കാലം മായ്ക്കാത്ത കുറ്റബോധങ്ങള്‍
നാലു വയസ്സുമുതല്‍ എട്ട് വയസ്സു വരേയുള്ള എന്റെ ബാല്യം വെല്ലിപ്പാടേയും വെല്ലിമ്മാടേയും (ഉമ്മയുടെ മാതാപിതാക്കള്‍) കൂടേയായിരുന്നു. ഇന്നും മൂന്നാം പക്കം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം എന്നീ സിനിമകള്‍ കാണുമ്പോള്‍, എന്റെ വല്ലിപ്പയും വല്ലിമ്മയും ഞാനും നിറഞ്ഞ ആ മനോഹരമായ കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ എന്റെ കണ്ണുകള്‍ നിറയ്ക്കും.
എന്റെ ഉപ്പാനേക്കാളും ഉമ്മാനെക്കാളും എനിക്ക് സ്നേഹം വെല്ലിപ്പാടും വെല്ലിമ്മാടുമായിരുന്നു.
ഉപ്പ നാട്ടില്‍ സ്ഥിരമാക്കിയപ്പോഴാണ് അത് വരെ ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ നിന്നും ഉപ്പാടെ വീടിനടുത്തുള്ള സ്കൂളിലേക്കെന്നെ മാറ്റിയത്. എന്നെ കൊണ്ടു പോവാന്‍ ഉപ്പ വരുന്നതിന്റെ തലേ ദിവസം വെല്ലിപ്പാനെ കെട്ടിപിടിച്ച് കിടന്ന് ‘ഞാന്‍ പോവില്ല, എന്നെ പറഞ്ഞയക്കേണ്ട’ എന്ന് വിതുമ്പിയ എന്നെ ഒന്ന് ചേര്‍ത്ത് പുണരാന്‍ പോലുമാവാതെ നിര്‍വ്വികാരനായി കിടന്ന വെല്ലിപ്പാനെ ഇന്നുമെനിക്കെന്റെ കണ്ണില്‍ കാണാം.
പുതിയ ചുറ്റുപാടും കൂട്ടുകാരും, ഞാനതിനോട് വേഗം ഇണങ്ങി ചേര്‍ന്നു.
പിന്നീട് അവിടേക്കുള്ള യാത്രകള്‍ ചില അവധി ദിവസങ്ങളില്‍ മാത്രമായി ചുരുങ്ങി.
ഞാന്‍ പോന്നതിന്റെ അടുത്ത വര്‍ഷം വെല്ലിപ്പ ഞങ്ങളെ വിട്ടുപിരിഞ്ഞു. മരണസമയത്തും ‘വെല്ലിപ്പാ’ എന്ന എന്റെ വിളിക്ക് ഒരു ‘ഞെരക്കം’ കൊണ്ടുത്തരം നല്കി എന്റെ വെല്ലിപ്പ.
പിന്നീട് ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്ത് കുറേ കാലം വെല്ലിമ്മാടെ കൂടെ തന്നെ നില്ക്കാന് കഴിഞ്ഞിരുന്നു.
കാലങ്ങള്‍ കടന്ന് പോയി... ഞാന്‍ യുവാവായി... ചെറിയ ഒരു ജോലിയുമായി.
അക്കാലത്ത് വെല്ലിമ്മാനെ കാണാന്‍ ചെന്നാല്‍ ഒരു പഴയ ഫാരക്സിന്റെ ടിന് എനിക്കെടുത്ത് തരും വെല്ലിമ്മ. തൊട്ടുമുന്‍പത്തെ തവണ ഞാന്‍ അവിടെ ചെന്ന് മടങ്ങിയത് മുതല്‍ വല്ലിമ്മാക്ക് കിട്ടിയ പലഹാരങ്ങളില്‍ നിന്നും ഒരോഹരി അതിലെനിക്കായ് മാറ്റി സൂക്ഷിച്ചിട്ടുണ്ടാവും. ആ ടിന്നിലടച്ച് വെച്ചിരുന്നത് പലഹാരങ്ങളല്ല, അളക്കാനാവാത്ത സ്നേഹമായിരുന്നുവെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.
ഞാന്‍ ഗള്‍ഫിലേക്ക് പോവുക എന്നത് എല്ലാവരേക്കാളും കൂടുതല്‍ സ്വപ്നം കണ്ടത്, ആഗ്രഹിച്ചത് വെല്ലിമ്മയായിരുന്നു. അതിങ്ങനെ നീണ്ട് നീണ്ട് പോവുന്നതില്‍ വെല്ലിമ്മാക്ക് ശരിക്കും സങ്കടമുണ്ടായിരുന്നു.
ഒരു ദിവസം വെല്ലിമ്മാനെ കാണാന്‍ ചെന്നപ്പോള്‍ വെല്ലിമ്മ എന്നോട് ചോദിച്ചു...
‘അന്റേല് പൈസെണ്ടാ... ഒരു മുപ്പതുറുപ്യെടുക്കാന്‘
ആദ്യായിട്ടാണ് എന്നോട് വെല്ലിമ്മ പൈസ ചോദിക്കുന്നത്... പക്ഷെ, എന്റെ കയ്യിലപ്പോള്‍ മുപ്പത് രൂപ മാത്രേ ഉണ്ടായിരുന്നുള്ളൂ... കൂടുതല്‍ കാശുണ്ടായിരുന്നില്ല.
‘ഇല്ല... വെല്ലിമ്മാ എന്റേലില്ലല്ലോ’ കൂടുതലൊന്നും ആലോചിക്കാതെ ഞാന്‍ പറഞ്ഞു.
പിന്നീട് ആഴ്ചകള്‍ കഴിഞ്ഞു. എനിക്ക് വിസിറ്റ് വിസ കയ്യില്‍ കിട്ടിയതായി ഉപ്പ വിളിച്ചറിയിച്ചു. ആ വിവരം പറയാന്‍ വെല്ലിമ്മാടെ അടുത്ത് പോവാന്‍ വിചാരിച്ചിരുന്ന ദിവസം എന്തോ കാരണവശാല്‍ അത് നടന്നില്ല.
പിന്നെ അടുത്ത ദിവസം എനിക്കങ്ങോട്ട് പോവേണ്ടി വന്നത് വെല്ലിമ്മാടെ ‘മയ്യിത്ത്’ കാണാനായിരുന്നു.
എനിക്ക് വിസ കിട്ടിയ വിവരം അറിയാന്‍ ഏറ്റവും കൊതിച്ച ആള് അത് അറിയാതെ പൊയ്ക്കളഞ്ഞു.
എന്നോട് ആദ്യായിട്ട് ഒരു മുപ്പത് രൂപ ചോദിച്ചത് അവസാനത്തെ ചോദ്യം കൂടെയായിരുന്നു എന്ന് ഞാനറിഞ്ഞില്ല.
എനിക്ക് ജോലി കിട്ടിയിട്ടും ശമ്പളം കിട്ടിയിട്ടും ഞാന്‍ ഒന്നും വെല്ലിമ്മാക്ക് കൊടുത്തിരുന്നില്ല, എന്തിനായിരിക്കാം പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലാത്ത വെല്ലിമ്മ കാശ് ചോദിച്ചത്, എന്നതൊക്കെ പിന്നീടാണ് ഞാന്‍ ചിന്തിച്ചത്.
എനിക്ക് വെല്ലിമ്മാനെ ഒരുപാടൊരുപാടിഷ്ടമായിരുന്നിട്ടും കയ്യിലുണ്ടായിരുന്ന കാശ് കൊടുക്കാതിരുന്നതും, എനിക്ക് വിസ കിട്ടുമ്പോള്‍ ജീവിച്ചിരുന്ന വെല്ലിമ്മാനെ അതറിയിക്കാന്‍ പറ്റാതെ പോയതും... എല്ലാം സൃഷ്ടാവിന്റെ നിശ്ചയങ്ങള്‍ ആയിരിക്കാം, എങ്കിലും ആ കുറ്റബോധങ്ങള്‍ ഇപ്പോഴും ഇടയ്ക്കിടെ വന്ന് നോവിക്കാറുണ്ട്.
ചെയ്യാനാവുന്നതൊന്നും പിന്നീടൊരിക്കലേക്ക് മാറ്റി വെക്കരുത് എന്ന് കരുതുമ്പോഴും, ഇന്നും പലതും പല കാരണങ്ങളാല്‍ പിന്നത്തേക്ക് മാറ്റിവെയ്ക്കപ്പെടുന്നു.
51 comments:
എന്റെ അന്‍പതാം പോസ്റ്റ്!
(ഇവിടേയും ചുറ്റുവട്ടത്തിലും കൂടെ)
2006 ആഗസ്റ്റ് അഞ്ചാം തിയ്യതിയാണ് ഞാന്‍ ആദ്യായിട്ട് ബ്ലോഗെഴുതിയത് - ഇന്നേക്ക് നാല് മാസങ്ങള്‍ പിന്നിട്ട് കഴിഞ്ഞു.
വായിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞും, ഫോണിലൂടേയും പ്രോത്സാഹനങ്ങള്‍ തന്ന എല്ലാവര്‍ക്കുമുള്ള നന്ദി ഞാന്‍ അറിയിക്കട്ടെ.
ആദ്യകാലങ്ങളില്‍ ശരിക്കും ധൈര്യവും പ്രോത്സാഹനവും തന്ന വിശാലമനസ്കനെ ഞാന്‍ പ്രത്യേകം എടുത്ത് പറയട്ടെ.
തേങ്ങ ഇട്ടു. ഇനി വായിക്കട്ടെ...
qw_er_ty
അഗ്രുവേ...
കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി...
എന്തിനാ ഇങ്ങനെ തോണികള്‍ ഇറക്കി അലയടിപ്പിച്ച് എന്നേ വേദനിപ്പിയ്കണേ?
അഗ്രു വിഷമിപ്പിച്ചല്ലോടാ നീ.
എന്റെ പെറ്റുമ്മ (ഉമ്മയുടെ ഉമ്മ) യോടൊത്തുള്ള എന്റെ നാളുകള്‍ ഓര്‍ത്തുപോയി.
-സുല്‍
ഈ ഓര്‍മ്മകള്‍ വഴിവിളക്കുകളായെങ്കില്, പല വേദനകളും പരാതികളും ഒഴിവാക്കാമായിരുന്നു, എങ്കിലും ചൊട്ടയിലെ ശീലം ചുടല വരെ എന്ന് പിന്തുടരുമ്പോള് ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു.
-പാര്‍വതി.
അഗ്രജന്റെ അന്‍പതാം പോസ്റ്റ് എന്നുടെ കണ്‍കോണിലൊരു അശ്രുകണമുതിര്ത്തു, അതിറ്റിറ്റു വീണ് കീബോര്‍ഡില്‍ ചിന്നിച്ചിതറിപോയി..
വായിച്ചപ്പോള്‍ മനസ്സിനെ നൊമ്പരപ്പെടുത്തി.
എല്ലാരും ചെയ്യുന്ന തെറ്റുകള്‍ കാലങ്ങള്‍ കഴിഞ്ഞാല്‍ നമുക്കെതിരെ ബൂമറാംഗാവുന്ന വലിയ തെറ്റുകള്‍. ദൈവം നമ്മെ കാക്കട്ടെ!
സങ്കടപ്പെടുത്തി ;(
അഗ്രജാ,മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പോസ്റ്റ്.നന്ദി.
അഗ്രജന്റെ അന്‍പതാം പോസ്റ്റ് ഒരു വലിയ നൊമ്പരമവശേഷിപ്പിച്ചു.
അഗ്രജന് ശരിക്കും കരയിപ്പിച്ചു.
എന്റെ വല്യമ്മ (അച്ഛന്റെ ഏട്ടന്റെ ഭാര്യ)യും അധികം പ്രായമൊന്നുംമാകതെ ഞങ്ങളെ വിട്ട് പോയിരുന്നു 5 വര്‍ഷം മുമ്പ്.
5 വയസ്സു വരെ ഞാന്‍ അവരുടെ കൂടെ ആയിരുന്നു. അതിനുശേഷം ഞാന്‍ താമസം മാറ്റിയപ്പോള്‍ മാസത്തിലൊ രണ്ടു മാസം കൂടുമ്പോഴൊ അവിടേക്ക് പോവുക പതിവായിരിന്നു. എല്ലാ നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും,കൂട്ടത്തില്‍ കുശുമ്പും നുണയും പറയുന്ന;
എനിക്കു വേണ്ടി എന്നും ഒരു പാത്രം ചോറ് രാത്രി മാറ്റി വയ്ക്കാറുള്ള,
അവിടെ പോയി 2 ദിവസം തങ്ങുന്ന അവസരത്തില്‍ വീട്ടില്‍ വല്യച്ഛനൊ മറ്റാരെങ്കിലും കാണാതെ രാത്രി ഒരു ഗ്ലാസ്സ് പാല് എനിക്കായ് ഒളിച്ചു കൊണ്ടുവരുന്ന എന്റെ പ്രീയപ്പെട്ട വല്യമ്മയെ ഞാന്‍ ഈ നിമിഷം ഓര്‍ത്തു. ഞാന്‍ ഗള്‍ഫിലേക്ക് പറിച്ചു നടുന്നതിന് മുമ്പ് എന്റെ കല്യാണം നടന്നു കാണണമെന്ന് വല്ലാതെ ആഗ്രഹിച്ചു അവര്‍ എന്നാല്‍ എനിക്കന്ന് 21-22 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. പ്രായം പറഞ്ഞ് വിഷയം തിരിച്ചു വിടുമ്പോള്‍ എല്ലാം ഞാന്‍ നോക്കിക്കൊള്ളാം എന്ന് ചിരിയോടെ പറയുന്ന വല്യമ്മ.
അഗ്രജന് വീണ്ടും ഒരു പാട് വേദനിപ്പിച്ചു.
ഓര്‍മ്മകള്‍ തിരിച്ചു നല്‍കിയതിന് നന്ദി.
അഗ്രജന് ഗംഭീരായിട്ട് എഴുതിയിട്ടുണ്ടിത്.
ശരിക്കും ഫീല്‍ ചെയ്തു.
അമ്പതാം പോസ്റ്റ് വേദനാജനകം തന്നെ.
ഇതുപോലുള്ള അനുഭവങ്ങള്‍ എനിക്കുമുണ്ടായിട്ടുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടപ്പോള്‍ ചെയ്യാതിരുന്നതിനാല്‍ മനസ്സിലൊരു ദുഖമായി അവശേഷിക്കുന്നത്.
അഗ്രജന്
ഒറ്റ ഇരിപ്പിന് വായിച്ചു ,
തെറ്റുകള്‍ ആവര്ത്തിക്കാതിരിക്കാമിനി,
കഷ്ടപ്പെടുന്ന കുറെ വല്യമ്മമാരില്ലേ നമുക്ക്
മനസ്സുകൊണ്ട് വെല്ലിമ്മയെ കരുതി മുപ്പതിന് പകരം മുന്നൂര് കൊടുക്കൂ
വളരെ നന്നായെഴുതി
( എന്റെ " ചിന്തകള്‍" ഫലിക്കുന്നു --എത്രശരിയാണാചിന്തകള്)
ഈ പോസ്റ്റു കൊണ്ടു തന്നെ അവര്‍ക്കു പ്രണാമങ്ങള്‍ അര്‍പ്പിക്കാം അല്ലെ ?
കണ്ണ് നനയിച്ചൂ, അഗ്രൂ!
അഗ്രജാ,കരയിപ്പിച്ചു കളഞ്ഞല്ലൊയെന്നെ.
ഈ പോസ്റ്റ് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
സ്നേഹനിധിയായ വല്ല്യുമ്മാടെ ഓര്‍മ്മകള്‍
നിങ്ങളുടെ ജീവിതത്തില്‍ പ്രകാശം പരത്തട്ടെ.
അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍
നിങ്ങളുടെ ഹൃദയത്തെ സാന്ത്വനപ്പെടുത്തട്ടെ.
അങ്ങനെ,കാലം നമ്മില്‍നിന്ന്
കുറ്റബോധങ്ങളെ മായ്ച്ചുകളയട്ടെ..!
അണ്ണാ
വളരെ നല്ല തപാല്‍..
പലഹാരങ്ങള്‍ നിറച്ച ആ ഫാരെക്സിന്റെ ഡപ്പ..
തറവാടി മാഷ് പറഞ്ഞതിനും നന്ദി
അഗ്രജേട്ടാ,
പോസ്റ്റ് നന്നായി. “ഉണ്ണീ.. നേരത്തേ പൂവ്വാണോ? വൈന്നേരം വേഗം വരില്ല്യേ?” എന്ന് പുഞ്ചിരിയോടെ ചോദിച്ച് വൈകുന്നേരം വേഗമെത്തിയ എന്നെക്കാത്ത് പുഞ്ചിരി മായാത്ത മുഖത്തോടെ കോടി പുതച്ച് കിടന്ന അഛമ്മയെ ഓര്‍മ്മ വന്നു.
ഓടോ: 50 അടിച്ച നിലയ്ക്ക് ബാറ്റ്.. ഛെ കീ ബോര്‍ഡ് പൊക്കി അഭിവാദ്യം ചെയ്യൂ. :-)
അഗ്രജോ...
താങ്കള്‍ എന്നെ സങ്കടത്തിലാക്കി.
സ്നേഹനിധിയായ വല്യുമ്മയുടെ ഓര്‍മ്മകളിലേക്ക് ഒരു തിരിച്ചു പോക്ക്...
പിന്നെ, അര സ്വെഞ്ചറിക്ക് അഭിവാദ്യങ്ങള്‍..
അഗ്രജാ, വിഷമം ആയി.
50 പോസ്റ്റിന്് ആശംസകള്‍ പറയാന്‍ പോലും പറ്റുന്നില്ല.
ഡെസ്പ്പാക്കിയല്ലോ, അഗ്രജാ.. :-(
ഈ പങ്കുവെക്കലുകള്‍ ആണെന്ന് തോന്നുന്നു എന്നെ ബൂലോകത്തേക്ക് പിന്നേം പിന്നേം വലിച്ചിടുന്നത്. അഗ്രജന്റെ വല്ലിമ്മാന്റെ ഫാരെക്സ് ഡബ്ബ എന്റെ മറ്റുമാന്റെ സ്റ്റീല്‍ തട്ട് തന്നെ. വീട്ടില്‍ വന്ന എന്റെ കൂട്ടുകാരിയോട്‘വെരീ, തിന്നോളീ’ന്നൊക്കെ മറ്റുമ്മ പറഞ്ഞത് കേട്ട് ചൂളിപ്പൊയ ഞാന്‍ മറ്റുമ്മാനോട് വെറുപ്പ് കാണിച്ചാ ഇറങ്ങിയത്. സലാം പറഞ്ഞ് വാതില്‍പ്പടിയില്‍ നിന്ന മറ്റുമാന്റെ കണ്ണുകള്‍ മങ്ങിയത് തിമിരം കൊണ്ടാരിക്കണം എന്നോറ്ക്കാനേ പറ്റൂ.
നന്ദി.
ടച്ചിങ്ങ്!
അഗ്രജാ,
രാവിലേ ആഴ്ച്ചക്കുറിപ്പി വല്ലതും ഇവിടെ കിടപ്പുണ്ടോന്ന് തപ്പി ഇറങ്ങിയതാ. ആനപ്പൊറത്തു കേറാന്‍ വന്നവനെ ശൂലം തറച്ചു വിട്ടെന്നു പറഞ്ഞതുപോലെ ആയി എന്റെ കാര്യം.
ചെറുപ്പത്തിലേ വേണ്ടപ്പെട്ടവരില്‍ മുതിര്‍ന്നവരെ മിക്കവരേയും നഷ്ടപ്പെട്ടവനാണു ഞാന്‍ അതുകൊണ്ടു തന്നെ എന്റേതൊഴികെ ഒരു മരണത്തെക്കുറിച്ചും എനിക്കു സ്വൈരമായി എഴുതാനാവില്ല. കഴിഞ്ഞ തലമുറയിലെ അവസാന കണ്ണിയായ ഒരു വല്യച്ഛനുണ്ടായിരുന്നു. പത്തിരുപത് കൊല്ലമ്മായി കണ്ണും കാണില്ലായിരുന്നു അദ്ദേഹത്തിന്, അതുകൊണ്ട് എന്റെ വിവാഹത്തിനു വന്നതുമില്ല.
കഴിഞ്ഞതിനു മുന്നേത്തവണ പോയി കാണ്ടു. "ഇത്തവണ തന്നെ നീ ഭാര്യയേയും കൂട്ടി ഇവിടെവരെ വന്നത് നന്നായി, നിന്റെ അടുത്ത അവധിക്ക് ഞാനുണ്ടാവില്ലെന്നാണ് തോന്നുന്നത്" എന്നായി അദ്ദേഹം
"ഓ പിന്നേ, വല്യച്ഛന് സെഞ്ച്വറി അടിക്കുമ്പോള്‍ സ്പെഷ്യല്‍ അവധി എടുത്ത് ഞാന്‍ വരും" എന്നായി ഞാന്‍.
എനിക്ക് ഇനി ആ സെഞ്ച്വറി സ്പെഷല്‍ അവധി എടുക്കേണ്ടി വരില്ല.
ഹൃദയസ്പര്‍ശിയായ എഴുത്ത്.
ഭാഷ,സങ്കേതങ്ങള്‍,ചമത്കാരങ്ങള്‍ എന്നിവക്കൊന്നും പിടിതരാത്ത വിധം ജീവിതം അതിന്റെ കലര്‍പ്പില്ലാത്ത നോവുകളില്‍ പിടയുന്നു ഇവിടെ...
വളരെ ലളിതമായി എഴൂഥിയിരിക്കുന്നു അഗ്രജാ.
കുറ്റബോധം തോന്നുന്നതു തന്നെ ഏറ്റവും വലിയ പ്രായശ്ചിത്തം
അമ്പതാം പോസ്റ്റിന്നു ആശംസകള്‍
ഒരിറ്റു കണ്ണു നീരടര്ന്നു വീണതിലൂടെ , ഞാനോര്‍ത്തു പോയി.എന്റെ അമ്മൂമ്മയെ. അഗ്രജാ ഞാന്‍ കണ്ണു നീര് തുടയ്ക്കട്ടെ.
എന്റെ അന്‍പതാം പോസ്റ്റ് ‘കാലം മായ്ക്കാത്ത കുറ്റബോധങ്ങള്‍‘ വായിച്ച, അഭിപ്രായം പറഞ്ഞ, അനുഭവങ്ങള്‍ പങ്ക് വെച്ച എല്ലാവര്ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ.
കുട്ടമ്മേനോന്‍
കുറുക്കനതുല്യ
സുല്‍
പാര്‍വ്വതി
ഏറനാടന്‍
കരീം മാഷ്
ഇടിവാള്‍
വിഷ്ണു പ്രസാദ്
രാജു ഇരിങ്ങല്‍
വിശാലമനസ്കന്
മഴത്തുള്ളി
തറവാടി
മുസാഫിര്‍
കൈതമുള്ള്
മിന്നാമിനുങ്ങ്
അംബി
ദില്ബാസുരന്
ബത്തേരിയന്‍
ബിന്ദു
റ്റെഡിച്ചായന്
രേഷ്മ
ആദിത്യന്
ദേവരാഗം
ലാപുട
കുറുമാന്
വേണു
നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)
നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മക്കുറിപ്പ്
qw_er_ty
അഗ്രജന് സങ്കടപ്പെടുത്തി ...
ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇടക്കിടെ ഓര്‍ക്കുന്നതും .. മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുന്നതും നല്ലതാണ്.. ഒരിക്കല്‍ പഴുത്തിലകളായി കൊഴിഞ്ഞുവീഴുന്ന നമ്മുടെ ഭാവിയിലേക്കൊരു എത്തിനോട്ടം (വേണു പറഞ്ഞ കഥ പോലെ)
ഞാന്‍ ഈ കാര്യത്തില്‍ ഭാഗ്യവാനാണ് .. എന്റെ ഉമ്മൂമ (അവര്‍ ഇപ്പോഴുമുണ്ട്) ഞങ്ങള്‍ക്കെല്ലാവര്‍ക്കും സ്നേഹവും ഉപദേശവും അതിനേക്കേളുപരി പ്രാര്‍ത്ഥനകളും നല്കുന്ന ഉമ്മൂമയും(ഉമ്മയുടെ ഉമ്മ) ഭാഗ്യവതിയാണ് അവര്‍ക്ക് എട്ട് മക്കളില്‍ 40 ളം പേരകുട്ടികള്‍, പേരകുട്ടികളില്‍ 21 പേരുടെ കല്യാണം കഴിഞ്ഞു അവരില്‍ 43 കുട്ടികള്‍ അതായത് 39 വയസ്സിന് താഴെ ഞങ്ങള്‍ 80 ല്‍ അധികം പേര് ഇവരെല്ലാം ഞങ്ങളുടെ പ്രിയ ഉമ്മൂമയുടെ പേരകുട്ടികള്‍ .
രണ്ട് തവണ ഞാന്‍ കുവൈറ്റിലേക്ക് വരുമ്പോഴും എനിക്ക് ഉമ്മൂമ തന്ന് 100 രൂപയുടെ രണ്ട് നോട്ടുകള്‍ ഒരു നിധിപോലെ ഇപ്പോഴും എന്റെ പേഴ്സിലുണ്ട് മുന്നാം തവണ ഞാന്‍ കുവൈറ്റിലേക്ക് വരുമ്പോള്‍ എന്റെ കൂടെ വരാനും എനിക്കും അവര്‍ക്കും ഭാഗ്യമുണ്ടായി..(ഉമ്രക്ക് വേണ്ടി സൌദിയില്‍ പോയത് കുവൈറ്റില്‍ 3 മാസം തങ്ങിയതിന് ശേഷമായിരിന്നു (നാല് മാസം മുന്‍പ്) ഉമ്മൂമ കുവൈറ്റ് ടവറിന്റെ മുകളിലും കയറി ... അപ്പോള്‍ ഉമ്മൂമ..” ന്റെ പടച്ചോനെ ദുനിയാവിന്റെ ഒരറ്റത്താണല്ലോ ഞാനിപ്പം നിക്കണത്”
വായിച്ചു.ഒന്നും പറയാന്‍ വാക്കുകളില്ല..
വല്ലതെ ഉള്ളില്‍ കൊണ്ടു.
ഇത്തവണത്തേതിന് മുന്പിലെ നാട്ടില്പോക്കില് എന്റെ മുത്തശ്ശന് ഉണ്ടായിരുന്നു. മോള് ജനിച്ച് 10 ദിവസം ആയിരുന്നതേ ഉള്ളു. കുഞ്ഞുഫോട്ടോ കാണിച്ചു കൊടുത്തപ്പോള്‍ അല്‍ഷിമേഴ്സ് തളര്‍ത്തിയ ഓര്‍മ്മ പോലും ഉണര്‍ന്നു. നെഞ്ചില്‍ ചേര്‍ത്തു പിടിച്ചു. "നിന്റെ കല്ല്യാണം എന്നായിരുന്നു" എന്ന് ചോദിച്ചു. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ തളര്‍ന്ന കണ്ണുയര്‍ത്തി എന്നോട് " ആരാ? ശങ്കരമ്മാവന്റെ മോന് ആണോ" എന്ന് ചോദിച്ചു.
മുത്തശ്ശന് ഇന്നില്ല. അമ്മമ്മയുണ്ട്. "നിന്റെ ഫോണില്‍ എന്റെ ഒരു ഫോട്ടോ എടുത്ത് വെക്കടാ" എന്ന് പറഞ്ഞപ്പോള്‍ തോന്നിയ നെഞ്ചിന്റെ അതേ പിടച്ചില്‍ അഗ്രജന്റെ ഈ കഥ വായിച്ചപ്പോഴും.
നമ്മുടെ രണ്ട് പേരുടെയും ചെറുപ്പകാലത്തെ സംഭവങ്ങള്‍ സമാനതയുള്ളതാണല്ലോ...ഇക്കയുടെ വാക്കുകളിലൂടെ ഞാന്‍ കണ്ടത് എന്റെ എല്ലാമെല്ലാമായിരുന്ന ചിലരെയാണ്.
ഇനിയുമിനിയും എഴുതാനാവട്ടെ എന്ന് ആശംസിക്കുന്നു.
ഉണ്ടായിരുന്നെങ്കില്‍... എന്ന് ഞാന്‍ ഓര്‍മ്മിക്കുന്നവര്‍ അനവധി. ഓരോ കാര്യം വരുമ്പോഴും. കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ചേട്ടനോട് പറഞ്ഞു, പലരെപ്പറ്റിയും. അവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്. അവര്‍ എന്തൊക്കെ പറയുമായിരുന്നു എന്ന്. അവരില്ലാത്ത കുറവ് വേദനിപ്പിക്കുമെങ്കിലും വീണ്ടും ഓര്‍ക്കാന്‍ തോന്നുന്നവ. അതൊന്നും ശരിക്കും എഴുതാന്‍ പറ്റില്ല എനിക്ക്. പൊട്ടത്തരങ്ങള്‍ കൊണ്ട് ബ്ലോഗ് നിറയ്ക്കുമ്പോഴും എനിക്കറിയാം, അതൊന്നുമല്ല എന്റടുത്ത് ഉള്ളതെന്ന്. ഭാരം താങ്ങി ശീലിച്ചുപോയാല്‍, അത് ഇറക്കിവെച്ചാല് മുന്നോട്ട് പോവാന്‍ വല്യ പാടാ.
അഗ്രജാ ബോറടിപ്പിച്ചതിന് മാപ്പ്.
അമ്പതാം പോസ്റ്റ് ആശംസകള്‍. :)
ആ മുപ്പത് രൂപ അന്ന് കൊടുത്തിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി അല്ലേ അഗ്രജാ??
ഒരുപാട് നന്നായി ഈ പോസ്റ്റ്.
ഓര്‍മ്മകളുണര്‍ത്തിയതിനു നന്ദി.
പോസ്റ്റ് വായിച്ചു നന്നായിട്ടു ഫീല്‍ ചൈയ്തു. എനിക്കും ഇതെ പൊലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അതു മറ്റൊരു അവസരത്തില്‍ പറയാം. നന്ദി.
ടച്ചിംഗ് പോസ്റ്റ് മുസ്തഫാ!
ഇത് വായിച്ചപ്പം എന്റെ വല്യച്ചനേയും വല്യമ്മയേയും ഓർമ്മ വന്നു.
(50ആം പോസ്റ്റിന്റെ ആശംസകൾ)
-കലേഷ്-
അമ്പതാം പോസ്റ്റിന് ആശംസകള്‍.ഈ ഓര്‍മ്മകള്‍ തന്നെ പശ്ചാതാപമായി സ്വീകരിക്കപ്പെടട്ടെ
touching ആയിരുന്നുട്ടൊ..വായിച്ചുതീര്‍ന്നപ്പോള്‍ ശരിക്കും വേദന തൊന്നിപ്പോയി...
അന്‍പതാം പോസ്റ്റിനു എന്റെ ആശംസകള്‍..
വായിച്ചു.....
ഇക്കാസ്, ദീപു, കലേഷ്, വല്യമ്മയി, സോന, സഹൃദയന്...
എന്റെ അന്‍പതാം പോസ്റ്റ് ‘കാലം മായ്ക്കാത്ത കുറ്റബോധങ്ങള്‍‘ വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം - എല്ലാവര്ക്കും ഒരിക്കല്‍ കൂടെ നന്ദി :)
നല്ല പോസ്റ്റ് എന്നിതിനെ വിശേഷിപ്പിക്കാവോ എന്നറിയില്ല.
--പശ്ചാത്താപം, പ്രായശ്ചിത്തം അതു മാത്രമാണ് സാധ്യമായ മാര്‍ഗ്ഗം-- (‘ബാനത്തു സിഹാദം’ അതെഴുതപ്പെട്ടതു തന്നെ ഉദാഹരണം)
പച്ചാളം... ഞാനാദ്യം ഞെട്ടി... പിന്നെ കാര്യം പുടി കിട്ടി :)
സന്തോഷം വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും.
അഗ്രജന്റെ സ്നേഹത്തിന്റേയും തിരിച്ചറിവിന്റേയും ആഴം കാണിക്കുന്ന കഥ നന്നായിരിക്കുന്നു.
വല്ലിപ്പായെയും വല്ലിമ്മായെയും ഇനി മറ്റു പ്രായമായവരിലൂടെ കാണാനാകും. പ്രായശ്ചിത്തം അങ്ങിനെയാകട്ടെ.
ചിത്രകാരാ: നന്ദി :)
വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം
അഗ്രജാ നിനക്ക് 50 അടിക്കാന്‍ വേണ്ടി എന്ന് കാത്തിരിക്കുന്നതാന്നറിയൊ.
നിന്റെ 50 ആം പോസ്റ്റിന് എന്റെ 50 ആം തേങ്ങ.
-സുല്‍
ഹാറ്റ് ഓഫ് :)
ഞാനിതാ കീബോര്‍ഡ് പകുതി പൊക്കി പിടിക്കുന്നു (ക.പ. ദില്‍ബൂ)
Post a Comment