Tuesday, January 09, 2007

ഒരു വീഴ്ചയും ആദ്യത്തെ അഭിനന്ദനവും!

പോക്കുവെയില്‍ ഓണ്‍ ദ വേയിലാണ്... സന്ധ്യ, അവളും ഒരുങ്ങി നില്പാണ്. ഈ ദിനകരനൊന്ന് പോയിട്ട് വേണം അവള്‍ക്കിങ്ങോട്ട് വരാന്‍. വല്ലിമ്മയും അമ്മിണിയമ്മയും വര്‍ത്താനം പറച്ചിലില്‍ മുഴുകിയിരിക്കുന്നു.

...ഡിം... ഡിം...

പെട്ടെന്നാണ് കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചത്.

‘...ഇന്‍റള്ളോ...’

ഒരലര്‍ച്ചയായിരുന്നു പിന്നെ.

* * * *

‘എന്താ... എന്താ പറ്റീത്...’ ഓടിക്കൂടിയവര്‍ ചോദിച്ചു.

‘...പടിഞ്ഞാറേ കോലായീലിട്ടിരിക്കണ കട്ടിന്മ്മേ നിന്ന് കളിച്ചേര്‍ന്നതാ... പിന്നെ വീഴണതാ കണ്ടത്...’ അമ്മിണിയമ്മ പറഞ്ഞു.

സംഗതി അതു തന്നെയായിരുന്നു... പടിഞ്ഞാറേ വരാന്തയില്‍ ഇട്ടിരുന്ന കട്ടിലിലില്‍ കയറ്റിയിട്ടിരുന്ന ടീപ്പോയില്‍ ചുമ്മാ കയറിയതാ, വീഴാനൊന്നും അപ്പോള്‍ എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ടീപ്പോയില്‍ കയറി നിന്നപ്പോഴാണ് മോളില്‍ തെണ്ട്യയോട് ചേര്‍ത്ത് കെട്ടിയിരിക്കുന്ന അയല്‍ കണ്ടത്... എന്നാ പിന്നെ ബി.കെ.റ്റി. ബസ്സിലെ കണ്ടക്ടര്‍ ചേട്ടന്‍ കയറുപിടിച്ച് ബെല്ലടിക്കുന്നത് പോലെ ഒരു ബെല്ലാവട്ടെ എന്നു കരുതി “ഡിം...ഡിം...’ ഡബിള്‍ ബെല്ല് കൊടുത്തു. അയലിനറിയുമോ ‘കണ്ടക്ടറുടെ‘ വേദന... അയലു പൊട്ടി, അയലിനോടൊപ്പം ഞാനും ലാന്‍ഡ് ചെയ്തു. ലാന്‍ഡ് ചെയ്യുന്ന ഗ്യാപ്പില്‍ വരാന്തക്കിട്ട് ഇടത് മുട്ടുകൈ കൊണ്ട് ഞാനൊന്ന് ‘ചാര്‍ജ്ജ്’ ചെയ്തു.

‘കയ്യിന്‍റെ മുട്ട് നീരു വന്ന് വീര്‍ക്കുന്നുണ്ട്... ഡോക്ടറുടെ അടുത്ത് കൊണ്ടാവാം...’ അയല്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

‘ഡോക്ടറോട് വേദനാക്കര്തെന്ന് പറേണംട്ടാ...’ വല്ലിപ്പാടെ മടിയില്‍ കിടന്ന് ഞാന്‍ കരഞ്ഞു.

‘ഇല്ല... വേദനാക്കുല്ല...’ തൊണ്ടയിടറി കൊണ്ട് വല്ലിപ്പ സമാധാനിപ്പിച്ചു.

വല്ലിമ്മയും ചില അയല്‍വാസികളും ചേര്‍ന്നെന്നെ (വല്ലിപ്പ നടക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു) ഡോക്ടറുടെ അടുത്തെത്തിച്ചു.

‘ഇന്‍റെ മോനെ വേദനപ്പിക്കരുത്ട്ടാ...’ ഇറങ്ങുമ്പോല്‍ വല്ലിപ്പ കൂടെ വരുന്നവരെ ഓര്‍മ്മിപ്പിച്ചു.

എന്ത് അസുഖമായി ചെന്നാലും ആദ്യം തന്നെ, ശരീരത്തിനെ ഇരുത്താന്‍ സഹായിക്കുന്ന ഭാഗത്ത് ഒരു ‘ഇഞ്ചിറ്റ്’ (ഇഞ്ജക്ഷന്‍) കൊടുത്ത് ചികിത്സ ആരംഭിക്കുന്ന ഡോക്ടടുടെ അടുത്തെത്തി.

‘എല്ല് പൊട്ടിയിട്ടുണ്ട്, അതും ജോയന്‍റിലാണ് പൊട്ട്...’ ഡോക്ടര്‍ പറഞ്ഞു.

ഡോക്ടര്‍ വിളിച്ചതനുസരിച്ച്, കവലയില്‍ സംസാരിച്ച് നിന്നിരുന്ന രണ്ട് മൂന്നു പേരുകൂടെ അവിടെ വന്നു ചേര്‍ന്നു... പിന്നെ എന്‍റെ കയ്യിന്മേല്‍ നടന്നത് അഞ്ഞൂര്‍ പള്ളിയില്‍ കണ്ടിട്ടുള്ളത് പോലത്തെ ഒരു വടംവലിയായിരുന്നു. നാലഞ്ചു പേര്‍ രണ്ട് ഭാഗത്ത് നിന്ന് എന്‍റെ കൈ വലിക്കുകയായിരുന്നു... അക്കാലത്ത് നിലവിലുണ്ടായിരുന്ന എല്ലാ നക്ഷത്രങ്ങളും ഞാന്‍ നിമിഷങ്ങള്‍ കൊണ്ട് എണ്ണിത്തീര്‍ത്തു. എന്‍റെ അന്നത്തെ കരച്ചിലിനെ പറ്റി പറയുകയാണെങ്കില്‍ നല്ല സൊയമ്പന്‍ കരച്ചിലായിരുന്നു... വടംവലിയുടെ ഫലപ്രഖ്യാപനത്തിനൊന്നും കാത്ത് നില്‍ക്കാതെ എന്‍റെ ബോധം എങ്ങോട്ടോ പോയ്മറഞ്ഞു.

പിന്നീട് ബോധം വരുമ്പോള്‍, എന്‍റെ കയ്യില്‍ വെളുത്ത തുണി കൊണ്ട് നല്ലൊരു കെട്ടൊക്കെ കെട്ടി, അതിന്‍റെ മോളില്‍ വെള്ള കുമ്മായം തേച്ചു പിടിപ്പിക്കുകയായിരുന്നു ഡോക്ടര്‍.

മരുന്നുകള്‍ കുറിച്ച് തന്നതിന്‍റെ കൂടെ പിന്നീട് ചെല്ലേണ്ട ദിവസവും പറഞ്ഞതിന് ശേഷം ഡോക്ടര് ഒരു പ്രഖ്യാപനവും കൂടെ നടത്തി...

‘ദിവസവും ഒരു കോഴിമുട്ടയും, ഒരു ഗ്ലാസ്സ് പാലും, ഒരു നേന്ത്രപ്പഴവും കഴിക്കണം...’

കയ്യൊന്ന് ഒടിഞ്ഞാലെന്താ...!

‘എല്ലാരും കൂടെ എന്നെ കൊറേ വേദനാക്കി...’ തിരിച്ച് വീട്ടിലെത്തിയപ്പോള്‍ വല്ലിപ്പാട് ഞാന്‍ പരാതി പറഞ്ഞു.

‘സാരെല്ല മോനേ...’ വല്ലിപ്പ വീണ്ടും ആശ്വസിപ്പിച്ചു.

പിറ്റേ ദിവസം മുതല്‍ ഒരു ഗ്ലാസ്സ് പാല്‍, ഒരു മുട്ട, ഒരു നേന്ത്രപ്പഴം ഇത്യാദി വഹകള്‍ ദിവസം പ്രതി അകത്താക്കി കൊണ്ടിരുന്നു... ഇതോടൊപ്പം തന്നെ എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്ന, എന്‍റെ കയ്യിന്മേല്‍ നടന്ന ‘വടംവലി‘യുടെ വേദനയെ പാടെ മറക്കാന്‍ സഹായിക്കുന്ന ഒരു തീരുമാനവും കൂടെ എടുത്തു വല്ലിപ്പ.

‘ഇനി ഇത് ശര്യായിട്ട് ഇസ്കൂളില്‍ പോയാ മതി...’ വല്ലിപ്പ തീരുമാനം അറിയിച്ചു.

ഹൌവ്... ഹൌവു... ഇതില്‍ പരം സുഖമെന്ത് കിട്ടും ഒരു കയ്യൊടിഞ്ഞാല്‍...

ബാന്‍ഡേജ് വെട്ടലും വിശ്രമവും എല്ലാം കഴിഞ്ഞു... ഇത്തിരി വളവ് ബാക്കി നിന്നെങ്കിലും കൈ ഭേദമായി... വീണ്ടും സ്കൂളിലേക്ക്. അന്ന് മൂന്നാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ഫാത്തിമ എന്ന പേരുള്ള ടീച്ചറായിരുന്നു ക്ലാസ്സ് ടീച്ചര്‍.

കൈ ഒടിഞ്ഞ്, രണ്ട് മാസം കഴിഞ്ഞ് ചെന്ന എന്നോട് ടീച്ചര്‍ നല്ല സ്നേഹവും സഹതാപവും കാണിച്ചു. വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അന്നത്തെ ആദ്യ പിരീഡില്‍ കണക്കായിരുന്നു വിഷയം. ബോര്‍ഡില്‍ മൂന്നു പ്രശ്നങ്ങള്‍ എഴുതിയിട്ട് എല്ലാവരോടും ഉത്തരമെഴുതാന്‍ പറഞ്ഞ ടീച്ചര്‍ എന്നോട് പറഞ്ഞു...

‘രണ്ട് മാസം കഴിഞ്ഞ് വന്നതല്ലേ... എന്നാലും ഒന്ന് വെറുതെ ശ്രമിച്ച് നോക്കൂ...’

ടീച്ചര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ചുമ്മാ ശ്രമിച്ച് നോക്കി... ഉത്തരമെഴുതി, സ്ലേറ്റ് ടീച്ചര്‍ക്ക് കൊടുത്തു.

അതിശയം!
അത്ഭുതം!
മറിമായം!

ടീച്ചറുടെ മുഖത്ത് ഭയങ്കര സന്തോഷം... അവര്‍ക്ക് ആഹ്ലാദം അടക്കി വെക്കാനാവുന്നില്ല... സ്ലേറ്റും പൊക്കി പിടിച്ച് അവര്‍ എല്ലാവര്‍ക്കും കാണിക്കുന്നു, അപ്പോള്‍ ഞാനും കണ്ടു എന്‍റെ മൂന്നുത്തരങ്ങള്‍ക്കും നേരെ ‘ശരി’ മാര്‍ക്ക് കിടക്കുന്നു... എന്‍റെ കണ്ണും തള്ളിപ്പോയി!

അപ്പുറത്തെ ക്ലാസ്സിലെ ടീച്ചര്‍മാരെ വിളിച്ച് ഫാത്തിമ ടീച്ചര്‍ എന്‍റെ സ്ലേറ്റ് കാണിച്ചു കൊടുത്ത് ഉറക്കെ പറയുന്നു...

‘രണ്ട് മാസം ക്ലാസ്സില്‍ വരാത്ത കുട്ടിയാണ്... എന്നിട്ടും കണ്ടോ, മൂന്നിനും ശരിയുത്തരം എഴുതിയിരിക്കുന്നു, വേറെ ആരും മൂന്നുത്തരങ്ങളും ശരിയാക്കിയിട്ടില്ല...’

ഞാന്‍ അഭിമാനത്തൊടെ ആ അഭിനന്ദനം കേട്ടു നിന്നു... ടീച്ചര്‍ പിന്നേയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... ആഹ്ലാദം നിറഞ്ഞ മുഖത്തോടെ...

എന്‍റെ ജീവിതത്തില്‍ ആദ്യമായി ലഭിച്ച അഭിനന്ദനമായിരുന്നു അത്... ഇന്നും മധുരിക്കുന്ന ഓര്‍മ്മ... ഫാത്തിമ ടീച്ചറുടെ ആ തിളങ്ങുന്ന മുഖം ഇന്നും എന്‍റെ മനസ്സിലുണ്ട്.

* * * *
ആരോ അന്ന് കണ്ണ് വെച്ചെന്ന് തോന്നുന്നു... പിന്നീടങ്ങിനെ ഒരനുഭവം (അഭിനന്ദനം കിട്ടല്‍) ഉണ്ടായിട്ടില്ല... :)

24 comments:

മുസ്തഫ|musthapha said...

"ഒരു വീഴ്ചയും ആദ്യത്തെ അഭിനന്ദനവും!"

സുല്‍ |Sul said...

ഇപ്പൊ ബ്ലോഗില്‍ വീഴ്ചയൊക്കെയൊരു ഫാഷനാ.

ഏതായാലും വീണാഭിനന്ദനം കലക്കി നുറുക്കി.

തേങ്ങ ...ഡിം... ഡിം...

-സുല്‍

ലിഡിയ said...

കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളുടേയും സങ്കടങ്ങളുടേയും മധുരം..

:)

-പാര്‍വതി.

കുറുമാന്‍ said...

ഒന്നു വീണെങ്കിലെന്താ, ദിവസേന, പാലും, മുട്ടയും, നേന്ത്രപഴവും അടിക്കാനും പറ്റി, സ്കൂളിലൊട്ടു പോക്യേം വേണ്ട്ടി വന്നില്ല.


ആരെങ്കിലും കണ്ണു വച്ചതാവാനാ സാധ്യത :)

തറവാടി said...

ഇതെനിക്ക് തരുന്ന ഒരോര്‍മ്മ:

പണ്ട് ഞങ്ങളുടെ നാട്ടില്‍ , കുമ്പിടിയില്‍ ഒരു സര്‍ക്കാരാശുപത്രിയുണ്ടായിരുന്നു , ( ഇപ്പോഴുമുണ്ട് ട്ടോ)

എന്ത് തരത്തിലുള്ള അസുഖത്തിനും വയലറ്റ് നിറത്തിലുള്ള ഒരു മരുന്ന് തരും പുരട്ടാന്‍

ഒരിക്കല്‍ സൈക്കളിന്മേല്നിന്നും വീണ്‌ , മുറിയായ എന്റെ കാലിലെ , |പഴുത്ത" മുറിയുമായി ചെന്നു ഞാന്‍

അവിടത്തെ കമ്പോണ്ടര്‍ എന്ന് പറയപ്പെടുന്നവന്‍ , പഞ്ഞി ഒരു കത്തിയില്‍ പിടിച്ചൊന്ന്‌ കശക്കിയപ്പോളുണ്ടായ വേദന പിന്നെ എന്റെ ജീവിതത്തുള്ടായിട്ടില്ല,

അറിയാതെ എന്റെ കയ്യയാളുടെ കണ്ണില്‍ തട്ടി , പിന്നീട് ആ ദേഷ്യം തീര്‍ക്കാന്‍ മറ്റുള്ലവരെക്കൊണ്ട് പിടിപിച്ച് ശരിക്കും " പണീതു"

മുറിയെല്ലാം കെട്ടി , പിറ്റേന്ന് സ്കൂളില്‍ പോയപ്പോള്‍ , മൊഹനന്‍ ചോദിച്ചു:" എങ്ങിനെ ഉണ്ടായിരുന്നുഎടാ , തിരുമ്മല്‍ എന്ന്‌"

കുറച്ചുകാലം മുമ്പ്‌ ഞാനും മോഹനനും ഒന്ന്‌ കോര്‍ത്തിരുന്നു

പീനീടറിഞ്ഞു: " അവന്റെ വലിയച്ഛനായൈരുന്നത്രെ ആ കമ്പോണ്ടര്‍ എന്ന്

അതുകോണ്ടാണ്‌ അയാള്‍ വേദനിപ്പിച്ചതെന്ന് ഞാന്‍ വിശ്വസിച്ചില്ലെങ്കിലും , അയാള്‍ക്കെന്നെ എങ്ങിനെ മനസ്സിലായി എന്ന് ഞാന്‍ പിന്നീടും ചിന്തിച്ചിട്ടുണ്ട്

Mubarak Merchant said...

വീണതു വിദ്യയാക്കുന്ന വിധം എങ്ങനെ എന്ന് പഠിക്കുന്ന ഗവേഷണ വിദ്യാര്‍ഥികള്‍ ഈ പോസ്റ്റ് തീര്‍ച്ചയായും വായിച്ച് ചിരിക്കേണ്ടതാണ്.

Anonymous said...

അതോണ്ട് പുറകേന്നു ഉന്തിയിട്ട ആ പെണ്ണിനെ ഇപ്പൊഴും ഓര്‍ക്കാന്‍ പറ്റുന്നില്ലേ അതു തന്നെ മഹാ ഭാഗ്യം!!!!

Siju | സിജു said...

മധുരമുള്ള ഓര്‍മ്മ

വേണു venu said...

വീണെടം വിദ്യയായി.വിദ്യ അഭിനന്ദനമായി.ഓര്‍മ്മകളേ...

Unknown said...

ഇത് ചീറ്റിങ്ങല്ലേ? പണ്ട് എന്റെ കൈയ്യൊടിഞ്ഞപ്പൊ പാലും മുട്ടയുമൊന്നും പറഞ്ഞില്ല ഡോക്ടര്‍. സ്കൂളില്‍ ചെന്നപ്പോള്‍ കൈയ്യില്‍ കെട്ടിയ പ്ലാ‍സ്റ്ററിന്റെ മുകളില്‍ അന്നത്തെ സ്റ്റാന്റേഡ് തെറിയായ ‘തെണ്ടി’ എന്ന് ഏതോ ഒരുത്തന്‍ എഴുതി.മായിക്കാന്‍ പറ്റാതെ അതും കണ്ട് കൊണ്ട് 1 മാസം.:-(

അഗ്രജേട്ടാ, ഇനിയും ഒരവസരം വേണോ? (അഭിനന്ദനം കിട്ടാന്‍.അല്ലാതെ കൈ.. ഛെ ഛെ):-)

ഏറനാടന്‍ said...

ബലേഭേഷ്‌ അഗ്രജനിക്കാ!

സാരമില്ല, ജീവിതത്തില്‍ നല്ല മാര്‍ക്കുകള്‍ കിട്ടുന്നില്ലേ എന്ന് സമാധാനിക്കുക. ഞാന്‍ അങ്ങിനെ ശ്രമിക്കാറുണ്ട്‌. ഒരാശ്വാസത്തിന്‌.

പണ്ട്‌ പള്ളിക്കൂടത്തില്‍ ഇംഗ്ലീഷ്‌ ക്ലാസ്സിലേക്കുള്ള പാഠങ്ങള്‍ തലേന്ന് എന്റെ ഉമ്മ പറഞ്ഞുതരും. അതെഴുതിയെടുത്ത്‌ സിന്ധുടീച്ചര്‍ അര്‍ത്ഥം പറേണേനും മുന്‍പ്‌ വിളിച്ചോതി വലിയ ഗമയിലിരിക്കുമായിരുന്നു. ഒടുവില്‍ ആരോ അതിന്റെ ഗുട്ടന്‍സ്‌ മനസ്സിലാക്കി. പിന്നെ വന്ന അരക്കൊല്ല പരീക്ഷയുടെ പേപ്പറിലെ 49/50 എന്ന മാര്‍ക്കിനെ സിന്ധുടീച്ചര്‍ എന്നെ വിളിച്ച്‌ ചോദിച്ചിട്ട്‌ വെട്ടിക്കുറച്ച്‌ 40 മാത്രമാക്കി. ഇപ്പോളത്‌ അയ്യത്തടായല്ലോ എന്ന്‌ ചിന്തിച്ചുപോവുന്നു.

അഗ്രജാ എല്ലാം മറക്കുക, ഇനി മുന്നേറുക ജീവിതപാതയിലെ ഉന്നതിയിലെവിടേയോ പടച്ചവന്‍ ഒരുക്കിവെച്ചിട്ടുള്ള സിംഹാസനവും അംഗീകാരങ്ങളും സൗഹൃദവലയവും കൂടുതലായിനിയും നേടിയെടുക്കുവാനായിട്ട്‌...

Anonymous said...

അഗ്രജാ സത്യം പറ.. എന്തായിരുന്നു ആ മൂന്ന്‌ ചോദ്യങ്ങള്‍ ...?

1 + 0 = ?
0 + 1 = ?
1 - 0 = ?

ഇതല്ലായിരുന്നോ ... ഇതിന്റുത്തരം എഴുതാന്‍ രണ്ടുമാസം സ്കൂളില്‍ പോയില്ലെങ്കിലും സാധിക്കും...


ഓ.ടോ .. അതിനു ശേഷം അഭിനന്ദനം കിട്ടിയില്ല എന്ന സങ്കടം വേണ്ട... ഞാന്‍ തന്നിരിക്കുന്നു... മിടുക്കന്‍.

വിചാരം said...

അതു ശരിയാ .. ആരോ കണ്ണ് വെച്ചതാ , അതിന് സാദ്ധ്യത കണ്ണട വെച്ച .. കഷണ്ടി വന്ന കുറുകിയ .. പണ്ട തണുത്ത വെള്ളത്തില്‍ ചാടി അതേപോലെ ഇങ്ങട് ഓടി പാഞ്ഞ് കായറിയ ആളെ ഞാന്‍ പറയൂല്ല .. എന്‍റെ തല കണ്ടാല്‍ കാലികുപ്പിയുമായി എറിയാന്‍ കാത്തിരിക്കുകയാ .... നീ ഇനി അവന്‍റെ മുന്‍പിലൊന്നും പോയി ചാടല്ലേ പ്രത്യേകിച്ച് പാല് കുടിച്ചതിന് ശേഷം ( പാല് കുടിച്ചാല്‍ നിനക്ക് പുത്തി കൂടും ) .... ഞാന്‍ ഓടി..വീണ്ടും പുഴയില്‍ ചാടി

സു | Su said...

:) പിന്നേം വീണാലല്ലേ പിന്നേം അഭിനന്ദനം കിട്ടൂ. ഒന്ന് ശ്രമിച്ചുനോക്കൂ.

Anonymous said...

വീണത്‌ വിദ്യയാക്കി അല്ലേ?
(ഞാന്‍ കൊച്ചനൂരുകാരനാണ്‌.)

വല്യമ്മായി said...

അതു കലക്കി,ഞാനും വീണിട്ടുണ്ട് ഒരു പാട് അധികവും റോഡില്‍ സൈക്കിള്‍ മുട്ടിയും കുഴിയില്‍ ചാടിയുമൊക്കെ,അതിങ്ങെനെയാ നേരെ നോക്കി നടക്കാതെ നാലു പാടും നോക്കിയായിരുന്നില്ലേ നടപ്പ്.

തമനു ചോദിച്ചതായിരുന്നു അല്ലേ ചോദ്യങ്ങള്‍

Rasheed Chalil said...
This comment has been removed by a blog administrator.
Rasheed Chalil said...

അഗ്രജാ സന്തോഷങ്ങളുമായി പടിയിറങ്ങിപ്പോയ പഴയക്കാലത്തേക്ക് കൊണ്ടുപോവുന്നു താങ്കളുടെ വരികള്‍.

കോട്ടക്കല്‍ ചന്തയില്‍ വെറ്റിലവിറ്റ് തിരിച്ച് വരുമ്പോള്‍ എല്ലാ ആഴ്ചയും ഒരു വലിയ കുട്ടയുടെ‍ (ചൂര കോട്ട) ഒരു മൂലയില്‍ എന്നേയും കാത്ത് ഒരു കൊച്ച് പൊതിയിരിപ്പുണ്ടാവുമായിരുന്നു. ആ പൊതിയോടൊപ്പം പത്ത് പൈസയും ഒരു മനോഹരമായ ചിരിയും. ആ പൊതിയും കാത്ത് വീടിന്റെ പടിയില്‍ കാത്തിരുന്നിരുന്ന ആ കുട്ടിക്കാലം ഓര്‍ത്ത് പോയി. വര്‍ഷങ്ങളായി പള്ളിക്കാട്ടിലുറങ്ങുന്ന വല്ലിപ്പയെന്ന സ്നേഹത്തേയും...

ഓടോ : വീണത് വിദ്യയാക്കുന്ന വിദ്യ അന്നേ ഉണ്ടല്ലേ...

സ്വാര്‍ത്ഥന്‍ said...

അഗ്രജോ നന്നായി എഴുതിയിരിക്കുന്നു.
‘ഒടിവ് ’ ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ല. പക്ഷേ ചതവ്, അതെന്റെ കൂടപ്പിറപ്പാണ്!

ഇട്ടിമാളു അഗ്നിമിത്ര said...

വല്ല്യ വല്ല്യ കാര്യങ്ങളൊക്കെ വല്ലപ്പോഴുമെ സംഭവിക്കാറുള്ളൂ..

മുസ്തഫ|musthapha said...

സുല്‍: ഇതെന്തെടാ... പേട് തേങ്ങയോ... ഡിം...ഡിം :)

പാര്‍വ്വതി: നന്ദി :)

കുറുമാന്‍: ആരണ്ട് കണ്ണ് വെച്ചത് നന്നായി, അക്കാലത്തെ എന്‍റെ കയ്യിലിരിപ്പ് വെച്ച് കൈ വെച്ച് പോവുമായിരുന്നു :)

തറവാടി: ആ കമ്പോണ്ടര്‍ക്കിട്ട് എവിടേങ്കിലും വെച്ച് കല്ലെറിഞ്ഞിട്ടുണ്ടാവും അല്ലേ :)

ഇക്കാസ്: ആ ലെവലു വരെയൊക്കെ പോണോ :)

നന്ദു: ചതിക്കല്ലേ മാഷെ, എന്നെ ഒരു പെണ്ണും തള്ളിയിട്ടതല്ല... ആദ്യത്തെ വരിയില്‍... രാത്രിയാവാറായി എന്നാ ഞാനുദ്ദേശിച്ചത്...

താങ്കളുടെ കമന്‍റ് വായിച്ച് അഗ്രജി എന്നെ പുരികം ചുളിച്ചൊന്ന് എന്നെ നോക്കി - ഇപ്പോഴും ഓര്‍ത്തോണ്ടിരിക്കുന്ന ആ പെണ്ണ് ഏതെന്ന ചോദ്യഭാവത്തില്‍ :))

സിജു: നന്ദി :)

വേണുജി: സന്തോഷം :)

ദില്‍ബാ: ഇന്നത്തെ സൈസിന്‍റെ ഒരു ചിന്ന രൂപമായിരുന്നിരിക്കുമല്ലോ അന്നും... അത് കണ്ടറിഞ്ഞ് തന്നെയാകും ഡോക്ടര്‍ മുട്ട, പഴം, പാല്‍... ഇതേപ്പറ്റി മിണ്ടാതിരുന്നത് :)

ഏറനാടാ: ഓര്‍മ്മകള്‍ പങ്ക് വെച്ചതില്‍ സന്തോഷം :)

തമനു: നല്ല രസികന്‍ കമന്‍റ്... പിന്നെ എനിക്കിട്ട് വെച്ച കമന്‍റായത് കൊണ്ട് ഞാന്‍ പൊട്ടിച്ചിരിക്കുന്നില്ലെന്ന് മാത്രം :)

വിചാരം: നീ മിണ്ടിപ്പോകരുത്... ആ കുട്ടി ഏതാന്ന് പറയാതെ നിന്നെ ഞാന്‍ ക്ലാസ്സില്‍ കേറ്റൂല്ല... :)

സൂ: കഷ്ടംണ്ട്ട്ടോ... ഒരു സഹബ്ലോഗറോട് ഒരു മയവുമില്ലാതിങ്ങനെ :))

മംമ്സി: :)

ഞാന്‍ കണ്ടു മംമ്സിയുടെ ബ്ലോഗ്... രസായിട്ടുണ്ട്.

വല്യമ്മായി: അങ്ങിനെ നാലുപാടും നോക്കി നടന്നതോണ്ടല്ലേ നല്ലൊരു വീഴ്ച വീണത് - തറവാടിയുടെ വലയില്‍ :)

ങും... തമനുവിട്ട് ഞാന്‍ വെച്ചിട്ടുണ്ട് - അടുത്ത മീറ്റ് വരട്ടെ :)

ഇത്തിരിവെട്ടം: മനോഹരമായ ഓര്‍മ്മകള്‍ പങ്ക് വെച്ചതിന് നന്ദി :)

സ്വാര്‍ത്ഥന്‍ ജി: നന്ദി... ഞാന്‍ ആ പോസ്റ്റ് വായിച്ചു... നല്ല രസികന്‍ പോസ്റ്റ് :)

ഇട്ടിമാളു: വല്യകാര്യംന്ന് പറഞ്ഞത് എന്‍റെ കൈ ഒടിഞ്ഞതിനാണോ :))

ഈ പോസ്റ്റ് വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പങ്ക് വെച്ചവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

P Das said...

:)

ഉപാസന || Upasana said...

ഭായ്
അനോണി പറഞ്ഞത് ശരിയല്ലെ. സിമ്പിള്‍ ചോദ്യമല്ലായിരുന്നോ..?
:)
സുനില്‍

മഴവില്ലും മയില്‍‌പീലിയും said...

എതു വായിച്ചതിനു ശേഷം കുറെ നാള്‍ പിറകൊട്ടു തപ്പി നോക്കി വല്ല അഭിനന്ദനത്തിന്റെം കഥ..ഇല്ല..സ്കൂള്‍ ജീവിതത്തിലേക്കു പോകാന്‍ ഒരു അവസരമായി ഈ പോസ്റ്റ്.