Friday, August 17, 2007

ഞാന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്‍റായിരുന്നപ്പോള്‍

ദിഗന്തങ്ങള്‍ മുഴങ്ങട്ടെ…
ചക്രവാളം ചുവക്കട്ടെ…

കോളേജില്‍ എസ്.എഫ്.ഐ. ക്കാര്‍ വിളിക്കുന്ന കിടിലന്‍ മുദ്രാവാക്യങ്ങള്‍ കേട്ട്, പരമ്പരാഗതായിട്ട് മ്മടെ കുടുമത്തുള്ളോര് കോണ്‍ഗ്രസ്സുകാരായി പോയതോണ്ട് കെ. എസ്. യു. കാരനായിപ്പോയ എന്‍റെ രക്തം തിളയ്ക്കുമായിരുന്നു...

ഇമ്മാതിരി രണ്ട് മുദ്രവാക്യം നമ്മടെ പാര്‍ട്ടിക്കാര്‍ക്കും വിളിച്ചൂടേന്ന് കരുതി.

അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് ഇടയ്ക്കിടെ പന്തംകൊളുത്തി പ്രകടനത്തിനുള്ള അവസരം ഇടതന്മാര്‍ ഉണ്ടാക്കി കൊടുത്തിരുന്നു. അങ്ങിനെ നാട്ടില്‍ പ്രകടനത്തിനുള്ള ഏത് അവസരം കിട്ടിയാലും കോളേജില്‍ കേട്ട ഞെരിപ്പന്‍ മുദ്രാവാക്യങ്ങള്‍ കോണ്‍ഗ്രസ്സീകരിച്ച് വിളിച്ച് കൊടുത്ത് ഞാന്‍ നിര്‍വൃതിയടഞ്ഞിരുന്ന കാലം.

ശ്രീ. രമേഷ് ചെന്നിത്തലയാണ് അന്ന് യൂത്ത് കോണ്‍ഗ്രസ്സിന്‍റെ സംസ്ഥാന പ്രസിഡന്‍റ്... യൂത്ത് കോണ്‍ഗ്രസ്സിന് ഉണര്‍വ്വിന്‍റെ സമയം. പക്ഷെ, ഞാനുള്‍പ്പെടുന്ന യൂണിറ്റില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉഷാര്‍ പോരാ എന്നൊരു തോന്നല്‍ എനിക്കും കൂട്ടുകാര്‍ക്കും. മാത്രമല്ല ഞങ്ങളുടെ യൂണിറ്റില്‍ ഇതുവരേയും ഞങ്ങളെയൊന്നും മെമ്പര്‍മാരാക്കിയിട്ടുമില്ല… (മൊട്ടേന്ന് വിരിഞ്ഞീല്ല… എന്നിട്ടാ…).

ഒടുവില്‍ യൂണിറ്റ് കമ്മറ്റിക്കെതിരെ ഒരു പരാതിയെഴുതിയുണ്ടാക്കി പരമാവധി ആളുകളെ കൊണ്ട് ഒപ്പിടുവിച്ച് (അതില്‍ ചില മാര്‍ക്സിസ്റ്റ്കാരും ഒപ്പിട്ടിരുന്നുവെന്ന് പിന്നീടാണറിഞ്ഞു) വാര്‍ഡ് പ്രസിഡന്‍റിന് നല്‍കുകയും, വാര്‍ഡ് പ്രസിഡന്‍റ് യൂണിറ്റ് മീറ്റിംഗ് വിളിച്ച് കൂട്ടുകയും ചെയ്തു. ഇങ്ങിനെയൊരു നീക്കം യൂണിറ്റ് പ്രസിഡന്‍റ് അറിയാതെ നടത്തിയതിന്‍റെ പേരില്‍ പുള്ളി രാജി വെക്കുകയും, പകരം (പകരം വീട്ടാന്‍) എന്നെ തന്നെ പ്രസിഡന്‍റായി നിര്‍ദ്ദേശിക്കുകയും/ ആക്കുകയും ചെയ്തു!

അങ്ങിനെ, എണ്‍പത് വയസ്സായാലും യൂത്ത് കോണ്‍ഗ്രസ്സുകാരനല്ലാതാവാത്ത, നാൽപ്പത് വയസ്സായാലും കെ.എസ്.യു. കാരനല്ലാതാവാത്ത... കോണ്‍ഗ്രസ്സിന്‍റെ ചരിത്രത്തില്‍ ആദ്യമായി കേവലം പതിനാറ് വയസ്സുള്ള ഞാന്‍ മൂത്ത & മൊത്തം കോണ്‍ഗ്രസ്സിന്‍റെ യൂണിറ്റ് പ്രസിഡന്‍റായി അവരോധിതനായി.

പിന്നെ സംഭവബഹുലമായ ദിനങ്ങളായിരുന്നു...

ഞാനും കൂട്ടുകാരും ഊണും ഉറക്കവും (ഭക്ഷണം ഈ കൂട്ടത്തില്‍ പെടില്ല) ഉപേക്ഷിച്ച് കോണ്‍ഗ്രസ്സിന് വേണ്ടി പ്രവൃത്തിച്ചു.

എവിടെ തിരിഞ്ഞാലും INC booked എന്നെഴുതിയ ചുമരുകള്‍ മാത്രം...

മുളങ്കാടുകളിലെ മുളകള്‍ കവലകളിലും കവല അല്ലാത്തിടങ്ങളിലും കൊടിമരങ്ങളായി മാറി…

വീട്ടിലെ ചാക്കായ ചാക്കുകളൊക്കെ, കട്ടൌട്ടുകളായി രൂപാന്തരം പ്രാപിച്ചു...

ജപ്പാന്‍ ബ്ലാക്കും പെയിന്‍റുകളും കമ്മായവും നിറഞ്ഞ എന്‍റെ ഷര്‍ട്ടുകള്‍ അയലിലെ നിത്യകാഴ്ചകളായി...

പഴം പുഴുങ്ങിയതും ചായയും ഉള്‍പ്പെടുന്ന സ്റ്റഡി ക്ലാസ്സുകള്‍ അരങ്ങേറി...

നാട്ടിലെ സൈക്കിള്‍ ഷോപ്പുകളില്‍ കെട്ടിക്കിടന്നിരുന്ന സൈക്കിള്‍ ടയറുകള്‍ ഒന്നരയടി നീളമുള്ള കഷ്ണങ്ങളായി വിറകുപുരയില്‍ സ്ഥാനം പിടിച്ചു...

എപ്പോ വേണമെങ്കിലും പന്തം കൊളുത്തിക്ക് സജ്ജമായിരുന്നു ഞങ്ങളുടെ യൂണിറ്റും കമ്മിറ്റിയും.

നാട്ടിലെ ഒരോ ചലനങ്ങളും ഞങ്ങള്‍ സസൂഷ്മം നിരീക്ഷിച്ച് വരുന്ന സമയം...

എവിടെയൊരു കല്യാണമുണ്ടോ അവിടെ ഞങ്ങള്‍ തലേ ദിവസം മുതല്‍ കാണും... (പ്രസിഡന്‍റ് ആവുന്നതിന് മുന്‍പും അതങ്ങിനെ തന്നെയായിരുന്നു).

നാട്ടിലെ ഓരോ ചലനങ്ങളിലും പങ്കാളിത്തം ഉറപ്പ് വരുത്താന്‍ ശ്രദ്ധിച്ച് ജാഗരൂകരായി ഞങ്ങള്‍…

ഒരു ദിവസം രാവിലെ കമ്മിറ്റിയുടെ ഖജാന്‍ജി കൂടെയായ എന്‍റെ പ്രിയ കൂട്ടുകാരന്‍ വന്ന് പറഞ്ഞു...

‘മ്മടെ ............ചേട്ടന്‍ മരിച്ചു...’

ഞെട്ടാന്‍ മാത്രം പ്രായമുള്ള ഒരു നേതാവായിട്ടില്ലാത്തതോണ്ട് ഞാന്‍ ഞെട്ടിയില്ല...

കുറച്ച് കാലമായി സുഖമില്ലാതിരിക്കുകയായിരുന്നു ആ ചേട്ടന്‍. കുടുമത്തുള്ളവരെല്ലാം കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്നിട്ടും അദ്ദേഹത്തിന് കോണ്‍ഗ്രസ്സിനോടായിരുന്നു അനുഭാവം.

ഇവിടെ എന്തു ചെയ്യണം എന്നതായി ഞങ്ങളുടെ ചിന്ത...

ഞങ്ങളുടെ ചുറ്റുവട്ടത്ത് അന്നുവരെ നടന്നിട്ടില്ലാത്ത ഒരു സംഭവം കാഴ്ചവെക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു...

അദ്ദേഹത്തിന് നമുക്കൊരു റീത്ത് സമര്‍പ്പിക്കാം...

ജനങ്ങള്‍ മനസ്സിലാക്കട്ടെ ഞങ്ങടെ പാര്‍ട്ടിക്കാരനായി മരിച്ചാലുള്ള ഗുണം.

ഇടതന്മാര്‍ അറിഞ്ഞ് അവര്‍ കോപ്പിയടിക്കേണ്ട എന്ന് കരുതി ഈ പദ്ധതി വളരെ രഹസ്യമാക്കി വെക്കുവാന്‍ തീരുമാനിച്ചു. ഉടനെ തന്നെ ഞങ്ങള്‍ രണ്ട് പേരും മെമ്പര്‍മാരുടെ അടുത്ത് മാത്രം വളരെ രഹസ്യമായി പിരിവിനിറങ്ങി... ടൌണില്‍ പോയി റീത്ത് വാങ്ങിച്ച് വന്നു... കമ്മറ്റിയംഗങ്ങളെയെല്ലാം വിളിച്ച് ചേര്‍ത്തു.

നോട്ട് ദ പോയിന്‍റ്: ഇതുവരേയും തൊട്ടടുത്തുള്ള ആ മരണവീട്ടിലേക്ക് ഞാനോ എന്‍റെ ഖജാഞ്ചി സുഹൃത്തോ തിരിഞ്ഞു നോക്കിയിട്ടില്ല.

എല്ലാ അംഗങ്ങളും കൂടെ ഒന്നിച്ച് പോകാന്‍ തീരുമാനിച്ചു... പക്ഷെ, റീത്ത് വെക്കുന്നത് കമ്മിറ്റി പ്രസിഡന്‍റ് ആയിരിക്കണം എന്നൊരു ചതി ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല... എല്ലാവരും കൂടി തീരുമാനിച്ചപ്പോള്‍ ഞാനെതിര്‍ക്കാനും പോയില്ല... പ്രസിഡന്‍റല്ലേ... ഇല്ലാത്ത ധൈര്യം കയ്യില്‍ പിടിച്ച് നടന്നു. അത് വരെ ചിരിച്ച് സംസാരിച്ചിരുന്ന ഞങ്ങള്‍ ആ വീടിന്‍റെ അടുത്തെത്തിയതോടെ നിശബ്ദരായി. ശിരസ്സ് താഴ്ത്തി പിടിച്ച് രണ്ട് കൈ കൊണ്ടും റീത്ത് മുറുകെ പിടിച്ച് ആ വീടിനുള്ളിലേക്ക് കയറി.

ഞങ്ങള്‍ അകത്തേക്ക് കയറിയതും ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ സങ്കടങ്ങള്‍ എണ്ണിപ്പെറുക്കി കരയാന്‍ തുടങ്ങി. ഇതോടെ എന്‍റെ എല്ലാ ധൈര്യവും പോയി... കയ്യിലിരുന്ന റീത്ത് വിറയ്ക്കാന്‍ തുടങ്ങി. അതിലിടയ്ക്കാണ് മൃതദേഹത്തില്‍ റീത്ത് എവിടെയാണ് വെക്കുക എന്നറിയാത്ത വെപ്രാളവും എനിക്ക് കൂട്ടിന് വന്നത്.

കുറച്ച് നേരം മൌന്മായി നിന്നിട്ട് കൂടെ വന്നവരെല്ലാം പുറത്ത് കടന്നു... ദുഷ്ടന്മാര്‍...

ഞാനപ്പോഴും റീത്തും കയ്യില്‍ പിടിച്ച് നിൽപ്പാണ്...

എന്‍റെ മുഖം കോടുന്നതിനോടൊപ്പം കയ്യിലിരുന്ന് റീത്തും കോടുന്നുണ്ടോന്ന് സംശയം...

നെഞ്ചില്‍ വെക്കണോ...
വയറില്‍ വെക്കണോ...
കാലില്‍ വെക്കണോ...
കാല്പാദത്തില്‍ വെക്കണോ...

എന്ത് ചെയ്യണമെന്നറിയുന്നില്ല...

ഇനി സ്ഥലം മാറി വെച്ചിട്ട് ആരെങ്കിലും എന്തെങ്കിലും പറയുമോ എന്ന പേടി...

ഇതിലിടയ്ക്ക് കുടുംബാംഗങ്ങളുടെ കരച്ചിലൊന്ന് അടങ്ങിയ സമയം... ഞാന്‍ രണ്ടും കൽപ്പിച്ച് പതുക്കെ കുനിഞ്ഞ് റീത്ത് മുട്ടുകാലില്‍ വെച്ചു... വെച്ചില്ല എന്നായി...

പെട്ടെന്നായിരുന്നു ‘എന്‍റയ്യോ...‘ എന്ന കൂട്ടക്കരച്ചില്‍ ഉയര്‍ന്നത്...
ഞാന്‍ ഞെട്ടി പിന്മാറി... ഒപ്പം റീത്തും കയ്യില്‍ പോന്നു...

മൃതദേഹം കാണാന്‍ ഏതോ ബന്ധുക്കള്‍ വന്നപ്പോഴായിരുന്നു ആ കരച്ചില്‍...

ആ ദുഃഖകരമായ അന്തരീക്ഷത്തിലും ചില ചുണ്ടുകളില്‍ നേര്‍ത്ത ചിരി പരക്കുന്നത് ഞാന്‍ കണ്ടു...

എന്‍റെ വിഷമാവസ്ഥ മനസ്സിലാക്കിയിട്ടാവണം അവിടെയുണ്ടായിരുന്ന രാഘവേട്ടന്‍ എന്‍റെ കയ്യീന്ന് റീത്ത് വാങ്ങി പറഞ്ഞു…

‘മോന്‍ പുറത്ത് കടന്നോ…’

തിരിഞ്ഞ് നോക്കി പുറത്ത് കടക്കുമ്പോള്‍ രാഘവേട്ടന്‍, ഞങ്ങളുടെ കോണ്‍ഗ്രസ്സ് യൂണിറ്റിന് വേണ്ടിയും, യൂണിറ്റ് പ്രസിഡന്‍റായ എനിക്ക് വേണ്ടിയും ആ റീത്ത് സമര്‍പ്പിക്കുന്നത് കണ്ടു.

രാഘവേട്ടന്‍ റീത്ത് വാങ്ങിക്കുമ്പോള്‍ കൊടുക്കാതിരിക്കാന്‍ ഞാന്‍ ചെറിയൊരു ശ്രമം നടത്തിയിരുന്നു… വേറൊന്നോണ്ടുമല്ല… രാഘവേട്ടന്‍ ആളൊരു സഖാവായിരുന്നു…!

46 comments:

Unknown said...

അഗ്രജോ:)

അപ്പോ അങ്ങനെയും ഒരു ഭൂതം ഉണ്ടയായിരുന്നു അല്ലേ?

സഖാക്കള്‍ക്ക് വീര്യം കുറവായിരുന്നതിനാലാകും ഇപ്പോള്‍ ഈ സംഭവം അറിയാന്‍ ഞങ്ങള്‍ക്ക് ഫാഗ്യമുണ്ടായത്...:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നിട്ടാ പദവി അന്നുതന്നെ വലിച്ചെറിഞ്ഞില്ലേ... അതോ ആ സംഭവത്തോടെ സഖാക്കളുടേം പിന്തുണ പിടിച്ച് പറ്റിയാ?

അലിഫ് /alif said...

എന്തായാലും അഗ്രൂ, ആ റീത്ത് അങ്ങേരുടെ മുഖത്തൊന്നും കൊണ്ട് വെയ്ക്കാതിരുന്നത് നന്നായി..
അല്ലേല്‍ മരിച്ചു കിടക്കുന്ന അങ്ങേരും കൂടി എഴുന്നേറ്റോടിയേനെ..!!
വായിച്ചു ചിരിച്ചു..

സുല്‍ |Sul said...

കോണ്‍ഗ്രസ്സ് പ്രസിഡന്റിന്റെ കളത്തില്‍ സഖാവിന്റെ തേങ്ങയടി. അതു കലക്കി.
-സുല്‍

G.MANU said...

reethu kalakki ente agru..

സാജന്‍| SAJAN said...

ഇത് വായിച്ചപ്പൊ അറിയാതെ, പ്രീഡിഗ്രീ ബോര്‍ഡും, സ്മാര്‍ട്ട് സിറ്റിയും ഒക്കെ ഓര്‍ത്ത് പോയി, എന്താന്നു ചോദിച്ചാ വെര്‍തേ അങ്ങ് ഓര്‍ത്ത് പോയി:)

സൂര്യോദയം said...

പ്രസിഡന്റേ... കലക്കി... :-)

Rasheed Chalil said...

മരണപ്പെട്ട വ്യക്തി കുറച്ച് പുണ്യം ചെയ്ത വ്യക്തിയാണെന്ന് ഉറപ്പായി... അല്ലെങ്കില്‍ നീ സംശയിച്ച് നില്‍ക്കില്ലായിരുന്നു അഗ്രജാ...

ഓടോ : എന്റെ ഫോണ്‍ നമ്പര്‍ മാറിയിരിക്കുന്നു.

ഡാലി said...

ഹ ഹ ഹ അഗ്രജാ, സഖാക്കള്‍ക്കല്ലെങ്കിലും കാഞ്ഞ ബുദ്ധിയാ..
ഇത്തരുണത്തില്‍ ഞാനെന്റെ അപ്പന്‍ സഖാവിനെ ഓര്‍ത്തു പോകുന്നു. എല്ലാ ഇലക്ഷനും കോണ്‍ഗ്രസ്സുകാരന്‍ അളിയനോട് സഖാവ് ചോയ്ക്കും അളിയാ വണ്ടി വരില്ലെ? അളിയന്‍ പറയും പിന്നില്ലെളിയാ അളിയന്‍ വീട്ടില്‍ ഇരുന്നാ മതി. അങ്ങനെ കോണ്‍ഗ്രസ്സ് വണ്ടിയില്‍ ഞെളിഞ്ഞിരുന്നു വോട്ട് ചെയ്ത് വരുമ്പോള്‍ ഞങ്ങള്‍ ചോദീക്കും. അപ്പോ ഇത്തവണ സഖാവ് കൈപ്പത്തിയ്ക്കു തന്നെ കുത്തീ ല്ലേ? അപ്പോ അപ്പന്‍ സഖാവ് “ഉവ്വാ എനിക്ക് പ്രാന്തല്ലേ കൈപ്പത്തിയ്ക്കു കുത്താണ്ട്, നമ്മളു കമ്മ്യുന്നെ” അപ്പോ ആങ്ങള പറ്റീക്കപ്പെട്ട സങ്കടത്തില്‍ അമ്മ“പിന്നെ എന്തിനാ മനുഷയ്നെ നിങ്ങള്‍ അവന്റെ വണ്ടിയില്‍ പോണെ“. അപ്പോ സഖാവ് “ എന്റെ അളിയന്റെ വണ്ടി ഞാന്‍ പോണു. അളിയന്‍ കോണ്‍ഗ്രസ്സുകാരനായത് എന്റെ കുറ്റാ?”
കോണ്‍ഗ്രസ്സ്കാരന്‍ അളിയനും അറിയാം സഖാവ് അളിയന്റെ മനസ്സിലിരിപ്പ്.. പക്ഷേ രണ്ടാളും ഇലക്ഷന്‍ രാത്രി വന്നു “അളിയാ പൊന്നളിയാ.. പാട്ടും പാടി........

തമനു said...

റീത്ത് പിടിച്ചു നില്‍ക്കുന്ന അഗ്രജന്റെ രൂപം ഓര്‍ത്തിട്ട് ചിരി വരുന്നു. ഏഠായാലും രാഘവന്‍ സഖാവിനോട് റീത്തിന് വേണ്ടി പിടിവലി നടത്താഞ്ഞത് കാര്യമായി, അതും സഖാക്കന്മാരുടെ വീട്ടില്‍ ചെന്നിട്ട്... അല്ലേല്‍ ഒരു റീത്തൂടെ അവരന്ന്‌ വാങ്ങിയേനേം ... :)

എന്തായാലും പോസ്റ്റ് കലക്കി.

ഓടോ: ശരിക്കും റീത്ത് എവിടാ വയ്ക്കുക ...?

ഏറനാടന്‍ said...

മാന്യമഹാജനങ്ങളേ, 1974-ല്‍ ഇന്ത്യക്ക്‌ സ്വാതന്ത്യം കിട്ടുമ്പോള്‍ ഇവിടെ എന്താണ്‌ നടന്നത്‌?? എന്നൊക്കെ കാച്ചിയ പ്രസംഗം ഉണ്ടായിരുന്നോ അഗ്രൂ??
:)

K.V Manikantan said...

:)))))

ദിവാസ്വപ്നം said...

:-)

ha ha

Satheesh said...

അഗ്രജാ... കോംഗ്രസ്സാരുന്ന് അല്ലേ.. “എഴുത്ത് നല്ലതാണ്‍” എന്ന് ഞാന്‍ പണ്ട് പറഞ്ഞതൊക്കെ പിന്‌വലിച്ചിരിക്കുന്നു!!!
:-)
ഉഗ്രന്‍ പോസ്റ്റ്!

Inji Pennu said...

ഹഹഹ! എന്നാലും ആ പോയിന്റ് ഒരിക്കലും കേട്ടിട്ടുമില്ല തോന്നീട്ടുമില്ല.റീത്ത് എവിടെ വെക്കും? ഹ്ഹ്ഹ്! കുഴക്കുന്ന ചോദ്യം തന്നെ. ഒരു ഇടതൊ വല‍തൊ പ്രസിഡന്റായാ എന്തൊക്കെ പഠിക്കണം. :)

ഏ.ആര്‍. നജീം said...

ശെടാ...ചിരിക്കാനും വയ്യ, ചിരിക്കാതിരിക്കാനും വയ്യാത്ത അവസ്ഥയിലാ ഞാനുപ്പോ..(ബോസ്സ് അടുത്തിരിപ്പുണ്ടേ )

Mubarak Merchant said...

kalakki musthafaakkaa..
vekkaan aanja reethum kont njetti pinnottu chaadiya ramgam orth chirichitt .....
keyman harthaal aanu. ennittum kamant idaathe vayya. super narration. kodu kai.

Santhosh said...

കൊള്ളാമല്ലോ പ്രസിഡന്‍റേ!

kalippumachan \ കലിപ്പുമച്ചാന്‍ said...

റീത്ത് കലക്കി...

പ്രിയംവദ-priyamvada said...

ഒരു പ്രസിഡെന്റായാല്‍ എന്തൊക്കെ പ്രശ്നങള്‍..അല്ലെ? ആഹ്.. ഈ കഷ്ടപ്പാടുകള്‍ ആരെങ്കിലും മനസ്സിലാക്കുന്നുണ്ടൊ എന്തൊ:(

പുള്ളി said...

റിത്തും കൊണ്ട് പിന്നോട്ടുള്ള ചാട്ടം രസിച്ചു. പിന്നെ സതീഷിന്റെ കമന്റും :)

Areekkodan | അരീക്കോടന്‍ said...

കലക്കി പ്രസിഡന്റേ...

ഷാനവാസ്‌ ഇലിപ്പക്കുളം said...

അഗ്രൂ ഇക്കാ, അതുകലക്കി, കാങ്ക്രസ്‌ പ്രെസിഡന്റിനുവേടി റീത്തുവെച്ച സഘാവ്‌! പുള്ളി വല്ല ഏരിയാ സെക്രട്ടറിയുമായിരുന്നോ?

myexperimentsandme said...

ഹ...ഹ...ഹ... അഗ്രാപ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ടായിരുന്നല്ലേ അഗ്രജന്‍. പണ്ട് ഇന്ദിരാജിയെ സ്വാധീനിച്ച് അഗ്രജന്റെ പേരില്‍ ഒരു സംസ്ഥാനം തന്നെ എഴുതിവാങ്ങിച്ചല്ലേ? :)

“ദോ കണ്ടോ ആ മണ്ടന്‍ കേയെസ്സ്യൂക്കാര് പറയുന്നത്, കേരളാ സ്റ്റുഡന്റ്സ് യൂണിയന്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മൊത്തം വ്യാപിച്ച് കിടക്കുന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനമാണെന്ന്... പക്ഷേ എസ്സെഫൈ അതുപൊലെയൊന്നുമല്ല, ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് പലയിടത്തും പടര്‍ന്ന് കിടക്കുന്ന പ്രസ്ഥാനമാണ് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ”

(ഒന്നാം പ്രീഡിഗ്രി ഉവാച)

asdfasdf asfdasdf said...

റീത്ത് കലക്കി.

‘പ്രസിഡന്‍റ് അറിയാതെ നടത്തിയതിന്‍റെ പേരില്‍ പുള്ളി രാജി വെക്കുകയും, പകരം (പകരം വീട്ടാന്‍) എന്നെ തന്നെ പ്രസിഡന്‍റായി നിര്‍ദ്ദേശിക്കുകയും/ ആക്കുകയും ചെയ്തു!‘

അതെ പ്രസിഡന്റായി ആക്കുകതന്നെ ചെയ്തു !! :)
ഞാന്‍ നാട്ടില്‍ പോയി

മഴത്തുള്ളി said...

പ്രസിഡന്റേ, ഈ പോസ്റ്റും കമന്റുകളും വായിച്ച് ചിരിച്ച് ചിരിച്ച് ഒരു വഴിയായി.

“പെട്ടെന്നായിരുന്നു ‘എന്‍റയ്യോ...‘ എന്ന കൂട്ടക്കരച്ചില്‍ ഉയര്‍ന്നത്...
ഞാന്‍ ഞെട്ടി പിന്മാറി... ഒപ്പം റീത്തും കയ്യില്‍ പോന്നു...“

എന്താ റീത്ത് മറ്റുവല്ലവരുമെടുത്തുകൊണ്ട് ഓടുമെന്ന് പേടിച്ചോ? ;) ഹിഹി.

ഓ.ടോ. : ഞാനും കുട്ടമ്മേനോന്റെ കൂടെ നാട്ടില്‍ പോയി :)

Ziya said...

എനിക്കു വല്യ ചിരിയൊന്നും വന്നില്ല :)
അഗ്രൂന് സമാധാനിക്കാം. ഒരാളെങ്കിലും അഗ്രൂന്റെ ആ സിറ്റുവേഷന്‍ മനസ്സിലാക്കിയല്ലോ...

ഓടോ. തമനൂന്റെ തംശയം തന്നെ എനിക്കും. എവിട്യാ വെക്ക്യാ പ്രസിഡന്റേ??

Visala Manaskan said...

നന്നായിട്ടുണ്ട് അഗ്രജാ. നല്ല രസായിട്ട് എഴുതിയിട്ടുണ്ട്.
:))

പാച്ചേരി : : Pacheri said...

കലക്കി മാഷേ

:: niKk | നിക്ക് :: said...

ഐക്യ ജനാധിപത്യമുന്നണിയുടെ കരുത്തനായ സാരഥി ശ്രീമാന്‍ അഗ്രജനെ വോട്ടുകള്‍ കൊണ്ട്മൂടണമെന്ന് താഴ്മയായ് അഭ്യര്‍ത്ഥിക്കുകയാണപേക്ഷിക്കുകയാണ് കൂട്ടരേ....


അടുത്ത ഇലക്ഷന് സ്ഥാനാര്‍ഥിയാവാന്‍ റെഡിയായ്ക്കോ അഗ്രജാ !

അഭിലാഷങ്ങള്‍ said...

സതീഷേ,തന്റെ കമന്റ് വായിച്ചു കഴിഞ്ഞപ്പോള്‍, തന്നോട് E.K.നായനാര്‍ അഗ്രജനെപറ്റി സ്വര്‍ഗ്ഗത്തിലിരുന്ന് ഒരു കാര്യം പറയുന്നതായി എനിക്ക് തോന്നുന്നു. “എഡോ.. ഓന്‍ മറ്റോന്റെ ആളാ....” :-)

അഗ്രജാ, സംഭവം ഇഷ്ടമായി കേട്ടോ.. പിന്നെ, ഞാനും പണ്ട് കോളജിലും സ്കൂളിലുമൊക്കെ പഠിക്കുമ്പോള്‍ (!) ഭയങ്കര കോണ്‍ഗ്രസ്സുകാരനായിരുന്നു!. പക്ഷെ, സമരം SFI നടത്തുന്ന ദിവസം ഞാന്‍‌ അവരുടെകൂടെ ഉണ്ടാകും..! ABVP യാണ് നടത്തുന്നതെങ്കില്‍‌ അന്ന് അവരുടെകൂടെയും..!! പിന്നീട്, KSU നടത്തിയ ഒരു സമരത്തിന് ‘ഇന്‍‌ക്യുലാബ് സിന്ദബാദ് ‘ വിളിക്കാന്‍‌ പോയ എനിക്കിട്ട് അവരുടെ നേതാവ് ഒരു തള്ള് വച്ചുതന്നു ..എന്നിട്ട് പറഞ്ഞു “നീ അങ്ങിനെയിപ്പോ ‘ആള്‍- റൌണ്ടര്‍‘ ആവേണ്ട.. പോഡാ..പോഡാ..” ..എന്ന് .. അന്നുമുതല്‍‌ KUS വിനോടും ശ്രീകണ്ടന്‍‌നായര്‍ പറയുമ്പോലെ ‘ഗുഡ് ബൈ’ പറഞ്ഞു. ഇപ്പോ ഞാന്‍ ‘സ്വതന്ത്രനാ‘...!! :-)

പിന്നെ, എന്റെ അഗ്രജാ, അറ്റ്ലിസ്റ്റ് ഒരു റീത്ത് വെക്കാനെങ്കിലും പഠിക്കൂ.. എന്റെ നാട്ടില്‍ (കണ്ണൂര്‍) വരൂ.. അവിടെ അഞ്ചാം ക്ലാസ് മുതലുള്ള സ്കൂള്‍ സിലബസ്സില്‍‌ ഉള്‍പ്പെടുത്തിയ വിഷയമാ അത്.... ഫ്രീയായി പഠിക്കാം.. വരുന്നോ?

വേണു venu said...

ദ പ്രസിഡന്‍റു് രസിപ്പിച്ചു.:)

Sathees Makkoth | Asha Revamma said...

:))

അപ്പു ആദ്യാക്ഷരി said...

kure chirchu agruu

Unknown said...

സഖാവിന്റെ വീടായത് കൊണ്ട് റീത്ത് ഉള്ളില്‍ കയറി വെയ്ക്കാതെ വാതില്‍ക്കല്‍ നിന്ന് ഉള്ളിലേയ്ക്ക് വട്ട് ഉരുട്ടുന്നത് പോലെ ഉരുട്ടി വിടാമായിരുന്നില്ലേ?

ഓടോ: രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പോരായിരുന്നോ? ഇവിടെ ഈ ചൂടത്ത് വെറുതെ.. ഛെ. :-)

ഉപാസന || Upasana said...

എന്തിനാ സാറെ പേടിച്ചത്. മാര്‍ക്സിസ്റ്റുകള് തല്ലുമെന്ന് പേടിച്ചാണോ അതോ റീത്തിന്റെ കാര്യം ഓര്‍ത്ത് തന്നെയോ...
തല്ലുണ്ടെങ്കില്‍ സുധാകരനോട് പറഞ്ഞാ പോരെ. കേരളാ കോണ്‍ഗ്രസ്സിലെ ഏക പൂവനാ ഓന്‍...
:)
പൊട്ടന്‍

Sona said...

റീത്തും പിടിച്ചോണ്ട് നിന്ന് ആ നില്‍പ്പ്!!!! വായിക്കുമ്പോള്‍ മനസ്സില്‍ കണ്ടു.

തറവാടി said...
This comment has been removed by the author.
തറവാടി said...

അനുഭവക്കുറിപ്പെഴുതുമ്പോള്‍ വായനക്കാരനെ അനുഭവിപ്പിക്കുക എന്നതായിരിക്കണം എഴൂത്തുകാരന്റ്റെ ചുമതല.

എഴുത്തുകാരന്‍ അറിയാതെപ്പോലും ഒന്നില്‍ കൂടുതല്‍ തന്തുക്കളുണ്ടാകുമ്പോള്‍ ,വായന മടുപ്പിക്കുന്നു , കൈയ്യൊതുക്കിന് ശക്തികുറയുമ്പോള്‍ വിരസതയുമുണ്ടാക്കുന്നു.

തുറന്നുപറയുന്നതില്‍ കെറുവരുത്!

മുസ്തഫ|musthapha said...

തറവാടി said...
“അനുഭവക്കുറിപ്പെഴുതുമ്പോള്‍ വായനക്കാരനെ അനുഭവിപ്പിക്കുക എന്നതായിരിക്കണം എഴൂത്തുകാരന്റ്റെ ചുമതല“

ഹഹഹ... അത് ഞന്‍ നന്നായി നിര്‍വ്വഹിക്കുന്നുണ്ടല്ലോ... വായനക്കാരനെ ‘അനുഭവിപ്പിക്ക’ലേയ് (അനുഭവിച്ചോ... അനുഭവിച്ചോ)

അഭിലാഷങ്ങള്‍ said...

:-)
ഹ ഹ ഹ.. അതെനിക്കിഷ്‌ടമായി..!!

തറവാടി നല്ല തറവാടിത്തത്തോടെ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് അഗ്രജന്‍ ‘സത്യസന്ധമായി’ മറുപടി നല്‍കി..

അഗ്രജ ഗുരു നല്ല സത്യസന്ധനാ..

വായനക്കാര്‍ക്കു ക്ഷമാശീലം ഉള്ളിടത്തോളം കാലം അത് തുടരട്ടെ..

ഗുരുവേ നമ:

- അഭിലാഷ്

അനോണി ആന്റണി said...

sa. raghavettanu lal salam!!!

Sethunath UN said...

അഗ്രജാ,

നന്നായി എഴുതിയിരിക്കുന്നു. ചിരി പൊട്ടിപ്പോയി. സിമ്പിള്‍ ആന്‍ഡ് ഗ്രേറ്റ്!

Kaippally കൈപ്പള്ളി said...

:)

താരാപഥം said...

പുതിയ ആളാണ്‌ സഖാവേ,
ഒരു പഴയ കോണ്‍ഗ്രസ്സുകാരന്‌ ഇതുപോലൊരു ചമ്മല്‍ ഉണ്ടായത്‌ നേരില്‍ കണ്ടിട്ടുണ്ട്‌. നേതാവിന്റെ കല്യാണദിവസം. സുഹൃത്തുക്കള്‍ക്ക്‌ ഒരൈഡിയ, മാലയിടല്‍ കഴിഞ്ഞിരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ്‌ നിറത്തിലുള്ള ഒരു ആശംസ ഫ്രൈം ചെയ്ത്‌ ഭാര്യയുടെ വീട്ടില്‍ വെച്ച്‌ കൊടുക്കണം. അത്‌ നിശ്ചയിച്ച പോലെ നടന്നു. അവിടെയുണ്ടായിരുന്ന ഡിഫിക്കാര്‍ക്ക്‌ അത്‌ രുചിച്ചില്ല. ആ വീട്ടുകാര്‍ കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നു.
നേതാവിന്റെ വീട്ടിലെ ഉച്ചതിരിഞ്ഞുള്ള റിസപ്ഷന്‍ നടക്കുമ്പോള്‍ ഭാര്യാവീട്ടുകാരായ ചുവപ്പന്മാര്‍ അതുപോലൊരു ആശംസ ഇവിടെ വെച്ചും കൊടുത്തു. എ.കെ.ജി. യുടെ ഫോട്ടൊ ഉള്ളത്‌. കൂടാതെ ഇവര്‍ അവിടെ വെച്ചു കൊടുത്ത കോണ്‍ഗ്രസ്സ്‌ ആശംസയും പൊതിഞ്ഞ്‌ തിരിച്ചു കൊടുത്തു. എല്ലാ സമ്മാനങ്ങളും ഭര്‍ത്താവിന്റെ വീട്ടിലാണല്ലൊ സൂക്ഷിക്കേണ്ടത്‌ എന്ന സാമാന്യ മര്യാദ പാലിച്ചതാകാം. എന്തായലും ആ സമയത്തെ യൂത്തന്മാരുടെ ചമ്മല്‍ കാണാന്‍ നല്ല രസമായിരുന്നു.

[ nardnahc hsemus ] said...

മിസ്റ്റര്‍ പ്രസിഡന്റ്!
നന്നായിട്ടുണ്ട്, ട്ടോ!