Tuesday, November 21, 2006

സാക്ഷരതാ ക്ലാസ്സ്

മണ്മറഞ്ഞ ശ്രീ. ഇ. കെ. നായനാരുടെ കാലത്ത് നടപ്പിലായ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരതാ യഞ്ജ പദ്ധതിയില്‍ എനിക്കും ചെറുതായിട്ട് ഭാഗഭാക്കാവാന്‍ കഴിഞ്ഞിരുന്നു. ആ പദ്ധതി വെറും 5 ശത്മാനം മാത്രമേ ഫലം കണ്ടുള്ളൂവെന്ന് ആരെങ്കിലും പറഞ്ഞാലും, ആ ഒരു 5 ശതമാനം പോലും മഹത്തരം എന്നേ ഞാന്‍ പറയൂ. ആ പദ്ധതിയുടെ ഭാഗങ്ങളായിരുന്ന സര്‍ക്കാര്‍, ഉദ്ദ്യോഗസ്ഥ, രാഷ്രീയ വൃത്തങ്ങളെ മാറ്റിനിറുത്തിയാല്‍‍ ആത്മാര്‍ത്ഥത മാത്രം കൈമുതലാക്കിയ ഒരു കൂട്ടം ഇന്‍സ്ട്രക്ടര്‍മാര്‍, അവരായിരുന്നു ആ പദ്ധതിയുടെ അടിത്തറ... പിന്നെ പ്രായമായെങ്കിലും എഴുതാനും വായിക്കാനും പഠിക്കണം എന്ന് മനസ്സിലുറപ്പിച്ച ‘വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികളും’. അന്തിയാവുന്നത് വരേയും അന്നത്തിന് വക തേടി അദ്ധ്വാനിച്ച്, ക്ഷീണം പോലും വക വെക്കാതെ, അറിവിന്‍റെ ഒരു കണികയെങ്കിലും നുകരാന്‍ കൊതിച്ചെത്തിയിരുന്ന അവരോടുള്ള ബഹുമാനം ഇന്നും മനസ്സില്‍ നിറഞ്ഞ് തന്നെ നില്‍ക്കുന്നു. മറ്റുള്ളവരുടെ പ്രേരണ എത്ര തന്നെയുണ്ടായാലും സ്വന്തം ഇച്ഛാശക്തി, അതൊന്നില്ലെങ്കില്‍ ആരുടെ പ്രേരണയ്ക്കും ഫലമില്ലല്ലോ.

പഠന ക്ലാസ്സുകളുടെ നിലവാരവും പുരോഗതിയും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുക എന്നൊരു ചുമതല കൂടി എന്നില്‍ നിക്ഷിപ്തമായിരുന്നു. പഞ്ചായത്തിലെ മുക്കിലും മൂലയിലും എന്‍റെ സൈക്കിളും ചവിട്ടി ഞാനെത്തിയിരുന്നു. ഞങ്ങളുടെ ‘വിദ്യാര്‍ത്ഥികളായ’ വയോജനങ്ങളുടെ പെരുമാറ്റം വളരെ രസകരമായിരുന്നു. ബീഡി വലിച്ചു കൊണ്ട് നടക്കുന്ന വന്ദ്യവയോധികര്‍ ഞങ്ങളെ കാണുമ്പോഴേക്കും അത് വലിച്ചെറിയുന്ന കാഴ്ച, പിന്നെ ഒത്തിരി മദ്യപാന്മാര്‍ അതെല്ലാം വെടിഞ്ഞു ‘നല്ല കുട്ടികള്‍‘ ആയി... അതിനെല്ലാം പുറമേ എവിടെ വെച്ചു കണ്ടാലും സ്നേഹത്തോടെ മോനേ എന്നുള്ള വിളി, അതൊക്കെ മനം നിറയ്ക്കുന്ന അനുഭവങ്ങള്‍ തന്നെയായിരുന്നു.

വായിച്ചറിഞ്ഞ അറിവുകള്‍ ഞങ്ങള്‍ അങ്ങോട്ട് പകരുമ്പോള്‍, അവര്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറന്ന് വെച്ചത് അനുഭവിച്ചറിഞ്ഞ അറിവുകളുടെ ഭാണ്ഢങ്ങളായിരുന്നു... അതില്‍ നിന്നും ഞങ്ങള്‍ക്ക് പഠിക്കാന്‍ ഒത്തിരിയുണ്ടായിരുന്നു. അവരുടെ ഒരോ നേട്ടവും ഞങ്ങള്‍ക്ക് അഭിമാനാര്‍ഹമായ നിമിഷങ്ങളായിരുന്നു. ഒരു സമാപന ക്യാമ്പിന്‍റെ ഉത്ഘാടനം നിര്‍വഹിച്ചത്, ഞങ്ങള്‍ ആദ്യക്ഷരങ്ങള്‍ എഴുതിപഠിപ്പിച്ച ഒരു അപ്പാപ്പനായിരുന്നു. ഇന്നും സ്റ്റേജില്‍ കയറിയാല്‍ പതറുന്ന ഞാന്‍, ആ അപ്പാപ്പന്‍റെ അഭിമാനത്തോടേയുള്ള പ്രസംഗം ഓര്‍ത്തുപോവാറുണ്ട്. പലരും കളിയാക്കിയിരുന്നു ‘ഈ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവരെ എഴുത്തും വായനയും പഠിപ്പിച്ചിട്ടെന്തിനാ’ എന്ന്. സ്വന്തം മക്കളുടെ കത്തുകള്‍ വായിക്കുമ്പോള്‍, അവര്‍ക്ക് രണ്ട് വരി സ്വന്തം കൈപ്പടയിലെഴുതുമ്പോള്‍ അവര്‍ അനുഭവിച്ചിരുന്ന ആനന്ദം, അത് മാത്രം മതിയായിരുന്നു ഞങ്ങള്‍ക്ക് നിര്‍വൃതി കൊള്ളാന്‍.

രസകരമായ പല സംഭവങ്ങളും പഠന കേന്ദ്രങ്ങളില്‍ നടന്നിരുന്നു.

ഒരിക്കല്‍ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറും ഞാനും ചേര്‍ന്ന് ഒരു പഠന കേന്ദ്രം സന്ദര്‍ശിക്കാന്‍ പോയി. ഒരു വീടിന്‍റെ കയ്യാലയിലായിരുന്നു ക്ലാസ്സ് നടത്തിയിരുന്നത്. മുസ്ലീം ‘വിദ്യാര്‍ത്ഥിനികള്‍‘ മാത്രമുണ്ടായിരുന്ന ഒരു ക്ലാസ്സായിരുന്നു അത്. ഞങ്ങള്‍ ചെന്ന് കയറിയ പാടേ എല്ലാവരും തട്ടമൊക്കെ ശരിയാക്കി എഴുന്നേറ്റു നിന്നു. പൊതുവേ നാണംകുണുങ്ങിയായ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഒന്നും കൂടെ നാണം കൂടി. അദ്ദേഹം വാതിലില്‍ ചാരി നിന്നു എല്ലാവരോടും വിവരങ്ങള്‍ തിരക്കി.

ഒരോരുത്തരെയായി പരിചയപെടുന്നു. എല്ലാവരും നാണത്തില്‍ മുങ്ങി നീരാടി, ചിലരൊക്കെ തട്ടം കൊണ്ടും സാരി കൊണ്ടും മുഖം മറച്ചാണ് മറുപടി പറയുന്നത്. പക്ഷേ, എല്ലാവരും തികട്ടി വരുന്ന ഒരു ചിരി അടക്കി പിടിച്ചാണ് നില്പെന്ന കാര്യം എന്‍റെ ശ്രദ്ധയില്‍ പെട്ടു. കാര്യം ഒന്നും മനസ്സിലാവുന്നില്ല... ഇവരിനി എന്നെ നോക്കിയാണോ, എനിക്കും വന്നു തുടങ്ങി ഇത്തിരീശ്ശെ നാണം.

അപ്പോഴാണ് ‘ക്ലാസ്സ് ടീച്ചര്‍‘ ഇന്ദു ഒരു കാര്യം ശ്രദ്ധിച്ചത്..., ‘ആമിനുത്ത’യെ കാണുന്നില്ലല്ലോ!

‘ഇന്ന് വന്നിരുന്നതാണ്, നിങ്ങള്‍ വരുമ്പോഴും ഇവിടെയുണ്ടായിരുന്നു’ ഇന്ദു പറഞ്ഞു.

ഇതോടെ ക്ലാസ്സിലെ അടക്കി പിടിച്ച ചിരികള്‍ ഒന്നു കൂടെ ഉച്ചത്തിലായി.

അപ്പോഴാണ് ‘ഞാനിബടെ ഇണ്ട് മോളേ’ എന്നൊരു ശബ്ദം എക്സിക്യൂട്ടീവ് ഓഫീസര്‍ ചാരി നിന്നിരുന്ന വാതിലിന്‍റെ പിറകില്‍ നിന്നും കേട്ടത്. നാണത്താലോ, അതോ ആപ്പീസറെ കണ്ട വെപ്രാളത്താലോ‍, ഞങ്ങള്‍ ചെന്ന പാടെ ചാടിക്കയറി വാതിലിന് പിറകിലൊളിച്ചതായിരുന്നു ആമിനുത്ത. ആമിനുത്ത മറഞ്ഞ് നിന്ന വാതില്‍ പൊളിയില്‍ അത്യാവശ്യം തടിയുണ്ടായിരുന്ന എക്സിക്യൂട്ടീവ് ഓഫീസര്‍ ചാരി നിന്നതായിരുന്നു മറ്റ് ‘വിദ്യാര്‍ത്ഥിനികളെ’ ചിരിപ്പിച്ചതിന്‍റെ രഹസ്യം.

ഒരു ചമ്മിയ ചിരിയോടെ ആമിനുത്ത വാതിലിന് പിറകില്‍ നിന്നും പുറത്തേക്ക് വന്നു.

പിന്നെ അവിടെയൊരു കൂട്ടച്ചിരിയുയര്‍ന്നു.

26 comments:

തറവാടി said...

ഇത് കലക്കി

ഏറനാടന്‍ said...

ആമിനുത്ത അപാരം! ഇത്തിരീടെ പോക്കര്‍ക്ക്‌ നല്ല ചേര്‍ച്ചയാവും. തുടരാനാക്കാമോ?

ദേവന്‍ said...

സാക്ഷരതാ നൊവാള്‍ജിയ! ഞാനും എന്റെ സാക്ഷരതാ ക്ലാസ്സുകള്‍ ഒരു പോസ്റ്റാക്കുന്നുണ്ട്‌ അഗ്രജാ.. (എനിക്ക്‌ ഇത്ര വലിയ തമാശയൊന്നും ഉണ്ടായിട്ടില്ലെങ്കിലും, എഴുതാന്‍ ഒരു സുഖമുള്ള ഓര്‍മ്മകള്‍)

ഈ കെ നായനാരോട്‌ രണ്ടു വാക്കു സംസാരിക്കാന്‍ കിട്ടിയ ഒരേ ഒരവസരവും സാക്ഷരതായജ്ഞത്തിനിടെ ആയിരുന്നു..

Anonymous said...

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മറ്റൊരു പരിപാടിയും ഇതുവരേയും കണ്ടിട്ടില്ല. സാക്ഷരതാ യജ്ഞം ഒരു ഉത്സവമായി തന്നെയായിരുന്നു എല്ലാവ്രും കൊണ്ടാടിയിരുന്നത്. (എന്റെ അമ്മൂമ്മ തന്നെയാണ് എനിക്കുള്ള ദൃഷ്ഠാന്തം)

നന്നായിരിക്കുന്നു ചേട്ടാ ഈ ഓര്‍മ്മകള്‍

thoufi | തൗഫി said...

സാക്ഷരതാ അനുഭവങള്‍ കലക്കി,അഗ്രജാ
അക്ഷരത്തിന്റെ കൈത്തിരി
അതു കൊതിക്കുന്നവര്‍ക്ക്
പകര്‍ന്നേകുമ്പോഴുണ്ടാകുന്ന ആനന്ദവും ചാരിതാര്‍ഥ്യവും ഒന്നു വെറെതന്നെ.
ആമിനുത്ത ആളൊരു
നാണംകുണുങ്ങിയാണല്ലെ.
ഏറനാടന്‍ പറഞ്ഞതു പോലെ
നമ്മടെ ഇത്തിരിയുടെ പോക്കര്‍ക്ക്
ഒരു കൂട്ടാക്കാം,അല്ലെ

കരീം മാഷ്‌ said...

സാക്ഷരതാ പ്രവര്‍ത്തനത്തിന്‍റെ ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ചതിന്നു നന്ദി. അനന്തരഫലങ്ങള്‍ എന്തായിക്കോട്ടെ!
അന്നു ആത്‌മാര്‍ത്ഥമായി പ്രവര്‍ത്തിച്ച താഴെക്കിടയിലുള്ളവര്‍ മനുഷ്യസ്‌നേഹവും ദേശസ്‌നേഹവും എന്താണെന്നറിഞ്ഞു.അന്നു നേടിയ ആത്‌മ ബന്ധം ഇന്നും സൂക്ഷിക്കുന്ന എന്‍റെ നാട്ടുകാരുടെ സ്‌നേഹത്തിന്നു മുന്‍പില്‍ ഈ അനുഭവം ഒരു ഓര്‍മ്മപ്പൂവാക്കിയതില്‍ അഗ്രജനു ഒന്നു കൂടി നന്ദി.

Siju | സിജു said...

എക്സിക്യൂട്ടീവ് ഓഫീസര്‍ കുറച്ചു കൂടി അമര്‍ത്തിചാരിയിരുന്നെങ്കില്‍ ആമിനുത്ത വാതിലിനിടയില്‍ കുടുങ്ങീയ പല്ലി പോലായാനേ..

വിചാരം said...

അഗ്രജാ .. ഓര്‍മ്മകള്‍ക്ക് ഓര്‍മ്മകള്‍ക്ക് തിരികൊളുത്തിയതിന് നന്ദി (1990 ഏപ്രില്‍ 1 നാണ് ആദ്യത്തെ സാക്ഷരതാ കന്‍‍വെന്‍‍ഷന്‍ പൊന്നാനിയില്‍ ചേരുന്നത്.. ).. ഞാന്‍ ചിരിച്ചു..ആമിനത്താത്തായുടെ അവസ്ഥ ഓര്‍ത്ത്... എന്‍റെ ഓര്‍മ്മയില്‍ എന്‍റെ പഠിതാക്കളെ ഓര്‍മ്മ വന്നു, ഇത്തിരി മടിയാനായ എന്നെ പാവം പ്രായമായ സ്ത്രീകള്‍ പഠിക്കാനുള്ള മോഹവുമായി എന്നെ വിളിക്കാന്‍ വരുമായിരിന്നു.. എന്തോ ഞാന്‍ ആത്മാര്‍ത്ഥത കാണിച്ചില്ല എന്നത് എന്നെ സങ്കടപ്പെടുത്തുന്നു ... ഇനിയുമുണ്ട് നമ്മുക്ക് മറ്റൊരു അവസരം .. സൌജന്യമായി കമ്പൂട്ടര്‍ സാക്ഷരത... അങ്ങനെ കേരളം നമ്മുക്ക് അഭിമാനിക്കാവുന്ന മറ്റൊരു അവസരം ഉണ്ടാക്കി തരുന്നു..

Rasheed Chalil said...

അഗ്രജാ... കലക്കി കെട്ടോ.

സുല്‍ |Sul said...

ഹെ ഹെ ഹെ
ഇങ്ങനേം കുറെ സംഭവങ്ങള്‍ ഇവിടെ നടക്കുന്നുണ്ടല്ലെ.

നന്നായിരിക്കുന്നു.

-സുല്‍

കുറുമാന്‍ said...

നിലാവു പോലെ സുന്ദരമായ ഓര്‍മ്മകള്‍ പങ്കു വച്ചതിന്നു നന്ദി അഗ്രജാ. ഇത്തരം ഓര്‍മ്മകള്‍ ഇനിയും അയവിറക്കൂ

Visala Manaskan said...

നല്ല ഓര്‍മ്മകള്‍.

സാക്ഷരതാ ക്ലാസിന് ഞങ്ങടെ ഏരിയായില്‍ നിന്നും ആളുകളെ ക്യാന്വാസ് ചെയ്തിരുന്നത് ഒരു രാജീവന്‍ ആണ്. എല്ലാവരേയും ഓരോന്നൊക്കെ പറഞ്ഞ് കൊണ്ടുപോയി. യൂണിയനിലെ വെള്ളോന്‍ ചേട്ടനെ വിളിക്കാന്‍ രണ്ടു ദിവസം രാജീവന്‍ പോയി. പിന്നെ പോയില്ല.

രണ്ടാമത്തെ തവണ രാജീവന്‍ ചെന്നപ്പോള്‍ അങ്ങേര് വെട്ടുകത്തിയെടുത്ത് വേട്ടാന്‍ വന്നൂത്രേ!

ഏറനാടന്‍ said...

ആ നേരത്തെ ഒരു സംഭവം പറയാന്‍ വിട്ടുപോയി. സാക്ഷരത ഉത്‌ഘാടനം ചെയ്യാന്‍ ആര്യാടന്‍ MLA യും പഞ്ചായത്ത്‌ മെമ്പറന്മാരും വന്ന ചടങ്ങില്‍ കാര്യവാഹകന്‍ കോഴിമജീദ്‌ മൈക്കെടുത്ത്‌ ഒരു കാച്ചങ്ങ്‌ കാച്ചി:

"ഞമ്മളിബടെ കൂടീക്കണത്‌ സാച്ചരത മുയുമിച്ചതിന്റെ സമ്മന്തിച്ചാണ്‌. ഇതു ഉത്‌ഘാടിച്ചാന്‍ ഇബടെ ഞമ്മളെ എംഎല്ലേ എത്തീട്ടുണ്ട്‌. മൂപ്പരെ ഈ മൈക്ക്‌ ഏല്‍പിച്ചട്ടേ.."

Anonymous said...

അഗ്രജന്‍ പറഞ്ഞതു എന്തു കൊണ്ടും ശരിയാണ്. സാക്ഷരത യില്‍ രാഷ്ടീയം ഇല്ലായിരുന്നു.
ആമിനത്താത്തയെ പോലെ എനിക്കും 8 പഠിതാക്കള്‍ ഉണ്ടായിരുന്നു. എല്ലവരും ഒന്നിനൊന്നു മിടുക്കത്തികള്‍. എത്ര പണിയെടുത്ത് ക്ഷീണിച്ചാലും പഠനം മുടക്കാത്തവര്‍. ചിരിയും കളിയുമായ് എന്തു സുന്ദരമായ ഒരു വര്‍ഷം.
എല്ലാം ഓര്‍മ്മിപ്പിച്ചതിന് ഒരു പാട് നന്ദി.
സ്നേഹത്തോടെ
രാജു

ലിഡിയ said...

പക്ഷേ എന്റെ അറിവില്‍ ഞങ്ങളുടെ പ്രദേശങ്ങളില്‍ സാക്ഷരതാ യജ്ഞം ഒരു കടലാസ് പണി മാത്രമായാ നടന്നത്, അത് പോലെ ജീവനുള്ള ഒന്നാണല്ലോ ഈ കുടുംബശ്രീയും അല്ലേ..

-പാര്‍വതി.

asdfasdf asfdasdf said...

സാക്ഷ തരാം ക്ലാസ് നന്നായിരിക്കുന്നു.

:: niKk | നിക്ക് :: said...

ചില കാര്യങ്ങള്‍ക്ക് വിശ്വാസ്യത പോര ;)

ഇക്കായേ ഞാനിവിടെയില്ലട്ടോ...
കാര്യം മനസ്സിലായ്ക്കാണുമെന്ന്
വിചാരിക്കുന്നൂട്ടോ... ;)

വിചാരം said...

അഗ്രജാ ഒരു സ്വകാര്യം... അളിയന്‍സിന്‍റെ പേരെന്തുവാ... എം.ഇ.എസിന്‍റെ ഏത് ഭാഗത്താ... വിരോധമില്ലെങ്കില്‍ .. പറയുക .. നാട്ടില്‍ വെച്ചാണെങ്കിലും കാണാമല്ലോ

Anonymous said...

ആ പദ്ധതിയുടെ ഭാഗങ്ങളായിരുന്ന സര്‍ക്കാര്‍, ഉദ്ദ്യോഗസ്ഥ, രാഷ്രീയ വൃത്തങ്ങളെ മാറ്റിനിറുത്തിയാല്‍‍ ആത്മാര്‍ത്ഥത മാത്രം കൈമുതലാക്കിയ ഒരു കൂട്ടം ഇന്‍സ്ട്രക്ടര്‍മാര്‍, അവരായിരുന്നു ആ പദ്ധതിയുടെ അടിത്തറ...
ആ അടിത്തറ നമുക്കു മറ്റു നല്ല കാര്യങ്ങള്‍ക്കു ഉപയോഗിക്കാന്‍ കഴിയാതെ പോയില്ലേ..... :(

സു | Su said...

ആമിനുത്ത വല്ലതും പഠിച്ചോ?

മുസ്തഫ|musthapha said...

തറവാടി: നന്ദി, തേങ്ങയടി തുടങ്ങി അല്ലേ :)

ഏറനാടാ: ആമിനുത്ത കേള്‍ക്കേണ്ട ഇത്.

ദേവരാഗം: ആ നല്ല അനുഭവങ്ങള്‍ എത്രയും പെട്ടെന്ന് പോസ്റ്റാക്കൂ.

പുഴയോരം: ശരിയാ, പഠിതാക്കള്‍ക്ക് മറ്റ് താത്പര്യങ്ങളൊന്നും തന്നെയില്ലായിരുന്നു - പഠിക്കുക എന്നതല്ലാതെ.

മിന്നമിനുങ്ങ്: അതെ, അത് ശരിക്കും ഒരു സുഖം തന്നെയായിരുന്നു.

കരീം മാഷ്: മാഷ് പറഞ്ഞത് ശരി തന്നെ.

സിജു :)

വിചാരം: സാരമില്ല, കുറച്ചെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തല്ലോ.

ഇത്തിരി: നന്ദി

സുല്‍: അത് കലക്കി :)

കുറുജി: തീര്‍ച്ചായായും (വി)ശ്രമിക്കാം :)

വിശാലാ: അങ്ങിനെയുള്ളവരും ഒത്തിരിയുണ്ടായിരുന്നു. പഠിക്കാന്‍ വന്ന പെമ്പ്രന്നോരെ പെരുമാറിയ വീരന്‍ ഞങ്ങടെ നാട്ടില്‍ തന്നെയുണ്ടായിരുന്നു.

ഏറാനാടാ: അതിഷ്ടായി...
സാക്ഷരത കൈവരിക്കുന്നത് കൊണ്ട് പ്രാദേശീക ഭാഷാ പ്രയോഗങ്ങള്‍ മാറുമോ :)

ഇരിങ്ങല്‍: ശരിയാണ്, ശരിക്കും മനോഹരങ്ങളായിരുന്നു ആ ദിവസങ്ങള്‍.

പാര്‍വ്വതി: പഠിതാക്കള്‍ക്ക് പ്രത്യേക താത്പര്യങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും, മറ്റാര്‍ക്കെങ്കിലും അതൊക്കെ കാണുമായിരുന്നിരിക്കാം... നമ്മുടെ നാടല്ലേ :)

കുട്ടമ്മേനോന്‍ :)

നിക്ക്: ഹിഹി... ഞാനിതാ പത്താം ക്ലാസ്സ് പാസ്സായ സര്‍ട്ടിഫിക്കറ്റ് പൊക്കിപ്പിടിക്കുന്നു :)

വിചാരം: എന്‍റെ ഇമെയില്‍ ഐഡി: musthaphah@gmail.com ഇതൊക്കെ നമുക്കവിടെ സംസാരിച്ചാല്‍ പോരേ :)

അനോണി: അതൊരിക്കലും ആ ഒരു പദ്ധതിയുടെ കുറ്റമാകുന്നില്ലല്ലോ... അല്ലെങ്കിലും കുറവുകളും കുറ്റങ്ങളുമില്ലാത്ത എന്തുണ്ട്... എന്തായാലും കുറച്ചെങ്കിലും പേര്‍ക്ക് എഴുതാനും വായിക്കാനും അത് കൊണ്ട് കഴിഞ്ഞിട്ടുണ്ട് എന്നത് സത്യം മാത്രം.

സു :)

വായിച്ചതിലും കമന്‍റിയതിലും വളരെ സന്തോഷം.

എല്ലാവര്‍ക്കും നന്ദി :)

വല്യമ്മായി said...

ആമിനുത്ത ആളു കൊള്ളാലോ

അനംഗാരി said...

സാക്ഷരത ഒരു വിജയം തന്നെയായിരുന്നു. എന്തൊക്കെ പോരായ്മകള്‍ പറഞ്ഞാലും, എഴുത്തും വായനയും അറിയാത്ത കേരളത്തിലെ ഒരു വിഭാഗം എഴുതാനും വായിക്കാനും പഠിച്ചത് അന്ന് മുതലാണ്.

Adithyan said...

സാക്ഷരതായജ്ഞത്തെപ്പറ്റി കേട്ടറിവേയുള്ളു. ഇപ്പോള്‍ അതില്‍ പങ്കെടുത്ത കുറെപ്പേരെ കാണാന്‍ പറ്റി. സന്തോഷം.

മുസ്തഫ|musthapha said...

വല്യമ്മായി, അനംഗാരി, ആദി... വായിച്ചതില്‍ എല്ലാവര്‍ക്കും നന്ദി :)

മുസാഫിര്‍ said...

അഗ്രജന്‍,
കാണാന്‍ വൈകി,നന്നായിരിക്കുന്നു അനുഭവങ്ങള്‍,