ഷെ ഞാന്‍ ആദ്യം ശ്രീജിത്തിന്റെ കമന്റു വായിച്ചതു കൊണ്ടു രസിച്ചു വായിക്കന്‍ പറ്റിയില്ല.

ikkaas|ഇക്കാസ് said...

അഗ്രൂ.
വായിക്കാന്‍ വൈകി.
നന്നായട്ട്ണ്ട് ട്ടാ.
ഇങ്ങനെള്ള പോസ്റ്റക്ക പടപടേന്ന് പോരട്ടെ

ജ്യോതിര്‍മയി said...

അഗ്രജാഗ്രജാ:-) തുടങ്ങിയപ്പോഴേ തോന്നി ആടോ പട്ടിയോ ആയിരിയ്ക്കും എന്ന്‌. ഞാനിതുപോലൊരു ആനക്കഥകൊണ്ടാണ്‌ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്‌. (ലിങ്കിടാന്‍ അറിയില്ല:-(

എന്റെ ഒരു സഹമുറിയത്തി ഒരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട്‌, കോഴിക്കുഞ്ഞുങ്ങളെ അവരുടെ വീട്ടിലെ കുട്ടികള്‍ക്കൊക്കെ വല്ല്യ ഇഷ്ടാണത്രെ. അവയെ കയ്യിലെടുക്കുക, കണ്ണെഴുതിയ്ക്കുക, പൊട്ടു തൊടീയ്ക്കുക, ഒക്കെ ചെയ്യും ത്രേ. എന്തൊരു വാത്സല്യഭാവാന്നോ ഇതൊക്കെ പറയുമ്പോള്‍. പക്ഷേ എന്നിട്ടും എങ്ങന്യാ അവര്‌ ഈ കോഴീനെ പൊരിച്ചും പൊള്ളിച്ചും ഒക്കെ കഴിക്കണ്‌ ന്ന്‌ സങ്കടത്തോടെ ഞാന്‍ ചോദിച്ചപ്പോല്‍ ഉത്തരം ഒന്നും അവള്‍ പറഞ്ഞില്ല.

[ഈയടുത്ത്‌ "ദൈവനാമത്തില്‍" എന്ന സിനിമ കണ്ടപ്പോള്‍ അതിലും ഇങ്ങനെയൊരു രംഗം കണ്ടു.]

കഥ ഇഷ്ടമായി:-)

Adithyan said...

ജ്യോതി ടീച്ചര്‍ ര്‍ ര്‍ ര്‍....

ലിങ്ക് ഇടാന്‍ അറിയില്ല എന്ന് ബൂലോഗത്തില്‍ ആരും പറയാന്‍ പാടില്ല... അതിനു ഞങ്ങള്‍ സമ്മതിക്കില്ല... ദേ ലിങ്കിനെപ്പറ്റി എല്ലാം ഇവിടെ വിവരിച്ചിരിക്കുന്നു.

ബഹുവ്രീഹി said...

" അഴിഞ്ഞുലഞ്ഞ തൂവലുകള്‍ കുടഞ്ഞൊതുക്കി ആമിനുത്തായെ നന്ദിപൂര്‍വ്വം നോക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു. "


മാഷൊരു മാഷു തന്നെ മാഷെ!


അവസാനവാചകം വായിച്ച്‌ എന്റെ കണ്ണുകളും നിറഞ്ഞു.

മാഷ്ടെ ആനച്ചന്തതിലെ കമന്റ്‌ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്‌.

ചിരിക്കാന്‍ വയ്യ മാഷെ!!!. സാസം മുട്ട്‌.

പച്ചാളം : pachalam said...

കഥയുടെ ക്ലൈമാക്സ് വായിച്ച് നിറുത്തിയ നിമിഷം എനിക്കൊന്നും മനസിലായില്ല!
അടുത്ത നിമിഷം തന്നെ തലച്ചോറ് എന്നോട് വിളിച്ച് പറഞ്ഞൂ “എടാ പൊട്ടാ, ഇതൊരു കോഴീന്‍റ് കഥയാടാ”എന്ന്.
ഞാന്‍ സ്ക്രോള്‍ ചെയ്ത് പേജിന്‍റെ മുകളീലേക്ക് പോയി.
“ങേ”
ഫോട്ടോല് കോയി അല്ല.
ഒരൊന്നൊന്നര ചേട്ടന്‍!!
‘അഗ്രജേട്ടാ...ചേട്ടന്‍ ഒരൊന്നൊന്നര തന്നെ’!!!

രാജാവു് said...

മൂന്നാമതും ഒരു കമ്മന്‍റിടാന്‍ വന്നു.ഇത്തവണ ഒക്കും എന്നു തോന്നുന്നു.കഴിഞ്ഞ രണ്ടു പ്രാവശ്യവും കൊട്ടാരത്തിലെ കറണ്ടു പോയേ.പറയാന്‍ വന്നതൊക്കേ എന്‍റേ മുമ്പെ വന്നവര്‍ കാച്ചി ക്കഴിഞ്ഞിരിക്കുന്നു.
സുഹ്രുത്തേ ഭാവുകങ്ങള്‍.
രാജാവു്.

:: niKk | നിക്ക് :: said...

അഗ്രൂ, കലക്കി മോനേ! ഇജ്ജ്‌ കോയിന്റെ കധ പറഞ്ഞു മ്മളെ പറ്റിക്കാംന്നു നിരീച്ചോ ?

അഗ്രജന്‍ said...

മുസാഫിര്‍> വായിച്ചതില്‍... സന്തോഷം :)

ഇക്കാസ്> അടുത്ത് തന്നെ ഇതു പോലെ ഒന്ന് കൂടെ എഴുതിയാല്‍ ‘ചടപടാ’ന്ന് കിട്ടും. അഗ്രജന്‍ = ഇക്കാസ് ഒരേ അര്‍ത്ഥം അല്ലേ :)

ജ്യോതി ടീച്ചര്‍> കഥ (ഇതും കഥയോ!!!) ഇഷ്ടമായതില്‍ സന്തോഷം. ഇനി ആ ആനക്കഥയുടെ ലിങ്കിടാന്‍ മറക്കേണ്ട.
കോഴികളുടെ ഇടയില്‍ ഒരു ചൊല്ലുണ്ടത്രേ... ഒരു കൈ കൊണ്ട് കണ്ണെഴുതിക്കുക, മറുകൈ കൊണ്ട് പൊരിച്ച് തിന്നുക :)

ആദീ> ആ ലിങ്കിട്ടത് ശരിക്കും ഉപയോഗപ്രദമായി :)

ബഹുവ്രീഹി> അവസാനത്തെ ‘ആ’ വരികളാണ് ഞാന്‍ ആദ്യം എഴുതി വെച്ചത്. ആസ്വദിച്ചെന്നറിഞ്ഞതില്‍ വളരെ സന്തോഷം :)

പച്ചാളം> ഹ ഹ ഹ ഇഷ്ടായീ... ഇഷ്ടായീ... :)

രാജാവേ> കൊട്ടാരത്തില്‍ എന്നും വെളിച്ചം നിറഞ്ഞ് നില്‍ക്കട്ടെ എന്നാശംസിക്കുന്നു :)

നിക്ക്> എടാ ഗുരുവേ... എന്നെ ബൂലോഗത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് ഒരു 5 സെന്‍റ് ഉണ്ടാക്കി, അതിലൊരു വീടും പണിത്, അത്യാവശ്യം വേണ്ട സാധനസാമഗ്രികളും വാങ്ങി തന്ന് എന്നെ അഗ്രജനാക്കിയ മഹാനുഭവ... പ്രണാമം.
നന്ദിയെടാ ഗുരുവേ :)

വക്കാരിമഷ്‌ടാ said...

അഗ്രഗണ്യന്‍ അഗ്രജാ, ഇത് ആദ്യമേ വായിച്ച് സൂപ്പറപ്പാ എന്ന് പറഞ്ഞ് റ്റാറ്റ റ്റീ, ലിപ്ടണ്‍ റ്റീ, ദാര്‍ജിലിംഗ് റ്റീ കമന്റീ എന്നൊക്കെ പറഞ്ഞ് പോയതാ, പക്ഷേ ഇപ്പോള്‍ മനസ്സിലായി അത് റ്റീയല്ലായിരുന്നു, കാപ്പിയായിരുന്നൂ എന്ന്. അതുകൊണ്ട് ഇതാ കമന്റീ.

സൂപ്പറപ്പാ. വണ്ടിക്കഥ വായിച്ചതില്‍ പിന്നെ സംശയത്തിന്റെ ഒരു കോണില്‍ പോയിനിന്നിട്ടേ അഗ്രജന്റെ മുഖത്തോട്ട് നോക്കൂ. അതുകൊണ്ട് ഞാന്‍ മൊത്തമായും പറ്റിക്കപ്പെട്ടു എന്ന് പറഞ്ഞാല്‍ ഞാന്‍ മസിലുപിടിച്ച് നിഷേധിക്കും.

സംഗതി ഇഷ്ടപ്പെട്ടു കേട്ടോ. കൊള്ളാം, കൊള്ളയാം. അടിപൊളി.

അഗ്രജന്‍ said...

വക്കാരി> ജപ്പാനീന്ന് നാലഞ്ചാള്‍ക്കാരൊക്കെ വന്നത് കണ്ടപ്പോള്‍ തന്നെ എനിക്കുറപ്പുണ്ടായിരുന്നു അതിലൊന്ന് വക്കാരി തന്നെയായിരിക്കുമെന്ന് :)

പറ്റിക്കണ പരിപാടികള്‍ക്ക് തല്‍ക്കാലം വിട ;)

ജ്യോതിര്‍മയി said...

ആദിത്യാാ...

പോത്തിനോട്‌ വേദാന്തം പറഞ്ഞാല്‍ എന്താ കാര്യം? ഇപ്പറഞ്ഞത്‌ എന്നെപ്പറ്റിയാണേ. ലിങ്കാന്‍ പറഞ്ഞതൊക്കെ വളരെ ലളിതമായി വിവരിച്ചൂന്നാല്ലേ വിചാരം. എനിയ്ക്കൊന്നും മനസ്സിലായില്ല്യാന്നങ്ങട്‌ കൂട്ടിക്കോളൂ.

"ahref..."thalakkuRi"

(എന്നുവെച്ചാല്‍ url)=ഇവിടെ
ഒക്കെ എഴുതിയാലും html സ്വീകരിക്കപ്പെ
ടില്ല്യാന്ന്‌ ഒരു നോട്ടീസ്‌കിട്ടും:-)
Thanks for the sincere effort. I'll try to learn it. Give some more time:-))

Adithyan said...

ജ്യോതിച്ചേച്ചീ‍ (ഞാനും ദില്‍ബന്റെ കൂടെ കൂടി),

എന്നെ ഒരു തവണ കൂടി ശ്രമിക്കാന്‍ അനുവദിക്കൂ :)

ചേച്ചിക്ക്
http://www.google.com എന്ന പേജിലേക്ക് ലിങ്ക് കൊടുക്കണം എന്നു വിചാരിക്കുക. ഈ താഴെ കാണുന്ന ഭാഗം അതേ പടി കോപ്പി ചെയ്തിട്ടാല്‍ മാത്രം മതി. <a href="http://www.google.com/">Google Page</a>

http://www.google.com/ എന്നതിനു പകരം വേറെ ഒരു ലിങ്ക് കൊടുക്കാം. Google Page എന്ന് എഴുതിയിരിക്കുന്നതിനു പകരം ‘ഈ പേജില്‍ കാണാം’ എന്നോ മറ്റോ കൊടുക്കാം.

അപ്പോള്‍ ഇങ്ങനെ കിട്ടും
<a href="http://ashwameedham.blogspot.com/">അശ്വമേധത്തിലേക്കൊരു ലിങ്ക്</a>

ഒന്നും കൂടി നോക്കൂ :) ഇനിയും വേണമെങ്കില്‍ ഒരു കമന്റ് കൂടി ഇടൂ.

അഗ്രജാ, ഓഫിനു മാഫി... കുഴപ്പമില്ലെന്നു വിശ്വസിക്കുന്നു :)

viswaprabha വിശ്വപ്രഭ said...

ആതീ, ജ്യോദിത്യാ,

എനിക്കു തോന്നുന്നത് ജ്യോതി താഴെപ്പറയുന്നതില്‍ ഏതോ ഒരു പ്രശ്നവുമായി ഏറ്റുമുട്ടുന്നു എന്നാണ്:

1. സ്പേസുകള്‍
സ്പേസുകളും < ' തുടങ്ങിയ ചിഹ്നങ്ങളും‍ വളരെ പ്രധാനപ്പെട്ടതാണ്. അവശ്യം വേണം, അനാവശ്യം പാടില്ല.

2. ഇംഗ്ലീഷില്‍ അടിക്കുമ്പോള്‍ വരുന്ന ' എന്ന ചിഹ്നമല്ല അതേ കീ ഉപയോഗിക്കുമ്പോള്‍ വരുന്ന ‘ അല്ലെങ്കില്‍ ’ ഈ രണ്ടു ചിഹ്നങ്ങള്‍.


പലപ്പോഴും ഒരു ഹൈപ്പര്‍ലിങ്ക് ഉണ്ടാക്കുമ്പോള്‍ അതിലെ href= കഴിഞ്ഞും > എന്നതിനു തൊട്ടുമുന്‍പും ഇരുവശത്തും ഇടുന്ന വേലിച്ചിഹ്നങ്ങള്‍ ടൈപ്പു ചെയ്യുമ്പോള്‍ അബദ്ധത്തില്‍ മലയാളത്തിലെ ഉദ്ധരണി (Double Quote) ( “ അല്ലെങ്കില്‍ ”) ആവാറുണ്ട്. അതു പറ്റില്ല. ഇംഗ്ലീഷ് മോഡില്‍ ടൈപ്പു ചെയ്യുന്ന " എന്ന ചിഹ്നം തന്നെ വേണം. അങ്ങനെയല്ലാച്ചാല്‍ ബ്ലോഗുദേവത കോപിക്കും.

സ്ക്രീനില്‍ സൂക്ഷിച്ചുനോക്കിയില്ലെങ്കില്‍ ഇതെല്ലാം ഒരേപോലെ തോന്നും!

ഇനി ഒന്നുകൂടെ ശ്രമിച്ചുനോക്കൂ

ഹൈപ്പര്‍ലിങ്ക് ഇടുന്നത് അത്ര വിഷമമുള്ള കാര്യമൊന്നുമല്ലെന്നു മനസ്സിലാക്കാന്‍ ഏറ്റവും എളുപ്പം ഒരിക്കല്‍ മാത്രം ഒന്നു ശരിക്കും ശ്രമിച്ചുനോക്കുകയാണ്.

രണ്ടോ മൂന്നോ വട്ടം കഴിഞ്ഞാല്‍ പിന്നെ അതൊരു നിസ്സാരകാര്യമായി സ്വയം തോന്നിക്കോളും.

അപ്പോള്‍ ആദി പറഞ്ഞത് ഇനി ഒന്നുകൂടി പറയാം:

<a href="
എന്ന് ഒരു കഷ്ണം

പിന്നെ http:// എന്നുതുടങ്ങുന്ന ശരിയായ ലിങ്ക് മുഴുവനായി ഒരു കഷണം

അതുകഴിഞ്ഞാല്‍ ഒരു ">

പിന്നെ ആവശ്യമുള്ള പ്രദര്‍ശനവാക്കുകള്‍. ഇവയ്ക്കിടയില്‍ സ്പേസൊക്കെ ആവാം.)

അതും കഴിഞ്ഞാല്‍ അവസാനത്തേതായി
</a>

അങ്ങനെ മൊത്തം അഞ്ചു കഷണങ്ങള്‍!
അത്ര്യേയുള്ളൂ!

അഗ്രജന്‍ said...

ജ്യോതിടീച്ചറേ... എനിക്കതങ്ങട്ട് ഒറ്റയടിക്ക് കത്തി. കൈപ്പള്ളിയുടെ ‘മയില്‍‘ എന്ന പോസ്റ്റില്‍ ഞാനത് വിജയകരമായി പരീക്ഷിക്കേം ചെയ്തു... എന്‍റെ ഒരു ബുദ്ധിയേ...

ആദി: ഒരു വിരോധവുമില്ല... ശരിക്കും ഉപയോഗപ്പെട്ടു ആ വിവരണങ്ങള്‍.

വിശ്വേട്ടന്‍: നന്നായി, ഒന്നും കൂടെ വിശദീകരിച്ചത്.

ഏറനാടന്‍ said...

വായിക്കുവാന്‍ അല്‍പം വൈകിയതില്‍ ക്ഷമിക്കൂ അഗ്രജൂ..
അറ്റിപൊളിയായിട്ടുണ്ട്‌. ഏതായാലും ദുരന്തപര്യവസാനമാക്കാത്തത്‌ നന്നായി. ശരിക്കും സംഭവിച്ചതാണോയിത്‌?!

അഗ്രജന്‍ said...

ഏറനാടന്‍: നന്ദി... ഇത് സംഭവിച്ചത് തന്നെ ;)

അഹമീദ് said...

അഗ്രജാ..കലക്കി.

ജ്യോതിര്‍മയി said...

ആദിത്യാ,

ആ ആത്മാര്‍ഥത്ക്കുമുന്നില്‍ ഒരു നമസ്കാരം. മനസ്സിലാവുന്നുണ്ട്‌. നന്ദി.

വിശ്വംജീ, ജ്യോതിരാദിത്യാന്നു കേട്ടിട്ടുണ്ട്‌, ഇങ്ങനെ ആദ്യമായിട്ടാ:-)

ബ്ലോഗുദേവത കോപിച്ചതുതന്നെ. പറഞ്ഞുതന്നതു നന്നായി. നിമുതല്‍ ശ്രദ്ധിയ്ക്കാം.
അപ്പോ തോട്ടി കിട്ടി, ഇനി ഒരു ആനയെ വേണമല്ലോ:-))

ജ്യോതിര്‍മയി said...

ലിങ്കാന്‍ പഠിച്ചോന്നു നോക്കട്ടെ. ആദിത്യനും അഗ്രജന്‍ജീക്കും വിശ്വംജീക്കും ഇതാ ഒരു സുന്ദരി

expmnt:-)

ജ്യോതിര്‍മയി said...

ഹായ്‌! സുന്ദരി വന്നല്ലോ. ആദിത്യാ നന്ദി, വിശ്വംജീ നന്ദി, അഗ്രജാഗ്രജാ നന്ദി. ന്നാലും എന്നെ ഇതു പഠിപ്പിച്ചെടുത്തല്ലോ കൊട്‌ കൈ!

[ഇനി ഓഫാക്കില്ല അഗ്രജാഗ്രജാ.]

അഗ്രജന്‍ said...

അഹമീദ്: നന്ദി :)
വായിച്ചവര്‍ക്കും കമന്‍റിയവര്‍ക്കും ഓഫടിച്ചവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

ശിശു said...

ചെറിയ വലിയ കാര്യങ്ങള്‍, അഗ്രജരെ..
നന്നായി.

::സിയ↔Ziya said...

കലക്കി മച്ചൂ...
ഭാവസാന്ദ്രമായ ഒരു കഥ വായിച്ചു നല്ല മൂഡില്‍ വരികയായിരുന്നു...
നശിപ്പിച്ചു ആ ഞൊണ്ടിക്കാലന്‍ :)

Sharu.... said...

ഇങ്ങനെ മനുഷ്യനെ കൊല്ലുന്നതെന്തിന്...? ഇത് സമൂഹത്തിന്നോടല്ല. ഇതെഴുതിയ ആളിനോട്... :)

റീനി said...

ഹാവു, ആശ്വാസായി! അല്‍പ്പം നെഞ്ചിടിപ്പോടെയാണ് വായിച്ചുതുടങ്ങിയത്.

കലക്കിയിട്ടുണ്ട്.