Sunday, December 10, 2006

പ്രവാസത്തിലേക്ക്...

1993 ഡിസംബര്‍ 9

സമയം രാവിലെ 09:40

കേരളത്തിലെ ഒരു കൊച്ചു ഗ്രാമം.

ട്രാവല്‍സിന്‍റെ ബാംബൂ ഫ്രൈമില്‍ ഗ്ലാസ്സിട്ട വാതില്‍ പൂട്ടിയപ്പോള്‍ മൂന്നു വര്‍ഷത്തോളം കുറഞ്ഞ ശമ്പളത്തിലാണെങ്കിലും ഒരു ‘ആപ്പീസര്‍‘ ആയി വിഹരിച്ച സ്ഥാപനത്തോട് യാത്ര പറയാന്‍ ശരിക്കും ഒരു വിഷമം തോന്നി.

താക്കോല്‍ സഹപ്രവര്‍ത്തകന്‍ സിദ്ധീക്കിന്‍റെ വീട്ടില്‍ കൊടുത്തു. അവന്‍റെ ഉമ്മാട് യാത്ര പറഞ്ഞു.

‘എപ്പളാ പോണത്’
‘ഫ്ലൈറ്റ് നാളെയാണ്, പക്ഷേ ഇന്ന് ഒരു മണിക്ക് ശേഷം ഇറങ്ങും, തിരുവനന്തപുരത്ത് എത്തേണ്ടതല്ലെ’
‘പടച്ചോന്‍ ഖൈര്‍‍‍ (ഗുണം) ആക്കി തരട്ടെ’
‘ആമീന്‍‘

അവിടെ നിന്നുമിറങ്ങിയപ്പോള്‍, ട്രാവല്‍സിന്‍റെ ഉടമ മാഷെ കണ്ടു.
‘അപ്പോ പറഞ്ഞത് പോലെ, വിസിറ്റിംഗ് വിസയിലല്ലേ പോവുന്നത്... ഇന്‍ഷാ അള്ളാ എന്തെങ്കിലും ജോലി ശരിയാകും... പിന്നെ ഇനി ഒന്നും ശരിയാകതെ തിരിച്ചു വന്നാലും വേറെ എങ്ങും പോണ്ട, നിന്‍റെ ഈ സീറ്റ് ഇവിടെ തന്നെ കാണും’.

മാഷുടെ ആത്മാര്‍ത്ഥതയില്‍ സന്തോഷം തോന്നിയെങ്കിലും ‘ഒന്നുമാവാതെ ഒരു തിരിച്ചു വരവ്’ അത് ചിന്തിക്കാനേ കഴിയുമായിരുന്നില്ല.

ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ച് എല്ലാവരോടും യാത്ര പറഞ്ഞു... പ്രിയപ്പെട്ടവരെ പിരിയുന്നതില്‍ വലിയൊരു സങ്കടമൊന്നും അപ്പോള്‍ തോന്നിയില്ല. ഉമ്മാനെ കെട്ടിപ്പുണര്‍ന്നപ്പോള്‍ മാത്രം ഉള്ളം പിടഞ്ഞുവെങ്കിലും കണ്ണുകള്‍ ഒട്ടും നനഞ്ഞില്ല. പണം വാരാനുള്ള പോക്കല്ലേ, അതും തിളക്കുന്ന ചെറുപ്പവും... പിന്നെ ചെല്ലുന്നത് കുറേ കാലമായി കാണാതിരിക്കുന്ന ഉപ്പാടെ അടുത്തേക്കും.

ഞാനും വലിയഅമ്മാവനും അനിയന്‍ പടയും സുഹൃത്തും കൂടെ തൃശ്ശൂരിലേക്ക് തിരിച്ചു. കൂടെ ഇട്ടതിനുപുറമേ ഒരു ജോഡി ഡ്രസ്സും രണ്ട് തോര്‍ത്തുമുണ്ടും രണ്ട് ലുങ്കിയും ബ്രഷും പെയ്സ്റ്റും മാത്രമടങ്ങിയ ബാഗും. പലഹാരങ്ങള്‍ തുടങ്ങി ഒരു വിധ ഭക്ഷണ സാധനങ്ങളും കൊണ്ട് വരരുത് എന്ന് ഉപ്പാടെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നത് കൊണ്ട് ആ ജാതി സാധനങ്ങള്‍ ഒന്നും കരുതിയിരുന്നില്ല.

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍...

സ്റ്റേഷനകത്തോട്ട് ടിക്കറ്റെടുക്കാന്‍ കയറുന്നതിനു മുന്‍പ് ഒരു ഉള്‍വിളി. ടിക്കറ്റ് ഒന്നു കൂടെ കണ്‍ഫേം ചെയ്തേക്കാം. ഗള്‍ഫ് എയര്‍ ഓഫീസില്‍ വിളിച്ചപ്പോള്‍ ഞെട്ടിപ്പോയി. തിരുവനന്തപുരം ബഹറൈന്‍ സെക്ടറില്‍ സീറ്റ് കണ്‍ഫെം ആണെങ്കിലും ബഹറൈന്‍ - ഫുജൈറ സീറ്റ് വെയിറ്റിംഗ് ലിസ്റ്റിലാണ്. ട്രാവല്‍സില്‍ വന്നിരുന്ന പല കസ്റ്റമേര്‍സിനെയും മനപൂര്‍വ്വമല്ലതെ തന്നെ ഇങ്ങിനത്തെ ചില അവസ്ഥകളില്‍ ഞങ്ങളായിട്ട് കൊണ്ടിടാറുണ്ട്. ചിലപ്പോള്‍ യാത്ര ഇറങ്ങുന്നതിന് വെറും നിമിഷങ്ങള്‍ക്ക് മുമ്പായിരിക്കും ടിക്കറ്റുമായി ഞങ്ങള്‍ എത്തുക. അവരുടെ വേദനയും പിരാക്കും ഇതാ എന്‍റെ തലയില്‍ ഒന്നിച്ച് പതിച്ചിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി. അമ്മാവനും കൂടെ വന്ന മറ്റുള്ളവരും ആകെ വിഷമസന്ധിയിലായി. അമ്മാവന്‍ ‘സ്നേഹ ശാസന’ തുടങ്ങിക്കഴിഞ്ഞു...

‘ഇയ്യൊക്കെ ഇക്കണ്ട കാലം ട്രാവല്‍സിലാ പണ്യെടുത്തെന്ന് പറഞ്ഞിട്ടെന്ത് കാര്യം... സ്വന്തം കാര്യം നോക്കാന്‍ പറ്റാത്ത കടിഞ്ഞിപൊട്ടന്‍‘.

രണ്ട് മൂന്ന് വര്‍ഷം കയിലു കുത്തിയതല്ലേ... പലര്‍ക്കും സീറ്റ് ഫുള്‍ ആയ ഫ്ലൈറ്റുകളില്‍ സീറ്റൊപ്പിച്ച് കൊടുത്തിട്ടുള്ളതല്ലെ... ഉള്ള പരിചയം വെച്ച് എന്തെങ്കിലും ചെയ്യാം. എന്‍റെ ധൈര്യത്തിന്‍റെ ബലത്തില്‍ ഞാനും രണ്ട് അനിയന്മാരും സ്നേഹിതനും കൂടെ നേരെ എറണാകുളത്തിന് വെച്ചു പിടിച്ചു.

എറാണാകുളം...

നേരെ ഷിപ്പ് യാര്‍ഡിന് സമീപത്തുള്ള ഗള്‍ഫ് എയര്‍ ഓഫീസില്‍ പോയി... ഒരു രക്ഷയുമില്ല. ബഹറൈന്‍ - ഫുജൈറ സെക്ടര്‍ വെയ്റ്റിംഗ് ലിസ്റ്റ് തന്നെ. പിന്നെ ചെയ്യാവുന്ന ഒരു കാര്യം, ആ സെക്ടര്‍ ബിസിനസ്സ് ക്ലാസ്സാക്കി റീ ഇഷ്യൂ ചെയ്യുക എന്നത് മാത്രം. അതിന് 1850 രൂപ കൂടുതല്‍ വരും. നമ്മുടെ കയ്യിലാണെങ്കില്‍, തിരുവനന്തപുരത്തേക്കും കൂടെ വന്നവര്‍ക്ക് അവിടുന്ന് തിരിച്ചു വരാനുമുള്ള യാത്രാ ചിലവിനുള്ള കാശേ ഉള്ളൂ താനും. സമയം അഞ്ച് മണിയാവാറായിരിക്കുന്നു... ഓഫീസ് പൂട്ടന്‍ അധികസമയവുമില്ല. ‍ അവസാന ശ്രമമെന്ന നിലക്ക് അവിടെ (എറണാകുളത്ത്) ഞങ്ങളുടെ വര്‍ക്കുകളൊക്കെ ചെയ്യിക്കാറുള്ള പള്ളിമുക്കിലെ ട്രാവല്‍ ഏജന്‍സിയിലെത്തി, അതിന്‍റെ ഉടമ അംബികേച്ചിയോട് കാര്യങ്ങള്‍ പറഞ്ഞു. അവര്‍ക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നുള്ളതായിരുന്നു ഉദ്ദേശം. അവരും പറഞ്ഞു പോവണമെന്നുണ്ടെങ്കില്‍ ടിക്കറ്റ് റീ ഇഷ്യൂ ചെയ്യാന്‍.

കാശിനെന്തു ചെയ്യും, കുറേ കാലത്തെ പരിചയമുള്ളതല്ലേ, ഒരു വിഫല ശ്രമമെന്ന നിലക്ക് അവരോട് ഞാന്‍ ചോദിച്ചു...
'ചേച്ചി, എനിക്ക് ഒരു സഹായം ചെയ്യണം, അടുത്ത ദിവസം സിദ്ധീക് (എന്‍റെ സഹപ്രവര്‍ത്തകന്‍) വരുമ്പോള്‍ കാശ് എത്തിക്കാം, എനിക്ക് ടിക്കറ്റ് റീ ഇഷ്യു ചെയ്യാനുള്ള കാശ് തരണം’. ആദ്യം ഒന്ന് മടിച്ചെങ്കിലും അവര്‍ കാശെടുത്തു തന്നു... വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ നിറയാത്ത കണ്ണുകളില്‍ അവിടെ വെച്ച് നനവ് പടര്‍ന്നു, ഞാനറിയാതെ തന്നെ.

ആ കാശുമായി നേരെ ഗള്‍ഫെയറിന്‍റെ ഓഫീസിലേക്ക് ഓട്ടോ വിളിച്ചു. ഓട്ടൊയ്ക്ക് ഒട്ടും സ്പീഡില്ലെന്ന് തോന്നി. ഞങ്ങളെത്തുമ്പോള്‍ മനേജര്‍ ടോം, വിനയന്‍ എന്നീ രണ്ട് പേരൊഴിച്ച് ബാക്കിയെല്ലാവരും പോയിരുന്നു. ടിക്കറ്റ് വാങ്ങിച്ചതിന് ശേഷമാണ് ഒന്ന് ലാവിഷായി ശ്വാസം വിട്ടത്.

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ചെന്ന് തിരുവനന്തപുരത്തേക്ക് കയറി. പിറ്റേന്ന് പുലര്‍ച്ചെ തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡിലെത്തി, എയര്‍പോര്‍ട്ടിലേക്ക് ഓട്ടോ പിടിച്ചു. അവിടെ അടുത്ത് തന്നെയുള്ള ലോഡ്ജില്‍ തങ്ങി രാവിലെ ‘അയലക്കറി’യും ‘വെള്ളയപ്പ’വും കഴിച്ച് എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു.

തിരുവനന്തപുരം എയര്‍പോര്‍ട്ട്...

എല്ലാവരേയും ഒരിക്കല്‍ കൂടെ പുണര്‍ന്ന് യാത്ര പറഞ്ഞ് ബാഗും തൂക്കി ഞാന്‍ കൌണ്ടറിലേക്ക് നടന്നു. അവിടെ കൌണ്ടറില്‍ ടൈയും കോട്ടുമണിഞ്ഞ ഒരു ‘സാറ്’ നിന്നിരുന്നു... അയാള്‍ ടിക്കറ്റ് വാങ്ങി നോക്കിയിട്ട്, കൌണ്ട്റില്‍ ഇരുന്നിരുന്ന ഓഫീസറേയും കാണിച്ചിട്ട് എന്നോട് പറഞ്ഞു...

‘ഇത് റീ ഇഷ്യൂ ചെയ്തത് ശരിയല്ലല്ലോ, ഇത്രയും കുറഞ്ഞ സംഖ്യയ്ക്കെങ്ങിനെ ബിസിനസ്സ് ക്ലാസ്സ് ചെയ്യും’

അത് കേട്ട് എന്നില്‍ നിന്നും‍, എന്‍റെ യാത്രയിലെ രണ്ടാമത്തെ ഞെട്ടല്‍ പുറത്ത് വന്നു. എങ്കിലും റസീറ്റ് എടുത്ത് കൌണ്ടറില്‍ വെച്ച് ഞാന്‍ പറഞ്ഞു...

‘അതെനിക്കറിയില്ലല്ലോ, എറണാകുളത്തെ ഓഫീസില്‍ നിന്നുമാണ് ഞാനിത് ചെയ്തത്... മാത്രമല്ല ബഹറൈന്‍ - ഫുജൈറ എന്നത് ഷോര്‍ട്ട് ഡിസ്റ്റന്‍സ് അല്ലേ, അതിനുള്ള ഫെയര്‍ ഡിഫ്റന്‍റ്സ് ഇതിലും കൂടുതല്‍ വരുമോ’

‘അങ്ങിനെ പറഞ്ഞാലെങ്ങിനെ, നിങ്ങള്‍ ഒരു കാര്യം ചെയ്യൂ... എക്കോണമി ക്ലാസ്സിന് കണ്‍ഫേം ചെയ്തു തരാം‘

‘അതിനാണോ ഞാനിത്രേം കഷ്ടപ്പെട്ടത്... ഇന്നലെയില്ലാതിരുന്ന സീറ്റിപ്പോ എവിടുന്ന് വന്നു’... എനിക്കാകെ ചൊറിഞ്ഞു വന്നു.

‘അത് വെയിറ്റിംഗ് ലിസ്റ്റില്‍ ക്ലിയറായി വന്ന ഒരു സീറ്റാണ്, വേണെമെങ്കില്‍ ചെയ്തു തരാം’

‘ഓകെ... പക്ഷെ, ഞാന്‍ അഡീഷണല്‍ പേ ചെയ്ത കാശ് റീഫണ്ട് ചെയ്യണം’

‘അതൊന്നും നടക്കില്ല’

‘അതെങ്ങിനെ‘ ഞാന്‍ വിട്ട് കൊടുത്തില്ല.

അവസാനം അയാള്‍ ആംഗലേയത്തില്‍ ‘വേണമെങ്കില്‍ പോടേയ്, ഇല്ലെങ്കില്‍ എന്താന്ന് വെച്ചാ ചെയ്യ്’ എന്നര്‍ത്ഥം (അങ്ങിനെയാവണം) വരുന്ന വാക്കുകള്‍ പറഞ്ഞിട്ട് അവിടുന്ന് പോയി. ആംഗലേയ ഡയലോഗ് കേട്ടതോടെ എന്‍റെ ‘കലിപ്പ്’ അടങ്ങി.

എന്‍റെ ദയനീയഭാവം കണ്ടിട്ട് കൌണ്ടറിലിരിക്കുന്ന ഓഫീസര്‍ക്ക് എന്നോട് സഹതാപം തോന്നി.

‘ഒരു കാര്യം ചെയ്യൂ ഇപ്പോള്‍ ഇക്കോണമി ക്ലാസ്സിന് കണ്‍ഫേം ചെയ്തിട്ട്, ബഹറൈനില്‍ ചെന്നതിന് ശേഷം റിക്വസ്റ്റ് ചെയ്ത് നോക്കൂ... സീറ്റുണ്ടെങ്കില്‍ ഒരു പക്ഷേ ബിസിനസ്സ് ക്ലാസ്സിന് പോവാന്‍ പറ്റും’

‘അതെങ്ങിനെ’ ‘അതെന്തുകൊണ്ട്’ ‘ഇതിനൊന്നും ഒരു വ്യവസ്ഥയുമില്ലേ’ എന്നീ ചോദ്യങ്ങളൊക്കെ എന്‍റെ തൊണ്ടക്കുഴി വരെ വന്നെങ്കിലും അതെല്ലാം ഞാന്‍ സുന്ദരമായി വിഴുങ്ങി.

‘ഇവിടെ മലയാളം മനസ്സിലാവുന്നോരുടെ അടുത്ത് നടക്കാത്തത്, അത് മനസ്സിലാവാത്തോരുടെ അടുത്ത് നടന്നത് തന്നെ’ എന്നൊരു ആത്മഗതവും പാസ്സാക്കി ഞാന്‍ നല്ല കുട്ടിയായി ബോഡിംഗ് പാസ്സും വാങ്ങി നടന്നു.

എനിക്ക് കിട്ടിയത് ‘കിളിവാതിലി’നടുത്തുള്ള സീറ്റായിരുന്നു. കുതിച്ചുയര്‍ന്ന ഫ്ലൈറ്റിനോടൊപ്പം എന്‍റെ വയറ്റില്‍ നിന്നും എന്തോ ഒന്ന് ഉയര്‍ന്നു വന്നു. താഴോട്ട് നോക്കിയപ്പോള്‍ അറബിക്കടലില്‍ തിരയിളക്കം ഒട്ടുമില്ല, പകരം അമ്പലക്കുളത്തിലെ പോലെ ചെറിയ കുഞ്ഞോളങ്ങള്‍ മാത്രം കാണുന്നു. പെട്ടെന്ന് കണ്ടു വിമാനം ശ്...ശൂം... നേരെ താഴോട്ടൊരു പോക്ക്, ഇപ്പോഴും കയറി വയറ്റില്‍ നിന്നും എന്തോ ഒന്ന് മേലോട്ട്. പിന്നെ അതെ ലെവലില്‍ തന്നെ വിമാനം സഞ്ചരിച്ചു കൊണ്ടിരുന്നു. താഴേക്ക് നോക്കുമ്പോള്‍ ‘മേഘസാഗരം’‍ മാത്രം... എകദേശം നാലു മണിക്കൂറുകളോളം ആയിക്കാണും, താഴെ ചെറിയ ചെറിയ മണ്‍കൂനകള്‍ കാണറായി... അതിനു പിന്നീട് വലിപ്പം കൂടിക്കൂടി വന്നു... പാരക്കൂട്ടങ്ങള്‍ നിറഞ്ഞ വലിയ മലകളായി അത് രൂപപ്പെട്ടു വന്നു. ചുറ്റുവട്ടത്ത് കെട്ടിടങ്ങളും തെളിഞ്ഞ് വന്നു തുടങ്ങി. വിമാനം ലാന്‍ഡ് ചെയ്യുകയാണ്. വലിയ അക്ഷരങ്ങള്‍ എഴുതിപിടിപ്പിച്ച കെട്ടിടത്തിനു മുഖമുഖമായി വിമാനം നിന്നു.

സീബ് എയര്‍പോര്‍ട്ട് ഒമാന്‍...

അവിടെ നിന്നും അടുത്ത യാത്ര... കന്നി യാത്രയായത് കൊണ്ട് തന്നെയാവണം ഒട്ടും മുഷിയുന്നുണ്ടായിരുന്നില്ല. പിന്നെ ഒരോ ടെയ്ക് ഓഫ് കഴിയുമ്പോഴും കഴിക്കാനും എന്തെങ്കിലും കിട്ടിയിരുന്നത് കൊണ്ട് വയറിനും ബോറടിച്ചിരുന്നില്ല. എന്‍റെ ശ്രദ്ധ മുഴുവന്‍ സമയവും പുറത്തേക്കായിരുന്നു. ഫ്ലൈറ്റിന്‍റെ ‘ചിറകില്‍‘ നടക്കുന്ന അഡ്ജസ്റ്റ്മെന്‍റുകള്‍ കണ്ടിരിക്കാന്‍ നല്ല രസം തോന്നി.

വീണ്ടും ലാന്‍ഡിംഗ്

ഖത്തര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്...

ഫുജൈറയിലേക്ക് ഡയറക്ട് ഫ്ലൈറ്റ് ഇല്ലാത്തതിന്‍റെ ഗുണം, ജിസിസി ‘മൊത്തം‘ കറങ്ങിയ യാത്ര...

ടെയ്ക് ഓഫ്...

അടുത്ത എയര്‍പോര്‍ട്ടാണ് എന്നെ സംബന്ധിച്ച് ‘പ്രശ്നക്കാരന്‍‘

പിന്നേം മറ്റൊരു ലാന്‍ഡിംഗ്

ബഹറൈന്‍ എയര്‍പോര്‍ട്ട്...

അവിടെയിറങ്ങിയ എന്‍റെ മനസ്സില്‍ ഞാന്‍ കൂടുതല്‍ കാശ് കൊടുത്ത ‘ബിസിനസ്സ് ക്ലാസ്സ്’ എങ്ങിനെയെങ്കിലും നേടിയെടുക്കണമെന്ന ചിന്തയായിരുന്നു. കൌണ്ടറിലെത്തിയ ഞാന്‍ പറ്റാവുന്ന വിധത്തിലൊക്കെ ശ്രമിച്ചു...

‘ബിസിനസ്സ് ക്ലാസ്സ്......’

‘ഐ പെയ്ഡ് വണ്‍ തൌസണ്ട് എയ്റ്റ് ഹന്‍ഡ്രട് ഫിഫ്റ്റി.....’

ഇങ്ങനെ ഏതാണ്ടൊക്കെ പറഞ്ഞ് ഞാന്‍ ഉരുളുമ്പോള്‍ കാര്യം മനസ്സിലായ, കൌണറിലിരുന്ന പെണ്‍മണി ചോദിച്ചു...

‘ഡു യു വാണ്ട് ഗെറ്റ് ബിസിനസ്സ് ക്ലാസ്സ്’ (ഇങ്ങിനെ തന്നെയായിരിക്കണം ചോദിച്ചിരിക്കുക എന്ന് വിചാരിക്കുന്നു).

‘യെസ്’ തലയും ആട്ടി ഞാന്‍ പറഞ്ഞു.

അവര്‍ വളരെ കൂളായി ബിസിനസ്സ് ക്ലാസ്സിനുള്ള ബോഡിംഗ് പാസ്സ് അടിച്ചു തന്നു.

‘ഹോ... ഇതിനാണോ ഇത്രയും പുകിലൊക്കെ ഉണ്ടായത്’... എന്‍റെ ആത്മഗതം വീണ്ടുമുയര്‍ന്നു.

എനിക്കിന്നുമറിയില്ല, തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വെച്ച് എന്തിനായിരുന്നു അങ്ങിനെയവര്‍ പറഞ്ഞതെന്ന്.

ബോഡിംഗ് പാസ്സും വാങ്ങി എങ്ങോട്ട് പോണം എന്നറിയാതെ കറങ്ങിയ എന്നെ ആരോ ലോഞ്ചിലേക്ക് നയിച്ചു. അവിടെ വളരെ കുറച്ച് ആളുകളും കുറെയധികം ഒഴിഞ്ഞ കസേരകളും ഉണ്ടായിരുന്നു.

‘എന്താ കുടിക്കാന്‍ വേണ്ടേ...’ ഒരു തരുണീമണി ചോദിച്ചു.

‘ഒന്നും വേണ്ട’ ഞാന്‍ മൊഴിഞ്ഞു... ഇനിയിപ്പോ അതിനൊന്നും കാശ് കൊടുക്കാന്‍ നമ്മടെ കയ്യിലില്ല.

ഫ്ലൈറ്റ് വന്നാല്‍ ഞങ്ങള്‍ വന്ന് വിളിക്കും എന്നും പറഞ്ഞാണ് എന്നെ അവിടെ ഇരുത്തിയിട്ടുള്ളത്. കുറച്ച് നേരം ഇരുന്നിട്ടും ആരും വിളിക്കുന്നത് കാണാതെ വന്നപ്പോള്‍ എനിക്ക് ആധിയായി. ഇനി ഇവരെങ്ങാനം എന്നെ ‘മറന്ന് വെച്ച്’ പോകുമോ.

അവരുടെ അടുത്തെ ചെന്നപ്പോള്‍ തന്നെ അവര്‍ക്ക് കാര്യം മനസ്സിലായി...

‘സാറേ, സാറിനേം കൊണ്ടേ ഞങ്ങള്‍ പോവൂ’ എന്ന് തന്നെയായിരിക്കണം അവര്‍ പറഞ്ഞത്.

എന്നിട്ടും എനിക്ക് ഇരിപ്പുറക്കുന്നില്ല... ഭഗ്യത്തിന് അവിടെ ‘കണ്ണന്‍‘ എന്ന ഒരു മലയാളിയെ കണ്ടുമുട്ടി. അയാളവിടെ ജോലി ചെയ്യുന്നു. അയാള്‍ കാര്യങ്ങള്‍ വിശദീകരിച്ച് തന്നു.

‘ഇത് ബിസിനസ്സ് ക്ലാസ്സുകാര്‍ക്കുള്ള ലോഞ്ച് ആണ്. നിങ്ങളെ സമയമാകുമ്പോള്‍ ഞങ്ങള്‍ വന്ന് വിളിച്ചോണ്ട് പോകും, കുടിക്കാന്‍ എന്തെങ്കിലും വേണമെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാം’... അയാള്‍ തന്നെ ഒരു ഓറഞ്ച് ജ്യൂസ് കൊണ്ടു വന്ന് തന്നു. അതും കുടിച്ച് കുറച്ച് കഴിയുമ്പോഴേക്കും എന്നെ അവര്‍ വിളിച്ചോണ്ട് പോയി ഒരു ചുറ്റും കവര്‍ ചെയ്ത ഒരു വഴിയിലേക്ക് നയിച്ചു... അതിലൂടെ കുറച്ച് നടന്നപ്പോള്‍ വിമാനത്തിനകത്തെത്തി. ഞാന്‍ മാത്രം അതില്‍... പക്ഷേ, പിന്നില്‍ നിന്നും ആളുകളുടെ കലപില കേള്‍ക്കുന്നുണ്ട്. എനിക്ക് മനസ്സിലായി... ഇതു തന്നെ ഞാന്‍ കഷ്ടപ്പെട്ട് കാശ് കൊടുത്തു വാങ്ങിയ ‘ബിസിനസ്സ് ക്ലാസ്സ്’.

കുറച്ച് കഴിഞ്ഞപ്പോള്‍ മറ്റൊരു വിദ്വാനും കൂടെ വന്നു. കണ്ട്പ്പോള്‍ തന്നെ ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലായി... ആദ്യായിട്ട്, അതും വിസിറ്റ് വിസയില്‍ ഫുജൈറയ്ക്ക് പോകുന്നവരാണെന്ന്.

വീണ്ടും ടെയ്ക് ഓഫ്...

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു തരുണീമണി വന്നു. ‘എക്കണോമി ക്ലാസ്സും’ ‘ബിസിനസ്സ് ക്ലാസ്സും’ തമ്മിലുള്ള വിത്യാസം അവിടേയും കണ്ടു.

‘കഴിക്കാന്‍ എന്തു വേണം, ചിക്കന്‍ ഓര്‍ മട്ടന്‍‘ അവര്‍ ചോദിച്ചു.

‘ഫിഷ്...’ ബിസിനസ്സ് ക്ലാസ്സിന്‍റെ ഗുണം മനസ്സിലാക്കിയ ഞാന്‍ മൊഴിഞ്ഞു. വസൂലാക്കിയിട്ട് തന്നെ ബാക്കി കാര്യം.

വായമ്മെ കടിക്കാത്തതെന്തും കഴിക്കാന്‍ പഠിച്ചിട്ടുള്ളത് കൊണ്ട് ഞാന്‍ അവര്‍ കൊണ്ട് വന്ന് വെച്ചത് ഒട്ടും ബാക്കി വെക്കാതെ തന്നെ തിന്നു. പക്ഷേ, ഇടത്തോട്ടൊന്ന് തിരിഞ്ഞപ്പോല്‍ കണ്ടു അപ്പുറത്തിരിക്കുന്ന ചേട്ടന്‍ ഞാന്‍ കഴിക്കുന്നതും നോക്കി കൊണ്ട് ഇരിക്കുന്നു. കൂടെ എന്നോടൊരു ചോദ്യവും.

‘ഇതൊക്കെ എങ്ങനെ കഴിക്കുന്നു ചങ്ങാതി’

ഞാന്‍ നോക്കിയപ്പൊള്‍ പുള്ളിയുടെ മുന്നിലുള്ള ഭക്ഷണം അനങ്ങിയിട്ട് പോലുമില്ല. ഞാനൊരു പുഞ്ചിരിയില്‍ എന്‍റെ മറുപടി ഒതുക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ചോദ്യം വന്നു... ലവന്‍റെയല്ല... തരുണീമണിയുടെ...

‘ചായ വേണോ അതോ കോഫി വേണോ’

‘ജ്യൂസ്...’ ഞാന്‍ വിടാന്‍ ഭാവമില്ലായിരുന്നു...

‘ഓ... ജ്യൂസ്...’ അവര്‍ ചിരിച്ചുകൊണ്ട് പോയി, ചിരിച്ചു കൊണ്ടു തന്നെ ജ്യൂസും തന്നു.

അതെല്ലാം കഴിഞ്ഞ് ഒന്ന് സീറ്റില്‍ നീണ്ട് നിവര്‍ന്ന് ചാരി കിടന്നപ്പോള്‍ ഒരു പുതപ്പെടുത്തവളെന്നെ പുതപ്പിച്ചു... 1850 മുതലായതായി എന്‍റെ അന്തരംഗം പ്രഖ്യാപിച്ചു. ഞാന്‍ ചെറുതായിട്ടൊന്ന് മയങ്ങിപ്പോയി. അവള്‍ തട്ടി വിളിക്കുന്നത് കേട്ടാണ് കണ്ണു തുറന്നത്.

‘ഫുജൈറയെത്തി, ഇറങ്ങാറായി...’ അവള്‍ പറഞ്ഞു.

അവള്‍ക്കൊരു നന്ദിയും പറഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തിരുവനന്തപുരത്ത് നിന്നും വിമാനം കയറിയിട്ട് പതിനൊന്ന് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു.

മറ്റൊരു ലാന്‍ഡിംഗ് കൂടെ...

1993 ഡിസംബര്‍ 10

ഫുജൈറ എയര്‍പോര്‍ട്ട്...

വിസിറ്റ് വിസ എടുത്ത ഏജന്‍റിന്‍റെ കയ്യില്‍ പാസ്പോര്‍ട്ടും കൊടുത്ത് പുറത്ത് കടക്കുമ്പോള്‍, എന്നെ നോക്കി നിറഞ്ഞ കണ്ണുകളുമായി ഉപ്പ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച. കെട്ടിപുണര്‍ന്നപ്പോള്‍ ഉപ്പാടെ സ്നേഹം എന്നെ പൊതിയുന്നത് ഞാനറിഞ്ഞു.

അവിടെ നിന്നും 2 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ദുബായിലെ ഉപ്പാടെ റൂമിലെത്തി. എല്ലാവരേയും പരിചയപ്പെട്ട്, കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നു. ഗള്‍ഫിലെ ആദ്യത്തെ ഭക്ഷണം.

ചിക്കന്‍ ഫ്രൈയും പരിപ്പ് കറിയും കുബ്ബൂസ്സും.

പലരും നിര്‍ബ്ബന്ധിച്ചെങ്കിലും ‘പരിപ്പ് കറി‘ ഞാന്‍ ‘തൊടാനേ’ പോയില്ല.

28 comments:

മുസ്തഫ|musthapha said...

ഇന്ന് ഡിസംബര്‍ 10

എന്‍റെ പ്രവാസ ജീവിതം പതിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു...

വായനക്കാരന് രസം പകരാനായി ഒന്നുമില്ല എന്നെനിക്കറിയാം. എങ്കിലും എന്‍റെ ആദ്യ യാത്രയിലെ, ഓര്‍മ്മയില്‍ നില്‍ക്കുന്ന ചിലത് ഒരൊറ്റ ഇരുപ്പില്‍ കുറിച്ചു വെച്ചിരിക്കുന്നു.

വല്യമ്മായി said...

ആ യാത്ര സംഭവബഹുലമായിരുന്നല്ലേ,പതിവു പോലെ നന്നായി

തറവാടി said...

രണ്ട് ഹൈലൈറ്റ് :

1)

ഇവിടെ മലയാളം മനസ്സിലാവുന്നോരുടെ അടുത്ത് നടക്കാത്തത്, അത് മനസ്സിലാവാത്തോരുടെ അടുത്ത് നടന്നത് തന്നെ’

2) നരുന്ത്

ഭാഗ്യവാനായ ആദ്യ ഗല്‍ഫ് യാത്രക്കാരന്‍

ഒറ്റ വരവില്‍ , പകുതി ജി.സി.സി

ഒരു ആദ്യ യാത്രക്കാരന്‍റെ എല്ലാ പ്രശ്നങ്ങളും ഇത് പറയുന്നു

ദിവാസ്വപ്നം said...

ടച്ചിംഗായിട്ടുണ്ട്‌ അഗ്രജാ. ഹൃദ്യമായി വിവരിച്ചിരിക്കുന്നു. നാടുവിട്ടുള്ള ആദ്യയാത്ര എല്ലാവര്‍ക്കുമൊരു മറക്കാനാവാത്ത ഓര്‍മ്മയാണല്ലേ.

കഴിഞ്ഞതൊന്നും മറക്കാതിരിക്കുന്നതു തന്നെ മനസ്സിന്റെ നന്മയുടെ ലക്ഷണമാണ്.

("കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു തരുണീമണി വന്നു. കുറ്റം പറയരുതല്ലോ..." എന്നു തുടങ്ങുന്ന പാരഗ്രാഫ്‌ മാത്രം, എന്തോ പോലെ തോന്നിച്ചു. കാര്യമായിട്ടൊന്നുമില്ല, എന്നാലും ഒരു 'mean' ഫീലിംഗ്‌)

warm regards,

ഖാദര്‍ said...

അനുഭവങ്ങള്‍ സാധാരണം, പക്ഷെ അവതരണം അസാധാരണവും രസകരവും. ഞാനും എന്റെ ആദ്യ യാത്രയെക്കുറിച്ചു ഓര്‍ത്തുപോയി

sreeni sreedharan said...

:)
സിമ്പിള്‍ എഴുത്ത്.
ഞാന്‍ ദുബായില്‍ വന്നാല്‍ നിങ്ങളൊക്കെയുണ്ടാവുമായിരിക്കും എന്നെ സ്വീകരിക്കാന്‍, ഇല്ലെ??

(അന്നാലും 1993ല് എറണാകുളത്ത് വന്നിട്ട് എന്താ എന്നെ വിളിക്കാതിരുന്നത്? ;)

ദേവന്‍ said...

93ല്‍ പച്ചാളം ഡയപ്പറൊക്കെ കെട്ടിപോര്‍ച്ചില്‍ ഇരുന്ന് “കാക്ക്” “അണ്ണാന്‍” “പൂച്ച” പറഞു പടിക്കുവല്ലായിരുന്നോ അഗ്രജന്‍ വിളിച്ച് എന്തു പറയാന്‍!

മുസ്തഫ|musthapha said...

വല്യമ്മായി: നന്ദി :)

തറവാടി: ആ ‘നരുന്ത്’ പ്രയോഗം ഞാന്‍ മാറ്റി :)

ദിവാ: വളരെ സന്തോഷം, എക്കോണമി, ബിസിനസ്സ് ക്ലാസ്സുകളുടെ ഒരു വിത്യാസം ‘തമാശിച്ച്’ പറയാന്‍ നോക്കിയതാ :) ആ പ്രയോഗം ഞാന്‍ മാറ്റി... നന്ദി :)

പ്രയാണം: പ്രോത്സാഹനത്തിന് നന്ദി :)

പച്ചാളം: സ്വീകരിക്കുന്ന കാര്യത്തില്‍ മൂന്‍പന്തിയില്‍ തന്നെ കാണും. നിന്നെ ഒന്ന് കയ്യില്‍ കിട്ടാന്‍ കാത്തിരിക്കുകയാണ് ഞങ്ങളും :)

വിളിക്കാതിരുന്നതിനുള്ള ഉത്തരം ദേവേട്ടന്‍റെ കയ്യീന്ന് കിട്ടീലോ - അത് പോരേ :)

ദേവേട്ടാ: ഇന്നത്തെ ഒരു കണക്ക് വെച്ച് അന്ന് പച്ചാളം എത്ര ഗ്രാം കാണുമായിരുന്നിരിക്കും :)

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും സ്നേഹത്തോടെ നന്ദി :)

asdfasdf asfdasdf said...

പതിവുപോലെ നന്നായി. വായിക്കാന്‍ വൈകി. ആദ്യമായി ഗള്‍ഫിലെത്തില അന്ത്രുമാന്‍ പിറ്റേന്ന് നാട്ടിലേക്ക് വിളിച്ച് പറഞ്ഞത് ഓര്‍മ്മ വരുന്നു.
‘ഇന്നലെ ഞമ്മള് വന്നോണ്ട് ഇബടെ കോയീനെ വെച്ചേണു..’
കോഴിയേക്കാള്‍ പച്ചക്കറിക്കാണിവിടെ വിലക്കൂടുതലെന്ന് ആ പാവം പിന്നീടറിഞ്ഞു കാണണം.

Unknown said...

ആദ്യയാത്രയിലെ അനുഭവക്കുറിപ്പുകള്‍ ഹൃദ്യമായി.

Peelikkutty!!!!! said...

യാത്രാവിവരണം ഹൃദ്യമായി .

അതുല്യ said...

രണ്ടും മൂന്നും ജ്യൂസൊക്കെ കഴിച്ചിട്ട്‌ പിന്നീട്‌ എന്ത്‌ സംഭവിച്ചൂ എന്ന് അഗ്രു പറയാത്തതില്‍ പ്രതിക്ഷേധിച്ച്‌ ഞാനിവിടെ കമന്റ്‌ ഇടുന്നതല്ല.

എല്ലാര്‍ക്കും ഒരു ലാല്‍സലാം. അല്‍പം ബിസി. (ആപ്പീസില്‍ ഭയങ്കര തണുപ്പായതിനാല്‍, മുന്നിലെ പാര്‍ക്കിലേ പുല്‍തകിടിയില്‍ കട്ടന്‍ ചായ കുടിയ്കുന്ന തിരക്കാ...)

സു | Su said...

പ്രവാസി ആവാന്‍ ഉള്ള യാത്രയില്‍ ഇത്രയല്ലേ സംഭവിച്ചുള്ളൂ. കഴിഞ്ഞയാഴ്ച ഗള്‍ഫിലേക്ക് പോയ യാത്രക്കാരന്‍, ഉറങ്ങിപ്പോയിട്ട്, ഫ്ലൈറ്റ്, തിരിച്ച് നാട്ടില്‍ എത്തിയപ്പോള്‍ ആണ് ഉണര്‍ന്നത്. പാവം. വാര്‍ത്ത കാണിച്ചിരുന്നു. അയാളുടെ അവസ്ഥ ഓര്‍ത്തുനോക്കൂ. ഒരു പയ്യന്‍ ആണ്.

ഇടിവാള്‍ said...

“ കുറച്ച് നേരം ഇരുന്നിട്ടും ആരും വിളിക്കുന്നത് കാണാതെ വന്നപ്പോള്‍ എനിക്ക് ആധിയായി. ഇനി ഇവരെങ്ങാനം എന്നെ ‘മറന്ന് വെച്ച്’ പോകുമോ.“

ഇതലക്കിട്ടാ....

വിസിറ്റ് വിസയില്‍ ബിസിനസ് ക്ലാസ്സില്‍ വന്ന ആആദ്യ മനുഷേന്‍ താന്‍ തന്ന്യാവും ട്ടോ...

ഞാനും ഇതുപോലെ, കുവൈറ്റ് എയര്‍വേയ്സിന്റെ ഒരു ബീ‍ീമാനത്തില്‍ ബ്ബ്ര്രേക്ക് ഫാസ്റ്റ് ഒമാനിലും , ലഞ്ച് ബഹറിനിലും, ഡിന്നര്‍ കുവൈറ്റിലും , പിന്നെ ഒറങ്ങാന്‍ നേരമായപ്പോ, ഫുജൈറയിലും സസ്ഞ്ചരിച്ചു ചുറ്റിയ ആളാ...

ബിസിയായ ആളല്ലേ.. അതാ കാര്യം, അല്ലാണ്‍ന്റു ചീപ് ഫ്ലൈറ്റ് ടിക്ക്കറ്റ് ആയതോണ്ടല്ലാ ;)

മുസാഫിര്‍ said...

ആദ്യത്തെ ഗള്‍ഫ് യാത്രയുടെ അനുഭവക്കുറിപ്പു നന്നായി അഗ്രജന്‍.

സുല്‍ |Sul said...

13 വര്‍ഷങ്ങള്‍ പഴക്കമുള്ള നിന്റെ ഓര്‍മ്മ. അപാരം തന്നെ. ഇതെല്ലാം എങ്ങനെ ഓര്‍ത്തുവെക്കുന്നെന്റിഷ്ടാ?. പിന്നെ എഴുത്തൊ, അത് അതിലും അപാരം. എല്ലാം കൂടി കസറന്‍.

എഴുതുവാണേല്‍ ഇങ്ങനെ എഴുതണം. ഞാന്‍ തല്‍ക്കാലം എഴുത്ത് നിര്‍ത്തി.

-സുല്‍

mydailypassiveincome said...

അഗ്രജന്‍,

യാത്രാവിവരണം ആസ്വദിച്ചു വായിച്ചു. അതുപോലെ യത്രയുടെ തുടക്കത്തില്‍ തന്നെ നേരിട്ട ബുദ്ധിമുട്ടുകളും തിരുവനന്തപുരം എയര്‍പ്പോര്‍ട്ടിലെ സംഭവങ്ങളുമെല്ലാം ശരിക്കും വേദനിപ്പിക്കുന്ന സംഭവങ്ങള്‍ തന്നെ. എന്നാലും ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഉപ്പാനെ കാണുന്നത് എന്നത് വിശ്വസിക്കാനാകുന്നില്ല.

ഏറനാടന്‍ said...

നല്ല ഒഴുക്കുള്ളയെഴുത്ത്‌. എല്ലാം കണ്ണില്‍ കാണുന്ന പ്രതീതി.

എന്നാലും ആദ്യമായി മണലാരണ്യത്തില്‍ വന്നനേരം ലഭിച്ച പരിപ്പുകറി എന്തേയ്‌ കഴിച്ചില്ല? ഉത്തരം കിട്ടാത്തയീ ചോദ്യം വയറ്റില്‍നിന്നും തികട്ടിയൊരു ഏമ്പക്കമായി വരുന്നു, അഗ്രജാ..

Kalesh Kumar said...

ആശംസകൾ മുസ്തഫ!!!

പോസ്റ്റ് നന്നായിട്ടൂണ്ട്! ജി.സി.സി പര്യടനത്തിന്റെ അന്ത്യത്തിൽ കുജൈറയിൽ എത്തുന്ന കഥ രസകരമായി അവതരിപ്പിച്ചിരിക്കുന്നു!

thoufi | തൗഫി said...

കാണാനിത്തിരി വൈകി,അഗ്രൂ..
ആദ്യ വിദേശയാത്രാനുഭവം സരസമായും ഹൃദ്യമായും വിവരിച്ചിരിക്കുന്നു.പതിമൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഈ സംഭവങ്ങളെല്ലാം തന്നെ തനിമ ഒട്ടും ചോര്‍ന്നുപോകാതെ ഇത്ര മനോഹരമായി എഴുതാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്,സുഹൃത്തെ.
എഴുവര്‍ഷക്കാലത്തിനു ശേഷമുള്ള ആ പിതൃ-പുതൃ സമാഗമം വല്ലാത്തൊരു അനുഭൂതിയായിരിക്കണമല്ലൊ..
നന്നായിരിക്കുന്നു,സുഹൃത്തെ.

Mubarak Merchant said...

നന്നായി അഗ്രജാ.
ഫ്ലൈറ്റിന്റെ ചിറകില്‍ നടക്കുന്ന കാര്യങ്ങള്‍ ഇഷ്ടപ്പെട്ടു. പണ്ടബ്ദുല്ലാ മാമാ ഇതു കണ്ടിട്ട് ‘എയറിന്ത്യന്റെ വണ്ടി നമ്മടെ ട്രാന്‍സ്പോര്‍ട്ട് ബസ് പോലെയാ, പറക്കുമ്പൊ അതിന്റെ ചെറകിന്റെ വിജാഗിരിയൊക്കെ ഇളകിക്കൊണ്ടിരിക്കും’ എന്നു പറഞ്ഞതോര്‍ത്ത് ചിരിച്ചു.

Unknown said...

അഗ്രജേട്ടാ,
കൊള്ളാം. നല്ല വിവരണം.

ബിസിനസ്സ് ക്ലാസ്സില്‍ അടിച്ച് പൊളിച്ചല്ലേ? എങ്കിലും ഉപ്പയെ കാണാതെ 7 വര്‍ഷം? :-(

Anonymous said...

ജീവിത അനുഭവങ്ങള്‍ തന്നെയാണ്‌ ഏറ്റവും വിലപിടിപ്പുള്ള സംബാദ്യം. നന്നായിരിക്കുന്നു അഗ്രജന്‍.

Siju | സിജു said...

നല്ല വിവരണം
qw_er_ty

Anonymous said...

ചെറിയ ചെറിയ കാര്യങ്ങള്‍....നന്നായിട്ടുണ്ട്‌ വിവരണം....

മുസ്തഫ|musthapha said...

കുട്ടാ
രാജു
പീലിക്കുട്ടീ
അതുല്യേച്ചി
സൂ
ഇടിഗഡീ
മുസാഫിര്‍ ഭായ്
സുല്‍
മഴതുള്ളി
ഏറനാടാ
കലേഷ്
മിന്നൂ
ഇക്കാസ്
ദില്‍ബൂ
ചിത്രകാരാ
സിജു
കൊച്ചുഗുപ്തന്‍

വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം.

എല്ലാവര്‍ക്കും നന്ദി :)

താംബൂലം said...

"parippe kary thodane poyillaaa
ishtayi othiri ormakal"

Siraj Ibrahim said...

എന്റെയും ആദ്യത്തെ വിമാന യാത്ര ഓര്‍ത്തു പോയി... :)