Monday, December 18, 2006

ഡിസംബറിന്‍റെ നേട്ടം

2001 ഡിസംബര്‍ 18 ചൊവ്വാഴ്ച

പകലിന്‍റെ പകുതിയും കൊഴിഞ്ഞിരിക്കുന്നു. അയാള്‍ അന്നും പതിവ് പോലെ ഒരു യാത്രയ്ക്ക് തയ്യാറായി നിന്നു. ഉപ്പയും ഉമ്മയും കൂട്ടുകാരനും അയല്പക്കത്തെ ഇത്തയും ദല്ലാളും, അവരും റെഡിയായി. മച്ചുനന്‍റെ വണ്ടി തന്നെയായിരുന്നു വാടകയ്ക്കെടുത്തിരുന്നത്... അങ്ങനെ മച്ചുനനും എത്തി.

‘ന്നാ എറങ്ങാം’

‘ചൊവ്വാഴ്ചയാണ്‘

‘അങ്ങിനെയൊന്നുമില്ലെന്നേയ്’

‘മറ്റുള്ള ദിവസങ്ങള്‍ നോക്കി ഇറങ്ങിയിട്ട് വല്ലതും നടന്നോ’

‘ഇതിനൊക്കെ ഒരോ നിശ്ചയോം സമയോണ്ട്’

‘വിധിണ്ടെങ്കില്‍ നടക്കും, അത്രേള്ളൂ’

ഇതിപ്പോള്‍ എത്രമാത്തെ തവണയാണെന്ന് അയാള്‍ക്ക് ഒട്ടും തിട്ടമില്ല. നാലു വര്‍ഷങ്ങള്‍ കൊണ്ട് കൂട്ടിവെച്ചെടുത്ത നാലുമാസത്തെ അവധിയില്‍ ഒന്നര മാസത്തോളം കഴിഞ്ഞിരിക്കുന്നു. നാട്ടുനടപ്പുള്ള നിബന്ധനകളൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല. സ്ത്രീധനം എന്ന ഏര്‍പ്പാടിനോട് അയാള്‍ക്ക്, സ്വയം ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതലേ വെറുപ്പായിരുന്നു. എങ്കിലൂം ഏതൊരു യുവാവിനേയും പോലെ ചില നിബന്ധനകള്‍ അയാള്‍ക്കുമുണ്ടായിരുന്നു. ഒക്കുമെങ്കില്‍, പെണ്‍കുട്ടി ബിരുദധാരിണിയോ ബിരുദാര്‍ത്ഥിനിയോ ആയിരിക്കണം. സ്വന്തം വീടിനോളം മാത്രം സൌകര്യമുള്ള ഒരു വീട്ടില്‍ നിന്നും മതി... സുഖസൌകര്യങ്ങളില്‍ നിന്നും അതില്ലായ്മയിലേക്ക് കടന്ന് വന്ന് ഒരു പെണ്‍കുട്ടി മനോദുഃഖം അനുഭവിക്കരുതെന്ന് അയാള്‍ ആഗ്രഹിക്കുന്നു. പിന്നെ തീര്‍ച്ചയായും, നിറമേതായാലും കാണാന്‍ അഴകളുള്ളവളായിരിക്കണം.

ഇതുവരെ ഒന്നും ശരിയാവാത്തതില്‍ വിഷമമില്ല, പക്ഷെ ‘ഇവനിനി ഏത് ഉര്‍വ്വശീനേണോ നോക്കണത്’ എന്ന രീതിയിലുള്ള ഒരു സംസാരം തന്നെ കുറിച്ച് ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. കണ്ട കുട്ടികള്‍ക്കൊന്നും സൌന്ദര്യം പോരാഞ്ഞിട്ടല്ല, പക്ഷെ അയാളുടെ കണ്ണില്‍ അവരൊന്നും അയാളുടെ സങ്കല്പങ്ങള്‍ക്ക് ഇണങ്ങുന്നവര്‍ ആയിരുന്നില്ല.

പിന്നെ കുറച്ചെങ്കിലും ബോധിച്ച രണ്ട് ആലോചനകളില്‍ ഒന്ന്, അവിടെ മുന്‍പേ ആലോചനയുമായി വന്നവരുടെ വിവരം അറിയാനായ് അയാളെ ‘വെയ്റ്റിംഗ് ലിസ്റ്റ്’ലേക്ക് തള്ളി വിട്ടു. മറ്റൊന്ന് അയാളുടെ വീട്ടിലേക്ക് വഴി ഇല്ല എന്ന കാരണത്താലും ഒഴിഞ്ഞുപോയി.

പഠിക്കുന്ന കാലത്ത് രണ്ട് കൊല്ലം ചിലവഴിച്ച സ്ഥലത്ത് നിന്നുമാണ് ഇത്തവണ, ദല്ലാള്‍ ആലോചന കൊണ്ട് വന്നിട്ടുള്ളത്. എന്തോ ആ ഭാഗത്ത് നിന്നും ഒരു ബന്ധം അയാള്‍ക്കങ്ങട്ട് അത്രയ്ക്കും ബോധിച്ചിരുന്നില്ല. എന്നാലും പോയി നോക്കാം എന്ന ഒരു ചിന്തയില്‍ മാത്രം ഇറങ്ങി തിരിച്ചതാണ്.

‘എന്തെടാ ആലോചിക്കുന്നത്’ കൂട്ടുകാരന്‍ ചോദിച്ചു.

‘ഒരു പെണ്ണ് കെട്ടാനുള്ള കഷ്ടപ്പാട് ആലോചിച്ചതാണേയ്’ അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

‘ഞാന്‍ ആദ്യായിട്ട് നിന്‍റെ കൂടെ വരുന്ന കാര്യമല്ലേ... ഇതെന്തായാലും ശരിയാവും’

അയാള്‍ കോളേജിലേക്ക് പോയിരുന്ന വഴിയിലൂടെ, ആ നല്ല കാലത്തിന്‍റെ ഒര്‍മ്മകളെ ഒന്നു കൂടെ ഉണര്‍ത്തി കാര്‍ നീങ്ങികൊണ്ടിരുന്നു. കുണ്ടുകടവ് പാലം കടന്ന് ചമ്രവട്ടം ജങ്ഷന്‍ വഴി പൊന്നാനി അങ്ങാടിയും പിന്നിട്ട് കടലിന്‍റെ ഇരമ്പലും കേട്ട് എന്‍. എച്ച് പതിനേഴിലൂടെ കാര്‍ നീങ്ങി, പൊനാനി പ്രൈവറ്റ് ബസ് സ്റ്റാന്‍റിന്‍റെ മുന്നില്‍ ഓട്ടം അവസാനിപ്പിച്ചു.

പെണ്‍കുട്ടിയെ ആദ്യം ഉപ്പയും ഉമ്മയും ആദ്യം കണ്ട് ബോധിച്ചതിന് ശേഷം മാത്രം അയാളെ കാണാന്‍ വിളിച്ചാല്‍ മതി, താന്‍ കൂടെയുണ്ടെന്ന കാര്യം പറയേണ്ട... എന്ന മുന്‍ ധാരണ അനുസരിച്ച് ഉപ്പയും ഉമ്മയും ഇത്തയും ദല്ലാളും അവരുടെ വീട്ടിലേക്ക് നീങ്ങി. ദല്ലാളുമാരുടെ ‘നല്ല കുട്ടി ‘ എന്ന പ്രയോഗത്തില്‍ ആദ്യം നടന്ന ചില പെണ്ണുകാണലുകളാണ് അങ്ങിനെയൊരു തീരുമാനം അയാളെ കൊണ്ട് എടുപ്പിച്ചത്.

അയാളും കൂട്ടുകാരനും മച്ചുനനും വണ്ടി കുറച്ച് അകലേക്ക് മാറ്റിയിട്ട് അതില്‍ കാത്തിരുന്നു. ദൂരേ നിന്ന് കണ്ടപ്പോള്‍ തന്നെ വീട് അയാള്‍ക്ക് ബോധിച്ചിരുന്നു... വീട് സങ്കല്പത്തിനൊത്തു വന്നു... ഇനി ബാക്കി കാര്യങ്ങള്‍! കു‌റച്ച് കഴിഞ്ഞപ്പോള്‍ ഉപ്പ അവിടുന്നിറങ്ങി വരുന്നത് അയാള്‍‍ കണ്ടു. ഉപ്പ തനിച്ചേയുള്ളു... കുട്ടിയെ ഇഷ്ടപ്പെട്ടിരിക്കാനാണ് സാധ്യത, അല്ലെങ്കില്‍ അവര്‍ ഒന്നിച്ച് വരില്ലേ. അങ്ങോട്ട് ചെല്ലാനായി, വണ്ടിയുടെ റിയര്‍ വ്യൂ മിററില്‍ നോക്കി ഒന്നു കൂടെ സൌന്ദര്യമൊക്കെ ഉറപ്പു വരുത്തി.

‘കുട്ടി ക്ലാസ്സ് കഴിഞ്ഞ് വന്നിട്ടില്ല...’ ഉപ്പ പറഞ്ഞു.

അയാള്‍ കൂട്ടുകാരുമൊത്ത് ബസ് സ്റ്റാന്‍റിന്‍റെ പരിസരത്ത് നടന്നു. കോളേജില്‍ പോയിരുന്ന കാലത്തേതില്‍ നിന്നും അവിടം കുറേയൊക്കെ മാറിയിരിക്കുന്നു. നാരങ്ങ വെള്ളവും സിഗരറ്റും വാങ്ങിയിരുന്ന കടയുടെ സ്ഥാനത്ത് പുതിയ കെട്ടിടമുയര്‍ന്നിട്ടുണ്ട്. ഒന്നാം വര്‍ഷ പ്രീഡിഗ്രി ‘നവാഗഥ’കളെ ക്ലാസ്സില്‍ നിന്നും പരിചയപ്പെട്ടതിന്‍റെ തുടര്‍ച്ച ബസ്സ് സ്റ്റാണ്ടിലേക്കും നീണ്ടിരുന്നു, അന്നതിന് സാക്ഷ്യം വഹിച്ചിരുന്ന പെട്ടിക്കടയുടെ സ്ഥാനത്തുയര്‍ന്ന പുതിയ ബില്‍ഡിംഗില്‍ ടെലഫോണ്‍ ബൂത്ത് പ്രവര്‍ത്തിക്കുന്നു. പണ്ടവിടെ മേഞ്ഞു നടന്നിരുന്ന കന്നുകാലികളുടെ പുതുതലമുറ അങ്ങിങ്ങ് നടന്നിരുന്നു. അന്ന് പണി നടന്നുകൊണ്ടിരുന്ന മുനിസിപാലിറ്റി കെട്ടിടം ചെങ്കല്ലിന്‍റെ നിറമുള്ള ചായവും തേച്ച് സുന്ദരനായി നില്‍ക്കുന്നു.

പണ്ടത്തെ പോലെ പതിവ് തെറ്റിയോടുന്ന, അധികം യാത്രക്കാരില്ലാത്ത ഒരു കെ.എസ്.ആര്‍.ടി.സി ബസ്സ് അവരെ കടന്നു പോയി. പാറിയ പൊടിപടലങ്ങള്‍ അടങ്ങിയപ്പോള്‍ ഉപ്പ വീണ്ടും വരുന്നത് കണ്ടു. ‘കുട്ടി’ വന്നിരിക്കും... അയാളോര്‍ത്തു.

‘കുട്ടി ഇതുവരേയും വന്നിട്ടില്ല’ ഉപ്പ പറഞ്ഞു.

‘എന്നാ പോകാം’ എന്ന് പറയാന്‍ തുടങ്ങിയ അയാള്‍ക്ക് ഉപ്പ ഒരു ഫോട്ടോ നീട്ടി.

‘ഇതാണ് കുട്ടി’ ഉപ്പാടെ മുഖത്ത് നല്ല തിളക്കം.

അയാളാ ഫോട്ടോ വാങ്ങിച്ചു നോക്കി... ‘കൊള്ളാം’ എന്ന് തോന്നി. എങ്കിലും പൂര്‍ണ്ണ തൃപ്തനായിരുന്നില്ല.

കൂട്ടുകാരനും മച്ചുനനും ഫോട്ടോ കണ്ടു... അവര്‍ക്കും ബോധിച്ചു.

‘ഇനി എത്ര വൈകിയാലും കുട്ടിയെ കണ്ടിട്ട് പോയാല്‍ മതി’ അതും പറഞ്ഞ് ഉപ്പ നടന്നു.

കാത്തിരിപ്പ് പിന്നേയും നീണ്ടു. നേതാവിനെ കാത്തിരിക്കുന്ന അണികളേ പോലെ ഇടയ്ക്കിടെ പിറുപിറുത്ത് കൊണ്ട് അവരിരുന്നു. ഒരോ ബസ്സും വന്നെത്തുമ്പോള്‍ അവര്‍ ആകാംക്ഷയോടെ നോക്കി... അതില്‍ നിന്നും ഒരു പെണ്‍കുട്ടി ഇറങ്ങി ആ വീട്ടിലേക്ക് കയറുന്നോ എന്നത്. ബസ്സുകള്‍ പലതും വന്നു പോയി.

‘എടാ... ആ പോകുന്നതാണെന്ന് തോന്നുന്നു പാര്‍ട്ടി’ അപ്പോള്‍ വന്നെത്തിയ ബസ്സില്‍ നിന്നും ഇറങ്ങി പതുക്കെ നടന്നു നീങ്ങുന്ന ഒരു പെണ്‍കുട്ടിയെ ചൂണ്ടി കൂട്ടുകാരന്‍ പറഞ്ഞു. ശരിയാണ് അതാ അവള്‍ ആ വീട്ടിലേക്ക് തന്നെ കയറുന്നു.‍ പെണ്‍കുട്ടിയെ കണ്ട ഉപ്പ വന്ന് അയാളേയും കൂട്ടുകാരേയും അങ്ങോട്ട് ക്ഷണിച്ചു.

‘അത് ശരി, ചെക്കനും കൂടെ വന്നിട്ടുണ്ടായിരുന്നോ’ ആരോ അകത്ത് നിന്നും പറയുന്നത് കേട്ടു.

ഇരിപ്പിടത്തില്‍ ഇരിപ്പുറയ്ക്കാതെ ഇരുന്ന അയാള്‍ക്ക്, ജ്യൂസുകളില്‍ അയാള്‍ക്കേറ്റവും പ്രിയപ്പെട്ട പൈനാപ്പിള്‍ ജ്യൂസ് അവര്‍ കുടിക്കാന്‍ കൊടുത്തു. ഗ്ലാസ്സിന്‍റെ വലിപ്പക്കുറവിലും ജ്യൂസിന്‍റെ അളവിലും അയാള്‍ക്ക് പരാതിയുണ്ടായിരുന്നു എങ്കിലും, സഹിച്ചു.

‘എന്നാ കുട്ടിയെ വിളിച്ചോളു’ ജ്യൂസ് കുടിച്ച് ചിറി തുടച്ച് കൂട്ടുകാരന്‍ പറഞ്ഞു.

പെണ്‍കുട്ടി ആനയിക്കപ്പെട്ടു. കുറേയെണ്ണത്തിനെ കണ്ട് തഴക്കം വന്നത് കൊണ്ട് അയാള്‍ക്ക് ഒട്ടും പരിഭ്രാന്തി ഉണ്ടായിരുന്നില്ല.

‘എന്താ പേര്’ പലയിടത്തും ചോദിച്ച പല്ലവി തന്നെ അയാള്‍ ആവര്‍ത്തിച്ചു.

‘.............’

‘ഏതിനാ പഠിക്കുന്നത്’

‘.............’

‘ഇതേതിയറാ’

‘.............’

‘ഏതാ മെയിന്‍‘

‘.............’

‘എന്നാ പൊയ്ക്കോളു’ സ്റ്റോക്ക് തീര്‍ന്ന അയാള്‍ പറഞ്ഞു.

അയാള്‍ക്ക് പെണ്‍കുട്ടിയെ ശരിക്കും ഇഷ്ടമായി കഴിഞ്ഞിരിന്നു. ഫോട്ടോയില്‍ കണ്ടതില്‍ നിന്നും ഒരു പാട് വിത്യാസം അയാള്‍ക്ക് തോന്നി. താന്‍ തേടികൊണ്ടിരുന്ന മുഖം ഇതാ കണ്ടെത്തിയിരിക്കുന്നു. ഇനിയെന്ത് എന്ന മട്ടില്‍ അയാള്‍ കൂട്ടുകാരനെ നോക്കി.

‘ആ കുട്ടിയെ ഒന്നിങ്ങട്ട് വിളിച്ചേ’ കൂട്ടുകാരന്‍ പറഞ്ഞു.

‘നിനക്ക് ഈ കുട്ടിയെ ഇഷ്ടായോ’ തിരിച്ച് വന്ന ആ കുട്ടിയെ ചൂണ്ടി കൂട്ടുകാരന്‍ ചോദിച്ചു.

‘ഇഷ്ടമായി’ അത് പറയാന്‍ അയാള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല.

‘ഇവനെ ഇഷ്ടമായോ’ അയാളെ ചൂണ്ടി അവളോട് കൂട്ടുകാരന്‍ ചോദിച്ചു.

‘ഉം...’ എന്ന് നാണത്തോടെ മൂളി അവള്‍ അകത്തോട്ട് പോയി.

‘അപ്പോ, ഇനി ബാക്കി കാര്യങ്ങളൊക്കെ കാര്‍ന്നോമാര് തമ്മില് തീരുമാനിക്കാം‍‘ കൂട്ടുകാരന്‍ പറഞ്ഞു.

എല്ലാവരും, വീണ്ടും കാണാം എന്ന ശുഭാപ്തി വിശ്വാസത്തോടെ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.

‘നിന്‍റെ വാര്യെല്ല് പഠിക്കാന്‍ വന്നിരുന്ന കാലത്ത് ഇവിടെ വീണിരിക്കും’ വണ്ടിയിലിരുന്ന് ഇത്ത കളിയാക്കി പറഞ്ഞു.

അത് കേട്ട് എല്ലാവരും ചിരിച്ചു.

* * * *

അതെ, അഗ്രജന് വേണ്ടി അഗ്രജിയേയും, അഗ്രജിക്ക് വേണ്ടി അഗ്രജനേയും സൃഷ്ടിച്ച് വെച്ച സര്‍വ്വശക്തന്‍ അവരെ തമ്മില്‍ കൂട്ടിമുട്ടിച്ചത് അന്നായിരുന്നു. ഇതുപോലൊരു ഡിസംബര്‍ പതിനെട്ടിന്, അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്.

[വായിച്ച് ബോറഡിച്ചവരോട് ഒന്നേ പറയാനുള്ളു - സോറി]

33 comments:

മുസ്തഫ|musthapha said...

‘ഡിസംബറിന്‍റെ നേട്ടം’

[പണ്ടത്തെ പോലെ പതിവ് തെറ്റിയോടുന്ന, അധികം യാത്രക്കാരില്ലാത്ത ഒരു കെ.എസ്.ആര്‍.ടി.സി ബസ്സ് അവരെ കടന്നു പോയി]

സുല്‍ |Sul said...

‘എന്താ പേര്’ പലയിടത്തും ചോദിച്ച പല്ലവി തന്നെ അയാള്‍ ആവര്‍ത്തിച്ചു.

‘.............’

‘ഏതിനാ പഠിക്കുന്നത്’

‘.............’

‘ഇതേതിയറാ’

‘.............’

‘ഏതാ മെയിന്‍‘

‘.............’

‘എന്നാ പൊയ്ക്കോളു’ സ്റ്റോക്ക് തീര്‍ന്ന അയാള്‍ പറഞ്ഞു.

എന്നാ പൊയ്ക്കോളു.

നന്നായിരിക്കുന്നു അഗ്രജികതൈ.
-സുല്‍

സുല്‍ |Sul said...

എന്നാലും സ്വന്തം വീട്ടില്‍ നിന്നും ഒരാളോട് പൊയ്ക്കോളാന്‍ പറയുന്ന ആധൈര്യമുണ്ടല്ലോ. അതൊരൊന്നൊന്നരയാ മേന്‍.

-സുല്‍

asdfasdf asfdasdf said...

വായിച്ച് ബോറടിച്ചില്ല.

തറവാടി said...

ഇത്തരം അനുഭവങ്ങളില്ലാത്തതിനാല്‍

ഇതുമാത്രം :)

Mubarak Merchant said...

ഹാപ്പി ആനിവേഴ്സറി മുസ്തഫിക്കാ..
ഓ.ടോ:
എന്ത് ചോദിച്ചിട്ടും പെണ്‍കുട്ടി ഒന്നും മിണ്ടാതെ നില്‍ക്കുന്നത് കണ്ടപ്പൊ ഞാങ്കരുതി, അത് പൊട്ടിയായിരിക്കൂന്ന്!

സു | Su said...

ഡിസംബറില്‍, ജീവിതത്തിലേക്കും പുതുവര്‍ഷത്തിലേക്കും കൂട്ടായിട്ട് ഒരാളെ കിട്ടി അല്ലേ? :)

ദേവന്‍ said...

ആനിവേര്‍സറിആശംസകള്‍, അഗ്രജാ. പോസ്റ്റിന്റെ കമന്റ്‌ വഴിയേവരുന്നു.

മുസ്തഫ|musthapha said...

സുല്‍: രണ്ടാമത്തെ കമന്‍റ് ഇഷ്ടായി :)

കുട്ടമ്മേനോന്‍: നന്ദി :)

തറവാടി :)

ഇക്കാസ്: നിന്‍റെ കമന്‍റ് ശരിക്കും രസിച്ചു :)

സൂ: കൂട്ടയി കിട്ടും എന്ന ഉറപ്പേ ഡിസംബറില്‍ കിട്ടിയുള്ളൂ - കിട്ടാന്‍ കുറച്ച് ദിവസം കൂടെ കഴിഞ്ഞു :)

ദേവേട്ടാ: :)

ആനിവേഴ്സറി ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി... ഇതു പക്ഷെ, പെണ്ണുകാണലിന്‍റെ ആനിവേഴ്സറിയേ ആയുള്ളൂ... വിവാഹത്തിന്‍റെ വരുന്നു - എന്‍റെ ‘വധം’ ഇതിലൊതുക്കാന്‍ ഉദ്ദേശിക്കുന്നില്ല :)

Anonymous said...

ഇതാണ്‍ പണ്ടുള്ളവരു പറയാറു, എം എ/ബി. എ സോഷ്യോളജിയെങ്കിലും നീ പഠിയ്ക്‌, ബിരുദം വേണ്ടി വരും കല്യാണത്തിനു എന്ന്.

അഗ്രുവേ.. വേണ്ടാട്ടോ..

സു | Su said...

അഗ്രജാ :) മനസ്സിലായി. കൂട്ട് കിട്ടിയത് ഡിസംബറില്‍ തന്നെയല്ലേ. ഉറപ്പിലൂടെയുള്ള പ്രതീക്ഷ.

Anonymous said...

...വിവാഹവാര്‍ഷികത്തിന്‌ ആശംസകള്‍..ബോറടിച്ചില്ലെന്നു മാത്രമല്ല നന്നായിട്ടുമുണ്ട്‌....

അപ്പൊ... ഒന്നാം പഞ്ചവല്‍സരപദ്ധതി കഴിഞ്ഞു രണ്ടാം പദ്ധതിയിലെത്തി നില്‍ക്കാണ്‌ ല്ലെ?...

Visala Manaskan said...

:) മൊത്തം ചില്ലറയെപ്പറ്റിയും അരവിന്ദന്റെ നമ്പറുകളെ പറ്റിയും നമ്മള്‍ ഇന്നലെ അരമണിക്കൂറോളം സംസാരിച്ചപ്പോഴും, ഈ വാര്‍ഷികത്തെ പറ്റി പറഞ്ഞില്ല ല്ലേ ഗൊച്ചുഗള്ളാ..

ആശംസകള്‍.

:) സ്വതവേ പണ്ടത്തെക്കാര്യങ്ങള്‍ മാത്രം ആലോചിച്ചോണ്ടിരിക്കുന്ന എനിക്ക്, ഇമ്മാതിരി കഥകള്‍ കേട്ടിട്ട് എഴുതാതിരിക്കാന്‍ പറ്റണില്ല.

Anonymous said...

വിശാലോയ്‌ :)

മ്മ് മ്മ്

മനോജ് കുമാർ വട്ടക്കാട്ട് said...

അഗ്രൂ, ആശംസകള്‍.

ലിഡിയ said...

അഗ്രൂ ആശംസകള്‍.

-പാര്‍വതി.

Unknown said...

അഗ്രജോ.....
ഒരു പഞ്ച വത്സര പദ്ധതി പിന്നിടുന്നവര്‍ക്ക് ,സമീപകാലത്ത് അതു രണ്ട് പൂര്‍ത്തിയാക്കിയ ആളുടെ ആശംസകള്‍ മുന്‍കൂറായി ഇതാ സ്വീകരിക്കുക. ഡിസംബറിന്റെ നേട്ടം നൂറ്റാണ്ടുകള്‍ നില നില്‍ക്കട്ടെ.

Anonymous said...

ആശംസകള്‍..
--ഗുണ്ടൂസ്

qw_er_ty

കരീം മാഷ്‌ said...

കൊച്ചു കള്ളാ ! വിവാഹ വാര്‍ഷികമാണല്ലെ?
ആശംസകള്‍.

ഒരു ഓഫ്‌.
സല്‍മാന്‍ ഖാണ്ടെ കട്ടുണ്ട് എന്നു പലരു പറഞ്ഞ് പുളിയില്‍ കയറിയ ഒരു നാട്ടുകാരന്‍ മുപ്പത്തിന്നാലാമത്തെ പെണ്ണും കന്റു വന്നപ്പോള്‍ ഞങ്ങള്‍ ചോദിച്ചു
“എങ്ങനെയുണ്ട്?”
അവന്റേ ഉത്തരം.
“ ആദ്യത്തെ കണ്ട പെണ്ണു രണ്ടാമത്തെ വീട്ടിലാണെങ്കിലും മൂന്നാമത്തെ അമ്മായിപ്പന്‍ ആയിരുന്നങ്കിലും നാലാമത്തെ അളിയന്‍ ആയിരുന്നങ്കിലും സംഗതി നടന്നേനെ.
അവസാനം അവന്‍ കെട്ടിയ പെണ്ണിനു ഒരു കാലു ചെറുതും മറ്റേതു വലുതും. സ്‌പെഷല്‍ ചെരിപ്പുണ്ടാക്കി അവന്‍ ഇതു മറച്ചു വെക്കുന്നു.

P Das said...

ബോറടിച്ചില്ല.. :)

ഖാദര്‍ said...

ആ‍ശംശകള്‍
ഓ.ടോ. അപ്പോള്‍ ങ്ങള്‍ പൊന്നാനി എമ്മീയെസ് പ്രൊഡക്റ്റാണല്ലെ? ഞാനും അതന്നെ:)

മുസ്തഫ|musthapha said...

അതുല്യേച്ചി: ആഹ്... അത് ശരി, അപ്പോ അതാണ് കാര്യംല്ലേ :)

സൂ: :)

കൊച്ചുഗുപ്തന്‍: ആശംസകള്‍ മുന്‍കൂറായി സ്വീകരിച്ചിരിക്കുന്നു - വിവാഹ വാര്‍ഷീകത്തിന് കുറച്ച് ദിവസങ്ങള്‍ കൂടെയുണ്ട്. ഇത് ‘പെണ്ണുകാണല്‍ വാര്‍ഷീകം’ ആയിരുന്നു :)

അതെ, രണ്ടാമത്തേതിലേക്ക് കടക്കുന്നു :)

വിശാലന്‍: ഇത് ‘പെണ്ണ് കാണല്‍ വാര്‍ഷീകം’ ആയിരുന്നൂട്ടോ :)

ആലോചിച്ചിരിക്കാണ്ട്, അതൊക്കെ അങ്ങട്ട് പൂശെന്നേയ്... :)

അതുല്യേച്ചി: ;)

പടിപ്പുര: ആശംസകള്‍ക്ക് നന്ദി :)

പാര്‍വ്വതി: ആശംസകള്‍ക്ക് നന്ദി :)

പൊതുവാളന്‍: വളരെ സന്തോഷം... ഒത്തിരി പഞ്ചവത്സരങ്ങള്‍ പിന്നിടട്ടെ താങ്കളുടെ ദാമ്പത്യജീവിതം എന്ന് ആത്മാര്‍ത്ഥമായും ആശംസിക്കുന്നു :)

ഗുണ്ടൂസ്: നന്ദി :)

കരീം മാഷെ: വിവാഹവാര്‍ഷീകം അടുത്ത് വരുന്നതേയുള്ളൂ... :)

‘ആദ്യത്തെ കണ്ട പെണ്ണു രണ്ടാമത്തെ വീട്ടിലാണെങ്കിലും മൂന്നാമത്തെ അമ്മായിപ്പന്‍ ആയിരുന്നങ്കിലും നാലാമത്തെ അളിയന്‍ ആയിരുന്നങ്കിലും സംഗതി നടന്നേനെ‘ :)) ഇതു കലക്കി മാഷെ :)

ചക്കര: ബോറഡിച്ചില്ല എന്നറിഞ്ഞതില്‍ ശരിക്കും സന്തോഷമുണ്ട് :)

പ്രയാണം: നന്ദി :)

അതെ 1987 - 1989 സമയത്ത്.
വൈഫും അവിടെ തന്നെയാണ് പഠിച്ചത്.

വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും ആശംസകള്‍ നേര്‍ന്നവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

വിവാഹവാര്‍ഷീകമാണെന്ന് കരുതി ആശംസകള്‍ നേര്‍ന്നവരുടെ ആശംസകള്‍ വിവാഹ വാര്‍ഷീക പോസ്റ്റിലേക്ക് വരവ് വെക്കുന്നതായിരിക്കും :) (ഇന്‍ഷാ അള്ളാ)

വിചാരം said...

ദേ.. പിടിച്ചോ... എന്‍റെ വഹ..
ആദ്യം പ്രതിഷേധം എന്‍റെ നാട്ടിലേക്കാണ് പെണ്ണ് കാണാന്‍ പോകുന്നു എന്നറിഞ്ഞതില്‍ ഇത്തിരി ഇഷ്ടക്കേട് കാട്ടിയതിന് ..
എന്താ അഗ്രജാ എന്‍റെ നാട് അത്ര മോശമൊന്നുല്ലട്ടോ .. നല്ലൊരു ഭാര്യയെ കിട്ടാന്‍ പൊന്നാനിയില്‍ തന്നെ വരേണ്ടി വന്നില്ലേ... പെണ്ണ് കെട്ടാത്തവര്‍ ഇതിലേ.. ഇതിലേ..
പഴയ പൊന്നാനിയെ കുറിച്ചറിയാന്‍ ഞാനിവിടെ എഴുതിയ പൊന്നാനിയെ കുറിച്ചുള്ള പോസ്റ്റുകളില്‍ നോക്കിയാല്‍ മതി .. കേരളത്തിലെ ഒത്തിരി മഹാന്‍ മാര്‍ക്ക് എന്തിനേറെ പറയുന്നു ഈ ഫാറൂഖ് (എന്നെ പൊക്കാന്‍ ആളില്ലാത്തത് കൊണ്ട് ഞാന്‍ സ്വയം പൊക്കുന്നു .. എന്‍റെയൊരു ഭാഗ്യം )പിന്നെ അഗ്രജന്‍റെ ഭാര്യക്ക് വരെ ജന്മം നല്‍കിയ ...
എന്‍റെ നാട്ടിന്‍റെ മരുമകനായി വന്ന അഗ്രജന്‍റെ പെണ്ണ് കാണല്‍ കൊള്ളാം
........
ആ സ്ഥലങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ യഥാര്‍ത്ഥ ചിത്രം എന്‍റെ മനസ്സില്‍ മാത്രമേ വന്നിട്ടുണ്ടാകൂ .. എന്താ അഗ്രജാ സംശയമുണ്ടോ ?

മുസ്തഫ|musthapha said...

ഹഹഹ ഫറൂക്കേ, എന്തോ അന്നൊരു ഇഷ്ടക്കേട് തോന്നിയെന്നത് സത്യം തന്നെ... ആ പ്രതിഷേധം ഞാന്‍ വരവ് വെച്ചിരിക്കുന്നു :) അങ്ങിനെയൊരു അനിഷ്ടം തോന്നിയതിന്, നല്ലൊരു മരുമോനെ (ഞാനായിട്ടെന്തിനാ ഇനി പൊക്കാതിരിക്കുന്നത്) ആ നാടിന് കൊടുത്ത് ഞാന്‍ പ്രായശ്ചിത്തം ചെയ്തിരിക്കുന്നു :)

ഫറൂക് പറഞ്ഞത് ശരിയാണ്.

ഏറനാടന്‍ said...

തകതിത്തകതൈ..
ബൂലോഗ ബാച്ചിലേഴ്‌സന്‍മാരേ..
ഇങ്ങനെ വേണം പെണ്ണുകാണല്‍ അഭിമുഖം നടത്താന്‍. എത്ര ആദരവോടെ, നമ്മുടെ വ്യക്തിത്വം കാത്തുസൂക്ഷിച്ച്‌ പരിമിതമായ ചോദ്യോത്തരങ്ങള്‍ വേണമെന്നൊക്കെ അഗ്രജന്‍ ലളിതമായി വിവരിച്ച്‌ തന്നിരിക്കുന്നു.

thoufi | തൗഫി said...

അഗ്രൂ..പൊന്നാനിയില്‍ നിന്ന് പെണ്ണുകെട്ടിയ കാര്യമുള്‍പ്പടെ പലകാര്യത്തിലും നമ്മളൊരേ ഗ്രൂപ്പാ..
എന്നാലും വീട്ടിനുപുറത്ത് പെണ്ണിനെ കാത്തിരീക്കുന്ന ആ “അയാളൂടെ“ ഒരു അക്ഷമേയ്...എന്തുമാത്രം ടെന്‍സം അടിച്ചിട്ടുണ്ടാകും,അല്ലെ..?

പെണ്ണുകാണല്‍ വാര്‍ഷികത്തിന് ആശംസകള്‍..
മരണം വരെ ഇതുപോലെ സന്തോഷത്തോടെയും
സ്നേഹ-പരിചരണങ്ങളോടെയും കഴിഞ്ഞുകൂടാന്‍ സര്‍വേശ്വരന്‍ തുണക്കട്ടെ.

magnifier said...

ഇങ്ങനെ ഒരു ചടങ്ങും, പൈനാപ്പിള്‍ജ്യൂസ് ഓര്‍ ചായ ജിലേബി, ലഡു, മിക്ചറും അനുഭവിക്കാന്‍ യോഗമുണ്ടായിട്ടില്ല.(“ഡാ കന്നാലീ നില്ലെഡാ അബ്ഡെ, ഞാനുണ്ട്രാ“ ന്നൊരു ഡയലോഗുമടിച്ച് എന്റെ 95 മോഡല്‍ ബജാജ് ചേതക്കിന്റെ പിറകിലേക്ക് ഒറ്റച്ചാട്ടത്തിന് കയറിക്കളഞ്ഞതാ) പിന്നെ ഒരിക്കലൊരു കൂട്ട്കാരന് പെണ്ണു കാണാന്‍ കൂടെപ്പോയിട്ടൂണ്ട്. ചാ‍യയും ജിലേബിയും മുന്നില്‍ കൊണ്ടുവെച്ച പെണ്ണ് കുറ്റിയടിച്ചപോലെ ഉമ്മറത്ത് ഒരൊറ്റനില്‍പ്പ്! പെണ്ണിന്റപ്പന്‍ കണ്ണുരുട്ടി നോക്കി, കയ്യാട്ടി നോക്കി, ഒട്ക്കം സഹികെട്ട് “മോളപ്രത്ത് പോ” എന്ന് പറഞ്ഞുനോക്കി. ങേ..ഹെ. ജന്മമുണ്ടങ്കില്‍ പെണ്ണ് നിന്നെടുത്തൂന്നനങ്ങില്ല. ഒട്ക്കം ഉമ്മറപ്പടിയില്‍ നിന്നിരുന്ന പെണ്ണിന്റെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അനിയനാണ് പ്രശ്നം സോള്‍വാക്കീത്. പെണ്ണീന്റെ പിറകില്‍ നിന്ന് ചെക്കന്‍ ഡബിള്‍ ബെല്ല് കൊടുത്തു. ‘ണിം ണിം” . വൃത്താകൃതിയിലുള്ള ചായത്തട്ടം സ്റ്റിയറിംഗ് ആക്കി, റിവേഴ്സ് ഗിയറിലിട്ട് ഒന്നു പിന്നോട്ട് നീങ്ങി, പിന്നെ ഗിയര്‍മാറ്റി, കൂട്ടുകാരനെ തൊട്ട് തൊട്ടില്ല എന്ന മട്ടില്‍ വണ്ടി വളച്ചെടുത്ത് അവള്‍ അടുക്കളേലോട്ട് വണ്ടിയോടിച്ചു പോയി!

എന്തായാലും ചായേം ജിലേബിയും കഴിക്കാന്‍ ഞങ്ങള്‍ നിന്നില്ല.

മുസ്തഫ|musthapha said...

ഈ ഏറനാടാനെ കൊണ്ട് തോറ്റു :) നന്ദി.

മിന്നാമിനുങ്ങേ: അതെ പിന്നെ കോളേജ് വിട്ട് പിള്ളേര് പോണ നേരായതോണ്ട് വലുതായിട്ടൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല :)

ആശംസകള്‍ക്ക് നന്ദി.

മാഗ്നി: “ഡാ കന്നാലീ നില്ലെഡാ അബ്ഡെ, ഞാനുണ്ട്രാ“ :)


എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

മുസ്തഫ|musthapha said...

എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍ :)

കുറുമാന്‍ said...

ആഹാ, ഇതിന്നാ കണ്ടത്. അഗ്രജനും, അഗ്രജിക്കും വൈകിയെങ്കിലും, ,വിവാഹ വാര്‍ഷികാശംസകള്‍ ഒപ്പം, ക്രിസ്തുമസ്സ്, നവവത്സരാശംസകളും

Sona said...

വായിച്ചു വന്നപോഴേ മനസ്സിലായി..സ്വന്ദം അനുഭവമാണെന്ന്..ഒട്ടും ബോറടിച്ചില്ലട്ടൊ.ആ രംഗങള്‍ ഒക്കെ മനസ്സില്‍ കണ്ടു കൊണ്ടാ വായിച്ചത്..
"Belated Happy wedding anniversary ,God bless you for a peaceful life"

മുസ്തഫ|musthapha said...

കുറുമാനേ, സോന... ആശംസകള്‍ക്ക് നന്ദി :)

ഇത് പെണ്ണു കണ്ട ദിവസത്തിന്‍റെ (പെണ്ണുകാണല്‍ വാര്‍ഷീകം)ഓര്‍മ്മക്കുറിപ്പായിരുന്നു. വിവാഹ വാര്‍ഷീക പോസ്റ്റ് വരണതേള്ളു ;)

Sona said...

അഗ്രജന്റ്റെ വാമഭാഗം ശരിക്കും ഒരു ഭാഗ്യവതിയാട്ടൊ..തിരക്കിനിടയില്‍ വിവാഹവാര്‍ഷികം വരെ മറന്നുപൊവുന്ന ഈ കാലത്ത് പെണ്ണുകണ്ട് ദിവസം പോലും ഓര്‍ത്തുവച്ചല്ലോ...