Tuesday, September 05, 2006

ഹിന്ദിയും, സുഹൃത്തും പിന്നെ ഞാനും

ആദ്യമായി ഗള്‍ഫിലെത്തുന്ന ബഹുഭൂരിപക്ഷം വരുന്ന മലയാളികള്‍ക്കും ഭാഷ ഒരു പ്രശ്നം തന്നെയാണ്. അത് ബിരുദക്കാരനും, ബിരുദാനന്തര ബിരുദക്കാരനും, എസ് എസ് എല്‍ സി ഫൈനല്‍ ഇയറുകാരനും ഏക് തുജേ കേ ലീയേ. ചുമ്മാതല്ല... ക്രെഡിറ്റ് കാര്‍ഡ്, ലോണ്‍, മണി എക്സ്ചേന്ജുകള്‍... ഈ വക പരസ്യങ്ങളിലെല്ലാം തന്നെ അറബിക്കിന്‍റേയും ഇംഗ്ലീഷിന്‍റേയും കൂടെ മലയാളം ചേര്‍ക്കുന്നത്.

ഇതൊക്കെ കേട്ടറിഞ്ഞ് മനസ്സിലാക്കിയ സ്ഥിതിക്ക് കുറച്ച് കാലം സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സിന് പോകാമെന്ന് കരുതുന്നുണ്ടോ? പോരാ, സംഗതി ഇംഗ്ലീഷ് ലോകഭാഷയൊക്കെ തന്നെ..! ഇവിടെ ജോലി കിട്ടാന്‍ അത് അത്യാവശ്യവും (തന്നെയോ..!!). പക്ഷേ, ഇവിടെ ജീവിച്ചു പോവണമെങ്കില്‍ നമ്മുടെ ദേശീയ ഭാഷയായ ഹിന്ദി തന്നെ ശരണം.

ഇവിടെയെത്തി ജോലിക്കായലയുന്ന നിങ്ങളോട് സുഹൃത്ത് വിളിച്ചു പറയുന്നു. ‘അവിടെയൊരു ചാന്‍സുണ്ട്, ഇപ്പോ തന്നെ ഒന്ന് പോയി നോക്ക്’. നിങ്ങള്‍ ചടപടാന്ന് റെഡിയായി, കടം വാങ്ങി വെച്ചിരിക്കുന്ന ടൈയും വരിഞ്ഞു ചുറ്റി പുറത്ത് ചാടുന്നു. ടാക്സിയില്‍ കയറുന്നു - സ്വാഭാവീകം, ഡ്രൈവര്‍ പച്ച തന്നെയായിരിക്കും... അല്ലെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്‍. കയ്യും കാലും വെച്ച് ആക്ഷന്‍ കാണിക്കുന്നതിന്‍റെ കൂടെ രണ്ട് വാക്കെങ്കിലും പറയേണ്ടേ?. ങേ.. ടാക്സിക്ക് പോവാന്‍ കാശില്ല, ബസ്സിനാണ് പോകുന്നതെന്നോ..! ആയ്ക്കോട്ടെന്‍റിഷ്ടാ, ബസ്സില്‍ കയറുന്ന നിങ്ങള്‍ ‘ഈ ബസ്സ് അത് വഴിയാണോ പോകുന്നതെന്ന്’ ഇംഗ്ലീഷില്‍ തന്നെ ബസ്സ് ഡ്രൈവറോട് ചോദിച്ചെന്നിരിക്കട്ടെ..! അയാളിനി അറബിയോ, സുഡാനിയോ, മിസിരിയോ, ഫിലിപ്പൈനിയോ ഏത് നാട്ടുകാരനുമാകട്ടെ, നിങ്ങള്‍ ഇന്ത്യക്കാരനാണെന്ന് മനസ്സിലായ സ്ഥിതിക്ക് ഹിന്ദിയിലേ മറുപടി പറയൂ.

സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും ഹിന്ദി എനിക്കിപ്പോഴും പുളിക്കുന്ന മുന്തിരി തന്നെയാണ്. ടാക്സിയില്‍ കയറിയ പാടെ എനിക്കറിയാവുന്ന മുറി ഇംഗ്ലീഷില്‍ പോവേണ്ട സ്ഥലവും പറഞ്ഞ് ഞാന്‍ ഹിന്ദി അറിയാത്തവനാണേ എന്ന മുന്‍കൂര്‍ ജാമ്യവുമെടുത്ത് മിണ്ടാതിരിക്കും. എന്നാലും ചില സംഭാഷണ പ്രിയന്മാര്‍ വാ തോരാതിങ്ങനെ സംസാരിച്ചോണ്ടിരിക്കുമ്പോള്‍, അവരെ സന്തോഷിപ്പിക്കാനായ് ചുണ്ടിലൊരു ചിരിയും പരത്തി ‘ജി’.. ‘ജി’ എന്നിടയ്ക്കിടയ്ക്കിങ്ങനെ പറഞ്ഞോണ്ടിരിക്കും. ഒരിക്കലീ ‘ജി’ കുറേ തവണ കേട്ട ഒരുത്തന്‍ എന്‍റെ കണ്ണുകളിലേക്ക് തുറിച്ച് നോക്കിക്കൊണ്ട് ചോദിച്ചു ‘തുംകോ ഹിന്ദി നഹീ മാലും ???’

ഇതൊക്കെപ്പോ പറയാന്‍ കാര്യമെന്താണെന്ന് വെച്ചാല്‍.... അടുത്തിടെ എന്‍റെയൊരു ബാല്യകാല സുഹൃത്ത്, നല്ല രീതിയില്‍ നടന്ന് പോയിരുന്ന സ്വന്തം സ്ഥാപനം അടച്ച് പൂട്ടി, ‘സമ്പാദ്യം’ എന്തെങ്കിലും ഉണ്ടാക്കാനായി ഇങ്ങോട്ടെഴുന്നെള്ളിയിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയോട് തന്നെ മടുപ്പ് തോന്നി മൂന്ന് വര്‍ഷത്തെ എട്ടാം ക്ലാസ്സ് പഠനത്തോട് കൂടി ആ പരിപാടി അവസാനിപ്പിച്ച എന്‍റെ ചുരുക്കം ചില സുഹൃത്തുക്കളില്‍ ഇദ്ദേഹവും പെടും.

ഇദ്ദേഹത്തിന്‍റെ മുടിവെട്ടല്‍ കര്‍മ്മം നടത്തുന്നതിനായി ഞാന്‍ സ്ഥിരമായി പോകുന്ന പാകിസ്ഥാനിയുടെ കടയില്‍ കൊണ്ടുപോയി. മുടിവെട്ടല്‍, ക്ഷൌരം... പിന്നെ എല്ലാം കഴിഞ്ഞ് മസ്സാജ് എന്ന പേരില്‍‍ തലയില്‍ ഒരു ചെണ്ടമേളം, പുറത്തും തോളിലുമൊക്കെ ഒരു തേരോട്ടം ഇവയെല്ലാം കൂടെ വെറും ആറ് ദിര്‍ഹം മാത്രം മതി എന്നത് മാത്രമല്ല എന്നെ അങ്ങോട്ട് ആകര്‍ഷിക്കുന്നത്. ഹിന്ദി അറിയില്ല എന്നൊരു എക്സ്ക്യൂസില്‍ എല്ലാ ക്ഷുരകന്മാരുടേയും ദൌര്‍ബല്യമായ ‘വധ’ത്തില്‍ നിന്നുള്ള മോചനം... ഇതും കൂടെ ഒരു ഘടകമാണ്.

എന്‍റെ സുഹൃത്തിന്‍റെ മുടിവെട്ടുന്ന സമയം കൊണ്ട്, കുറച്ചപ്പുറത്തുള്ള പോസ്റ്റോഫീസില്‍ നിന്ന് കത്തുകളെടുക്കാനായി ഞാന്‍ നീങ്ങി. ഭാര്യയുടെ കത്ത് വായിച്ചാനന്ദിച്ചും, വീട്ടില്‍ നിന്നുള്ള കത്ത് വായിച്ച് തലതല്ലിക്കരഞ്ഞും തിരിച്ചെത്തിയ ഞാന്‍ കണ്ടത് പഴയ ഉടലും പുതിയൊരു തലയുമായി നില്‍ക്കുന്ന എന്‍റെ സുഹൃത്തിനെയാണ്.

‘ഇതെന്താണ്ടാ കാട്ടി വെച്ചിരിക്കണത്’ അവന്‍റെ തല നോക്കി ഞാന്‍ ചോദിച്ചു.
‘മത്തങ്ങത്തലയാ’ എന്നൊരു തെറിയും ചേര്‍ത്തവന്‍ മൊഴിഞ്ഞു...

‘അന്‍റെ വാപ്പ പഠിപ്പിച്ചേക്ണാ വെട്ട്യേത് മതീന്ന് ഹിന്ദീല് പറയാന്‍’

18 comments:

മുസ്തഫ|musthapha said...

ഒരു ചെറിയ പോസ്റ്റുണ്ടിവിടെ

Unknown said...

അഗ്രജേട്ടാ,
:-)
സംഭവം ശരിയാണ്. ഞാന്‍ ഇവിടെ വന്ന ഉടനെ എച്.ബി.ഓയും സി.എന്‍.എന്നും ഒക്കെ കണ്ട് ഉണ്ടാക്കിയെടുത്ത ഫേക്ക് ആക്സന്റില്‍ ഇംഗ്ലിഷൊക്കെ കാച്ചി നടന്നു.എവടെ? ഉത്ത്രം ഒക്കെ ഹിന്ദിയില്‍. പിന്നെ നമ്മളും മൊഴിമാറ്റി ചൊല്ലി.

ഇപ്പൊ സബ് കുച്ച് ഹിന്ദി മേം ബോല്‍ത്താ ഹേ..ഹോ..ഹൂം..ഹ്രീം!

Rasheed Chalil said...

ഇദ്ദേഹത്തിന്‍റെ മുടിവെട്ടല്‍ കര്‍മ്മം നടത്തുന്നതിനായി ഞാന്‍ സ്ഥിരമായി പോകുന്ന പാകിസ്ഥാനിയുടെ കടയില്‍ കൊണ്ടുപോയി. മുടിവെട്ടല്‍, ക്ഷൌരം... പിന്നെ എല്ലാം കഴിഞ്ഞ് മസ്സാജ് എന്ന പേരില്‍‍ തലയില്‍ ഒരു ചെണ്ടമേളം, പുറത്തും തോളിലുമൊക്കെ ഒരു തേരോട്ടം...


അഗ്രൂ‍.. ഇത് സൂപ്പര്‍. പിന്നെ ഒരിക്കല്‍ തലകൊടുത്ത ക്ഷീണം മാ‍റാത്ത പാവമാണ് ഇത് കമന്റുന്നത്. അറിയാമല്ലോ..
അടിപൊളി പോസ്റ്റ്.

asdfasdf asfdasdf said...

ഭാര്യയുടെ കത്ത് വായിച്ചാനന്ദിച്ചും, വീട്ടില്‍ നിന്നുള്ള കത്ത് വായിച്ച് തലതല്ലിക്കരഞ്ഞും തിരിച്ചെത്തിയ ഞാന്‍ കണ്ടത് പഴയ ഉടലും പുതിയൊരു തലയുമായി നില്‍ക്കുന്ന എന്‍റെ സുഹൃത്തിനെയാണ്.
....
അപ്പൊ തീവ്രവാദിയാണല്ലേ..

വല്യമ്മായി said...

നല്ല വിവരണം.ഞാന്‍ ബസ്സ് കയറ്റി വിട്ട മാവേലിയെ റോളയില്‍ വെച്ച് കണ്ടിരുന്നൊ

പട്ടേരി l Patteri said...

അഗ്രജന്‍ജീ, കൈസെ ഹെ ആപ്
ഇതു വായിച്ചപ്പോള്‍ എനിക്കു പണ്ടു എന്റെ ഒരു മാര്‍വാഡി സീനിയര്‍ അവന്റെ സെന്റ് ഓഫിനു എനിക്കു തന്ന കോംപ്ലിമെന്റ്സ് ഓര്‍മ വന്നു....
അവന്‍ ഭാഷ അറിയാതെ എങ്ങിനെ സംസാരിക്കാം എന്നു അവന്‍ പഠിചതു എന്നെ കണ്ടാണു പോലും .....
എന്തായാലും ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ ഹെ...മറ്റുള്ളവരെ കുറ്റം പറഞിട്ടു കാര്യം ഇല്ല...
സുഹ്രുത്ത്രിനു ആങ്യ ഭാഷ വശമില്ല അല്ലെ?
ബ്ലോഗ് പഠ്കെ അഛാ ലഗാ, ലേകിന്‍ മലയാളി ലോഗ് കബ് സുതറേങ്കെ?

മുസ്തഫ|musthapha said...

ദില്‍ബു:) ഇപ്പോ സബ് കുച്ച് ഹിന്ദീല് ബോല്‍ത്തണില്ലേ... മേരേ കോ അബി തക് ഹിന്ദി ചെവ്വിനും ചേലിനും ബോല്‍ നഹി സകതേ.

ഇത്തിരിവെട്ടം:) അത് ഞാന്‍ മറന്നിട്ടില്ല... താങ്കളുടെ മുടിയൊന്ന് വെട്ടിക്കാനായി ഞങ്ങളെയൊക്കെ അക്കണ്ട വഴിയൊക്കെ കറക്കിയതല്ലേ.

കുട്ടന്‍ മേനോന്‍:) ചതിക്കല്ലേ സാറേ... ബ്ലോഗില് വരെ സി.ഐ.എ ചാരന്മാരുള്ളതാണേ. ഗ്വണ്ടനാമാ... തുണിയുരിച്ചില്‍.. അതൊന്നും ചിന്തിക്കാനേ വയ്യ.

വല്യമ്മായി:) തമ്പുരാന്‍ അവിടെ റോളയില്‍ പബ്ലിക് ടോയലറ്റും തപ്പി നടക്കണുണ്ട്... വല്യമ്മായി പായസം കൊടുത്തൂന്നോ മറ്റോ പുലമ്പുന്നുമുണ്ട്...

പട്ടേരി:) എന്‍റെ ഈ സുഹൃത്തിനെ കറാമയില്‍ വെച്ച് താങ്കള്‍ എപ്പോഴെങ്കിലും കണ്ടിരിക്കും.
ഒരു ചിന്ന സന്ദേഹം: ‘സുതറേങ്കെ?’... ഇത് തമിഴാണോ

വല്യമ്മായി said...

സോന നേദിച്ച അടയേ കഴിക്കൂ എന്ന് പറഞ്ഞ് ഒരു ചായ പോലും കുടിച്ചില്ല പാവം

മുസ്തഫ|musthapha said...

വല്യമ്മായി: അത് കൊറച്ച് കടന്ന കയ്യായിപ്പോയില്ലേ, അതൃപ്പത്തിനൊരു ഉണ്ണി വയറുപോലുമില്ലാത്ത ആ പാവത്തിനെ മാവേലിയാക്കിയത്...:)

ഇടിവാള്‍ said...

കൊള്ളാം മാഷേ ! ആസ്വദിച്ചു !

അവസാനത്തെ അ ചോദ്യം കലക്കി !

മുസ്തഫ|musthapha said...

ഇടിവാള്‍: ആ ചോദ്യം, അതാണീ പോസ്റ്റ്... നന്ദി :)

Visala Manaskan said...

പോസ്റ്റ് നന്നായിട്ടുണ്ട് അഗ്രജാ.

ഇവിടത്തെ ബാര്‍ബര്‍മാരെല്ലാം തബലിസ്റ്റുകള്‍ ആണല്ലേ എന്ന് ഇവിടെ വന്ന കാലത്ത് ചോദിച്ചുപോയിട്ടുണ്ട്.

ഷാര്‍ജ്ജയില്‍ ഒരു മാംഗ്ലൂരി ചൂള്ളനുണ്ട്. അദ്ദേഹം ഘടം വായനക്കാരനാണ്. മണ്‍ കലത്തിന്റെ വേവ്‌ നോക്കുമ്പോലേയാണ് മേളം. മേളം മുറുകി മുറുകി അവസാനം തലയുടെ സെന്റര്‍ പോയിന്റ് നോക്കി ഒറ്റ പെടയോടെ നിറുത്തും. അപ്പോള്‍ മഴ പെയ്ത് തോര്‍ന്നതുപോലെയോ നെല്ലുകുത്ത് കമ്പനിയില്‍ കരണ്ട് പോയത് പോലെയോ തോന്നും.

ഓരോ മുടിവെട്ടിനും ആ ഉച്ചിയിലിടി കൊണ്ട് ഞാന്‍ ഇത്തിരീശ്ശെ പൊക്കം കുറഞ്ഞ് കുറഞ്ഞ് ‘ആറടിയോളം‘ ഉയരമുണ്ടായിരുന്ന എനിക്ക് അങ്ങിനെ ഇതുവരെ രണ്ടിഞ്ചോളം നഷ്ടപ്പെട്ടു.

എന്നാലും ആ മേളം ഒരു രസം തന്നെയാണ്.

Satheesh said...

ഇഷ്ടപ്പെട്ടു കഥ! വളരെ നന്നായി!:-)
വായിച്ചപ്പോള്‍ നമ്മുടെ കുറുമാന്റെ ‘മുജേ ഛട്നാ ഹേ’ ആണ് പെട്ടെന്നോര്‍മ്മ വന്നത്.. ലിങ്ക് കൊടുക്കാന്‍ നോക്കുമ്പം കുറുമാന്റെ പേജിലോട്ടു പോകാന്‍ പറ്റുന്നില്ല!

myexperimentsandme said...

അഗ്രഗണ്യാ, നന്നായിരിക്കുന്നു.

ഭാഷ ഒരു പ്രശ്‌നമാണല്ലേ.

ജപ്പാനിലേയ്ക്ക് വാ :)

മുസ്തഫ|musthapha said...

വിശാലാ... ഒന്നാം വാര്‍ഷികത്തിന്‍റെ തിരക്കിനിടയിലും ഇവിടം വരെ വന്നൂലോ... ഞാന്‍ എന്താണ്ടൊക്കയായി :) ആ തലേലെ കെട്ട് ഇനിയും മാറ്റാനായില്ലേ.

സതീഷ് :) ഇഷ്ടപ്പെടാതിരിക്കില്ലല്ലോ... എനിക്കല്ലേ തെറി കേട്ടത്... :)

വക്കാരിമിഷ്ട:) വക്കാരിമിഷ്ടാ... വക്കാരിമിഷ്ടാ... ജപ്പാനീ കൊണ്ടായി തെറി കേള്‍പ്പിക്കാനല്ലേ... ഉദ്ദേശം എനിക്ക് വക്കാരിമിഷ്ടാ... :)

paarppidam said...

എന്റെ ഭായീ ബോബെയില്‍ പോയി ഗാഡ്‌ കോപ്പര്‍ വിലക്ക്‌ വേണോന്ന് ഒറ്റടിക്ക്‌ കണ്ടക്ട്രോട്‌ ചോദിച്ച ഈയുള്ളവന്റെ സുഹൃത്തിന്റെ കാര്യം ഓര്‍ത്തുപോകുന്നു.ഹിന്ദിയറിയാതെ അങ്ങേരും ഞാനും ഒരുപാട്‌ അബദ്ധങ്ങള്‍ ഒപ്പിച്ചിട്ടുണ്ട്‌. എന്റെ ഒരു പോസ്റ്റിനുള്ള സ്ക്കൂപ്പായിരുന്നു ഈ ഹിന്ദി അതു താങ്കള്‍ മനസ്സിലാക്കി എന്നിട്ടങ്ങട്‌ ഇട്ടു അല്ലെ? കൊടകരഗുരുക്കളുടെ ശൈലി യുണ്ട്‌ താങ്കളുടെ ഈ പോസ്റ്റില്‍.നന്നായിരിക്കുന്നു.

വിനോദ്, വൈക്കം said...

അഗ്രജാ.. സുഹൃത്തിന്റെ മറുപടി ചോദ്യം കേട്ട ഉടനെ എടുത്ത ഫോട്ടോയാണോ..
പ്രൊഫൈത്സിലേത്‌..:)) ഒരു ചെറിയ ചമ്മല്‍..:)

മുസ്തഫ|musthapha said...

എസ്. കുമാര്‍ :)
എന്‍റെ എല്ലാ അബദ്ധങ്ങളും പോസ്റ്റാക്കുകയാണെങ്കില്‍ ദിവസവും 10 പോസ്റ്റ് വെച്ച് 1001 ദിവസം പോസ്റ്റിട്ടാലും തീരില്ല ഭായീ :)

‘...കൊടകരഗുരുക്കളുടെ ശൈലി യുണ്ട്‌ താങ്കളുടെ ഈ പോസ്റ്റില്‍...’ എന്‍റെ തല സീലിങ്ങില്‍ മുട്ടി. എനിക്കൊരു അവര്‍ഡ് കിട്ടിയതിന് തുല്യം:) പക്ഷേ വിയെമ്മിനെ ഇന്‍സള്‍ട്ട് ചെയ്യലാവില്ലെ അത്.

വൈക്കന്‍: ഹി ഹി... [ആത്മഗതം: ഇനിയിപ്പോ ഏത് ഫോട്ടോ കയറ്റും]