Sunday, October 29, 2006

ഇന്‍റര്‍വ്യു

‘പത്താം ക്ലാസ്സില്‍ എത്ര മാര്‍ക്കുണ്ടായിരുന്നു’

‘505 മാര്‍ക്ക്’ ഞാനിത്തിരി അഹങ്കാരത്തോടെ മൊഴിയും.

‘ആഹാ മിടുക്കനാണല്ലോ’

ഇത് കേള്‍ക്കുമ്പോള്‍ ഞാനൊന്ന് ചിരിച്ചു കൊടുക്കും. SSLC യില്‍ നിന്നും ‘ഒരെല്ല്’ ഊരിമാറ്റിയപ്പോള്‍ ടി.എം.ജേക്കബ്ബ് പകരം തന്നതാണ് വല്യൊരു മാര്‍ക്ക് ബുക്കും അതിലൊരു ഫോട്ടൊയും ബ്ലഡ്ഗ്രൂപ്പും പിന്നെ 1200 മാര്‍ക്കും എന്നത് അറിയാത്തവരെ നമ്മളായിട്ടത് അറിയിക്കേണ്ടല്ലോ. മറ്റുള്ള വിഷയങ്ങളില്‍ പാസ്മാര്‍ക്ക് കിട്ടിയതു കൊണ്ടാവാം എന്നാണെന്‍റെ ഉറച്ച വിശ്വാസം - ഇംഗ്ലീഷിന് കണ്ടറിഞ്ഞ് വെടുതെ 20 മാര്‍ക്ക് തന്ന് പരീക്ഷാധികൃതര്‍ ഞങ്ങളുടെ തൊഴിയൂര്‍ സെന്‍റ് ജോര്‍ജ് ഹൈസ്കൂളില്‍ നിന്നും അക്കൊല്ലം പാസ്സായ 13 പേരിലെ 6 ആണ്‍കുട്ടികളില്‍ എന്നെയും തിരുകിക്കയറ്റി.

അങ്ങിനെ പത്താംക്ലാസ്സില്‍ വെച്ച് കബറടക്കം നടത്തേണ്ടിയിരുന്ന എന്‍റെ വിദ്യാഭ്യാസായുസ്സ് രണ്ട് കൊല്ലത്തേക്ക് കൂടി നീട്ടിക്കിട്ടി. ഞങ്ങടെ ചുറ്റുവട്ടത്ത് നിന്നും പത്താംതരം കഴിഞ്ഞാല്‍ ‘പേര്‍ഷ്യേ’ക്ക് പോവാണ്ട് കോളേജില്‍ പോകുന്ന ആദ്യത്തെ കുമാരനായി ഞാന്‍. അങ്ങിനെ എല്ലാരും ക്യാമ്പസ് ലൈഫിനെപ്പറ്റി പറയുമ്പോള്‍ എനിക്കും അയവിറക്കാന്‍ ചില ഓര്‍മ്മകളുണ്ടായി.

ഉപ്പ ഗാള്‍ഫിലുണ്ടെങ്കിലും ജോലിയൊന്നുമില്ലാതെ നടക്കുന്ന കാലമായതോണ്ട് അറബ്യേള് ശമ്പളമൊന്നും കൊടുത്തിരുന്നില്ല.‍ ഈ സമയത്താണ് വീട്ടുപറമ്പിലെ മാവുകളുടെ എണ്ണം കുറഞ്ഞതും ഉമ്മ ഉപയോഗിക്കാതെ പെട്ടിയില്‍ വെച്ചിരുന്ന സാരികള്‍, ‘പളസ് സാരികള്‍‘ വാങ്ങിയിരുന്ന അണ്ണാച്ചി മുരുകന്‍റെ പെട്ടിയിലായതും മൂന്ന് നാല് മാസം കഴിഞ്ഞ് വെട്ടാവുന്ന തേങ്ങാക്കുഞ്ഞുങ്ങളെ ചൂണ്ടിക്കാണിച്ച് തേങ്ങാവെട്ടുന്ന വാര്‍പ്പന്‍ മാപ്ലിയുടെ കയ്യില്‍ നിന്നും ‘അഡ്വാന്‍സ്’ വാങ്ങിക്കാന്‍ തൊടങ്ങ്യേതും.

നമ്മുടെ വീട്ടിലെ ‘പണ’മരത്തില്‍ ആ കാലങ്ങളില്‍ നോട്ട് മാത്രം കായ്ച്ചിരുന്നതു കൊണ്ട് ചില്ലറയ്ക്കും അന്ന് ക്ഷാമം നേരിട്ടിരുന്നു. അതോണ്ട് രാവിലെ 30 കിലോമീറ്റര്‍ ദൂരെയുള്ള പൊന്നാനി എം. ഇ. എസ് കോളേജിലേക്ക് പോവാനുള്ള 55 പൈസ മിക്കദിവസങ്ങളിലും അടുത്തുള്ള ഏതെങ്കിലും വീട്ടില്‍ നിന്ന് റോളിംഗ് നടത്തിയും തിരിച്ചു വരാനുള്ള 55 പൈസ കൂട്ടുകാരുടെ കയ്യില്‍ നിന്ന് വെല്‍ഡിംഗ് നടത്തിയും ഒരു വിധം പ്രീഡിഗ്രിയങ്ങട്ട് ‘തീര്‍ത്തു’. റിസള്‍ട്ട് വന്നപ്പോള്‍ പ്രതീക്ഷിച്ചതിലും സന്തോഷം; മാര്‍ക്കുകളെല്ലാം ഒറ്റസംഖ്യയില്‍ നിന്ന് എന്നെ നോക്കി തപ്പാംകുത്ത് ഡാന്‍സ് നടത്തി.

പക്ഷേ നമുക്കൊട്ടും നിരാശയുണ്ടായിരുന്നില്ല. ഒരുകൊല്ലം കൂടെ കഴിഞ്ഞാല്‍ പാസ്പോര്‍ട്ടെടുക്കും പിന്നെ ‘എന്നോസി’ [N.O.C] കിട്ടുന്ന മുറയ്ക്ക് ദുബായിലോട്ട്. പിന്നീട് ബ്രൂട്ട് സ്പ്രേയുടേയും 555 സിഗരറ്റിന്‍റേയും പോളിയസ്റ്റര്‍ ഡബിള്‍ മുണ്ടിന്‍റേയും ലോകം. ഗള്‍ഫീ പോണ നമ്മളെന്തിനു വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങളെപ്പറ്റി ബേജാറാവണം. പാസ്പോര്‍ട്ടെടുക്കാന്‍ 18 വയസ്സാവണം അതിന് ഒരു കൊല്ലം കൂടെ കഴിയണം... എങ്ങിനെ ആ ഒരു കൊല്ലം തള്ളിനീക്കുമെന്ന് വ്യസനിച്ചിരിക്കുമ്പോഴാണ് കടപ്പുറത്തൊരു റസ്റ്റോറണ്ടില്‍ ഒരു സപ്ലെയറെ വേണമെന്ന് കൂട്ടുകാരന്‍ പറയുന്നത്. റിസള്‍ട്ട് വന്ന് കഷ്ടി രണ്ട് മാസം ആവുന്നതേയുള്ളു, കോളേജ് കുമാരന്‍റെ മണം പൂര്‍ണ്ണമായങ്ങട്ട് വിട്ടൂന്ന് പറയാറായിട്ടില്ല...

‘ഒന്നു പോയി നോക്കിയാലോ’ ഞാന്‍ കൂട്ടുകാരനോ‌ട് ചോദിച്ചു.
‘ഡാ...ചായപ്പീട്യേല് സപ്ലേറോ, അതും പ്രീഡിഗ്രി വരെ പഠിച്ച നീ’
‘ഹ ഹ എന്തോന്ന് പ്രീഡിഗ്രി... കടം വേടിക്കാതെ ഒരു ദിവസമെങ്കിലും കഴിഞ്ഞുപോവില്ലേ’

അങ്ങിനെ ദിവസം 15 രൂപാ വേതനത്തില്‍ ഞാനെന്‍റെ സര്‍വ്വീസ് ലൈഫ് ആരംഭിച്ചു. രണ്ടുമൂന്നു ദിവസമൊക്കെ വെറും സപ്ല്യറായി തന്നെ ഷര്‍ട്ടിന്‍റെ കയ്യൊക്കെ ഭംഗിയില്‍ മടക്കി വെച്ച് ജോലി ചെയ്തു. നാലാം നാള്‍ പാത്രം കഴുകുന്ന അബ്ദുക്ക ലീവായപ്പോള്‍ മുതലാളി പറഞ്ഞു... ‘ഇയ്യാ കുപ്പായത്തിന്‍റെ കയ്യൊക്കെ മടക്ക്യെച്ച് ആ പാത്രങ്ങളൊക്കെ ഒന്നങ്ങട്ട് വൃത്ത്യാക്കിക്കേ... അദ്ദു ലീവായതോണ്ടല്ലേ’. അബ്ദുക്ക പിന്നീട് ലീവ് കഴിഞ്ഞ് വന്നില്ല.

എന്തായാലും വെറും പതിനൊന്ന് ദിവസം മാത്രേ അവിടെ ‘ഓള്‍റൌണ്ടറായി’രിക്കാനൊത്തുള്ളു... ചാകരയില്ലാത്തോണ്ട് കച്ചോടവുമില്ലാണ്ടായി, കച്ചോടമില്ലാത്തോണ്ട് പണിയുമില്ലാണ്ടായി. പിന്നീട് പോസ്റ്റോഫീസില്‍ സ്റ്റാമ്പടിക്കല്‍, ടെക്സ്റ്റയില്‍ ഷോപ്പില്‍ തുണിമുറിക്കല്‍, ട്രാവല്‍ ഏജന്‍സിയില്‍ പാസ്പോര്‍ട്ടും ടിക്കറ്റും തയ്യാറാക്കി കൊടുക്കല്‍ എന്നീ ഇനങ്ങളിലായി എന്‍റെ നാല് കൊല്ലങ്ങള്‍ ചിലവായി. ഇതിലിടക്ക് 18 വയസ്സായ മുറയ്ക്ക് പാസ്പോര്‍ട്ട് കിട്ടിയെങ്കിലും എന്നോസി മാത്രം വന്നില്ല.

അവസാനം ഇരുപത്തിഒന്നാം വയസ്സില്‍ എന്നെത്തേടി ഫുജൈറയുടെ ഒരു വിസിറ്റ് വിസ വന്നു.... അങ്ങിനെ 1993 ഡിസംബര്‍ ഒമ്പതാം തിയ്യതി ഗള്‍ഫ് എയറിന്‍റെ ഫ്ളൈറ്റില്‍ കയറിയ ഞാന്‍ ഒമാന്‍, ഖത്തര്‍, ബഹറൈന്‍ വഴി 1992 ഡിസംബര്‍ പത്താം തിയ്യതി ഫുജൈറയില്‍ കാലുകുത്തി.

പിന്നീടങ്ങട്ട് സംഭവബഹുലമായ ദിനങ്ങളായിരുന്നു.

പലരും ജോലി ഇപ്പോ ശരിയാക്കിത്തരാമെന്ന് പറഞ്ഞു, എന്‍റെ ബയോഡാറ്റ വാങ്ങിനോക്കി ‘ആഹാ... പ്രീഡിഗ്രിയുണ്ടല്ലേ... പിന്നെന്താ പാട്’ എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. അതൊരു ആക്കിയ സമാധാനിപ്പിക്കലാണെന്ന് പിന്നീടാണ് മനസ്സിലായത്.

അവസാനം ഒരു ഇന്‍റര്‍വ്യു ഒത്ത് വന്നു. എന്‍റെ മൂത്തുമ്മാടെ മകന്‍റെ ഒരു സ്നേഹിതന്‍ പരിക്ക പാര്‍ട്ട് ടൈം ആയി ചെയ്യുന്ന ജോലിക്ക് എന്നെ സ്ഥിരപ്പെടുത്താനുള്ള ശ്രമം. അറബിക്കും വരുന്ന ഗസ്റ്റുകള്‍ക്കും ചായയിട്ടു കൊടുക്കുക, ഫാക്സ് ചെയ്യുക, അറബിയില്ലാത്തപ്പോ വരുന്ന കോളുകള്‍ അറ്റെന്‍റ് ചെയ്യുക... പണി ഇത്രയേ ഉള്ളുവെങ്കിലും ഇന്‍റര്‍വ്യു അറ്റന്‍റ് ചെയ്തേ പറ്റു.

ഞാന്‍ പലരോടും ചോദിച്ച് പലതും പഠിച്ച് വെച്ചു. ചില വാക്കുകള്‍, വരികള്‍... അങ്ങിനെ പലതും. ആരോ പറഞ്ഞു ചിലപ്പോള്‍ റിട്ടണ്‍ ടെസ്റ്റുണ്ടാവും. അത് കയ്യക്ഷരം നോക്കി നമ്മുടെ ക്യരക്ടര്‍ അറിയാനാണു പോലും... ശരിയാണല്ലോ, അങ്ങിനെയൊരു കാര്യം എവിടേയോ വായിച്ചതോര്‍മ്മ വന്നു. കയ്യക്ഷരത്തിന്‍റെ കാര്യത്തിലും എന്‍റെ ക്യാരക്ടറിന്‍റെ കാര്യത്തിലും എനിക്കിത്തിരി ആത്മവിശ്വാസമുണ്ടായിരുന്നത് കൊണ്ട് ആ ടെസ്റ്റിനെ വലിയ പേടിയുണ്ടായിരുന്നില്ല.

അങ്ങിനെ ഇന്‍റര്‍വ്യുദിനം വന്നണഞ്ഞു!

റൂമില്‍ നിന്നും ഇറങ്ങുമ്പോള്‍ അത്യാവശ്യം ധൈര്യമൊക്കെ അപ് ലോഡ് ചെയ്തിരുന്നെങ്കിലും അറബിയുടെ മുന്നിലെത്തിയതോടെ, ജെറ്റ്വിമാനത്തിന്‍റെ വര പോലെ അതലിഞ്ഞലിഞ്ഞില്ലാതായി. പരിക്ക കൂടെയുണ്ടായിരുന്നെങ്കിലും... ആദ്യമായിട്ടൊരു ഇന്‍റര്‍വ്യൂന് വന്നിരിക്കുകയാണ്, അതും ഒരു അറബിയുടെ മുന്നില്‍. നീണ്ടുനിവര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും എന്‍റെ കാല്‍മുട്ടുകളുടെ വിറയല്‍ അതിനു സമ്മതിക്കുന്നില്ല. അടുത്തു കണ്ട കസേരയില്‍ ഒന്നു സപ്പോര്‍ട്ട് ചെയ്തപ്പോള്‍ വിറയ്ക്കിത്തിരി സമാധാനം കിട്ടി.

ഊരും പേരുമൊക്കെ പറഞ്ഞപ്പോള്‍ തന്നെ അറബിക്കു മനസ്സിലായി ‘തനിക്കറിയുന്നത്ര പോലും ഇംഗ്ലീഷിവനു അറിയില്ല‘ എന്ന്. ആ ധൈര്യത്തില്‍ തന്നെ അയാളെന്നോട് ചോദിച്ചു...

‘ഇഫ് യു കാന്‍ഡ് സ്പീക്ക് ഇംഗ്ലീഷ്, ദെന്‍ ഹൌ വുഡ്‍ യു ആന്‍സര്‍ ദ ഫോണ്‍ കാള്‍സ്‍‘

സംഭവത്തിന്‍റെ ഒരേകദേശ രൂപം മനസ്സിലായ ഞാന്‍ പറഞ്ഞു...
‘ഐ കാന്‍ ഇമ്പ്രൂവ് വിത്തിന്‍ ത്രീ മന്ത്സ്‘... പാടിപ്പടിച്ചതു ഞാന്‍ വിളമ്പി.

‘ഹൌ... ഹൌ യു കാന്‍ ഇമ്പ്രൂവ്’ അയാളുടെ അടുത്ത ചോദ്യം

ശരിയാണ്... 21 കൊല്ലം കൊണ്ട് കഴിയാത്തതെങ്ങിനെ വെറും മൂന്ന് മാസം കൊണ്ടെനിക്ക് കഴിയും... ഞാനെന്നോട് തന്നെ ചോദിച്ചു നോക്കി. അയാള്‍ ചോദ്യങ്ങള്‍ അവസാനിപ്പിച്ചെന്നെനിക്ക് തോന്നി.

പെട്ടെന്നായിരുന്നു ‘റൈറ്റ്‍‘ എന്ന വാക്കുള്‍പ്പെടുന്ന ഒരു വാചകം പറഞ്ഞുകൊണ്ട് അയാള്‍ ഒരു പേനയും പെയ്പ്പറും എനിക്കു നേരെ നീട്ടി... ‘റൈറ്റ്’ എന്ന വാക്ക് മാത്രേ എനിക്ക് അതില്‍ നിന്നും മനസ്സിലായുള്ളു.

‘ഹമ്പടാ... എന്‍റെ കയ്യിലിരിപ്പ് ടെസ്റ്റ് ചെയ്ത് മതിയായ ലവനിനിയെന്‍റെ കയ്യക്ഷരം ടെസ്റ്റ് ചെയ്യാനുള്ള പരിപാടിയാണല്ലേ’ ഞാന്‍ മനസ്സില്‍ കരുതി.

നിറഞ്ഞ ആത്മവിശ്വാസത്തോടെ അയാള്‍ നീട്ടിപ്പിടിച്ച വെള്ളക്കടലാസ് വാങ്ങി എനിക്കന്നുമിന്നും ഒട്ടും തെറ്റില്ലാതെ കാണാതെ എഴുതാനറിയാവുന്ന വരികള്‍ ഞാന്‍ ഉരുട്ടി ചെരിച്ചെഴുതി...

India is my Country. All Indians are my sisters and brothers. I love my Country.

കയ്യക്ഷരം പരിശോധിക്കാനല്ലേ... ഇത്രേം മതി. ആ കടലാസ് അഭിമാനപുരസരം ഞാനയാള്‍ക്ക് നീട്ടി. അത് വാങ്ങി നെറ്റി ചുളിച്ച അയാള്‍ ആ കടലാസ് ചുരുട്ടിക്കൂട്ടി പരിക്കാക്ക് നേരെ എറിഞ്ഞു. അത് നിവര്‍ത്തി വായിച്ച പരിക്ക പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു.

‘പുറത്ത് കടന്ന് നിന്നോ... ഞാനിപ്പോ വരാം’

നല്ലൊരു ചിരിയോടെ പുറത്ത് വന്ന് പരിക്ക ചോദിച്ചു...

‘ഈ ജോലിക്ക് വേണ്ടി ഒരു അപേക്ഷ എഴുതാനല്ലേ അയാള്‍ പറഞ്ഞുള്ളു, അല്ലാണ്ട് സത്യപ്രതിഞ്ജ ചെയ്ത് ജോലിക്ക് കയറാനല്ലല്ലോ!’

എന്‍റെ ഇംഗ്ലീഷ് പരിഞ്ജാനം എഴുതിയെങ്കിലും കാണിക്കാന്‍ അയാളെനിക്കൊരവസരം തന്നാതായിരുന്നു പോലും.

ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു എന്നെ ഇന്‍റര്‍വ്യു ചെയ്തിരുന്നതെങ്കില്‍, അഭിമാനത്തോടെ എന്‍റെ ചുമലില്‍ തട്ടി ‘ഐ ആം പ്രൌഡോഫ് യു മൈ ബോയ്’ എന്നും പറഞ്ഞ് സ്വന്തം നെഞ്ചില്‍ നിന്നും ഒരു പനിനീര്‍പ്പൂവെടുത്തെനിക്ക് സമ്മാനിക്കുമായിരുന്ന ഒരു കുറിപ്പാണ് ആ അറബി നിഷ്കരുണം ചുരുട്ടി മടക്കിയെറിഞ്ഞത്.

45 comments:

വല്യമ്മായി said...

ഹാവൂ,ഈ തേങ്ങ എനിയ്ക്കു തന്നെ,നന്നായി,ഇതു പോലെ പല പരീക്ഷണങ്ങള്‍ക്ക് ഇരുന്നു കൊടുത്തത് കൊണ്ട് ശരിയ്യ്ക്കും മനസ്സിലായി

തറവാടി said...

vaayichchu , comment pinne , ninakke paNiyonnumillE avide ?

Rasheed Chalil said...

കോളേജിലേക്ക് പോവാനുള്ള 55 പൈസ മിക്കദിവസങ്ങളിലും അടുത്തുള്ള ഏതെങ്കിലും വീട്ടില്‍ നിന്ന് റോളിംഗ് നടത്തിയും തിരിച്ചു വരാനുള്ള 55 പൈസ കൂട്ടുകാരുടെ കയ്യില്‍ നിന്ന് വെല്‍ഡിംഗ് നടത്തിയും...

ഹ ഹ ഹ ഇത് കൊള്ളാല്ലോ ചുള്ളാ.

ഇത് വായിച്ചപ്പോള്‍ ഒരു ഇന്റര്‍വ്യൂ എനിക്കും ഓര്‍മ്മ വന്നു. ഇന്റര്‍വ്യൂ ചെയ്യുന്ന അറബി മാത്രം സംസാരിച്ച ഒരു ഇന്റര്‍വ്യൂ. പറയുന്നെതെല്ലാം മനസ്സിലായിട്ടും തിരിച്ച് ഒരക്ഷരം പറയാനാവാത്ത അവസ്ഥ. ‘വിളിക്കാം‘ എന്ന് പറഞ്ഞപ്പോള്‍ എവിടെനിന്നെല്ലാമോ കിട്ടിയ ധൈര്യം മുഴുവന്‍ സംഭരിച്ച് തങ്ക്സ് പറഞ്ഞു. പുള്ളി ഒരു പുഞ്ചിരിയോടെ യാത്രയാക്കി... തിരിച്ച് വരുമ്പോള്‍ വണ്ടിയില്‍ കൂടെയുണ്ടായിരുന്നവന്റെ കമന്റ്... നീ കൊള്ളാം അത്രയെങ്കിലും പറയാന്‍ കഴിഞ്ഞല്ലോ. അങ്ങോര്‍ക്ക് മിണ്ടാന്‍ പോലും കഴിഞ്ഞിരുന്നില്ലെത്രെ.

asdfasdf asfdasdf said...

അഗ്രജോ,,ഒരു നോവലിനുള്ള കോപ്പുണ്ടല്ലോ.. നന്നായിരിക്കുന്നു.

വേണു venu said...

ഉച്ചവെയിലില്‍ തിളച്ചു കിടക്കുന്ന വയലേലകള്‍ക്കപ്പുറം,
പറന്നുനടക്കുന്ന ഒരിക്കലും മായാത്ത ഓര്‍മ്മകള്‍.
നന്നായെഴുതിയിരിക്കുന്നു.

തറവാടി said...

നാട്ടില്‍ വലിയ കുഴപ്പമില്ലാത്ത പണികളഞ്ഞ്‌ വിസിറ്റ് വിസയില്‍ ഇവിടെ വന്നപ്പോള്‍ , വലിയ പ്രദീക്ഷകളായിരുന്നു.

പിന്നീട്‌ പണിയായപ്പോള്‍ വളരെ സന്തോഷിച്ചു , എന്നാല്‍ പണി മാത്രമേയുള്ളു , ശമ്പളമില്ലാ എന്നറിഞ്ഞപ്പൊള്‍ ആദ്യം ഞെട്ടിയെങ്കിലും തന്നെപ്പോലെ പലരുമുണ്ടെന്നറിഞ്ഞപ്പോള്‍ , ഒന്നും മിണ്ടാതെ അവരുമായി പിരിഞ്ഞു.

പിന്നീട്‌ പല മോഹന വാഗ്ധാനങ്ങളും തന്ന്‌ കോട്ടയം കാരന്‍ തോമസ്‌ , ഒരുമാസം രാവും പകലും പണിയെടുപ്പിച്ച്‌ , ശമ്പളം തരേണ്ട അന്ന്‌ പറഞ്ഞു:” ഇനി ഞാന്‍ വിളിച്ചിട്ട്‌ വന്നാമതി”

ആവിളി ഒരാഴ്ചയായും വരാതിരുന്നപ്പോള്‍ ആഗസ്റ്റിലെ നട്ടുച്ചനേരത്ത്‌ സറ്ട്ടിഫിക്കട്ട അടങ്ങിയ ഫയല്‍ കയ്യിലേന്തി , ദുബായിലെ ഓരോ കെട്ടിടത്തിലും കയറിയിറങ്ങിയുട്ടുണ്ട്‌ ഞാന്‍.


ശുപാര്‍ശ പണ്ടെ ഇഷ്ടമല്ലാത്തതിനാല്‍ , ആരൊടും ഒന്നും പറഞ്ഞതുമില്ല.

ചോദിക്കുന്നവരോടൊക്കെ , ഒരു ചിരിയിലൊദുക്കി ഞാന്‍ മിണ്ടാതിരുന്നു.

അങ്ങിനെ ഒരിക്കല്‍ , വിയര്‍ത്ത്‌ കുളിച്ച്‌ ദുബൈ എയര്‍പൊട്ടില്‍ തുടങ്ങി , പഴയ ഡിനാറ്റ യിലേക്കുള്ള വഴിയില്‍ നടക്കുകയായിരുന്നു ഞാന്‍.

രണ്ട്‌ വശത്തുമുള്ള ഓരോ ഓഫീസിലും കയറിയിറങ്ങി ഞാന്‍ ചോദിക്കും : ഡു യു ഹാവ്‌ എനി വേക്കന്സി?”.

ചിലര്‍ പുച്ചത്തൊടെ പറയും “നോ” , പിന്നെ തിരിഞ്ഞ്‌ നിന്ന്‌ സഹപ്രവര്ത്തകരോട്‌ പച്ചമലയാളത്തില്‍ പറയും :” ഒരോന്നിങ്ങൊട്ടിറങ്ങും…….”. ഒന്നും മിണ്ടാതെ ഞാന്‍ നടക്കും അടുത്ത കടയിലേക്ക്‌ , അല്ല ഓഫീസിലേക്ക്‌.

അങ്ങിനെ ഒരു കടയില്‍ ചെന്നപ്പൊള്‍ ഒരു മലയാളി പറഞ്ഞു:” ദുബായില്‍ ഇന്ചിനീയറ്മാറ്ക്കൊന്നും പണികിട്ടില്ല മോനെ , ഇവിടെ ഡിഗ്രിക്കൊന്നും ഒരു വിലയുമില്ല “ , ഇതും പരഞ്ഞു അദ്ദേഹം ഫൊടൊകൊപി മെഷിന്റെ യടുത്തേക്ക് നീങ്ങി ആ യന്ത്രം പ്രവര്ത്തിപ്പിച്ചത്‌ ഇന്നും എന്റെ കണ്ണിലുണ്ട്‌.

പിന്നീട്‌ ഞാനെത്തിയത്‌ “ ഗൌരി ട്രഡിങ്ങ്‌ “ എന്ന ഒരു സ്താപനത്തില്. വ്വന്ന കാര്യം പറഞ്ഞ എന്നെ ഒരു പുച്ഛത്തൊടെ താടിയുള്ള ആ കൊപ്പത്ത്‌കാരന്‍ നോക്കി, എന്നിട്ട്‌ പറഞ്ഞു – അത്‌ ഞാനെഴുത്തിന്നില്ല.

ഉള്ളില്‍ കരഞ്ഞുകൊണ്ട്‌ ഞാന്‍ നടന്നു , അടുത്ത വാതിലരികിലേക്ക്‌.

അന്നു വൈകുന്നേരം അള്‍ട്ര ലിഫ്റ്റ് കമ്പനി യില്‍ എന്റെ നടത്തം അവസാനിച്ചു.

(ഓ.ടോ: അഗ്രജാ , പലതും ഓര്‍മ്മവന്നു , നന്ദി , വളരെ നന്നായെഴുതിയിട്ടുണ്ടെ , പിന്നെ ഞാനുദ്ദേശിച്ചത്‌ , രാവിലെ വാണം വിട്ടപൊക്കുപോയ ആള്‍ , അഗ്രജന്‌ തേങ്ങ ഉടച്ചത്‌ കണ്ടപ്പൊളെഴുതിയതാ )

ചില നേരത്ത്.. said...

അടുത്തു കണ്ട കസേരയില്‍ ഒന്നു സപ്പോര്‍ട്ട് ചെയ്തപ്പോള്‍ വിറയ്ക്കിത്തിരി സമാധാനം കിട്ടി
അപ്പോ എന്റെ അനിയന്‍ എന്നെ നോക്കി പറഞ്ഞു.
“നീ ഇത്രേയുള്ളൂ?”
അവനെന്തറിയാം? കോളേജ് വരാന്തയില്‍ നിന്ന് ഞാനും സൊള്ളിയിട്ടുണ്ട്. അതുപോലല്ലോ പെണ്ണു കാണല്‍.
എഴുത്ത് രസകരമായിരിക്കുന്നു.

Unknown said...

അഗ്രജേട്ടാ,
കിടിലന്‍ പോസ്റ്റ്. ആ നെഹ്രൂവിയന്‍ ചിന്ത എനിക്കങ്ങട് പിടിച്ചു കേട്ടോ. :-)

ആ തൃശ്ശൂര്‍ കാറ്റ് കാരണമാവും എല്ലാ വരികളുമിങ്ങനെ രസികനാവുന്നത്. ഇവന്‍ കലക്കി എന്ന് ഒരിക്കല്‍ കൂടി പറയുന്നു.

വാളൂരാന്‍ said...

അഗ്രേട്ടാ.. നന്നായിരിക്കുന്നു ഇന്റര്‍വ്യു...

Anonymous said...

താങ്കളെ അധികം വായിക്കാത്തത് കുറവായി തോന്നുന്നു ഇപ്പോള്‍. ശരിക്കും ഞാന്‍ ഓഫീസിലിരുന്ന് ഉറക്കെ ചിരിച്ചു. ടീ ബ്രേക്ക് ആയതിനാല്‍ കുഴപ്പമായില്ല. മലയാളം അറിയാവുന്ന ചിലര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.
സത്യത്തില്‍ നടന്നതാണെങ്കില്‍ താങ്കള്‍ പുലി തന്നെ.
ഒരു സംശയവും ഇല്ല.
സ്ന്തോഷത്തോടെ
രാജു

thoufi | തൗഫി said...

അഗ്രജാ,നോവുകളുടെ മുള്ളുകള്‍ ചിതറിക്കിടക്കുന്ന വഴികള്‍ കടന്നെത്തിയ ഇന്നലെകളുടെ സ്പന്ദനങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച്‌ മനോഹരമായി എഴുതിയിരിക്കുന്നുവല്ലോ.
കുറിപ്പുകള്‍ കണ്ണിലൊരിത്തിരി നനവും മനസ്സിലൊരിത്തിരി നിനവും പടര്‍ത്തി.കൂടെ,തറവാടിയുടെ കമന്റും മനസ്സിനെ പൊള്ളിച്ചു.പൊതുവെ,ദുര്‍ബ്ബലഹൃദയനായ എന്റെ മനസ്സിനെ നൊമ്പരങ്ങള്‍ കൊണ്ട്‌ കുത്തിനോവിച്ചതിനു ഇരുവര്‍ക്കും.....

കുറുമാന്‍ said...

അഗ്രജോ, ഇത് കലക്കി. രസകരമായ ഓര്‍മ്മകള്‍. അപ്പോ നമ്മള്‍ രണ്ടുപേരും എല്ലില്ലാതെ പരൂഷ പാസായവരാണല്ലെ.

എന്നോടും എത്രമാര്‍ക്കുണ്ടായിരുന്നു എന്നാരേങ്കിലും ചോദിച്ചാല്‍, 538 എന്നു വലിയ ഗമയില്‍ പറയാറുണ്ടായിരുന്നു ഞാന്‍, അതുകേള്‍ക്കുന്നവരുടെ കണ്ണ് പുറത്തേക്ക് തള്ളുന്നതുകണ്ട് എന്‍ മനം തുടിക്കാരുണ്ടായിരുന്നു.

ഇടിവാള്‍ said...

മ്വാനേ, അലക്കീട്ടാ...
ആ മാര്‍ക്കുകളുടെ ഡപ്പാങ്കുത്ത് അമറന്‍ !
കുറെ നല്ല പ്രയോഗങ്ങളും.

വാളൂരാന്‍ said...

കമന്റിടണതെവിടേക്കാ പോണേന്ന്‌ പുടികിട്ടണില്ലല്ലാ...
ഇതിപ്പോ രണ്ടാമത്തെയാണ്‌....
കലക്കന്‍ എന്നു പറയാനേക്കൊണ്ട്‌ വന്നതാണ്‌ കെട്ടാ......

ഏറനാടന്‍ said...

ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ പോലെ പരദേശിയുടെ ഒരാധുനിക ജീവിതാന്വേഷണ പരീക്ഷണങ്ങള്‍ തന്നെയാണല്ലേ അഗ്രജേട്ടാ.. ന്നാലും സമ്മയ്‌ച്ചിരിക്കുന്നു ഇങ്ങളെ മനക്കരുത്തും തൊലിക്കട്ടിയും!

Kiranz..!! said...

അഗ്രൂ..ഹ..ഹ..ഇത് വായിച്ച് ഒരു മോണൊ ആക്ടായി വീട്ടുകാരിയുടെ മുന്നില്‍ അവതരിപ്പിച്ചപ്പോ‍ളേ ഈയുള്ളവനു സമാധാനമായുള്ളു..!

തകര്‍പ്പന്‍ ആശാനെ..!

Aravishiva said...

നന്നായെഴുതിയിരിയ്ക്കുന്നു...അനുഭവങ്ങളുടെ ചൂടും ചൂരും എഴുത്തിന് ഭംഗി കൂട്ടുന്നു....

sreeni sreedharan said...

കഷ്ടപ്പെട്ടു പോയല്ലേ? സാരമില്ല ഐ ലവ് മൈ കണ്ട്രീ എന്നെഴുതിയത് നന്നായീ, ഞാനായിരുന്നേ, ഐ കണ്ട്രീ എന്നൊക്കെ എഴുതിയാനേ, നമ്മക്ക് പേഡീ പണ്ടേ ഇല്ലല്ലോ .. :)

(കേരളത്തിലെ പിള്ളാര്‍ ജനിക്കുംബോള്‍ കിയോ കിയോന്ന് കരയുന്നതിനു പകരം
വിസാ വിസാ എന്നാ കരയുന്നേന്ന്....ഞാനും മോശമല്ലാ...ഹിഹി :)

സു | Su said...

ഇനിയിപ്പോ ഈ അനുഭവത്തില്‍ നിന്നും എന്തു പഠിക്കണം എന്നുവെച്ചാല്‍, ആരെങ്കിലും ഇന്റര്‍വ്യൂവിനു മുന്നില്‍ ഇരിക്കുമ്പോള്‍ ഒന്നും ചോദിക്കരുത്. ജോലി എത്രമാത്രം ആവശ്യമുണ്ട് എന്ന് ചോദിക്കുക. കൊടുക്കുക. നമ്മളും ഒരിക്കല്‍ ഇരുന്നു പൊരിഞ്ഞത് ഓര്‍ക്കുക.

എന്നാലും ആ അറബി :(
എനിക്കാകെ അറിയാവുന്ന ഇംഗ്ലീഷ് എറിഞ്ഞുകളഞ്ഞല്ലോ. ഇനി ഗള്‍ഫില്‍ വരുമ്പോള്‍ ഞാന്‍ അറബിയോട് എന്തു പറയും? ;)

മുസാഫിര്‍ said...

അഗ്രജന്‍ ,
അനുഭവങ്ങള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു.ഇന്‍ഡ്യ ഈസ് മൈ കണ്ട്രി ഒത്തിരി ഇഷ്ടമായി.

Adithyan said...

അഗ്രജാ,
നല്ല വിവരണം. അല്ലാതെന്തു പറയാന്‍. നല്ല അനുഭവം എന്നു പറയാന്‍ പറ്റില്ലല്ലോ. ഇതൊക്കെ ഇതുപോലെ പറയാന്‍ പറ്റുക എന്നത് ചില്ലറ കാര്യമല്ല.

Vssun said...

അഗ്രജാ നന്നായിരിക്കുന്നു. ദുബായില്‍ ജൂലൈ-ആഗസ്റ്റ്‌ മാസങ്ങളിലെ കൊടും വെയിലില്‍ ജോലി തേടി നടന്നിട്ടുണ്ട്‌. പിന്നെ പണി ശരിയായപ്പോള്‍ അതില്‍നിന്നെങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായി. അങ്ങനെ ഭാഗ്യം കൊണ്ട്‌ 2 വര്‍ഷം മുന്‍പെഴുതിയ ഒരു സര്‍ക്കാര്‍ ടെസ്റ്റിന്റെ ഇന്റര്‍വൂ വിളിയുടെ പേരില്‍ നാട്ടില്‍ തിരിച്ചെത്തി. ഭാഗ്യവശാല്‍ അത്‌ ശരിയാവുകയും ചെയ്തു.

എന്റെ ജീവിതത്തിലെ കടുപ്പമേറിയ ഏടുകളാണ്‌ ദുബായി..

ലിഡിയ said...

ജീവിതത്തിന്റെ നരച്ച നിറങ്ങള്‍ തേടി നടക്കുന്നത് കൊണ്ടാവും ആ ഭാഗങ്ങള്‍ വായിച്ചപ്പോള്‍ മനസ്സില്‍ സങ്കടമാണ് വന്നത് അഗ്രജാ, എന്തായാലും ജീവിതത്തെ തിരിഞ്ഞ് നോക്കി തമാശയോടെ ചിത്രീകരിക്കാനുള്ള ഭാഗ്യം ഈശ്വരന്‍ തന്നുവല്ലോ..

-പാര്‍വതി.

റീനി said...

അഗ്രജാ, നന്നായി എഴുതിയിരിക്കുന്നു.

അനുഭവങ്ങള്‍ സത്യമാണ്‌. സത്യം പലപ്പോഴും ക്രൂരമാണന്നുള്ളതും ഒരു സത്യമാണ്‌.

Abdu said...

അഗ്രജന്‍,

നന്നായിരിക്കുന്നു,
നല്ല വിവരണം,

ശിഹാബുദ്ദീന്‍ പൊയ്തുംകടവിന്റെ ‘പരിണാമ ദശയിലെ ഒരേട്’ ഓര്‍മ വരുന്നു,

നന്ദി

-അബ്ദു-

മനോജ് കുമാർ വട്ടക്കാട്ട് said...

ഈ റോളിംഗും വെള്‍ഡിങ്ങും പിടിപാടില്ല്ലാതിരുന്ന പഴയൊരു കോളേജ്‌ സുഹൃത്തുണ്ടായിരുന്നു. അവന്‍ 9 കി.മി. ദിവസേനെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും.
അഗ്രൂന്റെ കുറിപ്പ്‌ വായിച്ചപ്പോള്‍ അവനെ ഓര്‍ത്തുപോയി.

:: niKk | നിക്ക് :: said...

നീണ്ടുനിവര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും എന്‍റെ കാല്‍മുട്ടുകളുടെ വിറയല്‍ അതിനു സമ്മതിക്കുന്നില്ല. അടുത്തു കണ്ട കസേരയില്‍ ഒന്നു സപ്പോര്‍ട്ട് ചെയ്തപ്പോള്‍ വിറയ്ക്കിത്തിരി സമാധാനം കിട്ടി.

എഴുത്ത് നന്നാവുന്നുണ്ട്. കൂള്‍.

പക്ഷെ, ഇങ്ങനെയൊക്കെയായിരുന്നുവല്ലേ എക്സ്പീരിയന്‍സസ്, എന്നിട്ടാണോ എന്നോട് പേര്‍ഷ്യയ്ക്ക് വന്നോളാന്‍ പറയുന്നത്?

i no inglish. i no skool.

:: niKk | നിക്ക് :: said...

ഓ.ടോ. കുറുമേട്ടാ തുള്ളാത മനവും തുള്ളുമെന്നല്ലേ വെപ്പ്... ;)

Sreejith K. said...

ആഗ്രജാ, ഒരുമാതിരി കേരളീയന്റെയൊക്കെ നാവിന്‍ തുമ്പില്‍ വരുന്ന ആദ്യം ഇംഗ്ലീഷ് വാചകം ഇത് തന്നെ. കലക്കി രചന. ജീവിതം മുഴുവന്‍ ഓര്‍ത്ത് ചിരിക്കാനുള്ള അനുഭവം ആ ഇന്റര്‍വ്യൂ തന്നുവല്ലേ.

Siju | സിജു said...

ഇഷ്ടപെട്ടു.
ആത്മാര്‍ത്ഥതയുള്ള എഴുത്ത്
qw_er_ty

ദിവാസ്വപ്നം said...

അഗ്രജാ

ഈ പോസ്റ്റ് നേരത്തേ വായിച്ചതാണ്. സമയക്കുറവെന്ന് പറഞ്ഞ് ഞാനിതിനൊരു കമന്റിടാതിരുന്നാല്‍ എന്നോട് തന്നെ ചെയ്യുന്നൊരു തെറ്റാവും. ഇന്റര്‍വ്യൂകളുടേ കാര്യത്തില്‍, ഞാനും അഗ്രജ് ഭായി കടന്നു പോന്ന വഴിയിലൂടെയൊക്കെ തന്നെ ക്രോസ് ചെയ്തതാണ് :)

നല്ലതും ചീത്തയുമായ ഒത്തിരി ഇന്റര്‍വ്യൂ അനുഭവങ്ങള്‍. ആശിപ്പിച്ചതും നിരാശിപ്പിച്ചതുമായ ഒത്തിരിയെണ്ണം. ‘ഫ്രസ്ട്രേറ്റഡ്’ ആയിരുന്ന യൌവനത്തിന് പ്രതീക്ഷ നല്‍കി പുഷ്പിപ്പിച്ച് എന്നെ ദിവാസ്വപ്നക്കാരനാക്കിയത് ഡെല്‍ഹിയിലെ ജോലിക്കായുള്ള അഭിമുഖങ്ങളാണ്.

ഡെല്‍ഹിയിലെ ആദ്യത്തെ മാസം; കുറേ അലഞ്ഞുതിരിഞ്ഞിട്ടും ജോലി ഒന്നും ശരിയാകുന്നില്ല. എങ്ങനെ ശരിയാകാനാണ് - കൈ കൊണ്ടെഴുതിയ ബയോഡേറ്റായാണ് എല്ലാവര്‍ക്കും കൊടുക്കുന്നത്‍ ! :)

‘നിന്റെ ബയോഡേറ്റാ കമ്പ്യൂട്ടറില്‍ അടിച്ച് ഇന്ന് പ്രിന്റ് എടുത്തുകൊണ്ട് വരാം, നാളെ എടുത്തുകൊണ്ട് വരാം‘ എന്നൊക്കെ പറഞ്ഞ് സീനിയര്‍ സഹമുറിയന്മാര്‍ എന്നെ ആശ്വസിപ്പിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. അവരുടെ കുറ്റമല്ല; എക്സ്പീരിയന്‍സില്ലാത്തവന് എന്ത് ബയോഡേറ്റാ ! :-))

പക്ഷേ, എന്റെ ജോലിയന്വേഷണത്തിന് കുറവൊന്നുമില്ല. എല്ലാ ചൊവ്വാഴ്ചയും എച്.ടി. കരിയറും ബുധനാഴ്ചത്തെ ടൈംസിന്റെ Ascent-ഉം നോക്കി വച്ചിട്ട് ആ ആഴ്ച മുഴുവന്‍ ന്യൂഡെല്‍ഹിയും ഓള്‍ഡ് ഡെല്‍ഹിയും ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത് നടപ്പാണ് പണി. ഒരു ദിവസം തന്നെ മൂന്നും നാലും ഇന്റര്‍വ്യൂ വരെ (കണ്‍സള്‍ട്ടന്റ് / എമ്പ്ലോയര്‍) അറ്റന്‍ഡ് ചെയ്തിട്ടുണ്ട്. ഒരുമാതിരി കൊള്ളാവുന്നൊരു ആഡ് ഏജന്‍സിയില്‍ എത്തിപ്പെടുന്നതുവരെയുള്ള ആദ്യത്തെ രണ്ട് മൂന്ന് മാസങ്ങള്‍ക്കുള്ളിലാണ് ഞാന്‍ നൂറോളം ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തത്.

ഇത്രയെല്ലാം അലഞ്ഞ് തിരിഞ്ഞ് നടന്നിട്ടും എനിക്കാദ്യം കിട്ടിയ ജോലി ഓഫര്‍ : എണ്ണൂറ് രൂപാ, വെറും എണ്ണൂറ് രൂപാ, മാസം ശമ്പളം തരാമെന്ന് ഒരു ‘മിസ്റ്റര്‍ മുഞ്ചാല്‍’ (ഹീറോ ഹോണ്ടാ മുതലാളി ബ്രിജ്മോഹന്‍ മുഞ്ചാലിന്റെ ഫാമിലിക്കാരനായിരിക്കണം) വക എക്സ്പോര്‍ട്ട് കമ്പനിയിലേതാണ്. കമ്പനിയെന്നൊക്കെ പറഞ്ഞാല്‍ ഒരു ഫ്രഷ് ജ്യൂസ് കടയുടെ ഇരട്ടിയോളം വലിപ്പം വരുന്ന ഒരു കുടുസ്സുമുറിയും പിന്നെ മിസ്റ്റര്‍ മുഞ്ചാലിന്റെ ക്യാബിനും.

ഡിപ്രഷന്‍ പോലെ തോന്നിയിട്ട്, തീരുമാനം ഒന്നും പറയാതെ അവിടെ നിന്ന് ഇറങ്ങി ‘മെഡിക്കലില്‍’ (AIIMS) എത്തി ബസ് കാത്തുനിന്നപ്പോള്‍ എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി. തനിയെ നിന്നാല്‍ താഴെവീഴുമെന്ന് തോന്നിയപ്പോള്‍ അടുത്തുകണ്ട ഒരു മരത്തില്‍ പതിയെ ചാരി നിന്നു. വശപ്പെശകായിട്ടുള്ള ആ നില്‍പ്പ് കണ്ടിട്ട് അടുത്തു നിന്നിരുന്ന രണ്ട് മലയാളികള്‍ തമ്മില്‍ തമ്മില്‍ നോക്കി ചിരിക്കുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഞാന്‍ പൂസായിട്ട് നില്‍ക്കുകാണെന്നോ മറ്റോ അവര്‍ കരുതിക്കാണും. :-)

ഇതും പക്ഷേ, മിസ്റ്റര്‍ മുഞ്ചാലിന്റെയും തെറ്റല്ല. എനിക്കാണെങ്കില്‍ ഹിന്ദി ഒരു വാചകം അറിയില്ല, ഇംഗ്ലീഷ് രണ്ട് വാചകം മുഴുമിപ്പിക്കില്ല. ഓഫീസ് റുട്ടീന്‍ ഒന്നുമേ പുരിയില്ല, ഫാക്സ് അയയ്ക്കുന്നതെങ്ങനെയെന്ന് പോലും പിടിയില്ല. എന്തു ഗ്വാളിഫിക്കേഷനുണ്ടായിട്ടെന്താ കാര്യം !

ഇത് 1996-ലെ ദാരിദ്യം പിടിച്ച കഥ.

ഇനി നേരേ 2000-ലേയ്ക്ക്. ബാരക്കമ്പാ റോഡിലെ ‘റോള്‍സ് റോയ്സ്’ ഓഫീസ്. എനര്‍ജി സിസ്റ്റംസ് (E.S.) ഡിവിഷന്‍ ഉള്ള പത്താംനില; മറ്റു നിലകളില്‍ സിവില്‍ ഏവിയേഷന്‍, ഡിഫന്‍സ് ഏവിയേഷന്‍, മറൈന്‍ തുടങ്ങിയ ഓഫീസുകള്‍. E.S. ഡിവിഷന്‍ ഗുഡ്ഗാവിലേയ്ക്ക് മൂവ് ചെയ്യുന്നതിന്റെ ഭാഗമായി (കണ്‍സള്‍ട്ടന്റ് വഴി) ഒത്തുവന്ന ഒരു ജോലി-ചാന്‍സ്.

വിശേഷിപ്പിക്കാന്‍, രാജകീയം എന്ന വാക്ക് പോരാതെ വരുന്ന ഒരു പളുങ്കന്‍-പടുകൂറ്റന്‍ ഓഫീസ്. അതിന്റെ വാഷ് റൂമിലെ അലങ്കാരങ്ങള്‍ക്ക് പോലും സെവന്‍ സ്റ്റാറ് നിലവാരം. ഓഫര്‍ ചെയ്തത് ഞാന്‍ ചോദിക്കുക പോലും ചെയ്യാത്തത്ര ശമ്പളം.

അവസാന റൌണ്ടില്‍ ഞാനും ഒരു ഹിന്ദിക്കാരനും. എന്റെ ഡിപ്പാര്‍ട്മെന്റ് ഹെഡായി വരേണ്ടയാള്‍ എന്നെ മതിയെന്ന് നിശ്ചയിച്ചു. അയാള്‍ക്ക് മേലെയൊരു സായിപ്പുണ്ട്. മി. വില്യംസ്. അയാളാണ് ഫൈനല്‍ തീരുമാനമെടുക്കുന്നത്. dept. head ഓകേ ആക്കിയ സ്ഥിതിയ്ക്ക് സായിപ്പിനെ എന്ത് പേടിയ്ക്കാന്‍.

സായിപ്പ് ആദ്യം എന്നെ വിളിച്ചു. അകത്ത് കയറിച്ചെന്ന് ടകടകേന്ന് ഞാന്‍ സായിപ്പിനോട് ഇംഗ്ലീഷില്‍ തകര്‍ക്കുകയാണ്. ഇടയ്ക്കൊക്കെ തെറ്റുന്നുണ്ട്. നമുക്കത് വിഷയമല്ലല്ലോ; ഉറപ്പായ ജോലിയല്ലേ.

പുറത്തിറങ്ങി. പാവം ഹിന്ദിക്കാരന്‍ ക്യാന്‍ഡിഡേറ്റിനെ അകത്തേയ്ക്ക് പറഞ്ഞുവിട്ടു. അവന്റെ ആശിച്ചുള്ള ആ പോക്ക് കണ്ട് എനിക്ക് സഹതാപം തോന്നി :)

പക്ഷേ, അവന്‍ അകത്ത് കയറി ഒരു പതിനഞ്ചിരുപതു മിനിട്ടായിട്ടും ഇറങ്ങി വരുന്നില്ല. സംഗതി അട്ടിമറിയായെന്ന് എനിക്ക് സംശയം തോന്നിത്തുടങ്ങി. അധികം വൈകാതെ സംശയം ശരിയെന്ന് തെളിഞ്ഞു. സായിപ്പിന് ഹിന്ദിക്കാരനെ മതി (-:

dept. head-നെ അകത്ത് വിളിപ്പിച്ച് സായിപ്പ് എന്തൊക്കെയോ പറഞ്ഞു. പാവത്താന്‍ ഹെഡ് ! ദേഹം തിരിച്ച് വന്ന് എന്നെ വിളിച്ച് എന്തൊക്കെയോ എക്സ്ക്യൂസുകള്‍ പറഞ്ഞു. തത്കാലം ഇത്തിരി കാത്തിരിക്കണം. റോള്‍സ് റോയിസിലെ അടുത്ത ഒഴിവ് എന്തായാലും നിനക്കായിരിക്കും എന്നൊക്കെ.


സത്യം പറഞ്ഞാല്‍ കലിയും സങ്കടവും ഒന്നിച്ച് വന്നിട്ട് എനിക്ക് മിണ്ടാന്‍ തന്നെ പറ്റിയില്ല. ബുദ്ധിമുട്ടി ഒരു ‘സീ യൂ’ പറഞ്ഞിട്ട്, കണ്ണ് നിറഞ്ഞത് ആരും കാണാതിരിക്കാന്‍ തല കുനിച്ച് ഞാന്‍ ആ നീണ്ടു വിശാലമായി കിടക്കുന്ന ഓഫീസിലൂടെ ഇറങ്ങിപ്പോന്നത് കണ്ട് പലരും സഹതാപത്തോടെയോ പുച്ഛത്തോടെയോ ഒക്കെ നോക്കുന്നത് എനിക്ക് കാണാം. റോള്‍സ് റോയ്സ് എമ്പ്ലോയീ-ടാഗ് ധരിച്ച സെക്യൂരിറ്റി ഉള്‍പ്പെടെ :-)

ഇന്റര്‍വ്യൂവില്‍ ജോലി കിട്ടാഞ്ഞതിന് എനിക്ക് ബോധക്കേട് വന്നുവെന്ന് വരെ എന്റെ ചില സുഹൃത്തുക്കള്‍ ആ സംഭവത്തെ പറ്റി തമാ‍ശ പറഞ്ഞുനടന്നിരുന്നു :-) ഒരു വര്‍ഷം മിച്ചം കാത്തിരിക്കേണ്ടി വന്നു ആ വിഷമം മാറാന്‍. ഇ. എസ്. പി. എന്നില്‍ കയറിക്കൂടുന്നതു വരെ.


എന്നാലും, പ്രതീക്ഷകളുടെ കയറ്റിറക്കങ്ങളുള്ള ആ 96-2000 വര്‍ഷങ്ങളെ ഞാന്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നു. സ്റ്റെഡിയായി പോകുന്ന ജോലി പകല്‍ക്കിനാവുകളെ ഇല്ലായ്മ ചെയ്യുന്നു. (അഹങ്കാരം അഹങ്കാരം) ബെല്ലിയിലെ ഫയറിനെ മടി മൂലം തല്ലിക്കെടുത്തേണ്ടി വരുന്നു.

സ്വപ്നങ്ങള്‍...
സ്വപ്നങ്ങളേ......
നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ...
നിങ്ങളീ ഭൂമിയില്‍ ഇല്ലാ‍യിരുന്നെങ്കില്‍...
ഊഹുഹും ഊഹുഹും ഊഹും...

സസ്നേഹം
ds

Areekkodan | അരീക്കോടന്‍ said...

അഗ്രജേട്ടാ....
നെഞ്ചുവിരിച്ച്‌ താങ്കള്‍ എഴുതിയതെന്താന്ന് ആ കാട്ടറബിക്ക്‌ മനസ്സിലായില്ലല്ലേ......സാരംല്ല്യ...ഒക്കെ ശരിയാകും....

മുസ്തഫ|musthapha said...

‘ഇന്‍റര്‍വ്യു’ വായിച്ചതിലും കമന്‍റിയതിലും വളരെ സന്തോഷം. ചില പ്രയോഗങ്ങളൊഴിച്ചു നിറുത്തിയാല്‍ ബാക്കിയെല്ലാം വെറും പച്ചയായ സത്യങ്ങള്‍ മാത്രം... എല്ലാവര്‍ക്കും നന്ദി :)

വല്യമ്മായി: തേങ്ങയടി അസ്സലായി :)
സത്യത്തില്‍ എന്‍റെ കാര്യത്തില്‍ പരീക്ഷിക്കപ്പെട്ടത് ആ പാവം അറബിയല്ലേ :)

തറവാടി: വായിച്ചതിലും സമാനാനുഭവങ്ങള്‍ പങ്ക് വെച്ചതിലും വളരെ സന്തോഷം :)

ഇത്തിരിവെട്ടം: അന്നത്തെ ആ ഇന്‍റര്‍വ്യുവിലും ‘വാചാലമായ മൌനം’ തന്നെ ഇറക്കി കളിച്ചു അല്ലേ :)

കുട്ടമ്മേനോന്‍: പലരുടേയും കഥകള്‍ കേള്‍ക്കുമ്പോള്‍ തോന്നും ഇതൊക്കെ എത്ര നിസ്സാരം :)

വേണു: ഓര്‍മ്മകള്‍ മരിക്കാതിരിക്കുന്നതു കൊണ്ടായിരിക്കാം നമുക്ക് നമ്മളാവാന്‍ കഴിയുന്നതെന്ന് തോന്നുന്നു :)

ചില നേരത്ത്: ശരിക്കുള്ള വിറയല്‍ വരാനിരിക്കുന്നതേയുള്ളു :)

ഒരു പനിനീര്‍പൂവുമായി നില്‍ക്കുന്ന ശ്രീനിവാസനെ ഞാനിത്തരുണത്തില്‍ ഓര്‍ത്തു പോവുകയാണ്.

ദില്‍ബു: എനിക്ക് ഭയങ്കര ഇഷ്ടമാണ് നെഹ്രുവിന്‍റെ നെഞ്ചിലെ ആ പനിനീര്‍ പൂവ്വ് - ചെറുപ്പത്തില്‍ പനിനീര്‍ പൂവ്വൊന്ന് കയ്യില്‍ കിട്ടിയാല്‍ കരുതും - ഒരു കോട്ടു കിട്ടിയിരുന്നെങ്കിലെന്ന് :)

മുരളി: രണ്ട് കമന്‍റും കിട്ടി ബോധിച്ചു :)

ഞാന്‍ ഇരിങ്ങല്‍: രാജുജി, വന്നതില്‍ വളരെ സന്തോഷം...
പുലിയായിട്ടല്ല... പക്ഷെ, അതെല്ലാം 100% ശുദ്ധമായ നെയ്യില്‍ തയ്യാറാക്കിയ സത്യങ്ങള്‍ മാത്രം :)

മിന്നാമിനുങ്ങ്: ...കുത്തിനോവിച്ചതിനും നന്ദിയോ!... :)

കുറുമാന്‍: 538... ന്നാലും കാണാന്‍ ഭംഗി 505 തന്നെ :)

ഇടിവാള്‍: ‘ത’യല്ല ഡപ്പാങ്കുത്താണല്ലേ :)

ഏറനാടന്‍: എന്നെയങ്ങട്ട് കൊല്ല് :)

കിരണ്‍സ്: ങേ... ഇതിലൊരു മോണോആക്ടിനുള്ള വകുപ്പുമുണ്ടോ... കോപ്പിറൈറ്റ്... കോപ്പിറൈറ്റ്... :)

അരവിശിവ: അനുഭവങ്ങളെഴുതാന്‍ ഒട്ടും ആയാസപ്പെടേണ്ടി വരുന്നില്ല എന്നത് സത്യം :)

പച്ചാളം:
വിസാ വിസാ... എന്നവിടുന്ന് കരയും.
ജോലീ ജോലീ... എന്നിവിടെ വന്ന് കരയും.
അക്കമഡേഷന്‍... അക്കമഡേഷന്‍...
ട്രഫിക്‍... ട്രാഫിക്... എന്ന് പിന്നെ കരയും!
ഇവിടുത്തെ കൂട്ടക്കരച്ചിലിപ്പോള്‍ ഇങ്ങിനെയാണ് :)

സൂ: ശരിയാണ്... ഒന്നിനും പറ്റിയില്ലെങ്കിലും ദിവസേന ലഭിക്കുന്ന സി.വി. കള്‍ കളയാതെ സൂക്ഷിക്കാറുണ്ട് - കുറച്ചു കാലത്തേക്കെങ്കിലും.

പേടിക്കേണ്ട സൂ... ഇവിടുത്തെ അറബികളൊക്കെ ഒരു വിധം മലയാളം പഠിച്ചുവരുന്നു - ധൈര്യായിട്ട് പോരൂ :)

മുസാഫിര്‍: അനുഭവങ്ങള്‍ കുറിച്ചുവെക്കാനും നല്ല സുഖം :)

ആദീ: അങ്ങട്ട് പറഞ്ഞുപോകുന്നു...! ബ്ലോഗിലെത്തിയില്ലായിരുന്നെങ്കില്‍ എന്‍റേയും അടുത്ത ചിലരുടേയും മാത്രം മനസ്സിലടിഞ്ഞു പോവുമായിരുന്ന കാര്യങ്ങള്‍ :)

പുഴയോരം: ശരിയാണ്... എങ്കിലും ഒരുപാട്പേര്‍ക്ക് താങ്ങും തണലുമാകുന്നു ദുബായ് :)

പാര്‍വ്വതി: അതെ, എല്ലാം സര്‍വ്വലോക സൃഷടാവിന്‍റെ അനുഗ്രഹങ്ങള്‍ മാത്രം... എന്‍റുമ്മാടെ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനകള്‍ക്കുള്ള ഫലം :)

റീനി: അതെ, അനുഭവങ്ങള്‍ സത്യങ്ങള്‍ മാത്രം :)

ഇടങ്ങള്‍: വളരെ സന്തോഷം :)

പ‌ടിപ്പുര: വെല്‍ഡിംഗ് അങ്ങട്ട് പഠിച്ചെടുത്തതല്ലേ :)
ശരിയാണ്... എനിക്കും അറിയാം അങ്ങിനത്തെ ഒരുപാടു പേരെ... എന്‍റെ അനുഭവങ്ങളൊക്കെ തുലോം തുച്ഛം :)

നിക്ക്: ഞാനോ... എപ്പോ പറഞ്ഞു...:)

ശ്രീജിത്ത്: ആ അറബിയും ഇതുപോലത്തൊരു ബ്ലോഗെഴുതിക്കാണുമായിരിക്കും :)

സിജു: വളരെ സന്തോഷം :)

ദിവാ: വളരെ സന്തോഷം, വായിച്ചതിനും സമാനമായ അനുഭവങ്ങള്‍ ഇവിടെ പങ്ക് വെച്ചതിനും...ഒരു പോസ്റ്റിനുള്ള സാമഗ്രികളുണ്ടിതില്‍ :)

ഓര്‍മ്മകള്‍ക്കെന്തു ഭംഗി!

കമന്‍റുകളെല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ നല്ല പാതിയുടെ കമന്‍റിതായിരുന്നു...
‘ഇക്ക കഷ്ടപ്പാട് വിറ്റ് കാശാക്ക്വാണല്ലേ’ :)

വായിച്ചവര്‍ക്കും കമന്‍റിയവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

മുസ്തഫ|musthapha said...

ആബിദ്: ആബിദിന്‍റെ കമന്‍റിപ്പോഴാ കണ്ടത്... നന്ദി.

അതൊരു 13 കൊല്ലം മുന്‍പത്തെ കഥയായിരുന്നു... പിന്നീട് ദുബായ് അബ്രയില്‍ കൂടെ വെള്ളമൊരുപാടൊഴുകി... അതിലൂടെ ഒത്തിരി കടത്തുവള്ളങ്ങളും :)

സുല്‍ |Sul said...

ന്റെ റബ്ബെ ഞമ്മളിബ്ടെ കമെന്റീലെ?

വായിച്ചതു കീമാന്‍ ഇല്ലാത്തിടത്തിരുന്നായിരുന്നു. സൊ കമെന്റീല. മറന്നതായിരിക്കും.

നല്ല അനുഭവം. നല്ല വിവരണം.

സഖിയുടെ കമെന്റൊരു ഒന്നൊന്നര ആണല്ലൊ അഗ്രു.

Kalesh Kumar said...
This comment has been removed by a blog administrator.
Kalesh Kumar said...

അഗ്രജാ, ടച്ചിംഗ് പോസ്റ്റ്!

“ദുബായില്‍ നിന്റെ ബയോഡാറ്റ കിട്ടാത്ത കമ്പനികളൊന്നും കാ‍ണില്ലെടാ“ എന്ന തമാശയില്‍ പൊതിഞ്ഞ കുത്തുവാക്ക് കേട്ട് ഒരു തമാശയ്ക്കാ ഞാന്‍ ഉമ്മല്‍കുവൈന്റെ ചേംബര്‍ ഓഫ് കോമേഴ്സ് ഡയറക്ടറി എടുത്ത് അതില്‍ കളര്‍ പരസ്യങ്ങള്‍ കൊടുത്തിട്ടുള്ള കമ്പനികള്‍ക്കെല്ലാം ബയോഡാറ്റ ഫാക്സ് ചെയ്തത്. അങ്ങനെയാണെനിക്കിവിടെ ജോലി കിട്ടിയത്.

ഒരുപാട് അലഞ്ഞു ജോലിക്ക് വേണ്ടി. ഒരുപാട്! ദുബൈയിലെ ഒരുമാതിരി സകല ഓഫീസുകളിലെ ചവറ്റുകുട്ടകളിലും എന്റെ ബയോഡാറ്റ അതിന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കും. ജൂണ്‍-ജൂലായ് മാസങ്ങളിലൊക്കെ അലഞ്ഞിട്ടുണ്ട് വെയിലത്ത്!

ജോലിയില്ലാത്ത സമയത്ത് സുഹൃത്തുക്കളും സ്വന്തക്കാരുമൊക്കെ വളരെ കുറവായിരിക്കും! ഒരു ദിറഹംസിന്റെ കുബൂസ് മേടിക്കാന്‍ പോലും കൈയ്യില്‍ കാശില്ലാതിരുന്ന സമയങ്ങള്‍.....

വായിച്ചപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ മനസ്സിലേക്ക് വന്നു!

അതുല്യ said...

ഓഫീസില്‍ നിന്ന് ബ്ലോഗ്‌ പാടിലാ, പാടില്ലാ പാടില്ലാ. ദേവന്‍ പറഞ്ഞു, ഞാനും പറഞ്ഞു.. എന്നാലും പിന്മൊഴി ചിലപ്പോ ഒരു വീക്ക്നെസ്സ്‌.... ഒരു പേജോക്കെ വായിയ്കാം എന്ന് മനസ്സ്‌... വേഗം അടയ്കാം എന്നിട്ട്‌ വിന്‍ഡോ ക്ലോസ്‌... തുറക്കരുത്‌ ഒരിയ്കലും പിന്നെ റ്റില്‍ ഫൈവ്‌.. അങ്ങനെ ഒരുപേജിനെത്തിയതാണു.. കലേഷിന്റെ കമന്റ്‌ കണ്ടത്‌.. ഇവിടെയെത്തിയതും. ആരും പറയാത്ത ദുബായ്‌ എന്ന നഗരത്തിന്റെ കഥ പറയാന്‍ മുതിര്‍ന്ന അഗ്രജനു അഭിനന്ദനം. ഇന്ന് ശ്രീജിത്തിന്റെ ചാറ്റില്‍ കണ്ടപ്പോള്‍ ഞാന്‍ ഇത്‌ പോലെത്തെ ദുബായ്‌ ജീവിതം ഒരു സംസാര വിഷയം ആയിരുന്നു.

24 വയസ്സുള്ള എന്റെ ഒരു സുഹൃത്ത്‌ ജുലായ്‌ ആഗസ്റ്റ്‌ മാസങ്ങളില്‍ ദുബായ്‌ ഡേറ മുതല്‍ ഷൈയ്ക്‌ സായിദ്‌ റോഡു വരെ നടന്ന് ജോലി അന്വേക്ഷിച്ചിരുന്നു. കലേഷ്‌ പറഞ്ഞ പോലെ ഒരു ദിര്‍ഹം പോലും കൈയ്യില്‍ ഇല്ലാതെ, ഒരു പെപ്സി ക്യാനില്‍ ചൂടുള്ള വെള്ളം നിറച്ച്‌..... അന്ന് അവന്‍ ഓര്‍ത്തു പോലും, സ്കൂള്‍ വിട്ട്‌ വരുന്ന സമയത്ത്‌ അമ്മ ചൂടോടെ ഉണ്ടാക്കുന്ന പഴം പൊരിയേ കുറിച്ച്‌.. അത്‌ വേണ്ടന്ന് പറഞ്ഞ്‌ തട്ടി കളഞ്ഞതും ഒക്കെ..

ദുബായ്‌.. അങ്ങനെയാണു. ആര്‍ക്കൊക്കെയോ എന്തോക്കെയോ വാരിക്കോരി കൊടുക്കുന്നു. ചിലര്‍ക്ക്‌ നിരാശകള്‍/ചിലര്‍ക്ക്‌ സ്വര്‍ണ്ണ ഖ്നികള്‍. അത്‌ കൊണ്ടാകും ദുബായ്‌ ഫണ്‍ സിറ്റീന്ന് പറയുന്നത്‌. 18 കൊല്ലമുള്ള ഔദ്യോഗിക സമ്പത്തുമായി ഇവിടെ ഞാന്‍ ഇന്റര്‍വ്യൂനു വന്നപ്പ്പ്പോ ഒരു മാര്‍വാഡി പറഞ്ഞു, സെക്രട്ടറി പണിയും, ഓഫീസ്‌ ബോയ്‌ പണിയും നോക്കണം, 600 ദിര്‍ഹംസ്‌ തരാം... ദുബായില്‍ എല്ലാരും അങ്ങനെയല്ലാട്ടോ. വിവരദോഷികളുണ്ട്‌ കൂടുതല്‍ എന്ന് മാത്രം. പിന്നെ ഇപ്പൊ അര്‍ഹിയ്കാത്ത സ്വപ്ന സമേപിയായ സീനിയര്‍ പദവിയില്‍ ഇരിയ്കുമ്പോഴും എനിക്ക്‌ തോന്നാറുണ്ട്‌ ദൈവം എല്ലാം അറിയുന്നു, ദുബായി ഇങ്ങനേയും ആണെന്ന്. പിന്നെ കലേഷു പറഞ്ഞ ഒരു സറ്റ്യം, എപ്പോ ഫാക്സ്‌ മിഷീന്നില്‍ സി.വി. കള്‍ വരുമ്പോ, എന്റെ മനസ്സില്‍ തോന്നും, ആരെങ്കിലും ഒരു വിളി പ്രതീക്ഷിയ്കുന്നുണ്ടാവില്ലേ? പഴയ ഓഫീസില്‍ സി.വി കള്‍ വന്നത്‌ മേശപുറത്ത്‌ വിരിച്ച്‌ ലഞ്ച്‌ കഴിച്ചിരുന്നു.

മുസ്തഫ|musthapha said...

സുല്‍, കലേഷ്, അതുല്യ...

വായിച്ചതിലും സമാനനുഭവങ്ങള്‍ പങ്കുവെച്ചതിലും വളരെ സന്തോഷം :)

Visala Manaskan said...

ഇന്റര്‍വ്യൂ ഇഷ്ടപ്പെട്ടു.

'സംഭവത്തിന്‍റെ ഒരേകദേശ രൂപം മനസ്സിലായ ഞാന്‍ പറഞ്ഞു...'

[ nardnahc hsemus ] said...

ഇതിപ്പഴേ വായിയ്ക്കാന്‍ പറ്റിയുള്ളൂ...
ടച്ചിംഗ് ടച്ചിംഗ് മാന്‍!!..

അപ്പൊ തനിയ്ക്കടി കിട്ടാത്തേന്റെ കൊറവാ ല്ലെ?
എഴുതടോ മനുഷ്യാ‍......!!!

Roshan PM said...

ജീവിതത്തിലെ നായകന് എഴുതാൻ ഭാവന കനിയേണ്ട കാര്യമില്ല. നിങ്ങള് പുപ്പുലി തന്നെ

Nisha said...

പൊള്ളുന്ന ഓര്‍മ്മകള്‍...

NISHAADCHANDRAN said...

അപ്പോൾ ങ്ങള് ഇപ്പോൾ അവിടെ അറബീനേം പറ്റിച്ചിരിക്കലാല്ലേ 😀😀

ആ ചായപ്പീടിക്കല് തന്നെ നിന്നിരുന്നേൽ ഇന്ന് അങ്കമാലിയിലെ പ്രധാനമന്ത്രി ആവാമായിരുന്നു. 😀 കേരളത്തിലാണേൽ ഒരു പ്രധാനമന്ത്രിയുടെ കുറവുമുണ്ട് ഇപ്പോൾ. 😉


നല്ലെഴുത്ത് ഒറ്റ വാക്കിൽ പറഞ്ഞാൽ 👌

നൂറുകണക്കിന് മലയാളം വാക്കുകളുടെ അർത്ഥം ഇപ്പോഴും അറിയില്ല. അപ്പോഴാണ് മലയാളികൾ മറ്റൊരു ഭാഷ അറിയില്ലെന്നത് വല്ല്യൊരു കുറവായി കരുതി ജീവിക്കുന്നത്. ജീവിതം കൊണ്ട് പഠിക്കുന്നതാണ് മുന്നോട്ടുള്ള ജീവിതത്തിന്റെ ഇന്ധനവും, സമ്പത്തും 😊

NISHAADCHANDRAN said...

ജീവിതത്തിൽ എപ്പോഴും ചിരിയുണ്ടാക്കുന്ന സമാനമായ കുറച്ചു അനുഭവങ്ങൾ പിന്നൊരിക്കൽ പങ്കു വയ്ക്കാം 😀😀