Wednesday, November 29, 2006

നാടന്‍ശീലുകള്‍

രാത്രി രണ്ട് മണിക്കൂര്‍ നേരത്തെ ഉറങ്ങിയത് കൊണ്ടാവാം, ഇന്ന് രാവിലെ പത്ത് മിനിറ്റ് നേരത്തെ എണീക്കാന്‍ പറ്റിയത്. അത് കൊണ്ട് തന്നെ കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് കലസകുപ്പായാദികള്‍ വലിച്ചു കയറ്റലും... സ്... സ്... അതന്നെ, ഇസ്പ്രേ അടിക്കലും (ലേഡീസ് സ്പ്രേ ആയതോണ്ടാ ഇത്രേം സ്മൂത്തായ ശബ്ദം വന്നത്) കഴിഞ്ഞിട്ടും വണ്ടി വരാനുള്ള സമയത്തിന് 5 മിനിറ്റും അവരെന്നെ കാത്ത് നില്‍ക്കുന്ന സമയത്തിന് 7 മിനിറ്റും ബാക്കിയുണ്ടെന്ന് കണ്ടത്.

ഇത്രേം സമയമെങ്ങിനെ മാനേജ് ചെയ്യും എന്നോര്‍ത്ത് ‘ടെങ്ഷന’ടിക്കുമ്പോഴാണ് തീന്മേശയിലിരുന്ന്, പാച്ചുവിന് വേണ്ടി വാങ്ങി വെച്ചിരിക്കുന്ന നേന്ത്രപ്പഴം എന്നെ നോക്കി ചിരിക്കുന്നു... കൂടെ തൊട്ടപ്പുറത്തിരിക്കുന്ന ബ്രെഡ്ഡിന്‍റെ പായ്ക്കറ്റും ചിരിക്കുന്നുണ്ട്. സാധാരണ ഓഫീസിനടുത്തുള്ള കഫേറ്റേരിയയില്‍ നിന്നും നാല് ഇഡ്ഢലി സാമ്പാറൊഴിച്ചോ, മൂന്ന് വെള്ളപ്പം കടലക്കറി കൂട്ടിയോ പിന്നെ ഒരാശ്വാസത്തിന് ഒരു ഉഴുന്നുവട കൂടി കഴിക്കാറുള്ള ഞാന്‍ പിന്നെയൊന്നും ആലോചിച്ചില്ല, ഒരു പഴമെടുത്ത് ദില്‍ബുവിനേം മനസ്സില്‍ വിചാരിച്ച് തൊലിയങ്ങട്ട് പൊളിച്ചു. ദില്‍ബുവിനെ വിചാരിച്ച് എന്ത് കഴിച്ചാലും ‘പോളിംഗ്’ ശതമാനം കൂടുമെന്നാണ്, രണ്ടാം യു.എ.ഇ. ബുലോഗ മീറ്റ് കഴിഞ്ഞതില്‍ പിന്നെയുള്ള ബൂലോഗജന സംസാരം.

പഴത്തിന്‍റെ കൂടെ കമ്പനിക്ക് ഒരു സ്ലൈസുമെടുത്ത് തിരുകി... ഇന്നെന്ത് പോസ്റ്റിടും എന്ന ‘ടെങ്ഷനില്‍‘ ഒരു സ്ലൈസും കൂടെ തള്ളുമ്പോഴാണ് തൊട്ടടുത്ത് നിന്നിരുന്ന ‘അഗ്രജി’യുടെ വഹ ഒരു പാട്ട് കേട്ടത്...

‘ഒണക്കപ്പുട്ടേ
കളിക്കേണ്ടാട്ടോ
.............
.............‘

തീറ്റയുടെ ആക്രാന്തത്തില്‍ മുഴുവന്‍ കേള്‍ക്കാന്‍ പറ്റാത്ത ഞാന്‍, ഒന്നു കൂടെ ആവര്‍ത്തിക്കാന്‍ പറഞ്ഞ് ഒരു സ്ലൈസ് കൂടെ വായിലോട്ടു തിരുകി.

‘ഒണക്കപ്പുട്ടേ
കളിക്കേണ്ടാട്ടോ
മൈസൂര്‍പ്പഴം
ചേര്‍ത്തടിക്കും നിന്നെ’

മുഴുവനും കേട്ടപ്പോള്‍ രസം തോന്നി. ചെറുപ്പത്തില്‍ ഏതോ കൂട്ടുകാരി സ്ഥിരമായി ചൊല്ലിയിരുന്നതാത്രേ... പഴവും ഉണക്ക ബ്രഡ്ഡും കണ്ടപ്പോള്‍ വീണ്ടും ഓര്‍മ്മ വന്നതായിരിക്കും!

ചെറുപ്പത്തില്‍ ഇങ്ങനത്തെ ഒരു പാട് ശീലുകള്‍ കേട്ടിട്ടുണ്ട്. പക്ഷേ ഒന്നും ഓര്‍മ്മ വരുന്നില്ല. എന്തോ എനിക്കതൊക്കെ കേള്‍ക്കുന്നത് പെരുത്തിഷ്ടാ... അവയൊക്കെ കേള്‍ക്കുമ്പോള്‍ അതിനോടനുബന്ധപ്പെട്ട, വിസ്മൃതിയിലാണ്ടു പോയ പലതും ഓര്‍മ്മ വരും.

ജോലി സ്ഥലമെത്തി വണ്ടിയിറങ്ങിയപ്പോള്‍, സ്ഥിരം പോകുന്ന വഴിയേ കാലുകള്‍ നടന്നു... കൂടെ ബ്ലോഗില്‍ ഇന്നെന്ത് പോസ്റ്റണം എന്ന ചിന്തകളുമേന്തി എന്‍റെ ശരീരവും. സാമ്പാറൊഴിച്ച നാല് ഇഡ്ഢലികളുമായി പാത്രം മുന്നില്‍ നിരന്നു. സ്ഥിരം കസ്റ്റമറായതോണ്ട് അവിടുത്തെ പയ്യന് എണ്ണമൊരിക്കലും തെറ്റാറില്ല. രണ്ടെണ്ണം അകത്താക്കിയപ്പോഴാണ് വീട്ടില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച വിവരം ഓര്‍മ്മ വന്നത്. പിന്നെ ഭക്ഷണ സാധനമല്ലേ, കാശ് കൊടുത്ത് വാങ്ങിക്കുന്നതല്ലേ എന്ന് കരുതിയതോണ്ട് കളയാനൊന്നും പോയില്ല.

നല്ലൊരു ഏമ്പക്കവും വിട്ട്, ഓഫീസിലേക്കുള്ള ലിഫ്റ്റ് പിടിക്കാന്‍ കാത്ത് നില്‍ക്കുമ്പോഴാണ് തോന്നിയത്, ലവനെ തന്നെയങ്ങട്ട് പോസ്റ്റാക്കിയാലോന്ന്!

ഇതുപോലത്തെ വരികള്‍ മറ്റുള്ളവരില്‍ നിന്നും കിട്ടിയാല്‍ അതും ആയല്ലോ!


* * * *
നിങ്ങള്‍ക്കറിയാവുന്നവ, ഓര്‍മ്മയുള്ളവ ഇവിടെ കുറിക്കുകയാണെങ്കില്‍ നന്നായിരുന്നു... നന്ദി.

21 comments:

തറവാടി said...

രാവിലത്തെ പുട്ടും പഴത്തിനേ പോസ്റ്റാക്കുന്ന , അഗ്രജാ , വടയുടെ കാര്യം ഓര്‍മ്മിപ്പിക്കേണ്ടായിരുന്നു , കാരണം , അതുണ്ടാക്കുന്നതില്‍ ഞങ്ങളെന്നും ഒരു പരാജയമാണൈ , അതുല്യ ചേച്ചിയുടെ ഒരു ഓഫറുണ്ട് അതിനാല്‍ തക്കലം വയറിനൊന്നും( താങ്കളുടെ) സംഭവിക്കാതിരിക്കില്ലാന്ന് വിശ്വസിക്കാം , പ്രാര്‍ഥിക്കൂ നന്നായി ( വേറാഉം ഇത് കാണാതിരിക്കട്ടെ , ഇത്‌ ഞാനല്ല എഴുതിയത് )

ശ്രീജിത്ത്‌ കെ said...

ദില്‍ബനിട്ട് കൊട്ടിയത് അസ്സലായി. ഇനി ഭഷണം കഴിക്കുമ്പോള്‍ അതൊന്ന് ശ്രമിച്ച് നോക്കണം

Sul | സുല്‍ said...

അഗ്രജാ നീ ഒരു മഹാ സംഭവമാണ്. ഒരു ദിവസം 10 മിനുട്ട് നേരത്തെ എഴുന്നേറ്റാല്‍ അതൊരു പോസ്റ്റാക്കാന്‍ പറ്റുന്നവന്‍. ഏതായാലും കൊള്ളാം.

അഗ്രജിയുടെ കയ്യില്‍ ഓള്‍ഡ് സ്റ്റോക്ക് കുറെ കാണുമല്ലൊ?

-സുല്‍

മുല്ലപ്പൂ || Mullappoo said...

ബ്രേക്ക് ഫാസ്റ്റ് പോസ്റ്റ് കൊള്ളാം .
"ഒരു പഴമെടുത്ത് ദില്‍ബുവിനേം മനസ്സില്‍ വിചാരിച്ച് “ ഹഹഹഹ .

മിന്നാമിനുങ്ങ്‌ said...

‘ഒണക്കപ്പുട്ടേ
കളിക്കേണ്ടാട്ടോ
മൈസൂര്‍പ്പഴം
ചേര്‍ത്തടിക്കും നിന്നെ’

വരട്ടെ,നാടന്‍ശീലുകളിനിയും..
അഗ്രൂ..നാളെ മുതല്‍ ഒരിരുപത് മിനുട്ട് നേരത്തെയെങ്കിലും എണീക്ക്.എന്നാല്‍,പുതിയ പുതിയ നാടന്‍ ശീലുകള്‍ പഠിക്കാല്ലൊ.!

കുട്ടന്മേനൊന്‍::KM said...

ഹ ഹ ഹ....ഏതായാ‍ലും ആരും ‘ഈ ഒണക്കപ്പുട്ട് വേണ്ടേ വേണ്ട‘ എന്നു പറഞ്ഞില്ലല്ലോ.

വിശാല മനസ്കന്‍ said...

:) പോളിങ്ങ് ശതമാനമുയര്‍ത്തും ദില്‍ബന്! ഹഹ.

അഗ്രജാ പോസ്റ്റും പാട്ടും ഇഷ്ടപ്പെട്ടു. പൂട്ട് കിട്ടിയിരുന്നേല്‍ അതും!

കുറുമാന്‍ said...

ഇത് എനിക്ക് ക്ഷ പിടിച്ചു അഗ്രജാ...

അപ്പോ അഗ്രജി പാട്ടു പാടും അല്ലെ?

കരീം മാഷ്‌ said...

ഊണിന്നു കറിയുടെ വിഭവങ്ങള്‍ അപൂര്‍വ്വമാകുമ്പോള്‍ കെട്ട്യോളെ കളിയാക്കാന്‍ വേണ്ടി ഞാന്‍ ഊണ്‍ മേശയില്‍ വെച്ച്‌ ഗായകന്‍ ജയചന്ദ്രനെ പ്രസിദ്ധനാക്കിയ "മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു........"
എന്ന സിനിമാപാട്ടിന്റെ പാരഡിയായി
"പുളിഞ്ചാറ്റില്‍ മുങ്ങിത്തപ്പി,
വെണ്ടക്കാ കഷ്‌ണം കിട്ടി,
നിന്നെ മാത്രം കണ്ടില്ലല്ലോ? തക്കാളീ,
നീ മാത്രം വന്നില്ലല്ലോ"
എന്നു പാടും.
നല്ല കറിയുണ്ടാക്കുന്ന ദിവസം അവള്‍ മുന്‍കൂറായി പറയും "ഇന്നു യേശുദാസിന്റെ പാട്ടു പാടേണ്ടി വരും".
എന്നാലും ഞാന്‍ ജയചന്ദ്രന്റെ പാട്ടിന്റെ പാരടിയേ പാടൂ.
"ഒരു ചീക്‌ ചീക്‌ ചീക്കാം കവിളില്‍,
ഉമിനീരു നിറക്കും കറിയേ ശുക്‌രിയാ !.ശുക്‌രിയാ!"

Peelikkutty!!!!! said...

പോസ്റ്റ് അടിപൊളി!
സോറി ..നൊ ശീലുകള്‍ സ്റ്റോക്ക്.

ഏറനാടന്‍ said...

നാടന്‍ ശീലുകള്‍ ഇല്ലെങ്കിലും ഒരു ഗാനത്തിന്റെ ഏറനാടന്‍ വേര്‍ഷന്‍ ഒന്നു മൂളാം:

"നെറ്റിയില്‍ പുഗ്ഗിള്ള
സ്വര്‍ണ്ണചെറകിള്ള പച്ചീ
ഇജ്ജ്‌ പാടാത്തതെത്തേയ്‌??"

കൊള്ളാം എന്തും രസകരമായി പോസ്റ്റ്‌ ആക്കാമെന്നും ഒണക്കപ്പുട്ട്‌ എങ്ങനെ അകത്താക്കാമെന്നും ശ്രീ.ബഹു.അഗ്രജനവര്‍കള്‍ തെളിയിച്ചിരിക്കുന്നു!

ikkaas|ഇക്കാസ് said...

അഗ്രൂ..
ഇത്തറേം പ്രതീക്ഷിച്ചില്ല.
ഇഞ്ഞീപ്പോ അടിപൊളി പുട്ടു പാട്ടുകളും അപ്പപ്പാട്ടുകളുമൊക്കെ വരുമല്ലോ..

ദില്‍ബാസുരന്‍ said...

അതും എന്റെ നെഞ്ചത്ത്. :-(

ങാ.. നടക്കട്ടെ. :-)

വിചാരം said...

ബൂലോകത്തിലെ ആരും ഇനിയൊരു പോസ്റ്റിനായ് തല പുണ്ണാക്കേണ്ടി വരില്ല ദേ... അഗ്രജന്‍റെ വഴിയെ സഞ്ചരിചാല്‍ മതിയല്ലോ ... ഇനി എന്തല്ലാം ഞാന്‍ കാണണം . എന്‍റെ ഈശ്വരാ... ( നന്നായിരിക്കുന്നു ട്ടോ . )

മഴത്തുള്ളി said...

ഞാനും വിചാരം പറഞ്ഞത് ചിന്തിക്കുവായിരുന്നു. എന്തെങ്കിലുമൊക്കെ എഴുതണേല്‍ എന്തെങ്കിലും മനസ്സില്‍ വരണ്ടേ. ;)

പിന്നെ ഞാനും ദില്‍ബനെ ഓര്‍ത്ത് ഒരു പഴം കഴിക്കട്ടെ. ;)

അഗ്രജാ.. കൊള്ളാം. :)

വല്യമ്മായി said...

അതു കൊള്ളാം.അപ്പോ തടി കുറയാന്‍ പച്ചാളത്തിനെ വിചാരിച്ച് കഴിച്ചാല്‍ മതിയൊ

അഗ്രജന്‍ said...

തറവാടി: വട തിന്നുന്ന കാര്യത്തില്‍ താങ്കള്‍ ഒരു പരാജയമല്ല എന്നുള്ളത് യു.എ.ഇ. മീറ്റില്‍ വെച്ചെനിക്ക് മനസ്സിലായി :)

ശ്രീജി: ഓ... ഇനിപ്പോ അതിന്‍റെ കൊറവേയുള്ളൂ.. :)

സുല്‍: ശ്ശൊ... നിന്നെക്കൊണ്ട് തോറ്റു :)

മുല്ലപ്പൂ: എല്ലാരും കൂടെ ചിരിച്ച് ചിരിച്ച്... ആ ചെക്കനെക്കൊണ്ട് എനിക്കിട്ട് ഇരുട്ടടി തരീപ്പിക്കും അല്ലേ :)

മിന്നാമുനുങ്ങേ: ഹ ഹ... അതെനിക്കിഷ്ടായി :)

കൂട്ടമ്മേനോനേ: :)

കുറുമാനേ: അഗ്രജിയെ അങ്ങിനെ പ്രോത്സാഹിപ്പിക്കല്ലേ... എനിക്ക് മരിക്കോളം ജീവിക്കേണ്ടതല്ലേ :)

കരീം മാഷേ: ഹ ഹ... ഉമിനീര് നിറഞ്ഞ വായും വെച്ച് ‘ശുക്‌രിയാ‘ പാടിയാലുള്ള അവസ്ഥ... ഹോ... ഓര്‍ക്കാന്‍ കൂടെ വയ്യ :)

പീലിക്കുട്ടി: :)

ഏറനാടാ: ശ്രീ.ബഹു.അഗ്രജനവര്‍കള്‍... ഇതെന്തേ ഇത്രയ്ക്കും കുറഞ്ഞു പോയത് :)

ഇക്കാസേ: ഞാനും പ്രതീക്ഷിച്ചില്ല :)

അപ്പോ... ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനു കാണാട്ടോ (ഇന്‍ഷാ അള്ളാ)

ദില്‍ബൂ: എന്തൊരു മഹാ... :)

വിചാരം: അതെ, സഞ്ചരിക്കാന്‍ പറ്റിയ ബെസ്റ്റ് വഴി :)

മഴത്തുള്ളി: :)

വല്യമ്മായി: ദില്‍ബുവിനറിയുമോ പച്ചാളത്തിന്‍റെ വേദന :)

വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം. എല്ലാവര്‍ക്കും നന്ദി :)

Anonymous said...

ഒരു രണ്ട് പാട്ട് എന്റെ വക സംഭാവന... . പണ്ടെപ്പഴോ പാടിക്കേട്ടതാ!

ചേരിക്കുണ്ടിലെ കടുങ്ങാലീ
നിന്നെ ഞാന്‍ പിടിക്കുമേ
ചട്ടീലിട്ട് വറക്കുമേ
ചോറിന്റെ തെമ്പത്ത് വെയ്ക്കുമേ
നുള്ളി നുള്ളിക്കൂട്ടുമേ..

(കടുങ്ങാലി = ഒരു തരം മത്സ്യം, ഈ വയലിലൊക്കെ കാണൂന്ന തരം)

ഒന്നൂടെ...

കുഞ്ഞിക്കുഞ്ഞിക്കുറുക്കാ, നിനക്കെന്തു വെരത്തം?
തലക്കുത്തും പനിയും വൈച്ച്യേരെ
അതിനെന്തു വൈച്യം വൈച്യേരെ?
വെളുക്കുമ്മം കുളിക്കണം
വെളുത്ത മുണ്ടുടുക്കണം
കടപ്പറം പോവണം
ഞണ്ടിനെ പിടിക്കണം
കറുമുറെ തിന്നണം
പിരുപിരെ തൂറണം
കുന്നുമ്മെ കേറണം
കൂക്കി വിളിക്കണം
കൂ...കൂ...കൂ...

(വെരത്തം = ദീനം, രോഗം - തലക്കുത്ത് = തലവേദന
- വൈച്യം = വൈദ്യം - വൈച്യര്‍ = വൈദ്യര്‍)

ഇനിയും ആര്‍ക്കേലും അറിയാമെങ്കില്‍ പോസ്റ്റ് ചെയ്യൂ..വെറുതെ ഇതൊക്കെ സ്വരുക്കൂട്ടി വെക്കാലോ)

അരീക്കോടന്‍ said...

ഏെറനാടന്‍ പോസ്റ്റിയ പോലെ ഒരു പോസ്റ്റ്‌...

ഇജ്ജ്‌ മതു പകരൂ
ഇജ്ജ്‌ മലര്‍ ചൊരിയൂ
അനുരാഗപൌര്‍ണ്ണമിയേ
ഇജ്ജ്‌ മായല്ലേ ഇജ്ജ്‌ മറയല്ലേ
നീലനിലവൊലിയേ

Anonymous said...

പുഗ്ഗേ പുഗ്ഗേ പലപ്പുഗ്ഗേ
സെന്റിച്ചിരി ഖല്‍ബില്‍ തായോ
മൊഹബത്തിന്‍ അത്തര്‍ ഞാനും
പകരം നല്‍കാം.

എങ്ങനെ...?

വിശ്വപ്രഭ viswaprabha said...

ബര്‍ത്ത പത്തിരി ഇടിച്ചു തള്ള്‌ണ മിടുക്കിപ്പാത്തുമ്മാ,
നിന്റെ ചെരട്ട്പ്പൂട്ടിന്റെ സ്വാദു നോക്കണ ദിവസമെന്നാണ്...?