Tuesday, October 17, 2006

കല്യാണപ്പിറ്റേന്ന്

...നമ്മുടെ വീട്ടിലും ഒരു കല്യാണം... എന്ത് രസമായിരിക്കും അല്ലേ!

പുതിയ ഡ്രസ്സ്, കുറച്ച് ദിവസം മദ്രസ്സയില്‍ പോണ്ടാ... പിന്നെ കുട്ടികളാണെങ്കിലും നമുക്കും വീട്ടിലൊരു നെലേം വെലേം ണ്ടാവണ സമയം. കൂട്ടുകാര്‍ക്കൊക്കെ നമ്മളോട് സ്നേഹോം ബഹുമാനോം കൂടും.

എന്‍റെ ഉപ്പയുടേയും ഉമ്മയുടേയും വിവാഹം കഴിഞ്ഞ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങളുടെ വീട്ടിലീ കല്യാണം നടക്കുന്നത്. രണ്ടാം ക്ലാസ്സിലെ കൊല്ലപരീക്ഷ കഴിഞ്ഞ സ്കൂള്‍പൂട്ടിനായിരുന്നു അത്.

കല്യാണദിവസം വളരെപെട്ടെന്നിങ്ങെത്തി. അതിഥികള്‍ക്കിരിക്കാന്‍ വേണ്ടി തയ്യാറാക്കിയ പന്തലിന്‍റെ ‘സീലിംഗ്’ ഉപ്പാടെ വെളുത്ത ‘ഖട്ടാവ്’ ഡബിള്‍ മുണ്ട് കൊണ്ടും, സൈഡുകള്‍ ഉമ്മാടെ പഴയ സാരികള്‍ കൊണ്ടും മറച്ചിട്ടുണ്ട്.

തെക്കേ മുറ്റത്ത് ഭക്ഷണം കഴിക്കാനുള്ള പന്തല്‍. അവിടെ എല്ലാവരുടേയും കോണ്‍സണ്ട്രേഷന്‍ മുന്നിലിരിക്കുന്ന പ്ലയ്റ്റിലാകുമെന്നത് കൊണ്ടോ എന്തോ, ഡബിള്‍ മുണ്ടും സാരിയുമൊന്നും കണ്ടില്ല. എന്നാലും പന്തലിന്‍റെയിടയില്‍, ആകാരത്തില്‍ ഏതോ ഒരു സിനിമാനടിയുടെ കട്ടുള്ളതോണ്ട് ഞങ്ങളൊക്കെ എളുപ്പത്തില്‍ കൊത്തിപ്പിടിച്ച് കയറുന്ന മൂവാണ്ടന്‍ മൂച്ചിയുടെ നഗ്നത അമ്മായിയുടെ സാരികൊണ്ടൊരുവിധം മറച്ചിട്ടുണ്ട്.

‘ഫൈവ്സ്റ്റാര്‍‘ മാമതുക്കാടവിടുന്ന് പിന്നില്‍ അഞ്ച് നക്ഷത്രങ്ങളൂള്ള ഇരുമ്പ് കസേരകള്‍, ചെമ്പുകള്‍, ചരക്കുകള്‍, പാത്രങ്ങള്‍, കയിലുകള്‍, കാസലൈറ്റുകള്‍... എക്സിട്രാ... എക്സിട്രാ... എല്ലാം വഹിച്ചു കൊണ്ടുള്ള കൈവണ്ടി തലേ ദിവസം വൈകുന്നേരം തന്നെ ലാന്‍ഡ് ചെയ്തു. അടുത്ത ദിവസം രാത്രിയാണ് കല്യാണമെങ്കിലും അയല്പക്കത്തുള്ളവരും അടുത്ത ബന്ധുക്കളുമൊക്കെ തലേന്ന് തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്.

നമ്മുടെ കയ്യിലിരിപ്പോണ്ട് കണ്ടിടത്ത് വെച്ച് ‘കുരുത്തംകെട്ടത്’ എന്ന് ഓമനിച്ച് വിളിക്കുന്നവര്‍ പോലും എന്‍റെയും താഴേയുള്ള ഇരട്ട സന്തതികളേയും [ആദ്യത്തെ പ്രൊജക്റ്റില്‍ മുതല്‍മുടക്ക് കോട്ടമില്ലാതെ കിട്ടിയെങ്കിലും രണ്ടാമത്തെ പ്രൊജക്റ്റ് ഇനീഷ്യല്‍ സ്റ്റേജിലേ പൊട്ടി പാളീസായി. പക്ഷെ, മൂന്നാമത്തെ പ്രൊജക്റ്റില്‍ - മൊതലും ലാഭോം ഒന്നിച്ച് കിട്ടി. അങ്ങിനെ എന്‍റെ ഉപ്പയും ഇരട്ടക്കുട്ടികളുടെ ഉപ്പയായി] വളരെ വാത്സല്യത്തോടെ തഴുകുന്നു, തലോടുന്നു!

തലേ ദിവസം തന്നെ നിരത്തിയിട്ട കസേരകളില്‍ കിടന്ന് ചാടിമറിയുന്നതിന് കുട്ടികളെ മൂത്തവര്‍ വഴക്ക് പറയുന്നുണ്ടെങ്കിലും, ഞങ്ങളോട് ‘മക്കളേ നോക്കി കളിക്ക്... തട്ടി മുട്ടി വീഴരുത്ട്ടാ’ എന്ന് സ്നേഹത്തോടെ പറഞ്ഞു. ‘അച്ചൊട്ട്’ കളിയായിരുന്നു ഞങ്ങളുടെ മുഖ്യ ഐറ്റം. ഒരുപാട് കളിച്ച് തളര്‍ന്ന ഞങ്ങള്‍ എപ്പോഴോ ഉറങ്ങിപ്പോയി.

കല്യാണദിവസം. ഞങ്ങള്‍ മൂന്നു പേരും രാവിലെ തന്നെ അണിഞ്ഞൊരുങ്ങി. ചാരവും ഇളംറോസും ചേര്‍ന്ന കളറുള്ള പാന്‍റ്സും, വെള്ള ഷര്‍ട്ടും, ലെയ്സുള്ള കറുത്ത ഷൂസും, വെള്ള സോക്സും... മൊത്തതിലൊരു സംഭവമായി ഞങ്ങള്‍ മാറി.

ചടങ്ങുകളൊക്കെ രാത്രിയിലായതോണ്ട് അടുത്ത ബന്ധുക്കള്‍ മാത്രേ രാവിലെ വന്നിരുന്നുള്ളു. ഉച്ചയ്ക്ക് ചോറും മീന്‍ കറിയും പൊരിച്ചതും പപ്പടവും ഉപ്പേരിയുമൊക്കെ കഴിച്ച് ഏമ്പക്കം വിട്ട് മൂരിയൊക്കെ നിവര്‍ത്തി വരുമ്പോഴേക്കും മറ്റ് ബന്ധുക്കളും അയല്‍വാസികളുമൊക്കെ എത്തിത്തുടങ്ങി. അതിലിടക്ക് വലിയമാമന്‍റെ കൂടെ ഞങ്ങള്‍ പള്ളിയിലൊക്കെ പോയി, വല്യുപ്പാടെ കബറിടത്തില്‍ പ്രാര്‍ത്ഥന നടത്തി തിരിച്ചു വന്നു. അപ്പോഴേക്കും പള്ളിയില്‍ നിന്നും ഉസ്താദ്മാരും വന്നിരുന്നു. എപ്പോഴും കണ്ണുരുട്ടി നടക്കുന്ന സദര്‍ ഉസ്താദ് പോലും ഞങ്ങളെ അടുത്ത് വിളിച്ച് കുശലം ചോദിക്കുന്നു. അദ്ദേഹത്തിന് ചിരിക്കാനറിയുമെന്ന് അന്നാണെനിക്ക് മനസ്സിലായത്!

മഗരിബ് നിസ്കാരം കഴിഞ്ഞതോടെ ക്ഷണിച്ചവരെല്ലാം ഒരുവിധമെത്തിച്ചേര്‍ന്നു. ചടങ്ങുകളാരംഭിച്ചു. ചടങ്ങിലൊന്നും വലിയ താല്പര്യമില്ലാതിരുന്നതോണ്ട് ഞങ്ങള്‍ പിള്ളേര് കാസലൈറ്റിന്‍റെ വെളിച്ചത്തില്‍ പന്തലിനുള്ളിലും പറമ്പിലുമായി ‘അച്ചൊട്ട്’ കളി തുടര്‍ന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ വലിയമാമന്‍ വിളിച്ചോണ്ട് പോയി ഭക്ഷണം കഴിപ്പിച്ചു. നെയ്ച്ചോറും പോത്തിറച്ചിയും കച്ചംബറും പരിപ്പ് വറ്റിച്ചതും പപ്പടോം ഉള്ളില്‍ ചെന്നതോടേ കണ്ണുകളങ്ങട്ട് അടയാന്‍ തുടങ്ങി. ഇത് കണ്ട മാമന്‍ ‘അയ്യേ... കല്യാണായിട്ട് ഇപ്പോ തന്നെ ഒറങ്ങേ...’ എന്നും പറഞ്ഞ് അടുത്ത പറമ്പിലേക്ക് കൊണ്ട് പോയി അമ്പിളിമാമനെ കാണിച്ചു തന്നു. എന്തൊക്കെയോ കഥ പറഞ്ഞ് തന്ന് ഉറക്കത്തെ പമ്പ കടത്തി.

‘അളിയാ... ന്നാ മക്കളെ ങ്ങട്ട് കൊണ്ടന്നോളിന്‍‘... കുറച്ച് കഴിഞ്ഞപ്പോള്‍ ഉപ്പ വന്ന് മാമാനെ വിളിച്ചു .
‘ന്നാ പോയിട്ടോറങ്ങാം’ മാമന്‍ ഞങ്ങളേയും കൂട്ടി നടന്നു.
‘ഇനി ഡ്രസ്സൊക്കെ മാറിക്കോളിന്‍‘ എന്ന് പറഞ്ഞു കൊണ്ട് മൂന്ന് പേരേയും ഉപ്പ കസവ് തുണിയുടുപ്പിച്ചു.

പിന്നീട് നടന്നതൊക്കെ വളരെ പെട്ടെന്നായിരുന്നു!

മാമന്‍ എന്നെയെടുത്ത് പൂമുഖത്തേക്ക് കടന്നു. അവിടെയുള്ള കസേരയിലിരുന്നതും എന്‍റെ കണ്ണുകള്‍ പൊത്തി. അപ്പോഴേക്കും ആരൊക്കെയോ എന്‍റെ കൈകളും കാലുകളും ബലമായി പിടിച്ചു. എന്‍റെ കണ്ണ് പൊത്തിയ മാമന്‍റെ വിരലുകള്‍ക്കിടയിലൂടെ മുന്നിലിരിക്കുന്ന ആളുടെ കയ്യിലൊരു കത്രികയും പച്ചീര്‍ക്കിലിയും കണ്ട എന്‍റെ കരച്ചില്‍ ഉച്ചത്തിലായി.

പെട്ടെന്ന് ആരോ എന്‍റെ കസവ് തുണി അഴിച്ചുമാറ്റി. എനിക്കൊന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല... കരയാനല്ലാതെ! ഇതിലിടയ്ക്കയാള്‍ കത്രികയും പച്ചീര്‍ക്കിലിയും പ്രയോഗിച്ച് കഴിഞ്ഞിരുന്നു.
‘അള്ളെന്‍റുമ്മ്മ്മ്മാ....‘ ഞാനലറിക്കരഞ്ഞു.
‘സാരല്ലെടാ... കഴിഞ്ഞു... കഴിഞ്ഞെടാ’ മാമന്‍ ആശ്വസിപ്പിക്കുന്നതിനോടൊപ്പം എന്നെയെടുത്തു പുറത്തു കടന്നു.

ഉമ്മറത്ത് പായയില്‍ വെച്ചിരുന്ന വാഴയിലയില്‍ എന്നെ കിടത്തി. ഞാനുലകം പൊളിയുമാറുച്ചത്തില്‍ അലരിക്കരഞ്ഞു കൊണ്ടിരുന്നു. എന്‍റെ കരച്ചിലിനേയും കവച്ച് വെക്കുന്ന രണ്ട് കരച്ചിലുകള്‍ കൂടി പൂമുഖത്ത് നിന്നും ഉയര്‍ന്നു. എന്‍റെ തൊട്ടപ്പുറത്ത് വിരിച്ചിരുന്ന ഇലകളില്‍ എന്‍റെ ഇരട്ട അനിയന്മാരേയും ആരോ കൊണ്ടന്ന് കിടത്തി. ആ കല്യാണവീട്ടില്‍ ഞങ്ങളുടെ കൂട്ടക്കരച്ചിലുയര്‍ന്നു. കരച്ചിലിനൊടുവിലെപ്പോഴോ ഞാന്‍ തളര്‍ന്നുറങ്ങി.

കല്യാണപ്പിറ്റേന്ന്!

പതുക്കെ കണ്ണ് തുറന്ന ഞാന്‍ എല്ലാമൊന്നൊര്‍ത്തെടുക്കാന്‍ ശ്രമിച്ചു... എല്ലാം സത്യമോ അതോ സ്വപ്നമോ!
എന്‍റെ നടുഭാഗത്ത് ചെറിയ കൂടാരം പോലെ കനം കുറഞ്ഞ വെള്ളത്തുണി കെട്ടി തൂക്കിയിരിക്കുന്നു. ഇടത്തോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ വേറേയും രണ്ട് കൂടാരങ്ങള്‍. അനിയന്മാര്‍ അപ്പോഴും ഉറക്കത്തില്‍ തന്നേയായിരുന്നു.

പതുക്കെ തലയുയര്‍ത്തി മുന്നിലോട്ട് നോക്കിയ ഞാനാ നഗ്നസത്യം സ്വപ്നമല്ലെന്ന് തിരിച്ചറിഞ്ഞു!

കുടുംബത്തിലെ മുതിര്‍ന്ന ആണുങ്ങളേപ്പോലെ ഞങ്ങളും ‘വികലാംഗര്‍‘ ആയിരിക്കുന്നു.


****
കാസലൈറ്റ് = പെട്രോമാക്സ് * ഉസ്താദ് = മദ്രസ്സാ അദ്ധ്യാപകന്‍ * സദര്‍ ഉസ്താദ് = മദ്രസ്സയിലെ പ്രധാന അദ്ധ്യാപകന്‍ * അച്ചൊട്ട് = അമ്പസ്താനി * കച്ചംബര്‍ = തൈര് സാലഡ്.

സുന്നത്ത് കല്യാണം, മര്‍ഗ്ഗംകല്യാണം, ചേലാക്കര്‍മ്മം എന്നീ പേരുകളിലെല്ലാം ‘CIRCUMCISE’ അറിയപ്പെടുന്നു.

34 comments:

മുസ്തഫ|musthapha said...

‘കല്യാണപ്പിറ്റേന്ന്’ പുതിയ പോസ്റ്റ്!

Rasheed Chalil said...

അഗ്രജാ ഗ്രാമീണതയുടെ മണമുള്ള മനോഹരമായ കഥ. സംഭവം സൂപ്പര്‍.

തേങ്ങ ഞാന്‍ തന്നെ ഉടക്കെണ്ടി വരുമെന്ന് തോന്നുന്നു. തേങ്ങാക്കൂട്ടിലേക്ക് നോക്കുമ്പോള്‍ അതിനാണെങ്കില്‍ മനസ്സും വരുന്നില്ല. ഏതായാലും അഗ്രുവിന് വേണ്ടിയല്ലേ... കിടക്കട്ടേ ഒരു തേങ്ങ ഇവിടെയും.

ഇടിവാള്‍ said...
This comment has been removed by a blog administrator.
സൂര്യോദയം said...

വിവരണം നന്നായി...
പക്ഷെ,..... ആലോചിക്കാന്‍ വയ്യ... പച്ച ഈര്‍ക്കിലിയും കത്രികയും......

Unknown said...

അഗ്രജേട്ടാ,
ചെറുപ്പത്തില്‍ കൂട്ടുകാരുടെ ‘വികലാംഗ’ പരിപാടിയ്ക്ക് പോയി ധാരാളം നെയ്ച്ചോറ് അടിച്ചിട്ടുണ്ട്. ഓരോ പരിപാടി കഴിഞ്ഞ് വന്നാലും എന്നെ ഇങ്ങനെ ചെയ്യില്ല എന്ന് അമ്മയുടെ കയ്യില്‍ നിന്ന് ഉറപ്പും വാങ്ങിക്കും. :-)

ഇടിവാള്‍ said...

ആദ്യത്തെ പ്രൊജക്റ്റില്‍ മുതല്‍മുടക്ക് കോട്ടമില്ലാതെ കിട്ടിയെങ്കിലും രണ്ടാമത്തെ പ്രൊജക്റ്റ് ഇനീഷ്യല്‍ സ്റ്റേജിലേ പൊട്ടി പാളീസായി. പക്ഷെ, അതിന്‍റെ കോട്ടം മൂന്നാമത്തെ പ്രൊജക്റ്റില്‍ തീര്‍ത്തു -

ഹി ഹി !

ഉത്സവം : Ulsavam said...

ഒരു "അക്രമ" പോസ്റ്റ്‌ തന്നെ
എന്നാലും ആലോചിക്കുമ്പോള്‍ ഹോ ..

ദില്‍ബൂ..ഉറപ്പ്‌ വാങ്ങിയ്ക്കല്‍ ...ഹ ഹ തകര്‍ത്തു.

മുസ്തഫ|musthapha said...

ഇത്തിരി: അങ്ങനൊരു മണോംണ്ടായിരുന്നോ! :)

സൂര്യോദയം: അപ്പോ അനുഭവിച്ചാലുള്ള അവസ്ഥയോ :)

ദില്‍ബു: ഹ ഹ അമ്മേടേന്നുള്ള ഉറപ്പ് കലക്കി :)

ഇടിഗഡി: :)

ഉത്സവം: അതൊരു വല്ലാത്ത അക്രമം തന്നേര്‍ന്ന് :)

മുന്ന: റിന്യൂവല്‍ കലക്കി :)

വായിച്ചവര്‍ക്കും കമന്‍റിയവര്‍ക്കും നന്ദി :)

വല്യമ്മായി said...

അടിപൊളി കഥ അഗ്രജാ,കോഴികഥ പോലെ ക്ലൈമാക്സ് വരെ സസ്പെന്‍സിട്ടത് വളരെ നന്നായി.

Unknown said...

അഗ്രജാ,
വിവരണം കൊള്ളാം, എന്നാലും സൂര്യോദയം പറഞ്ഞ പോലെ ഓര്‍ക്കുമ്പോള്‍ ഒരു പേടി:(

Anonymous said...

Agrajan adyamayitanu blogilku oru cocunut udakunnathu., palappozhum oru "foot ball kali" feel anu story vayikumbol thonnunnathu- kalyanam,kootukar,vaticha paripu kari ....anginey vayichu vayichu pathukey panthu thati munnilku povoumbo atha ehthir team panthu thatti GOL enna climax ilku ehtumpo anu my God ivan gol adichallo ennu manacilavunnathu your language and ideas super

asdfasdf asfdasdf said...

കുടുംബത്തിലെ മുതിര്‍ന്ന ആണുങ്ങളേപ്പോലെ ഞങ്ങളും ‘വികലാംഗര്‍‘ ആയിരിക്കുന്നു.
അതുമാത്രം വേണ്ടായിരുന്നു. തകര്‍പ്പനായിട്ട്ണ്ട് ട്ടാ..

ഏറനാടന്‍ said...

"കുടുംബത്തിലെ മുതിര്‍ന്ന ആണുങ്ങളേപ്പോലെ ഞങ്ങളും ‘വികലാംഗര്‍‘ ആയിരിക്കുന്നു." - കൊള്ളാം. എന്നാലും ഇത്രക്കങ്ങ്‌ വേണമായിരുന്നോ. പണ്ട്‌ തലസ്ഥാനത്തെ പിള്ളേര്‍ കളിയാക്കാറുണ്ട്‌: "ഡേയ്‌ മാപ്പിളച്ചെക്കാ തനിക്കൊരു വികലാംഗ പെന്‍ഷന്‌ അപേക്ഷിച്ചൂടേന്ന്!" അന്നെനിക്കതിന്റെ പൊരുള്‍ പെട്ടെന്ന് മനസ്സിലായിട്ടില്ലായിരുന്നു.

ചില നേരത്ത്.. said...

വൈക്കം മുഹമ്മദ് ബഷീറിന്റെയും എന്‍.പി .മുഹമ്മദിന്റെയും നോവലുകളില്‍ നിന്നും മലയാളികള്‍ക്ക്
സുപരിചിതമായ ചേലാകര്‍മ്മമെന്ന ആഘോഷം, ഇക്കാലത്ത് വെറുമൊരു ശസ്ത്രക്രിയയായി ചുരുങ്ങിരിക്കുന്നു.
എന്റെ അനന്തരവനൊക്കെ അതൊരു വൈകല്യമാണെന്ന് തോന്നുകയേയില്ല. ഓര്‍മ്മ വെക്കുന്നതിന്‍ മുന്‍പേ ആ
ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നു.
അഗ്രജാ.നന്നായിരിക്കുന്നു.

അലിഫ് /alif said...

വായിച്ച് തുടങ്ങിയപ്പോള്‍ ഇതൊരു സുന്നത്ത് കല്യാണമാണെന്ന് തോന്നിയേയില്ല, നന്നായി അവതരിപ്പിച്ചിരിക്കുന്നു. മുന്ന പറഞ്ഞത് പോലെ പിന്നെയും കുരുത്തേക്കേട് കാട്ടുമ്പോള്‍ ‘ഇവനെ ഒന്നൂടെ സുന്നത്ത് കഴിപ്പിക്കാം’ എന്നു പറഞ്ഞ് പേടിപ്പിച്ചാല്‍ ഇന്നത്തെ കുട്ടികള്‍ (എന്റെ മകനുള്‍പ്പടെ) പുല്ല് വിലപോലും കല്പിക്കില്ലന്നത് നേര്.
അഗ്രൂ, അന്നു കിട്ടിയ സമ്മാനങ്ങളെക്കുറിച്ച് കൂടി പറയാമായിരുന്നു, അല്ലെങ്കില്‍ അതിനി അടുത്ത പോസ്റ്റായിക്കോട്ടെ.

ഓ.ടോ. ആധുനിക വൈദ്യശാസ്ത്രം ചേലാകര്‍മ്മത്തെ നല്ലൊരു ആചാരമായിട്ടാണ് കാണുന്നത്, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രചാരം കൂറ്റുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറുമാന്‍ said...

അഗ്രജന്‍ ഭായ് കലക്കി..... ഒമ്പത് വര്‍ഷം മുന്‍പ് ആ വീട്ടില്‍ ഉപ്പാന്റെ കല്യാണം കഴിഞ്ഞതിന്നു ശേഷം ആദ്യമായുണ്ടായ കല്യാണം കലക്കി....ഒന്നല്ല, രണ്ടല്ല, മൂന്നുപേരല്ലെ, ഒറ്റ ദിവസം കൊണ്ട് വികലാംഗരായത് :)

ലിഡിയ said...

കലക്കീ..

പണ്ട് പറയാറുണ്ടായിരുന്ന പല തമാശകളും ഓര്‍മ്മ വരുന്നു,ഞങ്ങടങ്ങോട്ട് മാപ്പിളചെക്കന്മാരെ കാണാന്‍ നല്ല ശേലാണ്,അപ്പന്റെ ഭാഷയില്‍ “നല്ല പൂവമ്പഴം പോലത്തെ ചെറുക്കന്‍”

:-))

-പാര്‍വതി

മനോജ് കുമാർ വട്ടക്കാട്ട് said...

അഗ്രൂ, തകര്‍ത്തു. ഒരു കല്ല്യാണവസാനം ഇങ്ങിനെയൊരു കടുംകയ്യിലവസാനിക്കുമെന്നാരറിഞ്ഞു!

മുസ്തഫ|musthapha said...

വല്യമ്മായി: മ്മക്ക് ഇമ്മാതിരി അല്ലറ ചില്ലറ പറ്റിക്കത്സൊക്കെ നടക്കൂ :)

സപ്താ: ഇതൊരു വളരെ ചെറിയ വിവരണമല്ലേ... :)

അനോണി: ഉപമ ഇഷ്ടായി :)

കുട്ടമ്മേനനേ: :)

ഏറനാടാ: ‘ആ’ പ്രയോഗം ഞാനും കുറേ കേട്ടിട്ടുണ്ട് :)

ചിലനേരത്ത്: എനിക്കോര്‍മ്മ വെക്കുന്നതിന് മുന്‍പത് കഴിഞ്ഞിരുന്നെങ്കില്‍ ഒരു പോസ്റ്റിനുള്ള വകുപ്പില്ലാതാകുമായിരുന്നു :) അതൊരിക്കലും ഒരു വൈകല്യമല്ലല്ലോ... കേട്ടുപഴകിയ ഒരു പ്രയോഗം ഉപയോഗിച്ചു എന്നേയുള്ളു.

ചെണ്ടക്കാരാ: അന്നൊക്കെ സമ്മാനങ്ങള്‍ ‘ക്യാഷ് അവാര്‍ഡ്’ ആയിട്ടായിരുന്നു കിട്ടിയിരുന്നത് :) കവറിലെ സംഖ്യ അറിയണമെങ്കില്‍ ‘ചായക്കുറി’ ബുക്ക് നോക്കേണ്ടി വരും :)

ഞാനും വായിച്ചിരുന്നു ആ റിപ്പോര്‍ട്ടുകള്‍.

കുറുമന്‍ ജി: പിന്നേം ഉണ്ടായി മൂന്ന് പേര്‍ :)

പാര്‍വ്വതി: തമാശകളൊക്കെ പോസ്റ്റുകളായിട്ടിങ്ങ് വരട്ടെ :)

പടിപ്പുര: അത് ഞങ്ങളും അറിഞ്ഞില്ല പടിപ്പുരേ :)

വായിച്ചതിലും കമന്‍റിട്ടതിലും വളരെ സന്തോഷമുണ്ട്... എല്ലാവര്‍ക്കും നന്ദി :)

ടി.പി.വിനോദ് said...

നന്നായിരിക്കുന്നു അഗ്രജാ..
രസകരമായ എഴുത്ത്.. ഒളിച്ചും പാത്തും വന്ന് സൂചനകളൊന്നും തരാതെ‍ ആന്റിക്ലൈമാക്സിലേക്കെത്തുന്നതു വായിക്കാന്‍ നല്ല ചേല്...
അഭിനന്ദനങ്ങള്‍...

സുല്‍ |Sul said...

അഗ്രു, ഏതായാലും ക്ഷ പിടിചിരിക്കുണൂ.

കരീം മാഷ്‌ said...

വായിച്ചപ്പോള്‍ എനിക്കും ഒരു നാടന്‍ തമാശ മനസ്സില്‍ ഓടിവന്നു.
ഒരു മതന്യൂനപക്ഷ രാഷ്ടീയപാര്‍ട്ടിയുടെ കൊമേഡിയനായിരുന്ന എം.എല്‍.എ. മാനഞ്ചിറ മൈതാനത്തു തടിച്ചു കൂടിയ കണക്കില്ലാത്ത ജന്ത്തെ കണ്ടു ആവേശം മൂത്തു പ്രസംഗത്തില്‍ ഇങ്ങനെ അഭിസംബോധന ചെയ്‌തു.
"ഹേ അറ്റമില്ലാത്ത ജനങ്ങളേ!"
ഇതുകേട്ടു തമാശക്കരനായിരുന്ന അന്നത്തെ വിദ്യാഭ്യാസമന്ത്രിയും പിന്നീട്‌ ഇത്തിരിക്കാലം മുഖ്യമന്തിയുമായിരുന്ന സഹപ്രവര്‍ത്തകന്‍ ആത്‌മഗതം പറഞ്ഞതിത്തിരി ഉച്ചത്തിലായത്രേ!
"എന്തിനാ ഹാജ്യാരേ! ഈ സുന്നത്തുകഴിച്ച കാര്യമോക്കെ സദസ്സില്‍ വിളമ്പുന്നേ!"
തൊട്ടടുത്ത്‌ ഓഫാക്കാന്‍ മറന്ന ഒരു മൈക്കിലൂടെ പലരും ഇതു കേട്ടു.

തറവാടി said...

ഞാനെഴുതാനിരുന്ന അടുത്തപോസ്റ്റായിരുന്നു ഇത് , വളരെ നന്നായി പറഞ്ഞിരിക്കുന്നു.

ഞാന്‍ സംഭവം കഴിഞ്ഞപ്പോള്‍ പറഞ്ഞതിതാണ് : “പറ്റിച്ചല്ലോ മുസ്ല്ല്യാരെ!!”
കുറെകാലം എന്‍റെ കുടുമ്പക്കാരും മറ്റും എന്നെ കാണുമ്പോള്‍ വിളിച്ചു:“ പറ്റിച്ചല്ലോ മുസ്ല്യാരെ”

തണുപ്പന്‍ said...

കലക്കനായിട്ടുണ്ടിഷ്ടാ..

വെറുതെ എന്നെ എന്നെ അതിന്‍റെ റിന്യൂവലിനെക്കുറിച്ചോര്‍മ്മിപ്പിച്ചു.

ആ നെയ്ചോറും പോത്തിറച്ചിയും കച്ചമ്പറും പരിപ്പ് കൂട്ടാനും..ഹാ... വേണമെങ്കില്‍ നമ്മളൊരു നാട്ട് കാരായും വരും.

മുസ്തഫ|musthapha said...

ലാപുട: വായിച്ചതിലും കമന്‍റിയതിലും സന്തോഷം :)

സുല്‍: നന്ദി :)

കരീം മാഷ്: ആ എം. എല്‍. എ. യുടെ പേരിലുള്ള തമാശകള്‍ ‘ഇമ്മിണി’ ണ്ടല്ലാ... ല്ലേ :)

തറവാടി: നന്ദി. ഞാന്‍ പോസ്റ്റിയെന്നുകരുതി മാറ്റിവെക്കരുത്. താങ്കളുടെ അനുഭവം വിത്യസ്ഥമായിരിക്കുമല്ലോ. ബ്ലോഗില്‍ തന്നെ ‘സൂഫിയുടെ നേരുകളില്‍‘ എന്നേക്കാളും അതിമനോഹരമായി ഇതിനേപ്പറ്റി വിവരിച്ചിട്ടുണ്ട്.
http://nerukal.blogspot.com/2006/01/4.html
അപ്പോ തീര്‍ച്ചയായും പോസ്റ്റണം :)

തണുപ്പന്‍: നന്ദി :) കട്ടപ്പരിപ്പ് നെയ്ച്ചോറിന്‍റെ കൂടെ ഇപ്പോള്‍ കിട്ടാറേയില്ല. നെസ്റ്റോള്‍ജിയ വീര്‍പ്പ് മുട്ടിക്കൂമ്പോള്‍ വീട്ടില്‍ ഉണ്ടാക്കി നോക്കാറുണ്ട്... ന്നാലും ആ ഒരു രുചിയങ്ങട്ട് കിട്ടാറില്ല... ദൈവം അനുഗ്രഹിച്ച് ഇപ്പോള്‍ വയര്‍ നിറച്ച് ഉണ്ണാനുള്ളതോണ്ട് അന്നത്തെപോലത്തെ ‘ആക്രാന്തോം’ ഇപ്പോ ഇല്ലാ... അതോണ്ടായിരിക്കും ആ രുചി ശരിക്കും ഫീല്‍ ചെയ്യാത്തത്!

വായിച്ചതിലും കമന്‍റിയതിലും സന്തോഷം. എല്ലാവര്‍ക്കും നന്‍ട്രി :)

വിനോദ്, വൈക്കം said...

അഗ്രജാ..
താമസിച്ചെത്തിയതില്‍ ക്ഷമാപണം..
തകര്‍ത്തിട്ടുണ്ട്.. കല്യാണവിവരണം.

മുസ്തഫ|musthapha said...

വൈക്കന്‍: നന്ദി... താമസിച്ചാണേലും വന്നൂലോ... എനിക്കത് മതി :)

ഒ. ടോ> അപ്പോ കുറച്ച് കാലത്തിന് പ്രൊഫൈല്‍ ഫോട്ടോ ഇതെന്നേന്നങ്ങട്ട് ഒറപ്പിച്ചൂ... ല്ലേ :)

absolute_void(); said...

സിയയുടെ പോസ്റ്റീന്നാണു് ഇവിടെത്തിയതു്. ഹോ, അന്നത്തെ സുന്നത്തുകര്‍മ്മങ്ങളൊക്കെ എത്ര ഭീതികരമായിരുന്നു, അല്ലേ. ഇന്നിപ്പോള്‍ ആശുപത്രീല്‍ ഇതാ പറയുന്ന സമയം കൊണ്ടു് തീരുന്ന കലാപരിപാടി. അനുഭവം പങ്കുവച്ചതിനു് നന്ദി.

hi said...

hahaha.. superb post. adipoli :D

മാനസ said...

ന്നാലും ആ കുഞ്ഞുങ്ങളുടെ അവസ്ഥ ഓര്‍ത്തപ്പോള്‍ പാവം തോന്നീട്ടോ........

Noushad said...

ഹ ഹ കലക്കി :)

Unknown said...

:)

Abhimanyu said...

അഗ്രുക്കാ...വിവരണം അടിപൊളി....ഇതിനെ കുറിച്ച് കൂടുതല്‍ അറിയില്ലെങ്കിലും .. ആ കത്രികയും ഈര്‍കില്‍ പ്രയോഗം ആലോചിക്കാന്‍ പോലും പേടിയാവുന്നു... :))

@$L@m said...

കലക്കി :-)