Tuesday, September 19, 2006

അശ്രദ്ധ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കഥയാണിത്.
അടിഞ്ഞ് കൂടിക്കിടക്കുന്ന ഓര്‍മ്മക്കൂമ്പാരങ്ങളില്‍ നിന്നും ഓര്‍ത്തെടുത്ത് പറയാന്‍ ശ്രമിക്കാം.
ചിലരുടെ അശ്രദ്ധ, മറ്റുള്ളവരുടെ വലിയ നഷ്ടങ്ങളായി മാറുന്നു പലപ്പോഴും .
ഇതും അത്തരത്തിലൊരു അശ്രദ്ധകൊണ്ട് സംഭവിച്ചത്.

അവിടെയൊരു കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് നടന്ന് കൊണ്ടിരിക്കുകയാണ്.
ഒരു കൂട്ടയ്മയുടെ വിജയമാണവിടെ നടക്കുന്നത്.
എല്ലാവരും അവരവരെ ഏല്പിച്ച കാര്യങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ്.
പണ്ടത്തെ കാലമല്ലേ... ഇന്നത്തെ പോലെ ജോലി അനായാസമാക്കുന്ന യന്ത്രങ്ങളൊന്നും തന്നെയില്ല.

മഴയൊന്ന് വിട്ട് നില്‍ക്കുന്ന സമയമാണ്.
അടുത്ത മഴക്ക് മുമ്പേ പണി തീര്‍ത്തില്ലെങ്കില്‍ ഇതുവരേയുള്ള അദ്ധ്വാനമെല്ലാം പാഴാവും.
വലിപ്പചെറുപ്പമൊന്നും അവര്‍ക്കിടയിലില്ല, എല്ലാവര്‍ക്കും ഒരേയൊരു ലക്ഷ്യം മാത്രം.
ചുമടെടുത്ത് വരുന്നവരും ചുമടിറക്കി വരുന്നവരും പരസ്പരം മുഖത്തോട് മുഖമൊന്ന് നോക്കുമെന്നല്ലതെ, സംസാരമൊന്നുമില്ല അവര്‍ക്കിടയില്‍. അതെ എല്ലാവരും തിരക്കിലാണ്.

എങ്കിലും എല്ലായിടത്തും എന്ന പോലെ ഇവിടെയും ചില അലസന്‍മാരുണ്ട്... അതങ്ങിനെയാണ്. ഒന്നോ രണ്ടോ തവണ എന്തെങ്കിലുമൊക്കെ ചെയ്തെന്ന് വരുത്തി അവിടേയും ഇവിടേയും മാറി നില്‍ക്കുന്ന മിടുക്കന്മാര്‍. അദ്ധ്വാനത്തിന്‍റെ വിലയറിയാത്തവര്‍.

അവര്‍ ഒരോ പടവുകളും മനോഹരമായി പടുത്തുയര്‍ത്തുന്നത് നോക്കി ഞാനിരുന്നു.
അപ്പോഴാണ് അങ്ങാടിയില്‍ ആടിന് ഇല വാങ്ങിക്കാന്‍ പോയ വല്യുപ്പ തിരിച്ച് വന്നത്.
ചവിട്ട് പടിയിലിരുന്ന മൂളി (കിണ്ടി) എടുത്ത് കാല്‍ കഴുകി വല്യുപ്പ വരാന്തയിലേക്ക് കയറി.

ഒലിച്ചിറങ്ങിയ വെള്ളത്തിലൂടെ ഒലിച്ച് പോകുന്ന ഉറുമ്പുകളും അവരുടെ വൃഥാവിലായ അദ്ധ്വാനവും എന്‍റെ കണ്ണുകള്‍ നിറയിച്ചു.

25 comments:

മുസ്തഫ|musthapha said...

“ചിലരുടെ അശ്രദ്ധ, മറ്റുള്ളവരുടെ വലിയ നഷ്ടങ്ങളായി പലപ്പോഴും മാറുന്നു”.

ഒരു ചെറിയ പോസ്റ്റ് നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

Unknown said...

ഈ ജന്തുക്കഥകള്‍ രസകരം തന്നെ.

ഇനി എന്നാണാവോ എട്ടുകാലിയെ പറ്റിയുള്ള കഥ വരുന്നത്?

(ഇത് തേങ്ങ)

അരവിന്ദ് :: aravind said...

സൂപ്പറായി അഗ്രജാ!!!
:-))
നല്ലൊരു ആശയം, ഭംഗിയായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍!

Rasheed Chalil said...

അഗ്രൂ നീ വിനയനു പഠിക്കുന്നുണ്ടോ... പുള്ളിയുടെ ചിത്രങ്ങളില്‍ വികലാംഗരായിരിക്കും പ്രധാന കഥാപാത്രങ്ങള്‍. ഒരിക്കല്‍ വാദിക്കാന്‍ വേണ്ടി ഞാന്‍ രാക്ഷസ രാജാവ് എന്ന് പറഞ്ഞു. ഉടന്‍ വന്നു മറുപടി. അതില്‍ ഒരു വികലാംഗ വിദ്യാലയം ഉണ്ട്.

അതുപോലെ മുഴുവന്‍ കഥാപാത്രങ്ങളും മൃഗങ്ങളാണല്ലോ... വായിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ വല്ല ഉറുമ്പോ തേനീച്ചയോ എന്ന് കരുതിയിരുന്നു. ഇപ്രാവശ്യം അങ്ങനെ നമ്മള്‍ ജയിച്ചു.

ആ പിന്നെ മറന്നു. വിവരണം അടിപൊളി

വാളൂരാന്‍ said...

മുഴുവനും ആസ്വദിച്ച്‌ വായിച്ച്‌ വായിച്ച്‌ അവസാനത്തെ പാരഗ്രാഫ്‌ വായിച്ചപ്പോള്‍ ഞാന്‍ ചുരുങ്ങി ചുരുങ്ങി ഒരുറുമ്പുപോലെയായി. "പ്രിയേ നിന്റെ കൊര" ഫെയിം രാജപ്പന്റെ അകന്ന ബന്ധത്തിലുള്ളതാണൊ ഈ അഗ്രജന്‍...!

ശാലിനി said...

ഒരു ചെറിയ വലിയ കാര്യം നന്നായി അവതരിപ്പിച്ചു. നന്നായിട്ടുണ്ട്.

ഏറനാടന്‍ said...

ന്റെ മാഷേയ്‌, കിടിലമല്ല. കിടിലോല്‍ക്കിടിലം! എന്റെള്ളോ.. തെത്താണിപ്പോ ഇബ്‌ടെ ബലിയ അസ്രദ്ധ പറ്റീതെന്നറിയാന്‍ ബായിച്ചോക്ക്യേപ്പം ദാ ചീട്ടുകൊട്ടാരം മാതിരി കെടക്കുണൂ കൊറേകാലത്തെ പണിയെടുത്തതോക്കെ ധിംതരികിടതോം..!

വല്യമ്മായി said...

ഇനിയിപ്പോള്‍ താങ്കള്‍ മനുഷ്യന്മാരുടെ കഥയെഴുതിയാലും ഇതേത് ജന്തൂന്റെ കഥയാണാവോ എന്ന മുന്‍വിധിയോടെ ആകും എല്ലാവരും വായിക്കുക.

എന്തായാലും താങ്കളുടെ വര്‍ഗ്ഗസ്നേഹം പ്രശംസനീയം തന്നെ.

സു | Su said...

പാവം ഉറുമ്പുകള്‍. ഉറുമ്പുകളോട് എനിക്ക് വല്യ ഇഷ്ടാ. നല്ല കഥ.

ജ്യോതിര്‍മയി /ज्योतिर्मयी said...

അഗ്രജാഗ്രജാ:-) ഉറുമ്പുകളെ എനിയ്ക്കും ഇഷ്ടാ:-)

എപ്പോഴോ കുത്തിക്കുറിച്ച ഒരു ഉറുമ്പുകഥയുണ്ടായിരുന്നു, സൂക്ഷിച്ചുവെച്ചില്ല്യാന്നാ തോന്നണത്‌. ന്നാലും അതിലെഴുതിയ ഒരു കുഞ്ഞിപ്പാട്ട്‌ നാവില്‍ വരുന്നു-
"ഉറുമ്പേ ഉറുമ്പേ...
ഉറുമ്പിന്റെ മാളം...
ഉറുമ്പിന്റെ മാളത്തില്‍...
പാമ്പിന്റെ വാസം...
പാമ്പിന്റെ കുറുമ്പോ...
ഉറുമ്പിന്റെ കുറുമ്പ്‌...
പാമ്പിനും ഉറുമ്പിനും...
കുറുമ്പോടു കുറുമ്പ്‌..."
nandi

ജ്യോതിര്‍മയി /ज्योतिर्मयी said...

അഗ്രജ്‌square, സ്വന്തം കാര്യങ്ങള്‍ മാത്രം ചിന്തിച്ചുകൂട്ടി വലുതാക്കി, ചെറുതുകളെയൊക്കെ കണ്ടില്ലാന്നു നടിക്കുന്ന അശ്രദ്ധ. ഈ ഉറുമ്പോളം പോന്ന കാഴ്ച്ചയിലൂടെ വലിയൊരു കാര്യം ശ്രദ്ധയില്‍ പെടുത്തിയതിന്‌ നന്ദി.

കരീം മാഷ്‌ said...

ഇസ്‌ലാമിക്‌ ഹിസ്‌റ്റരിയില്‍ എവിടെയോ വായിച്ചിട്ടുണ്ട്‌. സൈന്യത്തില്‍ ചേരാന്‍ പുതുതായി ചെറുപ്പക്കാര്‍ മുമ്പോട്ടു വന്നപ്പോള്‍ ട്രെയിനിങ്ങിനു സമയം കിട്ടാതെ സേനാനായകന്‍ അവരെ ഉറുമ്പുകളെ നിരീക്ഷിക്കാനയച്ചു. ആ ബാച്ചായിരുന്നത്രേ അടുത്തയുദ്ധത്തില്‍ ഏറ്റവും നേട്ടം കൊയ്‌തത്‌.
ഇപ്രാവശ്യം ഉറുമ്പു കെണിവെച്ചു ഞങ്ങളെ വീഴ്ത്തി. ആകെ മൊത്തം എത്ര തരം ജീവികളുണ്ടായിരുന്നു വീട്ടില്‍?
ഞാന്‍ ഉറുമ്പുകളെ സ്‌നേഹിക്കില്ല. ആടിനു ഇലവെട്ടാന്‍ ഞാന്‍ പ്ലാവിനു മുകളില്‍ വലിഞ്ഞു പ്രയാസപ്പെട്ടു കയറിയിട്ടുണ്ട്‌. പക്ഷെ താഴെയിറങ്ങാന്‍ ഉറുമ്പുകള്‍ സഹായിച്ചു വലിയ പ്രയാസം ഉണ്ടാവാറില്ല. നേരെ താഴോട്ടു പോരും. ചില്ലറ പരിക്കുമായി.

ഇടിവാള്‍ said...

ഹാ അഗ്രൂ.. നല്ലൊരാശയം,
ഒരു പാടര്‍ത്ഥങ്ങള്‍ മെനയാവുന്നൊരു ത്രെഡ്..
അസ്സലായിരിക്കുന്നൂ..

വായിച്ചു കഴിഞ്ഞപ്പോ ഒരു സംശയം:

“പണ്ടത്തെ കാലമല്ലേ... ഇന്നത്തെ പോലെ ജോലി ആയാസകരമാക്കുന്ന യന്ത്രങ്ങളൊന്നും തന്നെയില്ല.“

ഇന്നത്തെക്കാലത്ത് എറുമ്പുകള്‍ ബുള്‍ഡോസറും, ജേ.സീ.ബീ. യുമൊക്കെ ഉപയോഗിക്കുന്നുണ്ടാവും അല്ലേ ? ;) ഹ ഹ ..

ആളെ വഴിതെറ്റിക്കാന്‍ മിടുക്കനാണല്ലോ അഗ്രൂ !!

=========================
പിന്നെ, ജന്തുക്കഥകള്‍ മാത്രമെഴുതി stereotype ആവാതിരിക്കാന്‍ ശ്രദ്ധിക്കുക. താങ്കള്‍ക്ക് നല്ല കഥകളെഴുതാനുള്ള കഴിവുണ്ടെന്നു പഴയ പോസ്റ്റുകളില്‍ നിന്നും വ്യക്തം !
=========================

മുസാഫിര്‍ said...

അല്ല,ഞാന്‍ ഇതു നിര്‍മാണത്തൊഴിലാളികളുടെ കഥയാണെന്നല്ലേ കരുതിയത്.
ഉറുമ്പുകളെ ഇഷ്ടമാണ്.അത് കൊണ്ടു കഥയും ഇഷ്ടമായി.

തറവാടി said...

നല്ല അവതരണം

മുസ്തഫ|musthapha said...

ദില്‍ബു> തേങ്ങയടി അസ്സലായി... :)

അരവിന്ദ്> നന്ദി :)
[ഇതെന്‍റെ കണ്മുന്നില്‍ നടന്നൊരു സംഭവം തന്നെയാണ്]

ഇത്തിരിവെട്ടം> താങ്കളുടെ ജയത്തിന്‍റെ സന്തോഷത്തില്‍ ഞാനും പങ്ക് ചേരുന്നു :)

മുരളി> ആസ്വദിച്ച് വായിച്ചതില്‍ സന്തോഷം :)

ശാലിനി> എന്‍റെ ഉദ്ദേശം മനസ്സിലാക്കിയതില്‍ നന്ദി :)

ഏറനാടന്‍> താങ്കളുടെ ആ പൊട്ടിച്ചിരി ഇപ്പോഴും എന്‍റെ ചെവികളില്‍ മുഴങ്ങുന്നു.
ഈ കമന്‍റിനേക്കാളും നൂറ് മടങ്ങ് ശക്തമായിരുന്നു അത്:)

വല്യമ്മായി> തീര്‍ച്ചയായും അടുത്ത കഥയ്ക്ക് താങ്കളെ പരിഗണിക്കുന്നതായിരിക്കും :)

സൂ> നന്ദി... ഉറുമ്പുകള്‍ക്ക് വേണ്ടി പ്രത്യേകം‍ നന്ദി രേഖപ്പെടുത്തുന്നു :)

ജ്യോതിടീച്ചര്‍> നല്ല കുഞ്ഞിപ്പാട്ട് :)
അതെ, നാം പലപ്പോഴും ശ്രദ്ധിക്കാറില്ല... പലതും.

കരീമാഷേ> ഉറുമ്പുകള്‍ പാവങ്ങളല്ലേ മാഷേ, ഒന്നുമില്ലെങ്കിലും പ്ലാവില്‍ നിന്നുമുള്ള ഇറക്കം അവര്‍ ആയാസകരമാക്കി തരുന്നില്ലേ :)

ഇടിവാളേ> ഹ ഹ ഹ, പണ്ടത്തെ കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു.

സ്പീഡ് ട്രാക്കിലിട്ട വരികള്‍ വായിച്ചു... ശ്രമിക്കണമെന്നുണ്ട്. എന്തായാലും ഈ ടൈപ്പ് അടുത്തൊന്നും ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം. എന്തോ എനിക്ക് തന്നെ എന്നെ അത്രയ്ക്കങ്ങട്ട് വിശ്വാസം പോരാ :)

മുസാഫിര്‍> അവരും നിര്‍മ്മാണത്തൊഴിലാളികളല്ലേ :)

തറവാടി> നന്ദി :)

വായിച്ചവര്‍ക്കും കമന്‍റിയവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

അനംഗാരി said...

അഗ്രൂ. ആദ്യ ഖണ്ഡിക ഒഴിവാക്കിയിരുന്നെങ്കില്‍ കുറെക്കൂടി ഭംഗിയാകുമായിരുന്നു. മറ്റുള്ളവര്‍ കഷ്ടപ്പെട്ട് നിര്‍മ്മിക്കുന്നത് ഒരു നിമിഷം കൊണ്ട് തകര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വേദന.അത് പറഞ്ഞറിയിക്കാനാവാത്തതാണ്.നന്നായിട്ടുണ്ട്.

Adithyan said...

ഒരു PETA പ്രവര്‍ത്തകനാണല്ലേ? :))
അവതരണം നന്നായി.

മുസ്തഫ|musthapha said...

അനംഗാരി> വായനക്കാരന് ഒരാകാംക്ഷ ഉണ്ടാക്കാന്‍ നോക്കിയപ്പോള്‍ അതേ ഒരു വഴി കണ്ടുള്ളു :)

ആദി> നന്ദി.
ആദി കണക്ക് കൂട്ടിയത് പോലെ തന്നെ, ഞാനിതാ ചോദിച്ചിരിക്കുന്നു ‘എന്താണ് PETA'? :)

asdfasdf asfdasdf said...

അഗ്രൂ അവസാനത്തെ ആ കലം(തേങ്ങ) ഉടക്കുന്ന പരിപാടി നിര്‍ത്തണ്ട.. നന്നായിട്ടുണ്ട്

മുസ്തഫ|musthapha said...

കുട്ടന്‍ മേനോനെ> തല്‍ക്കാലം കലമുടയ്ക്കല്‍ നിറുത്തിയേ പറ്റൂ എന്നാ തോന്നണത്. ഇല്ലെങ്കില്‍ എല്ലാരും കൂടെ എന്നെ ശരിയാക്കും :)

ടി.പി.വിനോദ് said...

അഗ്രജാ...നന്നായിരിക്കുന്നു....
ബഷീറിന്റെ ‘ഭൂമിയുടെ അവകാശികള്‍ ‘ ഓര്‍മ്മ വന്നു...
ചെറുതുകളുടെ ചലനങ്ങളെ പിടിച്ചെടുക്കാനുള്ള ആ നൈസര്‍ഗ്ഗികത എപ്പോഴും കൂടെയുണ്ടാകട്ടെ....

ശിശു said...

അഗ്രജരെ, കഥനന്നായി, ഉറുമ്പിന്റെ കഥയാണെന്ന് ഊഹിക്കുവാന്‍ കഴിഞ്ഞിരുന്നില്ല,
ഞങ്ങള്‍ ശിശുക്കളുടെ കഥ പറഞ്ഞുതുടങ്ങാന്‍ എന്നാണിനി വരിക?

മുസ്തഫ|musthapha said...

ലാപുട & ശിശു> നന്ദി :)

മുല്ലപ്പൂ said...

കുട്ടിയായിരുന്നപ്പോള്‍ ഉരുമ്പുകളുടെ വരിവരിയായുള്ള പോക്കു ഈപോഴും എന്നില്‍ കൌതുകം ഉണര്‍ത്തിയിരുന്നു.

കുഞ്ഞിക്കഥ നന്നായി :)